മണ്ണിക്കരോട്ട്
`പണത്തിനുമേല്‍ പരുന്തും പറക്കില്ല' എന്ന ആപ്‌തവാക്യം എത്രകണ്ട് അന്വര്‍ത്ഥമാണെന്ന് അടുത്ത സമയത്ത് ഇന്ത്യയിലെ രണ്ടു കോടതികള്‍ തെളിയിച്ചിരിക്കുകയാണ്. അനീതിയുടെ ചങ്ങലയില്‍ ബന്ധിതരായും ബന്ധിക്കപ്പെട്ടും നട്ടം തിരിയുന്ന സാധാരണ ജനങ്ങളുടെ അന്ത്യാശ്രയവും പ്രത്യാശയുമാണ് കോടതി. എന്നാല്‍ ഈ അവസാന ആശാകേന്ദ്രവും പണത്തിന്റെ പിടിയില്‍ ഞെരിഞ്ഞമരുമ്പോള്‍ അവരുടെ സര്‍വ്വസ്വവും ജീവനുംതന്നെ അനീതിയുടെ അഗ്നിക്കനലില്‍ വെന്തെരിയേണ്ടിവരുന്നു. അതാണ് ഈ അടുത്ത സമയത്ത് ഇന്‍ന്ത്യയിലെ രണ്ട് ഹൈക്കോടതികളിലുണ്ടായ വിധി പ്രഖ്യാപനം. തിരിച്ചറിവുള്ള ഏതൊരു പൗരനെയും ഞെട്ടിക്കുന്ന വിധി. പണത്തിന്റെ പകിട്ടില്‍ നീതിയുടെ ത്രാസ് ആടിയുലയുന്നതും അഴിഞ്ഞു വീഴുന്നതുമാണ് ജനങ്ങല്‍ കണ്ടത്.
പരിസരംപോലും മറക്കുന്ന നീതിന്യായം. പണം മാത്രമല്ല ഇവിടുത്തെ മാനദണ്ഡം. അധികാരവും പ്രശസ്‌തിയും (സെലിബ്രറ്റി) സ്വാധീനവുമെല്ലാം ഒന്നാകുന്ന സ്ഥിതിവിശേഷം. ഏതാണ്ട് രണ്ടരക്കോടി ജനങ്ങള്‍ ഉള്‍ക്കൊള്ളുന്ന മുമ്പായില്‍ പകുതിയിലേറെ പേരും ചേരികളിലും ചെറ്റക്കുടിലുകളിലുമാണ് താമസിക്കുന്നത്. ഒരു ലക്ഷത്തില്‍പരം ജനങ്ങള്‍ ചെറ്റക്കുടിലുകള്‍പോലുമില്ലാതെ തെരുവുകളിലും കടത്തിണ്ണകളിലും ജീവിക്കുന്നു. അത്തരം ഭാഗങ്ങളിലൂടെ വാഹനം ഓടിക്കുന്നവര്‍ പ്രത്യേകം സൂക്ഷിക്കണം. പ്രത്യേകിച്ച് അമിത വേഗത്തില്‍ വാഹനം ഓടിക്കാന്‍ പാടില്ലാത്തതാണ്. അവിടെയാണ് ബോളിവുഡ് സിനിമകളിലൂടെ കോടികള്‍ സമ്പാദിച്ച് ആഡംബരലോകത്തെ രാജാവായി വാഴുന്ന സല്‍മാന്‍ ഖാന്‍ എന്ന നടന്റെ ആഡംബരക്കാറിന്റെ അമിതവേഗം അഴിച്ചുവിടുന്നത്. 2002 സെപ്‌തംബറിലെ ഒരു പുലര്‍കാലം. മുബായില്‍ ബാന്ദ്രയിലെ ഒരു കടത്തിണ്ണയില്‍ പതിവുപോലെ ഉറങ്ങിക്കിടന്ന ഒരുകൂട്ടം പാവപ്പെട്ടവര്‍. അവിടെ മദ്യലഹരിയില്‍ ലക്കുകെട്ട സല്‍മാന്‍ ഖാന്റെ ടൊയൊട ലാന്‍ഡ് ക്രൂസര്‍, അഭ്രപാളിയിലെ ഓട്ടംപോലെ ആരുണ്ടിവിടെ ചോദിക്കാനെന്ന മട്ടിലുള്ള മിന്നല്‍ പ്രകടനം.
ആ പ്രകടനം അഭ്രപാളിയിലെ അഭിനയമായിരുന്നില്ലെന്നു മാത്രം. കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന ഒരാളുടെ ജീവന്‍ അപഹരിക്കപ്പെട്ടു. ഒപ്പം മറ്റ് നാലുപേര്‍ ഗുരുതരമായ പരുക്കകളോട് കഷ്ടിച്ചു രക്ഷപെട്ടു. ഇത്രയുമായിട്ടും സല്‍മാന് കൂസലില്ല. ആഡംഭരയാത്ര തുടര്‍ന്നു. പരിക്കേറ്റ പാവപ്പെട്ടവരെ ഒന്നു തിരിഞ്ഞുനോക്കാന്‍പോലുമുള്ള ദയയുണ്ടായില്ല. ഒരു സാധാരണക്കാരനില്‍നിന്നാണ് ഇത് സംഭവിച്ചതെങ്കിലോ? അയാള്‍ അപ്പോഴെ അകത്താകുമായിരുന്നു. പിന്നൂട് ഒരു പക്ഷെ കൊലക്കയറായിരിക്കാം വിധി. ഇവിടെ ആള്‍ മരിച്ചതും നാലുപേര്‍ക്ക് ഗുരുതരമായ പരിക്കേറ്റതും പകല്‍പോലെ സത്യമെങ്കിലും ഖാന് അതൊന്നും കാര്യമല്ല. കേസ് ഇഴഞ്ഞു നീങ്ങി. അവസാനം എന്തായാലും സെഷന്‍ കോടതി ധൈര്യം കാണിച്ചു. പ്രതിയ്‌ക്ക് അഞ്ചുവര്‍ഷം തടവ്. പിന്നെ താമസിച്ചില്ല. ക്ലൈമാക്‌സിന് ക്ലാപ്പടിച്ചു. തിരക്കഥയിലെ ക്ലൈമാക്‌സിന്റെ അതേ തിടുക്കത്തില്‍ കാര്യങ്ങള്‍ നീങ്ങി. ഇന്‍ഡ്യയിലെ ഏറ്റവും ചിലവേറിയ വക്കീലുമായി ഇടപെട്ടു:
ഹരിഷ് സാല്‍വെ. മുഖേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് മുതലായ വന്‍കിട കോര്‍പറേഷനുകളെ പ്രതിനിധാനം ചെയ്‌ത് മിക്കതും ജയിച്ച് പേരെടുത്ത വക്കീല്‍. അദ്ദേഹത്തിന്റെ ഒരു ദിവസത്തിന് കുറഞ്ഞത് മുപ്പതു ലക്ഷത്തിന്റെ വിലയുണ്ട്. മറ്റു ചിലവുകള്‍ വേറെയും. അതായത് ഫൈവ് സ്റ്റാര്‍ ഹോട്ടല്‍, ഭക്ഷണം മുതലയാവ. ഒരു പ്രാവശ്യത്തെ അദ്ദേഹത്തിനും അനുയായികള്‍ക്കും വേണ്ടിയുള്ള ഭക്ഷണത്തിനുതന്നെ കുറഞ്ഞത് രണ്ടു ലക്ഷം രൂപ. അങ്ങനെ പോകുന്നു ആ വക്കീലിനുവേണ്ടിയുള്ള പണത്തിന്റെ ഒഴുക്ക്. ഡല്‍ഹിയില്‍നിന്ന് പ്ലെയ്‌ന്‍ ചാര്‍ട്ടര്‍ ചെയ്‌തു. കോര്‍ട്ടില്‍ പത്തുമിനിടുകൊണ്ട് എല്ലാം ശുഭം. അഞ്ചുവര്‍ഷം തടവുശിക്ഷ വിധിക്കപ്പെട്ട പ്രതി ഒരു ദിവസംപോലും ജയിലില്‍ കിടക്കാതെ സുഖമായി പുറത്ത്. ഖാന്റെ അനുയായികള്‍ ആഹ്ലാദത്തില്‍ ആര്‍ത്തുവിളിച്ചു. പാവപ്പെട്ടവരും അയാള്‍ കാരണം ജിവിതം നഷ്ടപ്പെട്ടവരുടെ കുടുംബവും കണ്ണീര്‍ വാര്‍ത്തു. അവര്‍ക്ക് കുമ്പിളില്‍പോലും കഞ്ഞിയില്ലാത്ത നീതിയുടെ നിഴലാട്ടം. മറ്റൊന്നാണ് മദ്രാസിലെ മഹാറാണിയുടെ സാമ്പത്തിക മായജാലം. മദ്രാസ് മുഴുവനും അനധികൃതമായി പിടിച്ചടക്കിയാലും പിടിക്കപ്പെടാന്‍ കഴിയാത്ത പിടിപാട്. അനധികൃത സ്വത്തുസമ്പാദനക്കേസിന്റെ കീഴ്‌ക്കോടതി വിധി ഹൈക്കോടതിയില്‍ നിമിഷംകൊണ്ട് നിസാരമായി തലകീഴായി മറിപ്പിച്ചു.
1991-96 വരെയുള്ള അവരുടെ ഭരണകാലത്ത് കോടാനകോടി രൂപയ്‌ക്കുള്ള സ്വത്തുക്കള്‍ അനധികൃതമായി സമ്പാദിച്ചു എന്നുള്ളതാണ് കേസ്. ഏതാണ്ട് പതിനെട്ടുവര്‍ഷത്തോളം കാര്യമില്ലാത്ത കാരണങ്ങല്‍ കാണിച്ച് കേസ് ദീര്‍ഘിപ്പിച്ചു. എന്നാല്‍ അവിടെയും കീഴിക്കോടിതി ധൈര്യം കാണിച്ചു: നാലു വര്‍ഷം തടവും 100 കോടി രൂപ പിഴയും. കൂട്ടുപ്രതികള്‍ക്കും തക്ക ശിക്ഷ. ഇവിടെ, കേസ് തുടങ്ങി കാലം കുറെ കഴിഞ്ഞതുകൊണ്ടായിരിക്കാം കുറച്ചു ദിവസത്തേക്കെങ്കിലും അവര്‍ക്ക് ജയില്‍ വാസം അനുഭവിക്കേണ്ടിവന്നത്. ജാമ്യത്തിലെങ്കിലും വീണ്ടും ആറു മാസം കഴിഞ്ഞ കേസ്. ഹൈക്കോടതിയില്‍നിന്ന് നിമിഷങ്ങള്‍കൊണ്ട് പ്രതിയും പ്രഭുതികളും ഒന്നും സംഭവിക്കാത്ത മട്ടില്‍ നിസാരമായി പുറത്തിറങ്ങി.
ഇപ്പോള്‍ അഞ്ചാം പ്രാവശ്യം വീണ്ടും മുഖ്യമന്തിയായി വിലസുന്നു. അവരെ അവരോധിക്കാനും ആരാധിക്കാനും കുറെ ശുംഭന്‍മാരും. ഇന്‍ന്ത്യയുടെ നീതിപീഠത്തിന് എന്താണ് സംഭവിച്ചിരിക്കുന്നത്? ജനാധിപത്യവും രാഷ്ട്രീയവും, സാമ്പത്തികാടിസ്ഥാനത്തില്‍ തകിടംമറിയപ്പെട്ട ഇന്‍ഡ്യയില്‍ ജുഡിഷ്യറി മാത്രമായിരുന്നു പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും എന്നും ആശ്രയം. ആ ആശ്രയത്തിലാണ് ഇപ്പോള്‍ അരജകത്വം അരങ്ങുവാഴുന്നത്. പണവും പ്രശസ്‌തിയുമുണ്ടെങ്കില്‍ എവിടെയും എന്തും ചെയ്യാമെന്ന ഹുങ്ക്. പാവപ്പെട്ടവരുടെ ജീവനിലും ജീവിതത്തിലും തേരോട്ടം നടത്തിയാലും പണം എല്ലാറ്റിനും പരിഹാരമാകുമെന്ന ഉറപ്പ്. ഇവിടെ നീതി നടപ്പാക്കുകയാണോ വില്‍ക്കപ്പെടുകയാണോ?
മണ്ണിക്കരോട്ട് (www.mannickarottu.net)
Comments