You are Here : Home / AMERICA TODAY

എന്‍െറ ആലയം പ്രാര്‍ഥനാലയം, നിങ്ങളോ അതിനെ കളളന്മാരുടെ ഗുഹയാക്കി തീര്‍ത്തു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, April 02, 2015 11:37 hrs UTC

സഹസ്രാബ്‌ദങ്ങള്‍ക്ക്‌ മുമ്പ്‌ യെരുശലേം ദേവാലയത്തില്‍ ദിഗന്തങ്ങള്‍ ഭേദിക്കുമാറ്‌ മുഴങ്ങിയ സിംഹ ഗര്‍ജ്ജനത്തിന്‍െറ മാറ്റൊലി ഇന്നും അന്തരീക്ഷത്തില്‍ അലയടിക്കുന്നില്ലേ ? ആഗോള ക്രൈസ്‌തവ ജനത ഭയഭക്തിപൂര്‍വ്വം ആചരിക്കുന്ന അമ്പതു നോയമ്പിന്‍െറ സമാപന ദിനങ്ങളിലേക്ക്‌ നാം പ്രവേശിച്ചിരിക്കുന്നു. പീഢാനുഭവ ആഴ്‌ച (വിശുദ്ധ വാരം) ആരംഭിക്കുന്നതിനുമുമ്പ്‌ ഹോശാനാ ഞായര്‍ നാം ആഘോഷപൂര്‍വ്വം കൊണ്ടാടി. തലമുറകളായി പ്രതീക്ഷയോടെ കാത്തിരുന്ന യിസ്രയേല്‍ ജനതയുടെ വീണ്ടെടുപ്പുകാരന്‍, തച്ചനായ ജോസഫിന്‍െറയും കന്യകയായ മറിയയുടേയും സീമന്തപുത്രന്‍ ജനസഹസ്രങ്ങളുടെ അകമ്പടിയോടും ആരവത്തോടും യെരുശലേം ദേവാലയത്തിലേക്ക്‌ കഴുതക്കുട്ടിയുടെ പുറത്ത്‌ പ്രവേശിച്ചതിന്‍െറ ഓര്‍മ്മ. തങ്ങളുടെ വസ്‌ത്രങ്ങള്‍ വഴിയില്‍ വിരിച്ചും, മരത്തില്‍ നിന്നുളള ഇളം കൊമ്പുകള്‍ വെട്ടിയെടുത്ത്‌ വഴിയില്‍ വിതറിയും കുരുത്തോലകള്‍ ഏന്തിയും `ഇസ്രയേലിന്‍െറ രാജാവായി വരുന്നവന്‍'.

 

 

വാഴ്‌ത്തപ്പെട്ടവന്‍' .അത്യുന്നതങ്ങളില്‍ ഹോശനാ... എന്ന്‌ ആബാലവൃദ്ധം ജനങ്ങള്‍ ആര്‍ത്തട്ടഹസിച്ച്‌ യെരുശലേം ദേവാലയത്തിലേക്ക്‌ സ്വീകരിച്ചാനയിച്ചപ്പോള്‍ സര്‍വ്വലോക സൃഷ്‌ടാവും, രാജാധി രാജാവും, യിസ്രയേല്‍ ജനതയുടെ രക്ഷകനുമായ ദൈവത്തിന്‍െറ ഏകജാതനായ മകന്‍ യേശുവിനെ യഥാര്‍ത്ഥമായി ജനം അംഗീകരിക്കുകയായിരുന്നു. ആണ്ടുതോറും യെരുശലേം ദേവാലയത്തില്‍ നടക്കുന്ന പെരുന്നാള്‍ ആഘോഷങ്ങളിലും മോശയുടെ ന്യായപ്രമാണ പ്രകാരമുളള ബലിയര്‍പ്പണത്തിനും പതിവായി എത്തിയിരുന്ന യേശുവിനെ തികച്ചും വ്യത്യസ്‌ഥ വ്യക്തിയായിട്ടാണ്‌ യെരുശലേം ദേവാലയത്തില്‍ കാണുവാന്‍ കഴിഞ്ഞത്‌. തന്‍െറ പിതാവിന്‍െറ വാസസ്ഥലത്തെ (ദേവാലയം) കുറിച്ചുളള അറിവ്‌, യെരുശലേം ദേവാലയത്തില്‍ നിലനിന്നിരുന്ന ദൈവീക പ്രമാണങ്ങള്‍ക്കെതിരെ പ്രതികരിയ്‌ക്കാതിരിക്കുവാന്‍ വിസമ്മതിച്ചു.

 

വിശ്വാസ സമൂഹം ഭക്ത്യാദരങ്ങളോടെ ബഹുമാനിച്ചരാധിച്ചിരുന്ന മഹാപുരോഹിതന്മാരേയും ശാസ്‌ത്രിന്മാരേയും പരീശന്മാരേയും നോക്കിക്കൊണ്ട്‌ `എന്‍െറ ആലയം പ്രാര്‍ഥനാലയം എന്ന്‌ വിളിക്കപ്പെടും, നിങ്ങളോ അത്‌ കളളന്മാരുടെ ഗുഹയാക്കി തീര്‍ത്തിരിക്കുന്നു' എന്ന്‌ സധൈര്യം പ്രഖ്യാപിച്ചതിനുശേഷം വില്‍ക്കുന്നവരേയും കൊളളുന്നവരേയും എല്ലാം പുറത്താക്കുകയും പൊന്‍ വാണിഭക്കാരുടെ മേശകളെയും പ്രാവ്‌ വില്‍ക്കുന്നവരുടെ പീഠങ്ങളേയും മറിച്ചുകളയുകയും ചെയ്‌തു. നാളിതുവരെ ചോദ്യം ചെയ്യപ്പെടാതിരുന്ന പ്രവര്‍ത്തികളെ യേശു ചോദ്യം ചെയ്‌തതോടെ യേശുവിനെ ഏതുവിധേനേയും ഒടുക്കികളയുവാന്‍ മഹാപുരോഹിതന്മാരും ശാസ്‌ത്രിന്മാരും പ്രതിജ്‌ഞയെടുത്തു. ആധുനിക സഭകളെ നോക്കി യേശുവിന്‌ കളളന്മാരുടെ ഗുഹ എന്ന്‌ വിളിക്കാമോ? യേശുവിന്‍െറ പ്രഖ്യാപനം ഒരു വിധത്തില്‍ പറഞ്ഞാല്‍ ഇന്നത്തെ െ്രെകസ്‌തവ സഭകളുടെ സ്ഥിതിഗതികളുടെ ആകമാന ചിത്രത്തെ കുറിക്കുന്നു എന്ന്‌ അംഗീകരിക്കാതിരിക്കുവാനാകില്ല.

 

യെരുശലേം ദേവാലയത്തില്‍ എത്ര കളളന്മാരാണ്‌ ഉണ്ടായിരുന്നത്‌ ? അവിശ്വസ്‌തരായ ചില മഹാപുരോഹിതന്മാരുടേയും, ശാസ്‌ത്രിമാരുടേയും പ്രവര്‍ത്തനങ്ങള്‍ ദേവാലയത്തിനു അപകീര്‍ത്തി വരുത്തി വെച്ചു. അവിടെ തന്നെ ഉണ്ടായിരുന്ന സാധാരണക്കാരായ പുരോഹിതന്മാരും, ഭക്തന്മാരും ശരിയായ വിശ്വാസികളായിരുന്നു. കളളന്മാരുടെ ഗുഹയായി മാറി എന്നറിഞ്ഞിട്ടും ദൈവാലയ പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടു നില്‍ക്കുവാന്‍ അവര്‍ തയ്യാറായതുമില്ല. യോഹന്നാന്‍ സ്‌നാപകന്റെ മാതാപിതാക്കളായ എലിസബത്തും സഖറിയായും `ദൈവ സന്നിധിയില്‍ നീതിയുളളവര്‍' ആയിരുന്നു. കളളന്മാരുടെ ഗുഹയിലും അവര്‍ വിശ്വസ്‌തരും നല്ലവരുമായി കഴിഞ്ഞു. ശിമ്യോന്‍ ആത്മനിയോഗത്താല്‍ ദേവാലയത്തില്‍ ചെന്ന്‌ ഈ മനുഷ്യന്‍ നീതിമാനും യിസ്രായേലിന്‍െറ ആശ്വാസത്തിനായി കാത്തിരുന്നവനും ആയിരുന്നു.

 

പരിശുദ്ധാത്മാവും അവന്‍െറ മേല്‍ ഉണ്ടായിരുന്നു. കളളന്മാരുടെ ഗുഹയിലും പരിശുദ്ധാത്മാവിന്‍െറ പ്രവര്‍ത്തനം ഉണ്ടായിരുന്നു. കളളന്മാരുടെ ഗുഹയായ ദേവാലയത്തില്‍ പ്രവേശിച്ച ചുങ്കക്കാരന്‍ ദൂരത്തു നിന്നുകൊണ്ട്‌, സ്വര്‍ഗ്ഗത്തിലേക്ക്‌ നോക്കുവാന്‍ പോലും തുനിയാതെ മാറത്തടിച്ചു. `ദൈവമേ പാപിയായ എന്നോട്‌ കരുണ തോന്നേണമേ' എന്ന്‌ നിലവിളിക്കുന്നു. അവന്‍ നീതികരിക്കപ്പെട്ടവനായി വീട്ടിലേക്ക്‌ തിരിച്ചു പോയി. കളളന്മാരുടെ ഗുഹയായി അധഃപതിച്ച ദേവാലയത്തിലും രക്ഷ കണ്ടെത്തുവാന്‍ കഴിയുമെന്നതിന്‌ ഇതിലും വലിയൊരു സാക്ഷ്യം ആവശ്യമുണ്ടോ ? യെരുശലേം ദേവാലയത്തെ പൂര്‍ണ്ണമായും ദൈവം കൈവിട്ടിരുന്നില്ല. അവിടെ ദൈവീകാരാധനയും ദൈവ കല്‌പിതമായ ബലിയര്‍പ്പണവും നടന്നിരുന്നു. അവിടെ ഒരു കൂട്ടം യഥാര്‍ത്ഥ വിശ്വാസികളും ഉണ്ടായിരുന്നു. നാം കൂടി വരുന്ന സഭകളുടെ സ്ഥിതിയും ഇതില്‍ നിന്നും ഒട്ടും ഭിന്നമല്ല. ഈ യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാതെ സഭാ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നില്‍ക്കുവാനാണ്‌ ചിലരെങ്കിലും ആഗ്രഹിക്കുന്നത്‌.

 

 

പ്രത്യേകിച്ചു യുവതലമുറ. ഇത്‌ ദൈവീക പദ്ധതിയുടെ ഭാഗമാണെന്ന്‌ കരുതുന്നവര്‍ക്ക്‌ തെറ്റുപറ്റി. ഇന്നത്തെ സഭകള്‍ നിലനില്‍ക്കുന്നതുതന്നെ ഇത്തരത്തിലുളള ചെറിയ വിശ്വാസ സമൂഹത്തിന്‍െറ നിരന്തരമായ പ്രാര്‍ഥനയുടെ ഫലമാണ്‌. സോദോംഗോമോ നഗരങ്ങള്‍ നശിപ്പിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ നീതിമാനായ നോഹ ദൈവസന്നിധിയില്‍ നിന്നുകൊണ്ട്‌ ഒരു ചോദ്യം പത്ത്‌ നീതിമാന്മാരെങ്കിലും ഉണ്ടെങ്കില്‍ നീ ഈ നഗരങ്ങളെ നശിപ്പിക്കുമോ? ഇതിന്‌ ദൈവം നല്‍കുന്ന മറുപടി തന്നെയാണ്‌ ആധുനിക സഭയുടെ നിലനില്‍പിന്‍െറ അടിസ്‌ഥാന കാരണവും. വിശുദ്ധവാരം ആചരിക്കുന്ന െ്രെകസ്‌തവ ജനതയുടെ കര്‍ണ്ണപുടങ്ങളില്‍ സഹസ്രാബ്ദങ്ങള്‍ക്ക്‌ മുമ്പ്‌ ക്രിസ്‌തു മഹാപുരോഹിതന്മാരുടേയും, ശാസ്‌ത്രിമാരുടേയും നേരെ വിരല്‍ ചൂണ്ടി ചോദിച്ച ചോദ്യത്തിന്‍െറ മാറ്റൊലി ഇന്നും പ്രതിദ്ധ്വനിക്കുന്നു.

 

 

അതിനോടുളള നമ്മുടെ പ്രതികരണം എന്താണ്‌? നാം നിലനില്‍ക്കുന്ന സഭകളില്‍, സ്ഥാനങ്ങളില്‍ വിശുദ്ധ ജീവിതം നയിക്കുവാന്‍ നമുക്കാകുമോ? എങ്കില്‍ ഈ വിശുദ്ധ വാരം നമ്മുടെ ജീവിതത്തില്‍ അന്വര്‍ത്ഥമാകുക തന്നെ ചെയ്യും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.