You are Here : Home / AMERICA TODAY

മോദിയുടെ മോടി അഴിയുന്നുവോ? ഭാരതം തകരുന്നുവോ?

Text Size  

Story Dated: Thursday, March 05, 2015 01:28 hrs UTC

നരേന്ദ്രമോദി അധികാരത്തിലെത്തുന്നതിനു മുമ്പ് ജനങ്ങള്‍ അദ്ദേഹത്തില്‍ കണ്ടിരുന്നത് ഒരു നേതാവിനെക്കാളുപരി ഒരു രക്ഷകനെ ആയിരുന്നു.  നാല്പത്തൊമ്പതു വര്‍ഷത്തെ കോണ്‍ഗ്രസ്സിന്റെ അഴിമതി നിറഞ്ഞ ദുര്‍ഭരണത്തില്‍ നിന്ന് ഭാരതത്തിന് ഒരു മോചനം ലഭിക്കുമല്ലോ എന്ന വിശ്വാസമായിരുന്നു. എന്നാല്‍, അധികാരത്തിലേറി അധികം താമസിയാതെ തന്നെ ജനങ്ങള്‍ക്ക് മനസ്സിലാകാന്‍ തുടങ്ങി അതെല്ലാം വെറും പൊയ്മുഖം മാത്രമായിരുന്നെന്ന്! 
 
നരേന്ദ്ര മോദിയും, അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ബി.ജെ.പിയും അധികാരത്തിലേറുമ്പോള്‍ ജനങ്ങള്‍ക്ക് നല്‍കിയിരുന്ന മോഹന സുന്ദരവാഗ്ദാനങ്ങള്‍ എല്ലാം കാറ്റില്‍ പറത്തിക്കൊണ്ടുള്ള ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഭാരതീയ ജനതാ പാര്‍ട്ടി എന്നാല്‍ ജനങ്ങളുടെ പാര്‍ട്ടി എന്ന അവസ്ഥയില്‍ നിന്നു മാറി സംഘപരിവാറിന്റെ അപരിഷ്കൃത ആദര്‍ശങ്ങള്‍ അഹൈന്ദവരായ ഭാരതീയരില്‍ അടിച്ചേല്പിച്ചുള്ള ഭരണമാണ് നടക്കുന്നത്. സാധാരണ ജനങ്ങളെ മറന്ന് വന്‍ കുത്തകകളെയും കോര്‍പ്പൊറേറ്റുകളെയും പ്രീണിപ്പിച്ചുകൊണ്ടുള്ള ഭരണം. സ്വയം ദൈവമായി പ്രഖ്യാപിച്ച് അമ്പലവും പണിത് അസംസ്കൃതരായ ജനങ്ങളെക്കൊണ്ട് തൊഴുതിച്ചുകൊണ്ടുള്ള ഭരണം. മതനിരപേക്ഷതയ്ക്ക് പ്രാധാന്യം നല്‍കുന്ന ഇന്ത്യന്‍ ഭരണഘടന വിസ്മരിച്ച് ഹൈന്ദവ ഭീകരതയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഭരണം. മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്പിക്കാതെ സ്വജനപക്ഷപാതപരമായി വികല്പതയുടെ വിഷസര്‍പ്പങ്ങളെ അഴിച്ചുവിട്ടുകൊണ്ടുള്ള ഭരണം. 
 
ചന്ദ്രനിലൊ ചൊവ്വായിലൊ മറ്റു ഗ്രഹങ്ങളിലോ അധിനിവേശം നടത്തുവാന്‍ ശ്രമിക്കേണ്ട സമയത്ത് വര്‍ഗ്ഗീയത കുത്തിയിളക്കി രാമക്ഷേത്രവും, മോദി ക്ഷേത്രവും പണിയുന്നതിനായാണ് അവരുടെ ശ്രദ്ധ. ചൊവ്വാദോഷത്തിന്റെ പേരും പറഞ്ഞ് അവിവാഹിതകളായി കഴിയുന്ന സ്ത്രീകളില്‍ വരെ നാലും അഞ്ചും മക്കളെ എങ്ങനെ ജനിപ്പിക്കാന്‍ കഴിയുമെന്നും, വന്ധ്യംകരണത്തിനു വിധേയരായ സ്ത്രീകളുടെയും പുരുഷന്മാരുടെയും കുടലുകള്‍ എങ്ങനെ വീണ്ടും തുന്നിച്ചേര്‍ക്കാന്‍ കഴിയുമെന്നതിനുള്ള ഗവേഷണത്തിലുമാണ് ഈ ഭരണകര്‍ത്താക്കള്‍. വെളിച്ചമുള്ളയിടത്ത് സസ്യാഹാരവും ഗോഫലങ്ങളും മാത്രം കഴിച്ച് ശുദ്ധഹൃദയരെന്നു നടിക്കുന്നവര്‍ ശംഖ് ഊതിക്കൊടുക്കുന്ന പാര്‍ട്ടിക്ക് പ്രോട്ടീന്‍ സമൃദ്ധവും, പോഷകസമ്പുഷ്ടവുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നവരെ എങ്ങനെ ജയിലിലാക്കണമെന്നതാണ് ചിന്ത. സ്വന്തം പേര് കുപ്പായത്തില്‍ എങ്ങനെ തുന്നിച്ചേര്‍ക്കണം എന്നതാണ് അവരുടെ ലക്ഷ്യം. ജാതിവര്‍ണ മേല്‍ക്കോയ്മ അടക്കിവാണിരുന്ന കാലത്ത് മനംമടുത്ത് പാശ്ചാത്യര്‍ വച്ചുനീട്ടിയ സ്നേഹ ചുംബനങ്ങള്‍ ഏറ്റുവാങ്ങി മുതുമുത്തച്ഛന്മാര്‍ ഏതുവീട്ടില്‍ നിന്നാണ് ഇറങ്ങിപ്പോന്നതെന്ന് തീര്‍ച്ചയില്ലാതെ മറ്റു മതങ്ങളില്‍ സന്തോഷ-സമാധാനങ്ങളോടെ കഴിയുന്ന ജനങ്ങളെ തമ്മിലടിപ്പിക്കാനായി 'ഘര്‍‌വാപ്പസി' എന്ന ഓമനപ്പേരിട്ട് നരഭോജി വല്ലികളാല്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുകയാണവര്‍.
 
മനുഷ്യാവകാശ നിയമപ്രകാരം ഒരുവ്യക്തി എന്ത് ഉടുക്കണമെന്നും എന്തു ഭക്ഷിക്കണമെന്നും തീരുമാനിക്കാനുള്ള അവകാശം അവനവനുണ്ട്. സംഭാഷണ, സഞ്ചാര സ്വാതന്ത്ര്യങ്ങളും, വൈദ്യവും, വിദ്യാഭ്യാസവും ആ അവകാശങ്ങളില്‍ പെടുന്നതാണ്.  അതെല്ലാം വിസ്മരിച്ച് പഴയകാല ശ്രേഷ്ഠജാതി മേധാവിത്വവും അഹങ്കാരങ്ങളും ജനങ്ങളില്‍ വീണ്ടും അടിച്ചേല്പിക്കുവാനും, ഭാരതത്തെ വീണ്ടും കാലഹരണപ്പെട്ട നാല്‍ക്കാലി സംസ്കാരത്തില്‍ പൂട്ടിയിടാനുമാണ് ബി.ജെ.പിയും അവരുടെ പിന്നണിപ്പോരാളികളുമായ സംഘപരിവാറുകളും ശ്രമിക്കുന്നത്.
 
ഇവരുടെ ഭരണം ഇത്തരത്തില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ ഇപ്പോള്‍ മോഡേണായി വിവിധ വര്‍ണങ്ങളിലും ഫാഷനുകളിലുമുള്ള വസ്ത്രം ധരിച്ചു നടക്കുന്നവര്‍ അധികം താമസിയാതെ കാഷായവേഷമണിഞ്ഞു നെറ്റിയില്‍ ചന്ദനവും ഭസ്മവുമണിഞ്ഞു നടക്കേണ്ടി വരുമെന്നുള്ളതിനു ശംങ്കവേണ്ട! 
 
അന്നത്തെ ബി.ജെ.പിയുടെ പ്രകടനം കണ്ടിരുന്ന പലരും കരുതി (ബി.ജെ.പി ക്കാര്‍ അല്ലാത്തവരും കൂടി) അടുത്ത നിയമസഭാ ഇലക്ഷനില്‍  കേരളത്തിലും താമര വിരിയുമെന്ന്. അഴിമതി ഭരണത്തിനെതിരെ ചങ്കുറപ്പോടെയും, കര്‍ത്തവ്യബോധത്തോടെയും പോരാടുമെന്ന്. നീതി നിഷേധിക്കപ്പെട്ടു കഴിയുന്ന പാവപ്പെട്ട ജനങ്ങള്‍ക്ക് നീതിയുടെ സൂര്യനായി അവതരിക്കുമെന്ന്. ആ മോഹങ്ങള്‍ മനസ്സില്‍ പേറിനടന്ന ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിലേക്കാണ് മൃദുലമായ താമര ഇതളുകള്‍ എന്ന് ജനങ്ങള്‍ കരുതിയ മഞ്ഞവിഷം പുരട്ടിയ കഠാരയിതളുകള്‍ കുത്തിയിറക്കിയിരിക്കുന്നത്!
 
ബിജെപിയും സംഘപരിവാറു യോദ്ധാക്കളും ഒന്ന് ഓര്‍ക്കുക. ഭാരതം ഹിന്ദുക്കളുടേത് മാത്രമല്ല. വിവിധ സംസ്കാരങ്ങളും, ഭാഷകളും ജാതി-മത വിഭാഗങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഭാരതം. എല്ലാവരും സഹോദരി സഹോദരന്മാരെന്ന് പറയുകയല്ല വേണ്ടത്! ജനനന്മയ്ക്കുവേണ്ടി അതു ചെയ്യും ഇതു ചെയ്യും എന്നുള്ളത് വാക്കില്‍ മാത്രം പോരാ, അത് പ്രവര്‍ത്തിയില്‍ കൂടി തെളിയിച്ച് രാജ്യത്തിന്റെ ഐശ്വര്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുന്നതിനായിട്ടാകട്ടെ ഈ ഭരണം! ജനങ്ങളെയും അവരുടെ വിശ്വാസങ്ങളെയും വെറുതെ വിടുക! ജയ് ഹിന്ദ്!

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.