ജോണ്‍ മാത്യു
ആ ചെറുപ്പക്കാരനെ ഞാന്‍ പരിചയപ്പെടുന്നത് ലൈബ്രറിയില്‍വെച്ചാണ്. നിരവധി തടിച്ച റഫറന്‍സ് ഗ്രന്ഥങ്ങള്‍ മേശപ്പുറത്ത് നിരത്തിവെച്ച് കുറിപ്പുകള്‍ എഴുതിയെടുക്കുന്ന അയാളോട് ഭയം കലര്‍ന്ന ബഹുമാനം തോന്നി.
വീട്ടിലിരുന്നും ഓണ്‍ലൈനായി പുസ്‌തകങ്ങള്‍ കടമെടുക്കാമെങ്കിലും താളുകള്‍ മറിക്കുന്നതിന്റെ ഓര്‍മ്മ പുതുക്കനാണ് ഞാന്‍ വായനശാലകളിലേക്ക് ഇപ്പോഴും പോകുന്നത്.
ഭംഗിയായി വസ്‌ത്രം ധരിച്ച അയാള്‍, ജെഫ്‌റി, ഒരു കോളജ് പ്രഫസറോ മറ്റോ ആയിരിക്കണമെന്ന എന്റഎ ധാരണ തെറ്റി. അയാള്‍ പറഞ്ഞു: `ഞാന്‍ ഒന്നുമല്ല, അതില്‍ അഭിമാനിക്കുന്നു.' എന്നിട്ട് കൂട്ടിച്ചേര്‍ത്തു: `ജീസസ് ക്രൈസ്റ്റിനെപ്പോലെ... ഹോംലെസും...' കടന്നകയ്യായ അവതരണമെന്ന് മനസ്സിലാക്കിയിട്ടായിരിക്കണം തുടര്‍ന്നത് `ഭൗതീകമായി...'
അങ്ങനെ അയാള്‍ പറഞ്ഞില്ല എന്നിരിക്കട്ടെ ഭൗതീകമായി എന്ന വാക്ക് ഞാന്‍ അവിടെ എടുത്തു പ്രതിഷ്‌ഠിക്കുമായിരുന്നു. അപ്പോള്‍ എന്റെ മനസ്സ് അയാള്‍ക്ക് ഒരു പേരുകൊടുത്തു `ക്ലീന്‍ ഹോംലെസ്'
യാദൃശ്ചിക സംഭാഷണമായിരുന്നെങ്കിലും അതില്‍ കേറിവരാത്ത വിഷയങ്ങളില്ലായിരുന്നു. വിശ്വസാഹിത്യനായകന്മാരും തത്വചിന്തകരും നിരന്നുനിന്നു. ഭാരതീയ ഇതിഹാസങ്ങളും വേദങ്ങളും ആധികാരികമായിത്തന്നെ അയാള്‍ സംസാരിച്ചു. ഈജിപ്‌തു മുതല്‍ ചൈനാ വരെ നീണ്ടുകിടന്ന സാംസ്‌ക്കാരിക പെരുവഴിയിലെ നാല്‌ക്കവലയായിരുന്ന വടക്കുപടിഞ്ഞാറന്‍ ഇന്ത്യയെപ്പറ്റി സംസാരിച്ചു.
അത് നവംബര്‍ മാസം ആദ്യ ആഴ്‌ച. വെളിച്ചങ്ങളുടെ അലങ്കാരം തുടങ്ങുന്നതിനുമുന്‍പ്. അയാള്‍ പറഞ്ഞു ഈ ദീപക്കാഴ്‌ചകള്‍ തനിക്ക് പേടിയാണെന്ന്.
`ഉത്സവകാലങ്ങള്‍ എല്ലാം ഇങ്ങനെയാണ്. ചിലപ്പോള്‍ തോന്നാറുണ്ട് എന്തിന് ഈ പ്രത്യേക അവസരങ്ങള്‍. വിജയിച്ചവരുടെ ആഘോഷങ്ങള്‍. നിങ്ങള്‍, വിജയിച്ചവര്‍ തിന്നുകുടിക്കുമ്പോള്‍ തോന്നുന്ന കുറ്റബോധം ഒഴിവാക്കാന്‍ അവിടവിടെ അപ്പക്കഷണങ്ങള്‍ എറിഞ്ഞുകൊടുക്കുന്നു. എന്നിട്ട്, അത് നാലുപേര് അറിയാന്‍ വിളിച്ചു പറയുന്നു...'
ഞാനും അയാളുടെ ഒപ്പം ചേര്‍ന്നു:
`വെളിച്ചമാണ് ലോകത്തെ നയിക്കുന്നത് എന്നല്ലേ പറയുക. ഇരുള്‍ മാറി വെളിച്ചം പ്രത്യക്ഷപ്പെടാനല്ലേ പ്രാര്‍ത്ഥന. പക്ഷേ, ഒരു കല്ലുകടിയെന്നോണം അനശ്വരമായ `വെളിച്ചം ദുഃഖമാണുണ്ണീ...' എന്നുമുണ്ട്.'
`അതുകൊണ്ട് അധികവെളിച്ചങ്ങള്‍ക്കുമുന്‍പ്, കച്ചവടക്കണ്ണുകള്‍ക്ക് മുന്‍പ്, ഞങ്ങള്‍ ആഘോഷിക്കുന്നു.'
`ആരാണീ ഞങ്ങള്‍...?' എന്ന് ഞാന്‍ ചോദിക്കുമെന്ന് അയാള്‍ക്ക് അറിയാമായിരുന്നതുപോലെ.
`നിങ്ങള്‍ വരിക, വരുമ്പോള്‍ ഒരു ചെറിയ സമ്മാനവുംകൂടി കരുതിക്കൊള്ളണം, എന്റെ പാവപ്പെട്ട സുഹൃത്തുക്കള്‍ക്കാര്‍ക്കെങ്കിലും അത് ഇഷ്‌ടപ്പെടും, അവരുടെ മനസ്സ് ആനന്ദിക്കും. ഒന്നോര്‍ത്തോണം വിലപ്പിടിപ്പുള്ളതൊന്നും കൊണ്ടുവരരുത്. അത് സ്വീകരിക്കാനുള്ള കരുത്ത് ഞങ്ങള്‍ക്കില്ല.'
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു പള്ളിയുടെ ഒറ്റപ്പെട്ട മുറിയിലായിരുന്ന ജെഫ്‌റിയുടെ മീറ്റിംഗ്. പ്രസംഗകനെ കയ്യൂന്നി നില്‌ക്കാന്‍ പാകത്തില്‍ ഒരു പീഠം, അവിടവിടെ കുറേ കസേരകള്‍. എല്ലാംകൂടി രണ്ടു ഡസനിലധികം ഇല്ല. വശം ചേര്‍ന്നുള്ള ഒരു ഡസ്‌ക്കില്‍ സോഡയും ചിപ്പ്‌സും. ജഫറിയും ഞാനും മറ്റ് നാലഞ്ചു പേരും അവിടെയുണ്ട്. ഇനിം ഏതാനും ആളേക്കൂടി പ്രതീക്ഷിക്കുന്നുവെന്ന് ജെഫ്‌റി.
`മറ്റു ചിലതുംകൂടി എത്തിക്കാന്‍ പറഞ്ഞിട്ടുണ്ട്...' ഒരു ക്ഷമാപണത്തോടെ അയാള്‍.
ഏതോ ലോകത്ത് ജീവിക്കുന്നവരായിരുന്നു അവര്‍. അതില്‍ ഒരുവള്‍ പാടുന്നുണ്ടായിരുന്നു: `ഹാപ്പി ബര്‍ത്ത്‌ഡേ ടു മീ, ടു...മീ...' നേരെ നോക്കാന്‍ അവള്‍ക്ക് ഭയമായിരുന്നു. ആരെയോ പേടിക്കുന്നതുപോലെ!
`ഡെനിയുടെ ബര്‍ത്ത്‌ഡേയാണിന്ന്...' ജെഫ്‌റി
`ഹാപ്പി ബര്‍ത്ത്‌ഡേ...' ഞാന്‍.
തന്നത്താന്‍ വരച്ചുണ്ടാക്കിയ ബെര്‍ത്ത്‌ഡേ കാര്‍ഡ് അവള്‍ ഉയര്‍ത്തിക്കാണിച്ചു.
കുറേപ്പേരുംകൂടിയെത്തിയപ്പോള്‍ മീറ്റിംഗ് തുടങ്ങാമെന്നായി. സുപ്രധാനമായ ആ ദിനത്തിനുവേണ്ടി പ്രത്യേകം ചമയാന്‍ അവര്‍ ശ്രമിച്ചിരുന്നു, ടൈ കെട്ടിയും പൂക്കളുള്ള ഉടുപ്പുകളിട്ടും.
ലക്ഷ്യമില്ലാതെ ഞാന്‍ എറിഞ്ഞുകൊടുത്ത `ഹലോ...' ശബ്‌ദം മച്ചില്‍ത്തട്ടി എന്നിലേക്ക് തന്നെ മടങ്ങിയെത്തി.
ജെഫ്‌റിയുടെ ഔപചാരികത്വം ആരും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഇതിനിടയില്‍ ചിപ്പ്‌സും സോഡയും ചിലര്‍ ആസ്വദിക്കാന്‍ തുടങ്ങി.
പ്രസംഗം എന്നിലേക്കായിരുന്നു.
`ഞങ്ങള്‍, നിങ്ങളുടെ കൃത്രിമവെളിച്ചങ്ങളില്‍നിന്ന് ഒളിച്ചോടുകയാണ്. അതിനുനേരെ നില്‌ക്കാന്‍ ഞങ്ങള്‍ക്ക് ശക്തിയില്ല. മാനസികമായി ഞങ്ങള്‍ തളര്‍ന്നവരാണ്. നിങ്ങളെ കാണുന്നതുപോലും ഞങ്ങള്‍ക്ക് ഭയമാണ്. ജീവിതത്തിന്റെ ആകെത്തുകയെടുത്താല്‍ ഒരിടത്തു ചെന്നെത്താത്തവര്‍, ഒരു സമവാക്യത്തിലും പെടാത്തവര്‍, അതിനുള്ള ധൈര്യം കിട്ടിയിട്ടില്ലാത്തവര്‍.'
തുടര്‍ന്നു, ഉയര്‍ന്ന ശബ്‌ദം ഏറെ കനംവെച്ചു.
`ഇന്ന് ഞങ്ങള്‍ ഞങ്ങളുടെ...' ഒരു വിരാമത്തിനുശേഷം: `അതേ, ഞങ്ങള്‍, ദൈവപുത്രന്റെ ജനം ആ ദൈവപുത്രന്റെ ദിനം, നിങ്ങള്‍ക്ക് വഴിമാറിക്കൊണ്ട് കൊണ്ടാടുകയാണ്.
...ഇനിയും നിങ്ങളുടേത് വടിയും കൊടയും വിളക്കുമായി, നക്ഷത്രങ്ങളും നിറങ്ങളുമായി യന്ത്രഗാനങ്ങളുമായി, മധുരപലഹാരങ്ങളുമായി വരുന്നതേയുള്ളൂ, ദക്ഷിണായനാന്താഘോഷമായി!
നാടകീയമായി അയാള്‍ ചരിത്രത്തിലേക്ക് എത്തിനോക്കിക്കൊണ്ട് തുടര്‍ന്നു:
`അന്ന് റോമാ സാമ്രാജ്യത്തില്‍ രണ്ടു ദൈവപുത്രന്മാര്‍. ജൂലിയസ് സീസറിന്റെ ശേഷപത്രത്തിലെ അവകാശിയായ ഒക്‌ടാവിയ ആഗസ്‌തസ് എന്ന ദൈവപുത്രന്‍. അതു നിങ്ങളുടേത്, ഇനിയും ഞങ്ങളെപ്പോലെ ഹോംലെസ്, ഞങ്ങളുടെ സ്വന്തം...' ജെഫ്‌റി പ്രഭാഷണം അവസാനിപ്പിക്കുകയായിരുന്നോ...? സദസ്സ് എല്ലാം ഉള്‍ക്കൊണ്ടില്ലായിരിക്കാം, എന്നാലും ആരവം മുഴക്കിയും കയ്യടിച്ചുമുള്ള അംഗീകാരം!
മടങ്ങിപ്പോരുമ്പോള്‍ അവിടവിടെയുണ്ടായിരുന്ന ഉത്സവവിളക്കുകളുടെ വെളിച്ചം കാണാതിരിക്കാന്‍ ഞാന്‍ മുഖം മറച്ചു.
Comments