മറ്റുള്ളവരുടെ നേട്ടങ്ങള്‍ അംഗീകരിക്കുന്നതിനും, അവരെ ആദരിക്കുന്നതിനും ബഹുമാനിക്കുന്നതിനും മലയാളികള്‍ക്കു വലിയ മടിയണ്. ഇതിനൊരു വ്യത്യാസം വരുത്തിയത് അമേരിക്കയിലെ മലയാള സാഹിത്യകാരന്മാരാണെന്നു തോന്നുന്നു. ഏതെങ്കിലുമൊരു അവര്‍ഡ് കിട്ടാത്ത സാഹിത്യകാരന്മാര് ഇവിടെയില്ല. അറിഞ്ഞുകൊണ്ട് ആരും ഒന്നും കൊടുത്തില്ലെങ്കില്‍ തന്നെയും, അവാര്‍ഡുകളൊക്കെ സ്വയം സംഘടിപ്പിക്കുന്ന സാഹിത്യകാരന്മാരും ഇവിടെയുണ്ടെന്നുള്ളത് സന്തോഷകരമായ ഒരു കാര്യമാണ്. ചിലരുടെ പ്രശസ്തി കടലും കടന്നു കേരളക്കര വരെ വ്യാപിച്ചുകിടക്കുന്നു. ഇക്കൂട്ടര്‍ നാട്ടില്‍ ചെന്നാല്‍ പൗരാവലി, വിവിധ സംഘടനകള്‍, പഠിച്ച വിദ്യാലയങ്ങള്‍ ഇവരെല്ലാം ക്യൂ നില്‍ക്കുകയാണ് ഇവരെയൊന്ന് ആദരിക്കുവാന്‍. സത്യം പറയാമല്ലോ ഇതൊക്കെ കേട്ടിട്ട് അസൂയ തോന്നുന്നു.
പിന്നെ ഫൊക്കാന, ഫോമ, കര്‍ഷകശ്രീ തുടങ്ങിയ ലൊട്ടു ലൊടുക്കന് അവാര്‍ഡുകളുമുണ്ട്. എന്നാല്‍ ഇതിനെയെല്ലാം ഒറ്റയടിക്ക് മലര്‍ത്തിയടിച്ചുകൊണ്ട് ഒരു പുതിയ അവാര്‍ഡ് ഉദയം ചെയ്തിരിക്കുന്നു. നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍ (ചഅങ്ങക) എന്നാണ് ഈ അവാര്‍ഡിന്റെ പേര്. നോര്‍ത്ത് അമേരിക്കയിലെ പ്രവാസ ജീവിതത്തില്‍ വ്യക്തിപരമായ നേട്ടങ്ങള്‍ കൈവരിച്ചതിനുപുറമെ, സമൂഹത്തില്‍ വഴിവിളക്കായി പ്രകാശം പരത്തിയ കുറെപേരെയാണ് 'നാമി' അവാര്‍ഡിനായി നോമിനേറ്റ് ചെയ്തിരിക്കുന്നത്. അവാര്‍ഡ് അമേരിക്കന്‍ മലയാളിക്കു മാത്രമാണെങ്കിലും, ലോകത്തെവിടെയും ഉള്ളവര്‍ക്ക് വോട്ട് ചെയ്യുവാനുള്ള വളരെ ലളിതമായ സംവിധാനമാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. പ്രവാസി വോട്ട് വലിയ ആനക്കാര്യമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഈ ലളിത സംവിധാനം ഒന്നു പഠിക്കുവാന്‍ വേണ്ടി ഒരു സംഘത്തെ അയച്ചാല്‍ നന്നായിരുന്നു. ഈ അവാര്‍ഡിനു നോമിനേറ്റ് ചെയ്യപ്പെട്ട ചില പേരുകള്‍ കണ്ടപ്പോള്‍ ഞാനറിയാതെ ചിരിച്ചുപോയി. ഇവരാണോ സമൂഹത്തില്‍ വഴിവിളക്കായി പ്രകാശം പരത്തിയവര്‍ എന്നോര്‍ത്തപ്പോള്‍ ഞാനമ്പരന്നുപോയി.
'നാമി' അവാര്‍ഡിനുവേണ്ടിയുള്ള വോട്ടുപിടുത്തവും അണിയറയില്‍ സജീവമാണ്. ഇമെയില്‍ വഴിയും, ഫോണില്‍കൂടിയും, നേരിട്ടും ചിലര്‍ എന്നോടു അവര്‍ക്കു വോട്ട് ചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുകയുണ്ടായി. ഇതൊരു ഫൊക്കാന ഫോമ മത്സരമായി മാറിക്കൊണ്ടിരിക്കുകയാണോ എന്നും സന്ദേഹമുണ്ട്. കേരളോത്സവത്തിനും, പൊതുതെരഞ്ഞെടുപ്പിനും മറ്റും വോട്ടുപിടിക്കുന്ന രീതിയിലേക്കു കാര്യങ്ങള്‍ കടന്നിരിക്കുകയാണ്. മുന്നു മാസമാണ് വോട്ടിംഗിന്റെ കാലാവധി. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഫലപ്രഖ്യാപനം ഉണ്ടാകും. നിലവില്‍ ഫൊക്കാന 'ബഹുദൂരം, അതിവേഗം' മുന്നിലാണ്.
ഫൊക്കാന, ഫോമ പ്രസിഡന്റുമാര്‍ ഒന്നും, രണ്ടും സ്ഥാനങ്ങള്‍ അലങ്കരിക്കുമ്പോള്‍, സംഘടനകളുടെ തലതൊട്ടപ്പന്മാരായ ഡോ. തോമസ് ഏബ്രഹാമിനും, ഡോ. പിള്ളയ്ക്കും ഒരു ശതമാനം വോട്ടുമാത്രമേ കിട്ടിയുള്ളൂ. പന്ത്രണ്ട് ശതമാനം വോട്ട് നേടിയ എന്റെ സുഹൃത്ത് ടി.എസ് ചാക്കോയ്ക്ക് 'ഇതെല്ലാം അപ്പച്ചന്റെയൊരു തമാശയാണെന്ന' മനോഭാവമാണുള്ളത്. ഈ വോട്ടിംഗ് ശതമാനം പ്രസിദ്ധീകരിക്കുന്നത് മോശമാണെന്നാണ് എന്റെ അഭിപ്രായം. ഇവരെയോര്‍ത്ത്, ഇവരുടെ സുഹൃത്തുക്കളേയും ബന്ധുക്കളേയും ഓര്‍ത്ത്! ഒരു 'നാമി' മാത്രമേ ഉള്ളുവെങ്കിലും, എല്ലാ നോമിനികളേയും, മലയാള സിനിമയിലേയും, കേരള രാഷ്ട്രീയത്തിലേയും അതികായര്‍ പരിപാടിയില്‍ വെച്ച് ആശ്വസിപ്പിക്കുന്നതാണ്. ആശ്വാസ ഫലകം ഏറ്റുവാങ്ങുവാന്‍ ചിക്കാഗോയില്‍ നിന്നും ഡോ. റോയി തോമസ് എത്തുമെന്നു കരുതുന്നു.
അവാര്‍ഡ് ഫലകം തയാറാക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരക്ഷരം മാറിപ്പോയാല്‍ 'നാമി', 'നാറി'യായിപ്പോകും.
അര്‍ഹരായ അനേകം പേര് നമ്മുടെ സമൂഹത്തിലുണ്ടെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി. വരും വര്‍ഷങ്ങളില്‍ അവരേയും പരിഗണിക്കാനുള്ള സൗമനസ്യം കമ്മിറ്റി കാണിച്ചിട്ടുണ്ട്. സന്തോഷം.
പരിഗണിക്കുമ്പോള്‍ ഈയുള്ളവന്റെ കാര്യംകൂടി ഒന്നുപരിഗണിച്ചാല് ബഹുത്തു സന്തോഷം
Comments