JOHN MATHEW
``ഇസ്രായേലിന്മേല്‍ സമാധാനം ഉണ്ടാകട്ടെ.'' സങ്കീര്‍ത്തനങ്ങളില്‍നിന്ന്, പ്രാര്‍ത്ഥനയുടെ ഭാഗവുമാണ്. എന്നാല്‍ ഇത് ആത്മീകമല്ല, രാഷ്‌ട്രീയപ്രസ്‌താവനയാണ്. മൂവായിരം വര്‍ഷം മുന്‍പ് എഴുതിയ വാക്കുകള്‍. അന്നത്തെപ്പോലെ ഈ ആഗ്രഹം ഇന്നും അതേപടി പ്രസക്തമാണെന്നത് എത്രയോ സത്യവും. ആധുനികയുഗത്തിലെ ഇന്ത്യാ-ഇസ്രയേല്‍ ബന്ധങ്ങളാണ് ചര്‍ച്ചാവിഷയമെങ്കിലും ചരിത്രാതീത കാലത്തേക്കും ഒന്ന് തിരിഞ്ഞു നോക്കുന്നത് ഉചിതമായിരിക്കും. അംഗീകരിക്കപ്പെട്ട സങ്കല്‌പങ്ങളുടെ ആവര്‍ത്തനം ഈ ലേഖനത്തില്‍നിന്ന് പ്രതീക്ഷിക്കേണ്ട, അതിലൂന്നിയ വേദശാസ്‌ത്രവും ഇവിടെ പിന്‍തുടരുന്നില്ല. ലോകക്രൈസ്‌തവ സഭ യഹൂദരോട്, ചരിത്രത്തില്‍ക്കൂടി നോക്കിയാല്‍, അനുഭാവ സമീപനമല്ല പുലര്‍ത്തിയിരുന്നത്. പീഢനങ്ങള്‍ക്ക് നേരെ കണ്ണടക്കുക മാത്രമല്ല, അതിന് അവര്‍ അര്‍ഹരാണെന്നുവരെ വിശ്വസിക്കുകയും ചെയ്‌തു.
എന്നാല്‍ ഇന്ത്യയിലെ കേരള ക്രൈസ്‌തവര്‍ ഇസ്രായേല്‍ ബന്ധം ഒരു കുടുംബബന്ധമായിത്തന്നെ കരുതിയിരുന്നു, ഇന്നും കരുതുന്നു. സോളമന്‍ രാജാവിന്റെ കാലം മുതല്‍ത്തന്നെ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരങ്ങളുമായി ഇസ്രായേല്യര്‍ക്ക് കച്ചവടബന്ധങ്ങളുണ്ടായിരുന്നു. ബൈബിളിലെ കാവ്യപുസ്‌തകങ്ങളും ഭാരതീയ വേദങ്ങളും അതിനോടു ചേര്‍ന്ന ഉപനിഷദ് ഗ്രന്ഥങ്ങളും തമ്മില്‍ എത്രയോ അടുപ്പമുണ്ട്. ഏബ്രായമതവും ബ്രാഹ്മണമതവും ഒരേ ചില്ലയിലെ രണ്ടു പൂക്കള്‍പോലെയാണ്. ജീവിതത്തിന്റെ ഏറ്റവും വലിയ സമസ്യയായ `മരണം' എന്ന വാക്കിനെ നിര്‍വചിച്ചതില്‍നിന്ന് തുടങ്ങുന്നു മനുഷ്യന്‍ എന്താണെന്ന അന്വേഷണം. ഏബ്രായ ബ്രാഹ്മണ തത്വചിന്തകള്‍ ഈ അന്വേഷണത്തിന്റെ ഭാഗമാണ്. മരണത്തിന്റെ പ്രതീകമായി പ്രത്യക്ഷപ്പെടുന്ന സര്‍പ്പം, അതിനെ വകവരുത്തുന്നതോ ആരാധിക്കുന്നതോ ഈ തത്വചിന്തകളില്‍പ്പെടുന്നു. ഉയര്‍ത്തപ്പെട്ട സര്‍പ്പം ക്രൈസ്‌തവതയില്‍ പ്രതീകമായി മാറിയപ്പോള്‍ ഹൈന്ദവതയില്‍ അത് നേരിട്ടുള്ള ആരാധനയായി! പൂര്‍വ്വപിതാവായ അബ്രഹാം തന്റെ ദേശാടനവേളയില്‍ ശാലേമിലെ രാജാവിനെ സന്ദര്‍ശിക്കുന്ന സന്ദര്‍ഭത്തിന് വളരെ ചരിത്രപ്രാധാന്യമുണ്ട്.
അബ്രഹാം, രാജാവിന് നികുതികൊടുത്ത് ആ രാജ്യത്തിലെ പ്രജയാവുകയാണ്, അവകാശം നേടുകയാണ്. ഈ രാജാവിനെ പ്രത്യക്ഷമായി പിന്നീട് ചരിത്രത്തില്‍ കാണുന്നില്ല, പക്ഷേ, ഇതേ രാജാവുതന്നെ മറ്റൊരു വ്യക്തിയായി മാറുന്നതിന് ഹൈന്ദവ സംജ്ഞാശാസ്‌ത്രത്തില്‍ അല്ലെങ്കില്‍ ടെര്‍മിനോളജിയില്‍ ഏതു വാക്കാണ് ഉപയോഗിക്കുക? സെമറ്റിക്ക് ബ്രാഹ്മണ ചിന്തകളിലെ സമാനതയായി ഇതെല്ലാം കണക്കാക്കുന്നതില്‍ അംഗീകൃതവേദശാസ്‌ത്രങ്ങള്‍ വിയോജിച്ചേക്കാം, പക്ഷേ, സഹസ്രാബ്‌ദങ്ങള്‍ക്കും മുന്‍പുണ്ടായിരുന്ന പൊതുധാരണയായിട്ടെങ്കിലും ഞാന്‍ ഇത് ഇവിടെ എഴുതുകയാണ്, അഭിപ്രായപ്പെടുകയാണ്. ഒരു സമൂഹത്തിന്റെ പ്രത്യേക പെരുമാറ്റരീതികള്‍ ശത്രുക്കളെയും പരിഹാസികളെയും സൃഷ്‌ടിക്കും. നിഷ്‌ഠയോടുള്ള ജീവിതം മറ്റുള്ളവരില്‍ അസൂയ വളര്‍ത്തും.
പക്ഷേ, ഇന്ത്യയുമായി മൂവായിരം വര്‍ഷത്തെ വാണിജ്യബന്ധമുണ്ടായിട്ടും സാമൂഹികമായ ഉരസല്‍ ഉണ്ടായിട്ടില്ലെന്നു പറയുമ്പോള്‍ ഇരുസംസ്‌ക്കാരങ്ങളും തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റെ ഉന്നത മാനദണ്ഡമാണ് കാണിക്കുന്നത്. കേരളത്തിലെ സുറിയാനി അതിലുമുപരി കനാനയവിഭാഗങ്ങള്‍ യഹൂദപാരമ്പര്യവുമായുള്ള അടുപ്പം മറച്ചുവെക്കുന്നില്ല. ഇതിനോട് ചേര്‍ന്ന് എത്രയോകാലമായി കേരളക്രൈസ്‌തവ സമൂഹങ്ങളില്‍ മുഴങ്ങിക്കേള്‍ക്കുന്ന ഒരു ഗാനത്തിന്റെ രണ്ടു വരികള്‍ ``സീയോനെ നീ ഉണര്‍ന്നെഴുന്നേല്‌ക്കുക ശാലേം രാജനിതാ വരുവാറായ്...'' സീയോന്‍ കുന്നുകള്‍ കാവ്യത്മകമാണ്, പ്രതീക്ഷയുടെ പ്രതീകമാണ്, അവിടെനിന്നും നമുക്ക് സയണിസത്തിലേക്കും ജൂഡിസത്തിലേക്കും മടങ്ങിവരാം.
ആധുനികയുഗത്തില്‍ - ഇരു രാജ്യങ്ങളും, ഇന്ത്യയും ഇസ്രായേലും, സ്വാതന്ത്ര്യം നേടുന്നത് ഏതാണ്ട് ഒരേ കാലഘട്ടത്തിലാണ്. രണ്ടു കൂട്ടരുടെയും സ്വാതന്ത്ര്യപ്രസ്ഥാനങ്ങളില്‍ ബ്രിട്ടന്റെ ഇടപെടലുണ്ടായിരുന്നു, ഇന്ത്യ കോളണിയും ഇസ്രായേല്‍ യുദ്ധാനന്തര തന്ത്രങ്ങളുടെ ഭാഗവും. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ചില രാജ്യങ്ങളുടെ അതിര്‍ത്തികള്‍ മാറ്റപ്പെട്ടു, മറ്റുചിലത് സ്വയംഭരണംനേടി, നേരത്തെയുണ്ടായിരുന്ന അസ്‌തിത്വത്തില്‍നിന്ന് വ്യതിചലിക്കാതെതന്നെ. എന്നാല്‍ ഇസ്രായേല്‍ ഒരു പ്രതീക്ഷ, സങ്കല്‌പം, വിശ്വാസം തുടങ്ങിയവയായിരുന്നു. `അടുത്ത വര്‍ഷം യരുശലേമില്‍' എന്ന പ്രതീക്ഷ, തീവ്രമായ പ്രതീക്ഷ! ചിതറിപ്പോയ ഒരു ജനതയുടെ ആഗ്രഹങ്ങള്‍ മൂര്‍ത്തമാക്കാന്‍ ശ്രമിച്ചത് ആസ്‌ട്രോ ഹംഗേറിയന്‍ പത്രപ്രവര്‍ത്തകനും നാടകകൃത്തുമായ തിയോഡര്‍ ഹെര്‍സല്‍. യാഥാസ്ഥിക ജൂഡിസത്തിലൂന്നിക്കൊണ്ടായിരുന്നില്ല സിയോന്‍ അല്ലെങ്കില്‍ `സയണിസ'ചിന്തകള്‍ വളര്‍ന്നത്. തദ്ദേശവാസികളോട് സഹകരിച്ച് ജീവിക്കുന്ന മതേതരവും എന്നാല്‍ ഇസ്രായേല്യര്‍ക്ക് അവകാശപ്പെട്ടതുമായ ഒരു രാഷ്‌ട്രമായിരുന്നു സയോണിസ്റ്റ് സ്വപ്‌നം! ഈ ജനതയുടെ ദീര്‍ഘകാലചരിത്രം വായിക്കുമ്പോള്‍ തോന്നുക ദുര്‍വിധി അവരെ എന്നും വേട്ടയാടിക്കൊണ്ടിരുന്നെന്നാണോ?
അതോ, ചരിത്രം കൃത്യമായി രേഖപ്പെടുത്തിയതുകൊണ്ടോ? പരാജയത്തിന്റെയുംകൂടി ചരിത്രം എഴുതിയതുകൊണ്ടോ, കൃത്യവും വ്യത്യസ്ഥവുമായ ജീവിതനിഷ്‌ഠ പുലര്‍ത്തിയതുകൊണ്ടോ? ഇനിയും `അവന്റെ രക്തം ഞങ്ങളുമേലും ഞങ്ങളുടെ മക്കളുടെമേലും വരട്ടെ' എന്ന സ്വയം ശാപവചനം മൂലമോ? പത്തൊന്‍പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും പകുതിയില്‍ത്തന്നെ യഹൂദര്‍ക്ക് ഒരു `പിതൃരാജ്യം'?എന്ന സങ്കല്‌പം ചര്‍ച്ചയായിരുന്നു. വിവിധ സാഹചര്യങ്ങളില്‍ രാഷ്‌ട്രീയ ഇടപെടലുകളില്‍ എത്രയെത്ര സമവാക്യങ്ങളാണ് ഉരുത്തിരിഞ്ഞിരുന്നത്.
അര്‍ജന്റീന, ബ്രിട്ടീഷ്‌ഗയാന, ബ്രസീല്‍, ഉഗാണ്ട, തെക്കന്‍ റഷ്യയുടെ ഒരു ഭാഗം, മഡഗാസ്‌ക്കര്‍ എന്നിങ്ങനെ. ഇതില്‍ ഉഗാണ്ടയിലെ അയ്യായിരം ച.മൈല്‍ പ്രദേശം ഒരു നവഇസ്രായേല്‍ എന്ന രാജ്യനിര്‍മ്മിതിയുടെ അടുത്തുവരെയെത്തി. ഇതിലെ കളിക്കാര്‍ ജര്‍മ്മനി, ആസ്‌ട്രിയ, ഹംഗറി, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍സ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളും. ജര്‍മ്മനിക്കും കിഴക്കന്‍ യൂറോപ്പിനും റഷ്യക്കും യഹൂദജനത ഒരു പ്രശ്‌നംതന്നെയായിരുന്നു. സര്‍വ്വ ദുരന്തങ്ങള്‍ക്കും `കാരണം' അവരായിരുന്നല്ലോ! രണ്ടാംലോകമഹായുദ്ധവും കിഴക്കന്‍ യൂറോപ്പിന്റെയും ഓട്ടോമാന്‍ സാമ്രാജ്യത്തിന്റെയും പതനവും അപ്രതീക്ഷിതമായ അവസരമാണ് സയോണിസ്റ്റുകള്‍ക്ക് സമ്മാനിച്ചത്. ആ നാടുകളിലെ പീഢനങ്ങളും ദുരന്തങ്ങളും പാലസ്റ്റെനിലേക്കുള്ള കൂട്ടമായ യഹൂദകുടിയേറ്റത്തിന് ആക്കംകൂടി. വന്നവര്‍ വന്നവര്‍ വിപണിക്കതീതമായ വിലകൊടുത്ത് ഭൂമി വാങ്ങിക്കൂട്ടി. കൈവന്ന അവസരം ഭാഗ്യമെന്ന് കരുതി പാലസ്‌തീന്‍ വാസികള്‍ ആ അവസരം ഉപയോഗിച്ചു. അങ്ങനെ, അന്നത്തെ ലോകശക്തികളുടെ മനസ്സില്ലാമനസ്സോടുകൂടിയ പിന്തുണയോടെ ഇസ്രായേല്‍ എന്ന രാജ്യം പിറന്നു. ആരബ് വൈകാരികത വകവെക്കാതെ ഇസ്രായേല്‍ രാജ്യത്തെ ഉടനടി അംഗീകരിക്കാന്‍ അമേരിക്കയും സോവ്യറ്റ് യൂണിയനും തയ്യാറായി.
അതായത് ഹാരി എസ് ട്രൂമാനും ജോസഫ് സ്റ്റാലിനും ഇസ്രായേലിന് പിന്തുണ കൊടുത്തു. തത്വത്തില്‍ ഇസ്രായേലും ഒരു ``കമ്മ്യൂണിസ്റ്റ്'' രാജ്യമായിട്ടായിരുന്നല്ലോ തുടക്കം! മറ്റു പല ആശയങ്ങളുടേതുമെന്നപോലെ ഇസ്രായേല്‍ എന്ന പുതിയ രാജ്യത്തിന്റെയും ചാലകശക്തിയായി എന്നും പ്രവര്‍ത്തിച്ചത് ബ്രിട്ടന്‍തന്നെയായിരുന്നു. പക്ഷേ, നിര്‍ണ്ണായക ഘട്ടത്തില്‍ ലോകമഹാശക്തിയായിരുന്ന ബ്രിട്ടന് അറബികളുടെ താല്‌പര്യത്തിനു വിരുദ്ധമായി നീങ്ങേണ്ടേതായി വരുന്നത് ചില പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചു. പാലസ്റ്റെനിലേക്കുള്ള യഹൂദജനതയുടെ കുടിയേറ്റം ത്വരിതപ്പെടാതിരിക്കാനുള്ള ശ്രമങ്ങള്‍ പലതും ബ്രിട്ടന്റെ ഭാഗത്തുനിന്നുമുണ്ടായി. വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല. ഇത് ഇവിടെ എടുത്തുപറയാന്‍ കാരണമുണ്ട്. ഇന്ത്യയുടെ വിദേശനയത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ അടിവരയിട്ട് വായിക്കേണ്ടതുതന്നെയാണിത്. ബ്രിട്ടന്റെ ആ വിദേശനയത്തിന്റെ തുടര്‍ച്ചതന്നെയായിരുന്നു ഇന്ത്യയുടെയും!
ജനസംഖ്യകൊണ്ടും, ഇന്ധസമ്പത്തുകൊണ്ടും മേല്‍ക്കൈയ്യുള്ള അറബ് നാടുകളുടെ താല്‌പര്യങ്ങള്‍ക്കാണ് ഇന്ത്യയിലെ ഭരണകൂടം ഏറെ പ്രാധാന്യം കൊടുത്തത്. ഇതുകൂടാതെ ഈ അറബ് സൗഹൃദം ഇസ്ലാമിക സമൂഹത്തില്‍നിന്ന് വോട്ടുബാങ്കുകള്‍ നേടിയെടുക്കാമെന്നും ഭരണകക്ഷി കണക്കുകൂട്ടി. സാക്ഷാല്‍ കമ്മ്യൂണിസ്റ്റ് നയങ്ങള്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരുന്നതും സോവ്യറ്റ് യൂണിയനുമായി സൗഹൃദം ഏറെയുണ്ടായിരുന്നതുമായ ഇസ്രായേല്‍ രാഷ്‌ട്രത്തെ പിന്‍തള്ളിക്കൊണ്ട് സാമൂഹികവും മതപരവും രാഷ്‌ട്രയവുമായി തികച്ചും യാഥാസ്ഥിതികരായ അറബികളാണ് വിപ്ലവകാരികള്‍ എന്ന ചിന്ത സൃഷ്‌ടിക്കാന്‍ ഇന്ത്യയിലെ ഭരണകൂടത്തിന് കഴിഞ്ഞു. ദുരന്തത്തിന്റെ പ്രതീകമായിരുന്നല്ലോ (ഇന്നും) പാലസ്റ്റെന്‍-ഹമാസ് ചിത്രങ്ങള്‍. ടൈകെട്ടിയ ഇസ്രായേലും തലയില്‍ തട്ടകമിട്ട പാലസ്റ്റെനും! ഇസ്രായേലിനെ മതാധിഷ്‌ഠിത രാജ്യമായി കരുതി സാധാരണക്കാര്‍പോലും മുതലാളിത്വ-പൗരോഹിത്യ ഗണത്തില്‍പ്പെടുത്തി. അതേസമയം ഇസ്ലാമിക മതാധിഷ്‌ഠിത ഇടതുവിപ്ലവമായി കണക്കാക്കപ്പെട്ടു.
എത്രയോ ഏകാധിപത്യരാജ്യങ്ങള്‍ ഇന്ത്യക്ക് പ്രിയപ്പെട്ടവയായി മാറിയപ്പോള്‍ ആയിരക്കണക്കിനു വര്‍ഷങ്ങളായി വിശ്വദര്‍ശനങ്ങള്‍ പങ്കുവെച്ച ജനതക്കെതിരെ തൊട്ടുകൂടായ്‌മ പ്രഖ്യാപിച്ചു. ഇത് നയതന്ത്രബഹിഷ്‌ക്കരണത്തിനുപരിയായി അവജ്ഞയും അവഗണനയുമായി മാറി. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു അക്കാലത്തൊരിക്കല്‍ ഇസ്രായേല്‍ പ്രസിഡന്റിന്റെ നേപ്പാള്‍ സന്ദര്‍ശനവേളയിലുണ്ടായ ഒരു സംഭവം. അന്ന് വിമാന സര്‍വ്വീസുകള്‍ പരിമിതമായിരുന്നു. കൊല്‍ക്കത്തയില്‍നിന്ന് കൊമേര്‍ഷ്യല്‍ വിമാനം മാറിക്കേറിയിട്ടുവേണം നേപ്പാളില്‍ എത്താന്‍. ഇസ്രായേല്‍ പ്രസിഡന്റ് കൊല്‍ക്കത്തയില്‍ എത്തി. എന്നിട്ട് ഒരു സാധാരണ യാത്രക്കാരനെപ്പോലെ മണിക്കൂറുകള്‍ വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടതായി വന്നുപോലും.
ഒരു രാഷ്‌ട്രത്തിന്റെ തലവനെന്നോ ബഹുമാന്യനായ ഒരു വ്യക്തിയായിട്ടോ അന്നത്തെ ഭാരത സര്‍ക്കാര്‍ അദ്ദേഹത്തെ കരുതിയില്ലതന്നെ! ഇന്ത്യയിലെ ഭരണാധികാരികള്‍ സമര്‍ത്ഥരായിരുന്നുവെന്നത് തര്‍ക്കമറ്റതുതന്നെ, പക്ഷേ, ചരിത്രത്തിന്റെ വെളിച്ചത്തില്‍ നയങ്ങള്‍ രൂപീകരിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടോ എന്ന് ഇവിടെ സംശയിക്കുകയാണ്. എല്ലാ വിപ്ലവപ്രസ്ഥാനങ്ങളുടെയും ചിന്തകളുടെയും ഗവേഷണങ്ങളുടെയും മുന്നിലുണ്ടായിരുന്ന ഒരു ജനത, യഹൂദജനത, പരാജയപ്പെടുമെന്ന് ചിലരെങ്കിലും കരുതിയോ എന്ന്. എങ്കില്‍ അവര്‍ക്ക് തെറ്റി, തീര്‍ച്ച! കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനപതിറ്റാണ്ട് ആയപ്പോഴേക്കും അന്താരാഷ്‌ട്ര രംഗത്ത് മാറ്റങ്ങള്‍ സംഭവിച്ചു. സോവ്യറ്റ്‌യൂണിയന്‍ തകര്‍ന്നു, ചേരിചേരാനയം അപ്രസക്തമായി, സാങ്കേതികതയില്‍ വന്‍കുതിപ്പുണ്ടായി. എണ്ണയുല്‍പ്പാദനം അറബ് രാജ്യങ്ങളുടെ കുത്തകയല്ലാതായിമാറും എന്നുപോലും ഇന്ധനസാമ്പത്തികശാസ്‌ത്രജ്ഞന്മാര്‍ പ്രവചിക്കാന്‍ തുടങ്ങി. ഇന്ത്യയിലെ രാഷ്‌ട്രീയരംഗവും വലതുചിന്തകളിലേക്ക് മാറിത്തുടങ്ങി. സര്‍ക്കാരില്‍ ഇടതുപക്ഷ സ്വാധീനം ക്രമേണ കുറഞ്ഞുവരുന്നത് പ്രകടമായിരുന്നു.
അപ്രതീക്ഷിതമായ ഇടതുപക്ഷ അപചയത്തോടൊപ്പം ഒരു ഹൈന്ദവനവോത്ഥാനത്തിന്റെ അലയടികള്‍ കണ്ടുതുടങ്ങി. ഇതിന്റെയെല്ലാം തുടര്‍ച്ചയായിരുന്നു എ.ബി. വാജ്‌പൈ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഇന്ത്യാ-ഇസ്രായേല്‍ ബന്ധങ്ങളിലുണ്ടായ നയവ്യത്യാസം. പിന്നീടുവന്ന യു.പി.എ. സര്‍ക്കാരിനും ഇതില്‍നിന്ന് അധികമൊന്നും പിന്നോട്ടുപോകാന്‍ കഴിയുമായിരുന്നില്ല. കാരണം കരാറുകള്‍ ദീര്‍ഘകാലാടിസ്ഥാനത്തിലായിരുന്നല്ലോ. അങ്ങനെ സൈനിക സാമഗ്രികളുടെ വിപണനരംഗത്ത് ഇസ്രായേല്‍ ഇന്ത്യയുടെ അവഗണിക്കാനാവാത്ത പങ്കാളിയായി. എങ്കിലും പണ്ടത്തെ അരബ്‌ഫോബിയയുടെ ഓര്‍മ്മയുമായി ഒളിഞ്ഞും തെളിഞ്ഞുമുള്ള ബന്ധമാണ് ഏതാണ്ട് ഇപ്പോഴും പുലര്‍ത്തുന്നത്. ഇതിനെ ഒരു `മിസ്‌ട്രസ് ബന്ധമെന്ന്' ആരോ വിശേഷിപ്പിച്ചത് നൂറുശതമാനവും പരിഹാസവും ശരിയുമായിരുന്നു. മാറുന്ന അന്താരാഷ്‌ട്ര സമവാക്യങ്ങളില്‍ ശത്രു മിത്രമാകാം, മറിച്ചും. അതു മറ്റൊരു കഥ. എന്നാല്‍ ചരിത്രപരവും അതിനെത്തുടര്‍ന്നുള്ള തീര്‍ത്ഥാടനയാത്രാപ്രധാന്യവുംകൂടി കണക്കിലെടുത്താല്‍ ഇന്ത്യക്ക് ഇസ്രായേല്‍ രാഷ്‌ട്രവുമായിട്ടുള്ള സഹകരണസാദ്ധ്യത ഏറെയാണ്. ഇസ്രായേല്‍ രാഷ്‌ട്രവുമായി ആത്മബന്ധം പുലര്‍ത്തുന്നവര്‍ ഇന്ത്യയിലും, ഭാരതപാരമ്പര്യം അവകാശപ്പെടാവുന്നവര്‍ ഇസ്രയേലിലും ഉള്ളത് സഹകരണബന്ധങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.
Comments