സിറിയക് സ്‌കറിയ
മലയാളി എന്ന പ്രവാസി സമൂഹത്തിന്റെ നോര്‍ത്ത് അമേരിക്കയിലെ സിഗ്‌നേച്ചര്‍ സംഘടനകളായ ഫൊക്കാന, ഫോമ എന്ന കേന്ദ്ര സംഘടനകളുടെ ചിന്തയിലേക്കാണ് ഈ കുറിപ്പ് ശ്രദ്ധക്ഷണിക്കുന്നത്. അമേരിക്കന്‍ മലയാളികളെ വിവിധ സംഘടനകള്‍ നാനാവിധ പേരുകളില്‍ നയിക്കുന്നുണ്ടെങ്കിലും നായകന്മാര്‍ അനുയായികളേക്കാള്‍ കൂടുതലുള്ള ഒരു അവസ്ഥയില്‍ `മനസ്സില്‍ തങ്ങി' നില്‍ക്കുന്ന ഒരു പ്രവര്‍ത്തനങ്ങളും അടുത്തകാലത്തൊന്നും ദൃഷ്‌ടിയില്‍പ്പെട്ടിട്ടില്ല. മതസംഘടനകളുടെ അതിപ്രസരം എന്ന പതിവ് പല്ലവിക്കപ്പുറത്ത് സ്വയം ആത്മവിചിന്തനമാണ് മേല്‌പറഞ്ഞ സംഘടനകള്‍ തയാറായല്‍ പഴയതിലും മികച്ച പ്രതാപത്തിലേക്ക് കുതിച്ചുയരാനുതകുന്ന ഒരു ആശയമാണ് പങ്കുവെയ്‌ക്കാനുദ്ദേശിക്കുന്നത്.
അമേരിക്കയിലെ പ്രമുഖ സംഘടനകള്‍ ഫൊക്കനയും ഫോമയുമാണെങ്കിലും വേള്‍ഡ് മലയാളി കൗണ്‍സില്‍ (2-3 വിഭഗം) പ്രവാസി മലയാളി ഫെഡറേഷന്‍ തുടങ്ങിയ സംഘടനകളും ചിത്രത്തിലുണ്ട്. ഈ സംഘടനകളെയെല്ലാം ഒന്നിപ്പിച്ച് ഒറ്റ ഒരു കേന്ദ്രീകൃത സംഘടന എന്നത് സംഭവിക്കാന്‍ വിദൂരസാധ്യത കല്‌പിക്കാവുന്ന ഒരു മഹാത്ഭുതം ആയതിനാലും പല തിരകളുടെ കൂട്ടായ ശക്തിക്കേ 'തിരമാല'യാകാനാവൂ എന്ന വസ്‌തുത മനസിലാക്കുന്നവരോടുമായ് പറയട്ടെ മലയാളികളുടെ കൂട്ടായ ശക്തി പ്രകടമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
വിഘടിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് മുറ ഏറ്റവുമധികം നടപ്പിലാക്കിയവരാണ് ഇന്ത്യയിലെ മതനേതൃത്വവും, മതാത്മക സംഘടകളും. രാഷ്‌ട്രീയ സംഘടനകളും ഇവരുടെയൊക്കെ കൂട്ടായ്‌മയാണല്ലോ. അതിന്റെ പരിഛേദനമാണ് അമേരിക്കയിലും നമ്മള്‍ കണ്ടത്. വിഘടിച്ചുനില്‍ക്കുന്ന പ്രവാസി മലയാളികള്‍ എന്നും ഇത്തരം സംഘടനകള്‍ക്ക് വളരാനുള്ള വളക്കൂറുള്ള മണ്ണാണ്. മേല്‍പറഞ്ഞ മനസ്ഥിതിയില്‍ ഏതാനും ചിലര്‍ നേട്ടങ്ങള്‍ കൈവരിക്കുമ്പോള്‍ ബഹുഭൂരിപക്ഷവും നോക്കുകുത്തികളാകുന്നു. പ്രിയങ്കരരായ പ്രവാസികളെ നമുക്ക് നമ്മുടെ ആവശ്യങ്ങള്‍ ശക്തമായി അവതരിപ്പിക്കാനും നേടിയെടുക്കുവാനും പറ്റിയ ഒരു `ശക്തിയായി' പുനരവതരിക്കേണ്ട സമയമാണിത്. എന്തുകൊണ്ട് വിവിധ രാജ്യങ്ങളിലെ 'കുട' സംഘടനകളുടെ കൂട്ടായ്‌മയായ ഒരു `Grand Umbrella' സംഘടനയ്‌ക്ക് നമുക്ക് രൂപംകൊടുത്തുകൂടാ? `വന്‍കുട' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ലോകമെമ്പാടുമുള്ള കേന്ദ്രീകൃത മലയാളി സംഘടനകളുടെ രാജ്യാന്തര കൂട്ടായ്‌മ എന്ന സങ്കല്‍പമാണ് നോര്‍ത്ത് അമേരിക്ക, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, മലേഷ്യ, ആഫ്രിക്കന്‍, യു.എ.ഇ ആന്‍ഡ് മിഡില്‍ ഈസ്റ്റ്, സൗത്ത് അമേരിക്ക, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസി മലയാളികളെ അവര്‍ അടങ്ങുന്ന കേന്ദ്രീകൃത സംഘടനയുടെ ചട്ടക്കൂടിനുള്ളില്‍ ഏകോപിച്ച ശേഷം രാജ്യാന്തര തലത്തിലുള്ള കേന്ദ്രീകൃത സംവിധാനത്തിലേക്ക് കൊണ്ടുവരിക എന്നതാണ് `Grand Umbrella' സംഘടനകൊണ്ട് ലക്ഷ്യമിടുന്നത്.
ഇത്തരം ഒരു സംഘടനയിലൂടെ ലയനത്തിന് വിഘാതമായി നില്‍ക്കുന്ന വിഷയങ്ങളെ ലഘൂകരിക്കുന്നതിനും അതേസമയം വന്‍ സംഘടനകളെ അവരുടെ അസ്‌തിത്വത്തിലും സംവിധാനങ്ങളിലും നിലനില്‍ക്കുന്നതിനും നമുക്ക് സാഹചര്യമൊരുക്കാനാവുന്നു എന്ന പ്രത്യേകതയുമുണ്ട്. ഉദാഹരണമായി പറഞ്ഞാല്‍ ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണില്‍ ഈവര്‍ഷത്തെ രാജ്യാന്തര കണ്‍വന്‍ഷന്‍ നടത്തിയാല്‍ ഫോമ അടുത്തവര്‍ഷത്തെ കണ്‍വന്‍ഷന്‍ ഫ്‌ളോറിഡയിലോ, ടെക്‌സസിലോ നടത്തുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീക്കുപോക്കുണ്ടാക്കുന്നു എന്നതാണ് ഈ മോഡലിന്റെ പ്രത്യേകത. വ്യക്തിഗത കേന്ദ്രീകൃത സംഘടനകളുടെ അസ്‌തിത്വം നഷ്‌ടപ്പെടുത്താതെ തന്നെ 'മലയാളി ശക്തി' ഏകോപിപ്പിച്ച് മുന്നേറാനുള്ള ഒരു ആശയമാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്.
മറ്റു ഭൂഖണ്‌ഡങ്ങളിലെ മലയാളികളേയും ഒരുമിപ്പിക്കുന്നതിലൂടെ എല്ലാവര്‍ഷവും ഒരു `മഹാ പ്രവാസി സമ്മേളനം' ഈ സംഘടനയ്‌ക്ക് കേരളത്തില്‍ സംഘടിപ്പിക്കാനാവും എന്നത് എടുത്തുപറയേണ്ടതാണ്. മലയാളികളെ എല്ലാവരേയും പൊതുവായി ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഒരു 'മഹാശക്തി'ക്കുമാത്രമേ എന്തെങ്കിലും മാറ്റംവരുത്താനാവൂ. ഈ 'മഹാസംഘടന'യുടെ ഭരണഘടനയും, ചട്ടക്കൂടും, പ്രവര്‍ത്തനരേഖയും എന്നുവേണ്ട രാജ്യാന്തര സംവിധാനങ്ങളുമൊക്കെ വളരെ ചിന്തിച്ചും ചര്‍ച്ചകളിലൂടെയും രൂപംകൊടുക്കേണ്ട ഒന്നാണ്. സംഘടനാ സംവിധാനങ്ങളില്‍ നേതൃതലത്തിലുള്ളവരുടെ ശ്രദ്ധയില്‍ ഈ വിഷയം അവതരിപ്പിക്കുക എന്ന എളിയ കര്‍ത്തവ്യമാണ് ഞാന്‍ ഇവിടെ നിര്‍വഹിക്കുന്നത്. "Airport Hub' എന്ന പദ്ധതിയില്‍ രാജ്യത്തെ നാലാമത്തെ തിരക്കേറിയ വിമാനത്താവളമായ കൊച്ചി പുറന്തള്ളപ്പെട്ടത് നാമെല്ലാവരും ഇതിനോടകം അറിഞ്ഞ വസ്‌തുതയാണല്ലോ.
കൊച്ചി ഹബ് അല്ലെങ്കില്‍ വിദേശികള്‍ക്ക് കേരളത്തിലെത്താന്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ നാം അനുഭവിച്ചറിയാന്‍ പോകുന്നതേയുള്ളൂ. പ്രവാസി മലയാളികളും മറ്റ് കേരള സന്ദര്‍ശകരും ഒരുപക്ഷെ, മദ്രാസിലും, ബാംഗ്ലൂരുമൊക്കെ ഇറങ്ങി മാറിക്കയറേണ്ട കാലവും വിദൂരമല്ല. അതിനാല്‍ പ്രിയ മലയാളികളേ ഇത് തിരമാലകളുടേയും സുനാമികളുടേയും ശക്തിപ്രകടനത്തിന്റെ കാലമാണ്. അവിടെയും ഇവിടെയും നിന്നു നാം പ്രകടിപ്പിക്കുന്ന സിഗ്‌നലുകളേക്കാള്‍ പ്രധാനമാണ് നാം ഒന്നിച്ചുനിന്നു സൃഷ്‌ടിക്കുന്ന തരംഗങ്ങള്‍. അതിനാല്‍ നമുക്ക് ഒന്നായ് നേടാം, ഒന്നിച്ചുനിന്നു പൊരുതാം. `വന്‍കുട' സംഘനടയ്‌ക്ക് നല്‍കാവുന്ന ചില പേരുകള്‍ ആശയരൂപീകരണത്തിനായി സാദരം നിര്‍ദേശിക്കട്ടെ.
1. Consortium of Centralized Organisation of Malayalees around the World.
2. Grand Umbrella of Centralized Organisation of Overseas Malayalees
3. Grand Umbrella of Centralized Malayalee Organisations around the Globe
4. Grand Alliance of Centralized Global Malayalee Organisations
5. Confedaration of Global Malayalee Umbrella Organisations
ഇത്തരം ഒരു സംഘടനയ്‌ക്ക് മതസംഘടനകളുടെ അംഗങ്ങള്‍ക്കും മതേതര സംവിധാനത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നു എന്നതും പ്രത്യേകം ഉറപ്പാക്കേണ്ടതുണ്ട്. ജനകീയ പ്രശ്‌നങ്ങളേയും വികസന ആവശ്യങ്ങളേയും ഒരു ഏകീകൃത സംവിധനത്തിന്റെ കുടക്കീഴില്‍ കൊണ്ടുവന്നുകൊണ്ട് അവതരിപ്പിക്കാന്‍ നമുക്കായാല്‍ അതില്‍പ്പരം വിജയം പ്രവാസികള്‍ക്ക് സ്വപ്‌നം കാണാനാവുമോ എന്ന് നമുക്ക് ചിന്തിക്കാം, തീരുമാനങ്ങളെടുക്കാം.
സിറിയിക് സ്‌കറിയ (cysvee@gmail.com)
Comments