ചാരുംമൂട് ജോസ്
സംശുദ്ധ രാഷ്‌ട്രീയക്കാര്‍ നോക്കുകുത്തികളായി നോക്കി നില്‍ക്കാതെ കേരള ജനതയെ രാഷ്‌ട്രീയ കോമാളികളുടെ കരാള ഹസ്‌തങ്ങളില്‍ നിന്നു മോചിപ്പിക്കൂ. വ്യക്തികളേക്കാള്‍ പാര്‍ട്ടിയാണ് വലുത്, ചട്ടക്കൂടുകള്‍ ലംഘിക്കരുത്, ധിക്കാരം ഹൈക്കമാന്‍ഡിനോടരുത്, പ്രത്യയശാത്രമാണ് കാതല്‍ എന്നൊക്കെ വിശ്വസിക്കുന്ന കുറഞ്ഞപക്ഷം അഭ്യസ്‌തവിദ്യരായ യൗവ്വന രാഷ്‌ട്രീയക്കാരെല്ലാം മറിച്ചു ചിന്തിക്കുവാന്‍ സമയം അതിക്രമിച്ചിരിക്കുകയാണ്. ജനാധിപത്യത്തിന്റെ മൂന്നു അടിത്തറകളായ ലെജിസ്ലേറ്റര്‍, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവയില്‍ ആദ്യ രണ്ടിലേയും വിശ്വാസ്യത നഷ്‌ടപ്പെട്ടു. അല്‌പം ആശ്വാസമുള്ള ജുഡീഷ്യറിയെ അതിന്റെ സാരഥികളെ ശുംഭന്മാരെന്നു പ്രകീര്‍ത്തിക്കുന്നു. ഇവിടെ കോടതികളെ വെല്ലുവിളിക്കുന്ന രാഷ്‌ട്രീയ അരാജകത്വമുള്ള കോമാളികളെ കണ്ട് ജനം മടുത്തു.
വെറും കുലംകുത്തികള്‍ of the people for the people by the people ജനങ്ങള്‍ വോട്ട് ചെയ്‌ത് പ്രതിനിധികളായി അയയ്‌ക്കുന്നവര്‍ മാനിഫെസ്റ്റോകള്‍ മറക്കുന്നു, വാഗ്‌ദാനങ്ങള്‍ മറക്കുന്നു. ആദിവാസികളെ മറക്കുന്നു, കാര്‍ഷിക പ്രതിസന്ധിക്കുനേരെ കണ്ണടയ്‌ക്കുന്നു, സര്‍ക്കാര്‍ സ്ഥാപനങ്ങളെ പാപ്പരാക്കുന്നു, കായികതാരങ്ങളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ട് വാരുന്നു. ക്യാന്‍സര്‍ രോഗികളുടെ വരെ മരുന്നില്‍ കുംഭകോണം നടത്തുന്നു. പക്ഷെ ഇവര്‍ ഉദ്‌ഘാടന വേദികളില്‍ നിറഞ്ഞുനില്‍ക്കുന്നു; കല്ലിട്ടാല്‍ എല്ലാം മതിയാകുന്നു; വിവാദ നായകന്മാര്‍ക്കും, തട്ടിപ്പുകാര്‍ക്കും മന്ത്രിമന്ദിരങ്ങള്‍ ആശാകേന്ദ്രങ്ങളാകുന്നു. രാഷ്‌ട്രീയക്കാരുടെ ബിനാമികള്‍ നാട്ടിലും വിദേശത്തും തഴച്ചുവളരുന്നു. രാജ്യത്തിന്റെ സമ്പദ് ഘടനപോലും താറുമാറാക്കുന്നവര്‍ പൊതുജനങ്ങളെ വിഡ്‌ഢികളാക്കുന്നു.
രാഷ്‌ട്രീയക്കാരും മാധ്യമങ്ങളും ആയിരക്കണക്കിന് വീഡിയോ ക്യാമറയുമായി എന്തിനും ഏതിനും വിവാദം സൃഷ്‌ടിക്കാന്‍ ഓടിനടക്കുന്ന ഓടിനടക്കുന്ന മാധ്യമപ്പടകള്‍! സെന്‍സേഷനുവേണ്ടി ഒരാഴ്‌ചത്തേയ്‌ക്ക്, ഒരു വിവാദം വീതം തപ്പിടെയുത്ത് രാഷ്‌ട്രീയക്കാരുടെ ഒത്താശയോടെ എന്ന് ഊഹിക്കാവുന്നതരത്തില്‍ ജനലക്ഷങ്ങളെ മുള്‍മുനയില്‍നിര്‍ത്തി, സസ്‌പെന്‍സില്‍ നിര്‍ത്തി അടുത്ത വിവാദത്തിലേക്ക് വിരല്‍ചൂണ്ടും. പൊതുജനം ആഴ്‌ചകള്‍ക്കുള്ളില്‍ അതു മറക്കണം എന്ന ഉദ്ദേശശുദ്ധിയോടെ. ഇവിടെ ജനങ്ങള്‍ വിഡ്‌ഢികളായെന്ന് ഇക്കൂട്ടര്‍ കരുതുന്നുവെങ്കില്‍ ചരിത്രം അങ്ങ് ഡല്‍ഹിയില്‍ മാറ്റിയ ചിത്രം ഓരോ രാഷ്‌ട്രീയ നേതാക്കളും മനസിലാക്കണം; കൂട്ടി വായിക്കാന്‍ ശ്രദ്ധ ചെലുത്തണം. പ്രധാനമന്ത്രിയായില്‍ നൂറ് ദിവസത്തികം ഓരോ ഇന്ത്യന്‍ പൗരനും 15 ലക്ഷം രൂപ ലഭിക്കാനിടയാക്കുന്ന കള്ളപ്പണം വിദേശത്തുനിന്നു കൊണ്ടുവരും; വിലക്കയറ്റം തടയും; ഡീസല്‍ വില കുറയ്‌ക്കും എന്നൊക്കെ വാഗ്‌ദാനം ചെയ്‌ത് അധികാരത്തില്‍ കയറിപ്പറ്റിയ പ്രധാനമന്ത്രി സ്വയം വലുതാകാന്‍ ശ്രമം നടത്തിയതല്ലാതെ, സ്വന്തം പാര്‍ട്ടിക്കാരെ, പതിവുപോലെ സഹമന്ത്രിമാരേയും മറ്റ് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളേയും നിശബ്‌ദരാക്കി ജൈത്രയാത്ര നടത്തുന്നു. വിദേശയാത്രയ്‌ക്ക് സമയം; ഏകാധിപതിയായി മതേതരത്വത്തിനു കളങ്കമായതൊക്കെ ചെയ്യുന്നു. ഗാന്ധിജിയുടെ പ്രതിമ അടിച്ചു തകര്‍ക്കുന്നു. നാഥുറാം ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കാന്‍ ശ്രമം നടക്കുന്നു.
ന്യൂനപക്ഷങ്ങളുടെ ദേവാലയങ്ങള്‍ തകര്‍ക്കുന്നു; ഖര്‍വാപസി, ഓരോ ഹിന്ദു സ്‌ത്രീകളും നാലു മക്കളെ പ്രസവിക്കണം; മുസ്ലീങ്ങള്‍ പാക്കിസ്ഥാനില്‍ പോകണം; കന്യാസ്‌ത്രീകള്‍ വിദേശികളാണ്; ചെപ്പടി ജാലക- സോപ്പുചീപ്പ് കണ്ണാടി വില്‍ക്കുന്ന സന്യാസിമാര്‍ക്ക് പത്മശ്രീ പുരസ്‌കാരം നല്‍കുന്നു തുടങ്ങിയ പുണ്യപ്രവര്‍ത്തികള്‍ ജനം മനസില്‍ കൂട്ടിച്ചേര്‍ത്ത് വായിച്ചപ്പോള്‍ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ജനാധിപത്യ പ്രക്രിയ പുനസ്ഥാപിക്കാന്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ കേജരിവാളിന്റെ നേതൃത്വത്തില്‍ അവതാരം ചെയ്‌തത് വെറും ആകസ്‌മികമായല്ല. പാര്‍ട്ടിക്കോ പേരിനോ പ്രസക്തിവേണ്ട; ഡല്‍ഹി മോഡല്‍ കേരളത്തില്‍ അനിവാര്യം കാലഹരണപ്പെട്ട, ഭൂപടത്തില്‍ നിന്നു തുടച്ചുമാറ്റപ്പെട്ട പഴഞ്ചന്‍ പ്രത്യയശാസ്‌ത്രവുമായി തൊഴിലാളി വര്‍ഗ്ഗത്തെ തുടര്‍ച്ചയായി വഞ്ചിച്ചുകൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇവിടെ വീണ്ടും തലപൊക്കി വരാന്‍ ശ്രമിക്കുന്നു.
കേരള ജനത ഇത്രയും ദുരവസ്ഥ അനുഭവിച്ച കാലഘട്ടം, രാഷ്‌ട്രീയ നാടകങ്ങള്‍, സമരങ്ങള്‍, ഹര്‍ത്താലുകള്‍, വിമര്‍ശിക്കുന്നവരെ വെട്ടിക്കൊല്ലുന്ന കൊലപാതക രാഷ്‌ട്രീയക്കാര്‍, നീതിബോധമില്ലാത്ത നേതാക്കന്മാര്‍, കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്ന ബ്യൂറോക്രാറ്റുകള്‍ എന്നിവര്‍ നാടിനെ കുട്ടിച്ചോറാക്കുന്നു. വികസനം വഴിമുട്ടി നില്‍ക്കുന്നു. വിവാദങ്ങള്‍ മാത്രമുള്ള സംസ്ഥാനം. അന്യ സംസ്ഥാനങ്ങളില്‍ അഴിമതിയുണ്ടെങ്കിലും ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങളില്‍ കുറവു വരുത്തില്ല. രണ്ടായാലും വാര്‍ത്ത പുറത്തുകൊണ്ടുവരാന്‍ ചങ്കുറപ്പുള്ള ഒരു മാധ്യമങ്ങളും രാജ്യത്തു നിലവിലുമില്ല. കേരളത്തില്‍ എന്തുമാകാം. കേരളത്തിലെ അസംതൃപ്‌തരായ സംശുദ്ധ രാഷ്‌ട്രീയക്കാര്‍ ഒന്നിക്കണം. പാര്‍ട്ടി നോക്കാതെ കേരളത്തിന്റെ ഭാവിയെ കരുപ്പിടിപ്പിക്കുവാന്‍ സംഘടിക്കണം. ഡല്‍ഹി മോഡല്‍ ഭരണം വരണം. കുടുംബ തേര്‍വാഴ്‌ച അവസാനിപ്പിക്കൂ...ഹൈക്കമാന്റേ വിട...പോളിറ്റ് ബ്യൂറോയെ വിട...
ജയ്‌ഹിന്ദ്.
Comments