ദുരൂഹതകള്‍ നിറഞ്ഞ മുംബൈ ഭീകരാക്രമണം; ആരാണ് യഥാര്‍ത്ഥ പ്രതികള്‍?
Text Size
Story Dated: Wednesday, December 24, 2014 02:01 hrs UTC
ഇന്ത്യയുടെ ചരിത്രത്തിലെ നടുക്കുന്ന ഓര്‍മ്മയാണ് മുംബൈ ഭീകരാക്രമണം. 2008 നവംബര്‍ 26നായിരുന്നു മുംബൈയില്‍ പത്തു ലഷ്കര്‍ ഭീകരര്‍ നുഴഞ്ഞുകയറി ആക്രമണം നടത്തിയത്. വിദേശ പൗരന്മാരടക്കം 166 പേരുടെ ജീവനെടുത്ത ആക്രമണത്തില്‍ പങ്കെടുത്തവരെ ഇന്ത്യന്‍ കമാന്റോകള്‍ കൊലപ്പെടുത്തുകയും പിടിയിലായ ഏക ഭീകരന് കസബിനെ ഇന്ത്യ പിന്നീടു തൂക്കിലേറ്റുകയും ചെയ്തിരുന്നു. പാക്കിസ്ഥാനിലിരുന്ന് ലഷ്കര്‍ ഭീകരര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്കിയതുകൊണ്ടാണ് അവര്‍ക്ക് മുംബൈയില്‍ എത്താന്‍ കഴിഞ്ഞതും ഭീകരാക്രമണം നടത്താന്‍ കഴിഞ്ഞതുമെന്ന് പിന്നീട് കണ്ടുപിടിച്ചിരുന്നു. എന്നാല്‍, ഈ ആക്രമണം ആസൂത്രണം ചെയ്തവരെ വിചാരണ ചെയ്യാനോ അവരെ ഇന്ത്യക്ക് കൈമാറാനോ പാക്കിസ്ഥാന് ഇതുവരെ തയ്യാറായിട്ടില്ല. ഒഴിവുകഴിവുകള്‍ പറഞ്ഞ് കേസ് നീട്ടിക്കൊണ്ടുപോകുകയാണ് പാക്കിസ്ഥാന് ഇപ്പോഴും.
എന്നാല്‍ ഈ ആക്രമണം തടയാമായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍. ന്യൂയോര്‍ക്ക് ടൈംസ് ആണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.
മുംബൈ ആക്രമണത്തെക്കുറിച്ച് ഇതുവരെ നടന്നിട്ടുള്ളതില്‍ ഏറ്റവും സമഗ്രമെന്നു പറയാവുന്ന അന്വേഷണ റിപ്പോര്‍ട്ട് അമേരിക്കയുടെ മുന്‍ ദേശീയ സുരക്ഷാ ഏജന്‍സി കോണ്ട്രാക്ട്രര് എഡ്വേര്‍ഡ് സ്നോഡനില്‍ നിന്നുവരെ വിവരങ്ങള്‍ ശേഖരിച്ചാണു തയാറാക്കിയതെന്നു പറയുന്നു. രഹസ്യാന്വേഷണ ഏജന്‍സികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിഴവാണ് ആക്രമണത്തിനു വഴിയൊരുക്കിയതെന്നും മികച്ചതെന്ന് അവകാശപ്പെടുന്ന ഇന്ത്യ, ബ്രിട്ടന്, യുഎസ് ഏജന്‍സികള്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീകരാക്രമണം തടയുന്നതില്‍ സൈബര്‍ സുരക്ഷയ്ക്കും നിരീക്ഷണത്തിനുമുള്ള പ്രാധാന്യം എടുത്തുകാട്ടുന്നതാണു റിപ്പോര്‍ട്ട്.
ന്യൂയോര്‍ക്ക് ടൈംസിന്റെ ഈ റിപ്പോര്‍ട്ട് എത്രമാത്രം സത്യസന്ധതയുള്ളതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. റിപ്പോര്‍ട്ട് തുടരുന്നു - കശ്മീരില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ രൂപീകരിച്ച ലഷ്കര്‍-ഇ-തോയ്ബക്ക് പിന്നീട് അല്‍ ക്വയ്ദ ശൈലിയില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ആക്രമണത്തിനായി താത്പര്യം. വടക്കേ അമെരിക്കയിലും യൂറോപ്പിലുമൊക്കെ ധനസമാഹരണവും ആയുധം സംഭരണവും നടത്തി ലഷ്കര്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയായിരുന്നു. ഇതില്‍ അസ്വസ്ഥരായ ഐഎസ്ഐ ഉദ്യോഗസ്ഥരാണത്രേ മുംബൈ ആക്രമണമെന്ന ആശയം രൂപപ്പെടുത്തിയത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തെ ആക്രമിക്കുന്നതിനൊപ്പം യുഎസ്, ബ്രിട്ടിഷ് പൗരന്മാരെയും ലക്ഷ്യമിടാമെന്നും ഐഎസ്ഐ ലഷ്കറിനോട് പറഞ്ഞത്രേ. ഈ പദ്ധതിയെക്കുറിച്ച് സൂചന ലഭിച്ച യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ 2008 ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള കാലത്ത് പലതവണ മുംബൈ ആക്രമിക്കപ്പെട്ടേക്കുമെന്ന് ഇന്ത്യയ്ക്കു മുന്നറിയിപ്പു നല്‍കിയിരുന്നുവെന്നും പറയുന്നു.
ലഷ്കറിന്റെ സാങ്കേതിക വിഭാഗം മേധാവി സറര്‍ ഷാ ഇന്ത്യന്‍ വ്യവസായിയെന്ന വ്യാജേനയാണ് യുഎസ് കമ്പനിയില്‍ നിന്ന് ഇന്റര്‍നെറ്റ് ടെലിഫോണ്‍ സംവിധാനം വാങ്ങിയതെന്നും, ഇതുപയോഗിച്ചാണ് ഇയാള്‍ ഭീകരരുമായി സമ്പര്‍ക്കം പുലര്‍ത്തിയതെന്നും പറയുന്നു. ഇവ സംഘടിപ്പിച്ച ന്യൂജെഴ്സിയിലെ കമ്പനിയോട് ഖരക് സിംഗ് എന്നാണത്രേ ഇയാള്‍ പേരു പറഞ്ഞത്. ആക്രമണമുണ്ടായി ഉടന്‍ ഹൈദരാബാദ് ഡെക്കാണ് മുജാഹിദീന്‍ എന്ന സംഘടനയുടെ പേരില്‍ ഉത്തരവാദിത്വമേറ്റെടുത്ത് ഇ-മെയില്‍ അയച്ചതും ഷാ ആയിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവിടെയാണ് ഒരു സംശയം ബാക്കി നില്‍ക്കുന്നത്. 2008-ലെ ഭീകരാക്രമണം കഴിഞ്ഞ് 2009-ല്‍ ചിക്കാഗോയില്‍ നിന്ന് ഒരു ഡേവിഡ് കോള്മാന് ഹെഡ്ലിയെ എഫ്.ബി.ഐ. കസ്റ്റഡിയിലെടുത്തിരുന്നു. അയാളാണ് മുംബൈ ഭീകരാക്രമണത്തിന് ലഷ്കര്‍-ഇ-തൊയ്ബക്ക് താജ് ഹോട്ടലിന്റേയും മറ്റും വിവരങ്ങള്‍ കൈമാറിയതെന്ന് അന്ന് വാര്‍ത്തകളും റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. ഇപ്പോള്‍ ആറു വര്‍ഷത്തിനു ശേഷം മറ്റൊരു കഥയുമായി ന്യൂയോര്‍ക്ക് ടൈംസ് രംഗപ്രവേശം ചെയ്തതിന്റെ ഉദ്ദേശമാണ് മനസ്സിലാകാത്തത്.
മുംബൈ ആക്രമണത്തിനു മുന്‍പുള്ള ദിവസങ്ങളില്‍ യൂറോപ്പിലെ കമ്മ്യൂണിക്കേഷന്‍ സുരക്ഷയെക്കുറിച്ചു വിശദമായി സറര്‍ ഷാ പഠനം നടത്തിയിരുന്നുവെന്നു പറയുന്നു. ബ്രൗസിങ് ഹിസ്റ്ററി ഒളിപ്പിക്കുന്നതെങ്ങനെയെന്നു വിശദീകരിക്കുന്ന ഒരു ഇന്റര്‍നെറ്റ് സൈറ്റ് ഷാ ഉപയോഗിച്ചു എന്നും, ഇന്ത്യ- യുഎസ് നാവികാഭ്യാസത്തിന്റെ വാര്‍ത്തകളെ സസൂക്ഷ്മം പിന്തുടര്ന്നിരുന്നു എന്നും പറയുന്നു. ഇന്ത്യയുടെയും ബ്രിട്ടന്റെയും ഏജന്‍സികള്‍ക്ക് ഈ വിവരം അറിയാമെന്നും പറയുന്നു. അവര്‍ക്കു പക്ഷേ, ഇതിന്റെ പൊരുള്‍ വേര്തിരിക്കാനായില്ലത്രേ !!.
മുംബൈ സന്ദര്‍ശിച്ച് ആക്രമണ ലക്ഷ്യകേന്ദ്രങ്ങളെക്കുറിച്ചു വിശദമായി പഠിച്ച ലഷ്കര്‍ ഏജന്റ് ഡേവിഡ് കോള്മാന് ഹെഡ്ലി യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു എന്നു പറയുന്നു. പക്ഷേ, 2009ല്‍ അറസ്റ്റിലായപ്പോള്‍ മാത്രമാണു ഹെഡ്ലിയുടെ പദ്ധതികളെക്കുറിച്ച് യുഎസിനും പൂര്‍ണമായി ബോധ്യപ്പെട്ടതത്രേ !!. ഹെഡ്ലി പാക്കിസ്ഥാനി ഭീകരനാണെന്നും മുംബൈയില്‍ ആക്രമണത്തിനു പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും ഇയാളുടെ മുന്‍ ഭാര്യ യുഎസ് ഏജന്‍സികള്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ വിശദ അന്നേഷണത്തിന് അവര്‍ തയാറായില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇവിടെയാണ് ഡേവിഡ് കോള്മാന് ഹെഡ്ലി ആരുടെ സൃഷ്ടിയായിരുന്നു എന്ന് അന്വേഷിക്കേണ്ടത്.
ജന്മം കൊണ്ട് പാക്കിസ്ഥാനിയും രൂപസാദൃശ്യം കൊണ്ടും പേരുകൊണ്ടും തനി അമേരിക്കക്കാരനുമായ ഈ ഹെഡ്ലി അമേരിക്കയുടെ സൃഷ്ടിയായിരുന്നു എന്നു തന്നെ പറയാം. ഈ ഹെഡ്ലിക്കാണ് ചട്ടങ്ങള്‍ ലംഘിച്ച് ചിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇന്ത്യയില്‍ യഥേഷ്ടം സഞ്ചരിക്കാന്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ നല്‍കിയത്. മുംബൈ ഭീകരാക്രമണത്തിനു ശേഷം ഹെഡ്ലിയുടെ പങ്കിനെക്കുറിച്ച് അറിഞ്ഞ കോണ്‍സുലേറ്റ് അധികൃതര്‍ അന്ന് പറഞ്ഞത് ഹെഡ്ലി അമേരിക്കന്‍ പൗരനായിരുന്നു എന്നും ജനിച്ചത് വാഷിംഗ്ടണ്‍ ഡി.സി.യിലുമാണെന്നാണ്. വാഷിംഗ്ടണ്‍ ഡി.സി.യില്‍ ജനിച്ച ദാവൂദ് സെയ്ത് ഗിലാനി എന്ന പാക്കിസ്ഥാന് വംശജന് എങ്ങനെ ഡേവിഡ് കോള്മാന് ഹെഡ്ലി ആയി എന്ന് അന്വേഷിക്കുമ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം നമുക്കു മനസ്സിലാകുന്നത്.
പാക്കിസ്ഥാനിലേക്ക് പഠനത്തിനു പോയ ദാവൂദ് ഗിലാനി നിരവധി തവണ അമേരിക്കയിലേക്ക് യാത്ര ചെയ്യുമായിരുന്നു. ഓരോ പ്രാവശ്യവും മയക്കുമരുന്നു കടത്തുകയായിരുന്നു ലക്ഷ്യം. അങ്ങനെയാണ് 1998-ല്‍ പിടിയിലാകുന്നത്. രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞപ്പോള്‍ ഗിലാനി യു.എസ്. ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷനു വേണ്ടി ചാരപ്പണി നടത്താന്‍ പാകപ്പെടുത്തിയ മനുഷ്യനായിത്തീര്‍ന്നിരുന്നു. തന്റെ മുസ്ലിം പേര് ഗോപ്യമാക്കാന്‍ ഡ്രഗ് എന്‍ഫോഴ്സ്മെന്റിന്റെ ആവശ്യാര്‍ത്ഥമാണ് 'ഡേവിഡ് കോള്മാന് ഹെഡ്ലി' എന്നാക്കി മാറ്റിയതെന്ന് ഗിലാനി പിന്നീട് പറഞ്ഞിരുന്നു. ഒറ്റ നോട്ടത്തില്‍ പാക്കിസ്ഥാനിയാണെന്ന് ആരും സംശയിക്കാത്ത രൂപസാദൃശ്യമായിരുന്നു ഗിലാനിയുടേത്. അതുകൊണ്ടുതന്നെ സംശയലേശമന്യേ ഒരു അമേരിക്കക്കാരനാണെന്നേ ആരും പറയൂ. ഇതാണ് ഇന്ത്യന്‍ കോണ്‍സുലേറ്റും തെറ്റിദ്ധരിക്കപ്പെട്ടത്.
കൂട്ടുപ്രതികളിലൊരാളെ മാപ്പു സാക്ഷിയാക്കി മറ്റു പ്രതികള്‍ക്കെതിരായി മൊഴി കൊടുപ്പിക്കാനും, കൂടുതല്‍ പ്രതികളെ പിടികൂടുവാനും അമേരിക്കന്‍ ഏജന്‍സികള്‍ സ്വീകരിക്കുന്ന ഒരു മാര്‍ഗമാണ് ഹെഡ്ലിയിലും അവര്‍ പരീക്ഷിച്ചത്. അമേരിക്കന്‍ പേരുമായി അമേരിക്കന്‍ പാസ്പോര്ട്ടില് എവിടേയും സഞ്ചരിക്കാന്‍ ഹെഡ്ലിക്ക് കഴിഞ്ഞതും അതുകൊണ്ടാണ്. മുംബൈ സ്ഫോടനം നടത്തിയ ഭീകരര്‍ക്ക് കടല്‍ മാര്‍ഗം ഇന്ത്യയിലെത്താനുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തത് ഹെഡ്ലിയാണെന്ന് എഫ്.ബി.ഐ.യും അന്ന് സമ്മതിച്ചതാണ്.
മുംബൈ ആക്രമണത്തിനു ശേഷമാണ് അമേരിക്കന്‍ പൗരനായ ഹെഡ്ലി പലതവണ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നെന്നും, മുംബൈ ടാജിലും അയാള്‍ താമസിച്ചിരുന്നു എന്നും, അയാള്‍ സി.ഐ.എ.യുടെ ചാരനായിരുന്നു എന്നുമുള്ള വിവരം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ അറിയുന്നത്. ഹെഡ്ലി അമേരിക്കക്കാരനാണെന്ന വ്യാജേന ഇന്ത്യയുടെ തന്ത്രപ്രധാനമായ പല കേന്ദ്രങ്ങളും സന്ദര്‍ശിച്ചിരുന്നതായി ഐ.ബി., റോ എന്നിവര്‍ക്ക് വിവരം ലഭിച്ചിരുന്നു. സി.ഐ.എ.ക്കു വേണ്ടി ഇയാള്‍ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളിലും അനേക തവണ സന്ദര്‍ശനം നടത്തിയിരുന്നതായി കണ്ടെത്തിയിരുന്നു. ഹെഡ്ലിയും അയാളുടെ കൂട്ടുകാരനും കനേഡിയന്‍ പൗരനുമായ തഹാവൂര്‍ ഹുസൈന് റാണ എന്ന പാക്കിസ്ഥാനി വംശജനും ലഷ്കര്‍-ഇ-ത്വയ്യിബയുടെ പ്രവര്‍ത്തകരാണെന്നും, അവര്‍ ഡല്‍ഹി, ലഖ്നൗ, ആഗ്ര, അഹമ്മദാബാദ്, മുംബൈ, പുനെ, കൊച്ചി എന്നിവിടങ്ങളില്‍ പല നാള് താമസിച്ച് ഇന്ത്യയുടെ ആണവോര്‍ജ കേന്ദ്രങ്ങളും സൈനിക പരിശീലന കേന്ദ്രങ്ങളുമൊക്കെ തകര്‍ക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തു എന്നാണ് അന്ന് എഫ്.ബി.ഐ. കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചത്. മുംബൈ ആക്രമണം കഴിഞ്ഞ് 2009-ല്‍ വീണ്ടും ഇന്ത്യയിലേക്ക് യാത്ര തിരിക്കാന്‍ പ്ലാന്‍ തയ്യാറാക്കുമ്പോഴാണ് ഹെഡ്ലിയെ എഫ്.ബി.ഐ. അറസ്റ്റു ചെയ്യുന്നത്.
മുംബൈ ഭീകരാക്രമണം കഴിഞ്ഞയുടനെ 24 മണിക്കൂറിനകം അമേരിക്കയുടെ എഫ്.ബി.ഐ.യും ഇസ്രയേലിന്റെ മൊസാദും ധൃതി പിടിച്ച് മുംബൈയിലെത്തുകയും, പിടിയിലായ അജ്മല്‍ കസബിനെ ചോദ്യം ചെയ്യുകയും ചെയ്തതായി അന്ന് വാര്‍ത്തകളുണ്ടായിരുന്നു, അതും ഇന്ത്യന്‍ അധികാരികള്‍ ചോദ്യം ചെയ്യുന്നതിനു മുന്‍പുതന്നെ ! അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന ഓരോ യാത്രക്കാരുടേയും പേരു വിവരങ്ങള്‍ അതാതു രാജ്യങ്ങളിലെ ഇമിഗ്രേഷന്‍ അധികൃതര്‍ അമേരിക്കന്‍ അധികൃതര്‍ക്ക് കൈമാറണമെന്ന വ്യവസ്ഥ അന്ന് നിലവിലുണ്ടായിരുന്നു. അമേരിക്കയുടെ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ആരെങ്കിലുമുണ്ടെങ്കില്‍, അവരുടെ പേരിനോട് സാദൃശ്യമുള്ള ഏതെങ്കിലും യാത്രക്കാരുണ്ടെങ്കില്‍, അവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള സംവിധാനവും വിവിധ വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്നു. മമ്മൂട്ടിയും ഷാരുഖ് ഖാനുമൊക്കെ വിമാനത്താവളങ്ങളില്‍ തടഞ്ഞുവെയ്ക്കപ്പെട്ടത് അവരുടെ പേരുകള്‍ സാദൃശ്യമുള്ളതുകൊണ്ടായിരുന്നു എന്നാണ് അന്ന്ന് എഫ്.ബി.ഐ. വിശദീകരണം നല്‍കിയത്. എന്നാല്‍, ഡേവിഡ് കോള്മാന് ഹെഡ്ലി എന്ന ദാവൂദ് സെയ്ത് ഗിലാനിയുടെ പേരും ഇന്ത്യയുടെ കരിമ്പട്ടികയില്‍ ഉള്പ്പെട്ടിരുന്നതാണത്രേ ! പക്ഷെ, പല തവണ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ അയാള്‍ പിടിക്കപ്പെടാതിരുന്നത് പാസ്പോര്ട്ടില് അമേരിക്കന്‍ പേരും ജന്മസ്ഥലം വാഷിംഗ്ടണ്‍ ഡി.സി.യും ആയതുകൊണ്ടായിരുന്നു എന്നും പറയപ്പെടുന്നു.
ഹെഡ്ലിയെ ചിക്കാഗോയില്‍ വെച്ച് അറസ്റ്റു ചെയ്തെങ്കിലും ചോദ്യം ചെയ്യാന്‍ ഇന്ത്യക്ക് വിട്ടുകൊടുക്കാന്‍ അമേരിക്കന്‍ ഭരണകൂടം തയ്യാറായിരുന്നില്ല. പലതവണ ആവശ്യപ്പെട്ടിട്ടും ഇന്ത്യയുടെ ആവശ്യം നിരാകരിക്കുകയായിരുന്നു. പകരം ഇന്ത്യയുടെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ അമേരിക്കയിലെത്തി ഹെഡ്ലിയെ ചോദ്യം ചെയ്യുകയായിരുന്നു, അതും എഫ്.ബി.ഐ.യുടെ സാന്നിധ്യത്തില്‍! അമേരിക്കയിലെ കോടതിയില്‍ കേസ് വിചാരണ നടത്തി ഹെഡ്ലിയെ ശിക്ഷിച്ചെങ്കിലും ഒരു ചോദ്യം മാത്രം ഇപ്പോഴും അവശേഷിക്കുന്നു. മുംബൈ ഭീകരാക്രമണത്തിനു ശേഷം 2009-ല്‍ ഹെഡ്ലി വീണ്ടും ഇന്ത്യയിലെത്തുകയായിരുന്നെങ്കില് എന്തായിരിക്കും അവസ്ഥ ? ഇപ്പോള്‍ ന്യൂയോര്‍ക്ക് ടൈംസ് പുറത്തു വിട്ടിരിക്കുന്ന റിപ്പോര്‍ട്ട് ആരെ സംരക്ഷിക്കാനാണ്? തെറ്റിദ്ധാരണാജനകമായ ഇത്തരം റിപ്പോര്‍ട്ടുകളുടെ നിജസ്ഥിതി ആര് കണ്ടുപിടിക്കും? യഥാര്‍ത്ഥത്തില്‍ ആരാണ് മുംബൈ ഭീകരാക്രമണത്തിന്റെ ഉത്തരവാദികള്‍?
അടിക്കുറിപ്പ്: ഹെഡ്ലിയുടെ ആള്‍മാറാട്ടമാണ് ഇന്ത്യാ ഗവണ്മെന്റിനെ പ്രകോപിപ്പിച്ചതും, വിസാ ചട്ടങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനും, ഇന്ത്യന്‍ പാസ്പോര്‍ട്ട് സറണ്ടര്‍ നിയമങ്ങളും മറ്റു നിബന്ധനകളും കര്‍ശനമായി പ്രവാസികളായ ഇന്ത്യന്‍-അമേരിക്കന്‍ വംശജരില്‍ അടിച്ചേല്പിക്കാന് പ്രേരിപ്പിച്ചതും.
Comments