You are Here : Home / AMERICA TODAY

ഒരേയൊരു യജമാനന്‍; ഒരൊറ്റ ഈശ്വരന്‍

Text Size  

Story Dated: Thursday, April 02, 2015 11:44 hrs UTC

ഡോ. ഡി. ബാബു പോള്‍ ഐ.എ.എസ്‌

 

സ്‌മരണ പുതുക്കുന്ന സമ്പ്രദായം മനുഷ്യന്‍ സമൂഹമായി ജീവിക്കാന്‍ തുടങ്ങിയ ആദിപ്രഭാതങ്ങള്‍ തൊട്ട്‌ നിലവില്‍ വന്നിട്ടുണ്ടാകണം. രാഷ്‌ട്രങ്ങളും വ്യവസ്ഥാപിത മതങ്ങളും സംഘടനകളും എല്ലാം ഇത്തരം ചടങ്ങുകള്‍ നടത്താറുണ്ട്‌. ക്രിസ്‌തുമതത്തിന്റെ കാര്യത്തില്‍ ആദ്യം ഉണ്ടായത്‌ ആഴ്‌ചവട്ടത്തിന്റെ ഒന്നാം നാള്‍ ഒത്തുചേര്‍ന്ന്‌ ഗുരുവിന്റെ അവസാനത്തെ അത്താഴം അനുസ്‌മരിച്ചുകൊണ്ട്‌ `അപ്പം മുറിക്കുന്ന' സമ്പ്രദായമായിരുന്നു. ക്രിസ്‌തുശിഷ്യന്മാര്‍ യഹൂദന്മാരായി തുടരുകയും ശാബതുകളില്‍ സിനഗോഗുകളില്‍ പോകുകയും ചെയ്‌ത കാലത്തുതന്നെ സമാന്തരമായ ഈ `കുര്‍ബാന'യും നടന്നുവന്നു.

 

പെസഹ എന്നതായിരുന്നു സഭയില്‍ പിന്നെ വന്നത്‌. അത്‌ യഹൂദന്മാര്‍ ഈജിപ്‌തില്‍ നിന്നുള്ള മോചനത്തെ അനുസ്‌മരിച്ചിരുന്ന പെരുന്നാളാണ്‌. ക്രിസ്‌തുവിന്റെ തിരുവത്താഴവും പെസഹാക്കാലത്തായിരുന്നു. അത്‌ പെസഹാനാളില്‍ തന്നെ ആയിരുന്നുവോ അതിന്റെ തലേന്ന്‌ ആയിരുന്നോ എന്നതൊക്കെ പണ്‌ഡിതന്മാര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാണ്‌ ഇന്നും. ഇന്നല്ലെങ്കിലും നാലാം നൂറ്റാണ്ടിലെ മെത്രാന്‍ സഭ തീരുമാനിക്കുവോളം പെസഹായുടെ തീയതി തന്നെ തര്‍ക്കവിഷയമായിരുന്നു. യഹൂദന്മാരുടെ പെസഹ തന്നെയാണോ ക്രിസ്‌ത്യാനികള്‍ക്കും പെസഹ? അതോ ക്രിസ്‌തു ക്രൂശിലേറ്റപ്പെട്ട വര്‍ഷം പെസഹ ആചരിച്ച ദിവസമാണോ ക്രൈസ്‌തവര്‍ പാലിക്കേണ്ടത്‌? സഭ അണ്ടര്‍ഗ്രൗണ്ടില്‍ നിന്നു പുറത്തുവന്നതിനുശേഷം ക്രി.പി 325 -ല്‍ സഭയ്‌ക്ക്‌ ഒരു ഘടന ഉണ്ടായ വേളയിലാണ്‌ ഇക്കാര്യത്തില്‍ തീരുമാനം കല്‍പിക്കപ്പെട്ടത്‌.

 

നിസാന്‍ മാസം പതിനാലാം തീയതിയാണ്‌ യയഹൂദര്‍ക്ക്‌ പെസഹ. അലക്‌സാണ്ട്രിയായിലെ സഭയാകട്ടെ തുലായനത്തിനുശേഷം വരുന്ന ആദ്യത്തെ പൗര്‍ണ്ണമി കഴിഞ്ഞുവരുന്ന ഞായറാഴ്‌ചയായിരുന്നു ആചരിച്ചുവന്നത്‌. അലക്‌സാന്ത്രിയന്‍ പതിവാണ്‌ അംഗീകരിക്കപ്പെട്ടത്‌. മാര്‍ച്ച്‌ 21 കഴിഞ്ഞുവരുന്ന പൂര്‍ണ്ണ ചന്ദ്രനു ശേഷമുള്ള ആദ്യത്തെ ഞായറാഴ്‌ച ഈസ്റ്റര്‍ എന്നായിരുന്നു തീരുമാനം. അതിന്റെ തലേ വ്യാഴാഴ്‌ച പെസഹ. ക്രിസ്‌തുമസിന്റെ കാര്യത്തിലും ഡിസംബര്‍ 25 എന്ന തീയതി നാലാം നൂറ്റാണ്ടില്‍ നിശ്ചയിക്കപ്പെട്ടതാണ്‌. അതായത്‌ ഇപ്പറഞ്ഞ പെരുന്നാളുകളുടെയൊക്കെ പ്രധാന്യം ആ നാളുകളില്‍ അനുസ്‌മരിക്കപ്പെടുന്ന സംഭവങ്ങള്‍ നല്‍കുന്ന സന്ദേശങ്ങളിലാണ്‌ തെരയാനുള്ളത്‌. പൗരാണിക സഭകള്‍ നോമ്പ്‌ ആചരിച്ചുകൊണ്ടാണ്‌ ഈ കാലയളവിലേക്ക്‌ കടക്കുന്നത്‌ യേശു 40 ദിവസം ഉപവസിച്ചതിന്റെ സ്‌മരണയാണ്‌ വലിയ നോമ്പില്‍ പുതുക്കപ്പെടുന്നത്‌. അതു തീരുന്നമുറയ്‌ക്ക്‌ കുരുത്തോല പെരുന്നാള്‍. ഓശാന ഞായര്‍.

 

യേശുക്രിസ്‌തു ഒരു കഴുതയുടെ പുറത്തുകയറി യെരുശലേമിക്ക്‌ പ്രവേശിച്ചതിന്റെ ഓര്‍മ. നാലു സുവിശേഷങ്ങളിലും രേഖപ്പെടുത്തിയിട്ടുള്ളതാണ്‌ സംഭവം. വിശദാംങ്ങള്‍ വ്യത്യസ്‌തമായാലും യേശു കഴുതപ്പുറത്തുകയറി നഗരത്തില്‍ പ്രവേശിച്ചുവെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ശബരിമലയിലെന്നതുപോലെ മലമുകളിലെ നഗരമായ യെരുശലേമിലും തിരക്കുള്ള പെസഹാകാലത്ത്‌ പണം കൂടിയതുകൊണ്ടോ ആരോഗ്യം കുറഞ്ഞതുകൊണ്ടോ ആരോഹണത്തിന്‌ പരസഹായം തേടുക അസാധാരണായിരുന്നില്ല. കഴുതകളെ വാടകയ്‌ക്കു കൊടുക്കുന്നവരുടെ കൊയ്‌ത്തുകാലമെന്നതാണ്‌ പാലസ്‌തീനിയന്‍ തല്‍മൂദില്‍ പറയുന്നത്‌.

 

ഉത്സവകാലത്ത്‌ റബ്ബിമാരെ ശിഷ്യന്മാര്‍ കഴുതപ്പുറത്തേറ്റി ആനയിക്കുന്ന രീതിയും ഉണ്ടായിരുന്നു. അതുകൊണ്ട്‌ യോഹന്നാന്‍ പറയുന്നതുപോലെ കണ്ടതിന്‌ മേല്‍ കയറിയതായാലും മര്‍ക്കോസും ലൂക്കോസും പറയുന്നതുപോലെ മുന്‍കൂര്‍ നിശ്ചയിച്ചപ്രകാരം കാണാന്‍ കഴിഞ്ഞ കഴുതക്കുട്ടിയുടെ മേല്‍ കയറിയതായാലും സംഭവം സംഭവ്യം തന്നെയായിരുന്നു. മത്തായി പഴയ നിയമത്തിന്റെ പുറകെപോയി രണ്ടു കവിതകളെ അവതരിപ്പിക്കുന്നുണ്ട്‌. രണ്ടു മൃഗങ്ങളുടെ പുറത്ത്‌ യേശു ഒരേസമയം കയറി എന്ന ധ്വനി സുവിശേഷകന്‍ ഉദ്ദേശിച്ചിട്ടില്ലെന്നത്‌ വ്യക്തം.

 

സത്യത്തില്‍ രണ്ട്‌ ഉദ്ധരണികള്‍ (ഏശായ 62;11, സഖറിയ 9:9) തുന്നിച്ചേര്‍ത്തതാണ്‌ കുഴപ്പമായത്‌. അത്‌ ബൈബിള്‍ പഠനത്തിനുള്ള വിഷയം. ഇവിടെ പറഞ്ഞുതീര്‍ക്കാന്‍ സമയം പോര. തന്നെയുമല്ല പ്രവാചക നിന്ദയില്‍ ഹരംകാണുന്ന പാസ്റ്റര്‍മാര്‍ ഈ `ബൈബിള്‍ നിന്ദ'യ്‌ക്കെതിരേ ഫത്‌വയുമായി എന്റെമേല്‍ ചാടിവീഴാതിരിക്കുന്നതാണല്ലോ അതിന്‌ ഇടം കൊടുക്കുന്നതിനേക്കാള്‌ ഭേദം. ബൈബിളില്‍ സംഖ്യാപുസ്‌തകത്തില്‍ സംസാരിക്കുന്ന ഒരു കഴുതയെ നാം കാണുന്നുണ്ട്‌. ഈജിപ്‌തില്‍ നിന്ന്‌ വാഗ്‌ദത്ത ദേശത്തേക്കുള്ള യാത്രയിലായിരുന്നു ഇസ്രായേല്‍ ജനം. മോവാബ്‌ രാജാവായ ബലാക്‌ അവരെ കണ്ട്‌ ഭയപ്പെട്ടു. ബിലെയാം എന്നൊരു പ്രവാചകന്‍ -ഇന്നത്തെ മട്ടില്‍ ദേവപ്രശ്‌നത്തിലെ ദൈവജ്ഞന്‍ എന്നൊക്കെ പറായമെന്നു തോന്നുന്നു- അക്കാലത്ത്‌ അവിടെ ജീവിച്ചിരുന്നു. ബാലക്‌ രാജാവ്‌ ബിലെയാമിന്റെ സഹായം തേടി. അല്‍പമൊന്ന്‌ ചഞ്ചലപ്പെട്ടെങ്കിലും ബിലെയാം തന്റെ കഴുതപ്പുറത്ത്‌ യാത്രതിരിച്ചു.

 

ദൈവദൂതന്‍ വഴിയില്‍ പ്രതിയോഗിയായി നിന്നു. ബിലെയാം കണ്ടില്ല. കഴുത കണ്ടു. കഴുത വഴിയില്‍ നിന്നു മാറി വയലിലൂടെ നടന്നു. ബിലെയാം മൃഗത്തെ അടിച്ചു. പിന്നെ ഒരു ഇടുക്കുവഴി. വീണ്ടും ദൂതന്‍. കഴുത ഓരംപറ്റി ഒഴിയാന്‍ നോക്കിയപ്പോള്‍ ബിലെയാമിന്റെ കാല്‍ മതിലിനോട്‌ ചേര്‍ന്നു ഞെരുങ്ങി. വീണ്ടും അടി. വീണ്ടും യാത്ര. ഇത്തവണ ഒതുങ്ങാന്‍ പോലും ഇടമില്ലാത്ത ഇടുക്കിലായിരുന്നു ദൂതന്റെ നില. കഴുത `ബിലെയാമിന്റെ കീഴെ കിടുന്നുകളഞ്ഞു'. ഇത്തവണ അടി വടികൊണ്ടായി. അപ്പോള്‍ കഴുത സംസാരിച്ചു. 'എന്തിനാണ്‌ അടിച്ചത്‌?' `നീ പരിഹസിച്ചതിനാല്‍. കൊന്നേനെ ഞാന്‍. വാളില്ലാതെ പോയി' `ഞാന്‍ നിന്റെ കഴുതയല്ലേ? ഇക്കാലമത്രയും ഞാനല്ലേ നിന്നെ ചുമന്നത്‌?' ഈശ്വരഹിതത്തിന്റെ വിരുദ്ധമായി ഇറങ്ങിത്തിരിക്കുന്നവന്‍ എത്ര വലിയ ദൈവജ്ഞനായാലും അവനെ ചുമക്കുന്ന കഴുതയ്‌ക്ക്‌ കിടുന്നത്‌ അടി.

 

 

കട്ടായം. ഇനി മറ്റൊരു കഴുത. പഴയ നിയമത്തില്‍ നിന്നുതന്നെ. ശമുവേലിന്റെ രണ്ടാം പുസ്‌തകം. ഈ കഴുതയുടെ യജമാനന്‍ സുന്ദരനായ രാജകുമാരനായിരുന്നു. പേര്‌ അബ്‌ശാലോം. ബൈബിള്‍ പറയുന്നു: എല്ലാ യിസ്രായേലിലും അബ്‌ശാലോമിനോളം ശ്ശാഘ്യനായ ഒരുത്തരും ഉണ്ടായിരുന്നില്ല. അടിതൊട്ട്‌ മുടിവരെ അവന്‌ ഒരു ഊനവും ഉണ്ടായിരുന്നില്ല. അവന്‍ തന്റെ തലമുടി ആണ്ടുതോറും കത്രിപ്പിച്ചു കളയും. അത്‌ രാജതൂക്കത്തിന്‌ ഇരുനൂറ്‌ ശേക്കല്‍ കാണും'എന്നാല്‍ ഈ അബ്‌ശാലോം ദൈവത്തിനും സ്വപിതാവിനും എതിരേ തെറ്റുകള്‍ ചെയ്‌തു. ഒടുവില്‍ ആഭ്യന്തരയുദ്ധത്തില്‍ പരാജയപ്പെട്ടു. അവന്റെ തലമുടി തന്നെ അവന്‌ കെണിയൊരുക്കി. `അബ്‌ശാലോം ഓടിച്ചുപോകുമ്പോള്‍ കഴുത കൊമ്പ്‌ തിങ്ങിനില്‍ക്കുന്ന ഒരു വലിയ കരുവേലകത്തിന്‌ കീഴ്‌ എത്തി.

 

അവന്റെ തലമുടി കരുവേലകത്തില്‍ പിടിപെട്ട്‌ അവന്‍ ആകാശത്തിനും ഭൂമിക്കും മധ്യേ തൂങ്ങി. അവന്റെ കീഴില്‍ നിന്ന്‌ കഴുത ഓടിപ്പോയി.'?ഈശ്വരഹിതത്തിന്‌ എതിരേ വാളെടുക്കുന്നവന്‍ സുന്ദരനോ രാജകുമാരനോ ആകട്ടെ അവന്റെ കഴുതയുടെ വിധി യജമാനന്‍ നിരാലംബനായി മരണം കാത്തു കിടക്കുമ്പോള്‍ വനാന്തരത്തില്‍ ഉഴറി അലയാനാണ്‌. ഇനി യേശുവിന്റെ കഴുതയുടെ കഥ വീണ്ടും ഓര്‍ക്കാം. ആ കഴുതയുടെ വീഥിയില്‍ ജനം പരവതാനി വിരിച്ചു. അതിന്റെ യജമാനന്‌ ജനം ഓശാന പാടി. ആ കഴുതയെ എങ്ങനെയാണ്‌ തിരിച്ചറിയുക.? ആരും ഒരുനാളും കയറിയിട്ടില്ലാത്ത കഴുതയായിരുന്നു അത്‌. ഓശാനയും വിശുദ്ധവാരവും യേശുവിനോട്‌ ബന്ധപ്പെട്ടതുകൊണ്ട്‌ പേര്‌ പറഞ്ഞതാണ്‌. പകരം ഈശ്വരന്‍ എന്ന പദം ഉപയോഗിച്ചാല്‍ ഈശ്വരവിശ്വാസികളായ എല്ലാവര്‍ക്കും ഉള്ള ഗുണപാഠം ഇവിടെ കാണാം. ഓരോ വ്യക്തിയും സ്വയനിര്‍ണ്ണയാവകാശമുള്ള സൃഷ്‌ടിയാണ്‌. നമുക്ക്‌ നമ്മുടെ വഴി തെരഞ്ഞെടുക്കാം.

 

നാം തെരഞ്ഞെടുക്കുന്നത്‌ നമ്മുടെ മുന്‍ഗണനകള്‍ അനുസരിച്ചാവും. ഈശ്വരനാണോ നമ്മുടെ മുന്‍ഗണനയില്‍ ആദ്യം? അതോ ഈ ലോകത്തിന്റെ പ്രലോഭനങ്ങള്‍ ഉയര്‍ത്തിക്കാട്ടി ദൈവജ്ഞന്മാരെക്കൂടെ വഴിതെറ്റിക്കുന്ന ബാലക്‌ രാജാക്കന്മാരോ? അതോ ലോകത്തിന്റെ കണ്ണില്‍ അടിമുതല്‍ മുടിവരെ ഊനിമില്ലാത്ത ശ്ശാഘ്യനായ സുന്ദരപുരുഷന്‍ ഏതോ രാജകുമാരനോ? നാം കഴുതകളാണ്‌. നാം വഹിക്കുന്ന യജമാനന്മരാണ്‌ നമ്മെ നിയന്ത്രിക്കുക. നമ്മെ നിയന്ത്രിക്കുന്നത്‌ ആരാകണം എന്നു തീരുമാനിക്കാനുള്ള ധര്‍മാധര്‍മ വിവേചനബുദ്ധി ഈശ്വരന്‍ നമുക്ക്‌ തന്നിട്ടുണ്ട്‌. ഈശ്വരനെ തെരഞ്ഞെടുക്കുന്ന കഴുത ഭാഗ്യം ഉള്ളത്‌. എന്നാല്‍ അവിടെ ഒരു വ്യവസ്ഥയുണ്ട്‌. പല യജമാനന്മാര്‍ അരുത്‌. ആരും ഒരുനാളും കയറിട്ടില്ലാത്ത കഴുത ഒരേയൊരു യജമാനന്‍; ഒരൊറ്റ ഈശ്വരന്‍; പരമകാരുണികനായ സര്‍വശക്തന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.