വര്‍ഗീയ വിവാദങ്ങളുടെ വിളഭൂമിയായ മഹാരാഷ്‌ട്രയില്‍ നിന്ന് ഏറ്റവും അവസാനമായി വന്ന വാര്‍ത്ത ബീഫ് വില്പന നിരോധിച്ചു എന്നുള്ളതാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരുകളെ നോക്കുകുത്തികളാക്കി ആര്‍.എസ്.എസും. ശിവസേനയും മത്സരിച്ചു ഭരിക്കുന്ന ഈ സംസ്ഥാനത്തെ, ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമെന്നറിയപ്പെടുന്ന മുബൈയിലാണ് ഏറ്റവും കൂടുതല്‍ വര്‍ഗീയ ചേരിതിരിവ് നടക്കുന്നത്. ഒരു ഇന്ത്യന്‍ പൗരന് അവകാശപ്പെട്ട സ്വാതന്ത്ര്യം പൂര്‍ണ്ണമായും ആസ്വദിക്കാന്‍ ഈ മഹാനഗരത്തില്‍ സാധ്യമല്ല എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ഇന്ത്യയിലെ ഇതര സംസ്ഥാത്തേക്കാള്‍ കൂടുതല്‍ മനുഷ്യാവകാശലംഘനം നടക്കുന്നതും ഈ നഗരത്തില്‍ തന്നെ.
അറുപതുകളിലും എഴുപതുകളിലും മലബാറികളെ (മലയാളികളെ) ആക്രമിച്ച ചരിത്രവും, പിന്നീട് തമിഴ്, തെലുങ്ക് എന്നിങ്ങനെ മഹാരാഷ്‌ട്രക്കാരല്ലാത്തവരെ തുരത്തിയോടിക്കുന്ന പ്രവണതയും ഈ മറാത്തി സംസ്ഥാനത്തുണ്ടായിരുന്നു, പ്രത്യേകിച്ച് മുംംബൈ നഗരത്തില്‍. ഏറ്റവും അവസാനമായി ബീഹാര്‍ സ്വദേശികളെ കൂട്ടത്തോടെ തല്ലിയോടിച്ച സംഭവമായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്ദ്രപുരിയിലെ നിയമമൊന്നും മുംബൈയില്‍ വിലപ്പോകില്ല. അവിടെ ശിവസേന പറയുന്നതുപോലെയേ നടക്കൂ. അധോലോക മാഫിയാ സംഘങ്ങളുടെ പറുദീസയായ ഈ നഗരം ഭരിക്കുന്നത് അവരും ശിവസേനയുമാണ്. അങ്ങനെയുള്ള മുംബൈയില്‍ (മഹാരാഷ്‌ട്രയില്‍) നിന്നാണ് പുതിയ നിയമം നടപ്പിലാക്കിയ വാര്‍ത്ത വന്നിരിക്കുന്നത്. ബീഫ് വില്‍ക്കുകയോ കൈവശം വെക്കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്നും അത് കണ്ടെത്തിയാല്‍ അഞ്ചുവര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും അല്ലെങ്കില്‍ രണ്ടും കൂടെയും ലഭിക്കാവുന്ന കുറ്റവുമാക്കി മാറ്റിയിരിക്കുകയാണ് ഈ നിയമം.
1996ല്‍ ബി.ജെ.പി - ശിവസേന സഖ്യം മഹാരാഷ്ട്രയില്‍ ഭരണത്തിലിരുന്ന കാലത്ത് അന്നത്തെ രാഷ്ട്രപതിയുടെ പരിഗണനക്ക് അയച്ച മഹാരാഷ്ട്ര അനിമല്‍ പ്രിസര്‍വേഷന്‍ (അമെന്‍ഡ്‌മെന്റ്) ആക്ടിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനുമതി നല്‍കിയതോടെയാണ് 19 വര്‍ഷത്തിനു ശേഷം ബീഫ് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ഇപ്പോള്‍ ഇറക്കിയിരിക്കുന്നത്.
പശുവിനെ കൊല്ലുന്നത് മുംബൈയില്‍ മാത്രമല്ല ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 1976 മുതല്‍ തന്നെ നിരോധിച്ചിരുന്നതാണെങ്കിലും പോത്ത്, കാള എന്നിവയെ കൊല്ലുന്നതിന് വിലക്കുണ്ടായിരുന്നില്ല. ആരോഗ്യരപരമായി പ്രശ്നങ്ങളില്ലാത്തതാണെന്ന സാക്ഷ്യപ്പെടുത്തല്‍ വേണമെന്ന് മാത്രമായിരുന്നു ഇതിനു മുമ്പുള്ള ഏക നിബന്ധന. മഹാരഷ്‌ട്ര സര്‍ക്കാര്‍ പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി ഒപ്പിട്ട ശേഷം ആഭ്യന്തര മന്ത്രാലയത്തിന് അയച്ചിരുന്നു. മന്ത്രാലയമാണ് മഹാരാഷ്ട്ര ഗവര്‍ണറെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചരിത്രപരമായ ഒരു നിയമാണ് ഇതെന്നായിരുന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‍നാവിസിന്‍റെ ട്വിറ്ററിലൂടെയുള്ള പ്രതികരണം.
ബീഫ് വില്പന നിര്‍ത്തലാക്കിയ സര്‍ക്കാരും ആ ബില്ലില്‍ ഒപ്പുവെച്ച ഇന്ത്യന്‍ രാഷ്‌ട്രപതിയും കേന്ദ്ര സര്‍ക്കാരും മൃഗങ്ങളോടു കാണിച്ച ദയ മനുഷ്യരോട് എന്തേ കാണിച്ചില്ല എന്നാണ് ഇവിടെ ചോദിക്കാനുള്ളത്. ബീഫ് കഴിക്കുന്നവര്‍ അത് കഴിക്കട്ടെ....പക്ഷേ, മനുഷ്യ മാംസം വില്‍ക്കുന്ന മുംബൈയിലെ കാമാത്തിപ്പുരയിലെ സ്‌ത്രീകളുടെ മോചനം എന്തുകൊണ്ട് ഇവര്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണുന്നില്ല...?
എത്രയോ ഹതഭാഗ്യരായ സ്‌ത്രീകളും പെണ്‍കുട്ടികളും ഈ തെരുവില്‍ നിര്‍ബ്ബന്ധിതമായി അവരുടെ മാംസം വില്‍ക്കുന്നു? അതിനൊരു നിവാരണം കാണാതെ ബീഫ് നിരോധനത്തിന് ഇത്ര ആവേശം കാട്ടിയ ഗവണ്മെന്റ് മൃഗങ്ങളുടെ വിലപോലും ഈ മനുഷ്യ ജീവനുകള്‍ക്ക് നല്‍കുന്നില്ല എന്നുവേണ്ടേ കരുതാന്‍? ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാംസ വിപണി നടക്കുന്ന സ്ഥലമാണ് കാമാത്തിപ്പുര. അവിടെ വില്പനക്ക് വെച്ചിരിക്കുന്നത് ആടുമാടുകളല്ല. ചതിയിലും കെണിയിലും വീഴ്ത്തി തട്ടിക്കൊണ്ടു വന്ന് നിര്‍ബ്ബന്ധിതമായി വേശ്യാവൃത്തി ചെയ്യിക്കപ്പെടുന്ന പെണ്‍കുട്ടികളും സ്‌ത്രീകളുമാണ്. അവരുടെ ദയനീയാവസ്ഥ മനസ്സിലാക്കാനോ, അവര്‍ക്ക് മോചനം ലഭ്യമക്കാനുള്ള ബില്‍ പാസാക്കാനോ സര്‍ക്കാരിനു കഴിഞ്ഞില്ല. ആദ്യം നിരോധിക്കേണ്ടിയിരുന്നത് മനുഷ്യമാംസ വില്പനയായിരുന്നു. സദാചാര പോലീസോ, ഘര്‍ വാപ്പസികളോ ഒന്നും അങ്ങോട്ട് തിരിഞ്ഞുപോലും നോക്കുന്നില്ല. എന്തൊരു വിരോധാഭാസം..!!
ഭാരതസ്‌ത്രീകളുടെ ചാരിത്രം കവര്‍ന്നെടുത്ത് അവരെ തെരുവില്‍ വലിച്ചെറിയപ്പെട്ടിട്ടും സര്‍ക്കാര്‍ അത് കണ്ടില്ലെന്നു നടിക്കുന്നു. ബീഫ് വില്പന നിരോധിച്ചതുപോലെ സ്‌ത്രീകളുടെ മാംസ വില്പനയും നിരോധിച്ചിരുന്നെങ്കില്‍ കാമാത്തിപ്പുരയുടെ അന്ധകാരത്തില്‍ നിന്ന് എത്രയോ സ്‌ത്രീകളും പെണ്‍കുട്ടികളും രക്ഷപ്പെടുമായിരുന്നു..! രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു മാത്രമല്ല, അയല്‍ രാജ്യമായ നേപ്പാള്‍, ബംഗ്ലാദേശ്, ചൈന എന്നിവിടങ്ങളില്‍ നിന്നും ഏജന്റുമാരുടെ ചതിയില്‍പ്പെട്ട്, അല്ലെങ്കില്‍ സ്വന്തം നാടും വീടും വിട്ട് ഇറങ്ങിത്തിരിക്കാന്‍ ധൈര്യം കാണിച്ച സ്ത്രീകളും, അതുമല്ലെങ്കില്‍ പ്രണയമെന്ന ചതിയില്‍ വീണെരിഞ്ഞവരും, സിനിമാ മോഹമെന്ന സ്വപ്‌നവുമായി എത്തിയ പെണ്‍കുട്ടികളുമൊക്കെ ഒടുവില്‍ കാമാത്തിപ്പുരയിലാണ് എത്തിച്ചേര്‍ന്നിരുന്നത് അല്ലെങ്കില്‍ വലിച്ചെറിയപ്പെട്ടിരുന്നത്. ബോളിവുഡ് സിനിമകളിലൂടെയും ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജന്‍, ഹാജി മസ്താന്‍ എന്നീ അധോലോക നായകരുടേയും പേരിനൊപ്പം ചേര്‍ത്തു വായിച്ചിരുന്ന പ്രദേശമായിരുന്നു കാമാത്തിപ്പുര. മാംസവ്യാപാരത്തിന്റെ മൊത്തവിതരണക്കാരാകാന്‍ അധോലോകം നടത്തിയ പോരാട്ടങ്ങളില്‍ ബോംബെയുടെ തെരുവുവീഥികളില്‍ നൂറുകണക്കിനു പേരുടെ ചോരയാണ് പൊടിഞ്ഞിട്ടുള്ളത്.
ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ഒരു ലേബര്‍ ക്യാമ്പ് പോലെ പ്രവര്‍ത്തിച്ചിരുന്നതാണത്രേ ഈ തെരുവ്. ബോംബെ (മുംബൈ) നഗരത്തിന്റെ നിര്‍മ്മാണ മേഖലയുമായി പ്രവര്‍ത്തിച്ചിരുന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു കൊണ്ടുവന്ന കൂലിപ്പണിക്കാര്‍ താമസിച്ചിരുന്നയിടം. പിന്നീടത് നിരവധി ആംഗ്ലോ ഇന്ത്യന്‍ ലൈംഗികതൊഴിലാളികളുടെ വിഹാരകേന്ദ്രമായി മാറി. വിവിധ രാഷ്ട്രങ്ങളില്‍ നിന്നായി മുംബൈ തുറമുഖത്തെത്തുന്നവരും കച്ചവടക്കാരും കൊള്ളക്കാരും രാത്രിയില്‍ സുഖം തേടിയെത്തുന്ന സ്ഥലമായി മാറുകയായിരുന്നു കാമാത്തിപ്പുര. 19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും യൂറോപ്പ്, റഷ്യ, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നും മനുഷ്യക്കടത്തിന്റെ ഫലമായി എത്തിച്ചേര്‍ന്നവരാണ് ഇവിടത്തെ ലൈംഗിക തൊഴിലാളികളുടെ മുന്‍ഗാമികള്‍ എന്ന് പറയപ്പെടുന്നു. അവര്‍ ബ്രിട്ടീഷുകാര്‍ക്ക് വേണ്ടിയും ഇന്ത്യക്കാര്‍ക്ക് വേണ്ടിയും ലൈംഗികവൃത്തിയില്‍ ഏര്‍പ്പെട്ടു. പിന്നീട് തദ്ദേശീയരായ സ്ത്രീകള്‍ അത് തുടര്‍ന്നു പോന്നു.
'ചുവന്ന തെരുവ്' അഥവാ 'റെഡ് സ്‌ട്രീറ്റ്' എന്നു ഈ തെരുവിന് പേരു വീഴാന്‍ കാരണം പണംകൊടുത്ത് ആവശ്യമുള്ളവരെ സ്വന്തമാക്കി കഴിഞ്ഞാല്‍ വേശ്യാലയത്തിലെ ഓരോ റൂമിനു പുറത്തും ഒരു ചുവന്ന മങ്ങിയ വിളക്ക് തൂക്കിയിടുന്ന പതിവുണ്ടായിരുന്നു. കസ്റ്റമര്‍ തിരക്കിലാണ് അല്ലെങ്കില്‍ ഇരയെ മറ്റൊരാള്‍ സ്വന്തമാക്കികഴിഞ്ഞു എന്ന സൂചനയായിരുന്നു ഈ വിളക്കുകള്‍. കാലക്രമേണ മുംബൈ നഗരത്തിലെ ചൂതാട്ടക്കാരുടെയും അധോലോക ഗുണ്ടാ മാഫിയകളുടേയും കേന്ദ്രമായി ഈ തെരുവ് മാറുകയും ചെയ്തു.
1928-ല്‍ ഇവിടെയുള്ള ലൈംഗികതൊഴിലാളികള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തിയെങ്കിലും, 1950-ല്‍ വ്യഭിചാരം നിരോധിച്ചു. പക്ഷെ, അധികൃതരുടെ കണ്ണുവെട്ടിച്ച് ബിസിനസ് തഴച്ചുവളര്‍ന്നു. അതിനു കാരണക്കാര്‍ മഹാരാഷ്‌ട്ര സര്‍ക്കാരും മുംബൈ ഭരിക്കുന്ന അധോലോക മാഫിയാ സംഘങ്ങളുമാണ്. 1990ലെ സര്‍ക്കാരിന്റെ രേഖകളനുസരിച്ച് ഏകദേശം ഒരു ലക്ഷത്തിലധികം ലൈംഗിക തൊഴിലാളികള്‍ ഇവിടെയുണ്ടായിരുന്നു. മാംസവ്യാപാരം നടത്തുന്നവര്‍ക്കും മുതലാളിമാര്‍ക്കും മികച്ച ബിസിനസായിരുന്നു ഇത്. പ്രധാനമായും തലമുതിര്‍ന്ന സ്ത്രീകളായിരുന്നു ബിസിനസ് നടത്തിയിരുന്നത്. ഇരകളെ വേട്ടക്കാര്‍ക്കുവേണ്ടി എങ്ങിനെ ഒരുക്കണമെന്നും ഏതെല്ലാം രീതിയില്‍ ബിസിനസ് മുന്നോട്ടുകൊണ്ടുപോകണമെന്നും ഇത്തരം സ്ത്രീകള്‍ക്ക് നന്നായറിയാമായിരുന്നു. എന്നാല്‍ എയ്ഡ്‌സിന്റെ വ്യാപനം കാമാത്തിപ്പുരയിലെ ബിസിനസിനെ കാര്യമായിതന്നെ ബാധിച്ചു. അധോലോക നായകരുടെ കുടിപ്പകകളും മഹിളാ സംഘടനകളുടെ കടന്നുവരവും പല സ്ത്രീകളെയും ഇവിടെനിന്നും ആട്ടിയോടിച്ചു. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ എച്ച്.ഐ.വി ബാധിച്ച് മരിച്ചവരുടെ എണ്ണം 50,000ലധികം വരും.
ഈ തെരുവിലെ മനുഷ്യ മാംസക്കച്ചവടത്തെക്കുറിച്ച് ഇന്ത്യയിലേയും വിദേശങ്ങളിലേയും നിരവധി മാധ്യമങ്ങള്‍ എഴുതുകയും ഡോക്യുമെന്ററികള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. 2014 മാര്‍ച്ച് 26 ലക്കം
ബ്രിട്ടനിലെ മിറര്‍ പത്രം ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. Beaten, raped and locked in cage by paedophiles at the age of 9 - India's modern day slaves എന്നായിരുന്നു ആ വാര്‍ത്തയുടെ തലക്കെട്ട്. (
http://www.mirror.co.uk/news/real-life-stories/beaten-raped-locked-cage-paedophiles-3288946) ഏജന്റുമാരുടെ ചതിയില്‍പെട്ട് ഈ തെരുവിലെ എത്തപ്പെട്ട നിരവധി പെണ്‍കുട്ടികളുടെയും സ്‌ത്രീകളുടെയും കദനകഥകള്‍ പറയുന്ന ആ റിപ്പോര്‍ട്ട് തന്നെ ധാരാളം മതി ഇന്ത്യാ ഗവണ്മെന്റിന്റെ കണ്ണു തുറപ്പിക്കാന്‍.
സ്വന്തം വീട്ടുമുറ്റത്തു നിന്നും പൊതുവഴികളില്‍ നിന്നും തട്ടിക്കൊണ്ടുപോയി ഈ തെരുവുകളില്‍ വില്‍ക്കപ്പെട്ട നിരവധി പെണ്‍കുട്ടികളുടെ തേങ്ങലുകള്‍ ഇരുട്ടുനിറഞ്ഞ ഇടനാഴികളില്‍ പൊലിഞ്ഞില്ലാതാകുന്നുണ്ട്. അങ്ങനെ 9-ാം വയസ്സില്‍ അമ്മയുടെ കൈയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി കാമാത്തിപ്പുരയില്‍ വിറ്റ വിജയ ഗൗണ്ടര്‍ എന്ന തമിഴ് പെണ്‍കുട്ടിയുടെ കഥ വളരെ ഹൃദയസ്‌പൃക്കാണ് (
https://www.youtube.com/watch?v=LlOmkc74q9w).
മനുഷ്യാവകാശ പ്രവര്‍ത്തകരും സാംസ്ക്കാരിക സംഘടനകളും കാമാത്തിപ്പുരയിലെ തെരുവുകളില്‍ നിന്ന് നിരവധി പെണ്‍കുട്ടികളെ രക്ഷപ്പെടുത്തുന്നുണ്ട്. എന്നാല്‍, മാറിമാറി ഭരിച്ച സര്‍ക്കാരുകളോ ഇപ്പോള്‍ ബീഫ് നിരോധിച്ച സര്‍ക്കാരോ, ആ ബില്‍ അംഗീകരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയമോ ആ ബില്ലില്‍ ഒപ്പുവെച്ച രാഷ്‌ട്രപതിയോ എന്തുകൊണ്ട് ഈ തെരുവില്‍ ദിനംപ്രതി കടിച്ചുകീറപ്പെടുന്ന പെണ്‍ശരീരങ്ങളുടെ അലര്‍ച്ചയും അവരുടെ മാംസം വില്‍ക്കുന്ന ഇടനിലക്കാരേയും കണ്ടില്ലെന്നു നടിച്ചു? എന്തുകൊണ്ട് ഈ തെരുവ് അടച്ചുപൂട്ടി ശുദ്ധികലശം ചെയ്ത് അവിടെയുള്ള ഹതഭാഗ്യരായ സ്‌ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മോചനം നല്‍കാനുള്ള നിയമം നടപ്പിലാക്കുന്നില്ല? ബീഫ് വില്പനയാണോ അതോ സ്‌ത്രീ ശരീര വില്പനയാണോ ഒരു രാജ്യത്തിന്റെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കുന്നത് ? മാതൃ ദേവോ ഭവഃ
Comments