You are Here : Home / AMERICA TODAY

കുറ്റബോധം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, July 29, 2015 10:58 hrs UTC

നേരം പുലരുന്നതേയുളളൂ. മങ്ങിയ വെളിച്ചത്തില്‍ ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന ക്ലോക്കിലേക്ക് നോക്കി. സമയം ആറ് മണിയാകുന്നതേയുളളൂ. പുറത്ത് നല്ല പ്രകാശം പരന്നിരിക്കുന്നു. ജോണ്‍ കിടക്കയില്‍ നിന്നും സാവകാശം എഴുന്നേറ്റു. ബാത്ത് റൂമില്‍ പോകുന്നതിനു മുമ്പ് മേരിയെ ഒന്ന് നോക്കി. നല്ല ഉറക്കമാണെന്നു തോന്നുന്നു. കിടന്ന് ഉറങ്ങട്ടെ. മൂന്ന് ദിവസം തുടര്‍ച്ചയായി രാത്രി ഡ്യൂട്ടി ചെയ്തതല്ലേ ! നല്ല ക്ഷീണം കാണും. ശരീരത്തില്‍ നിന്നും മാറി കിടന്നിരുന്ന കംഫര്‍ട്ടര്‍ തലവരെ പുതപ്പിച്ചതിനുശേഷം ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു നടന്നു. തൊട്ടടുത്ത മുറിയില്‍ അമ്മയും നല്ല ഉറക്കത്തിലാണ് പ്രഭാത കൃത്യങ്ങള്‍ക്കുശേഷം പുറത്തിറക്കിയപ്പോള്‍ ആരോ തേങ്ങി കരയുന്ന ശബ്ദം. ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായി അത് മറ്റാരുമല്ല മേരി തന്നെയാണ്.

മേരി, എന്തു പറ്റി ? എന്തിനാണ് നീ ഇങ്ങനെ തേങ്ങി കരയുന്നത് ?

നമ്മുടെ റോണി മോന്‍ നമ്മില്‍ നിന്നും അകന്നിട്ട് വര്‍ഷം ഒന്നുകഴിഞ്ഞില്ലേ ? അവനെ കുറിച്ചു നാളിതുവരെ ഒരു വിവരം പോലും ലഭിച്ചില്ലല്ലോ ? അല്പം മുമ്പ് എന്റെ സമീപം വന്ന് മമ്മീ എന്ന് വിളിക്കുന്നത് കേട്ടാണ് ഉറക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നത്. റോണിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഹൃദയം തകരുകയാണ്.

ഒന്നും സംഭവിച്ചിരിക്കയില്ല. ഒരു ദിവസം അവന്‍ മടങ്ങിവരും. നമ്മുടെ പ്രതീക്ഷകള്‍ അസ്ഥാനത്താകയില്ല എന്നാണ്. എന്റെ മനസ് മന്ത്രിക്കുന്നത് ജോണ്‍ പറഞ്ഞു.

ഹൈസ്‌കൂള്‍ ഗ്രാജുവേഷനുശേഷം എന്തെല്ലാം പ്രതീക്ഷകളോടെയാണ് കോളേജിലേയ്ക്ക് വച്ചത്. ആദ്യ ചില മാസങ്ങളില്‍ എന്നും ഫോണ്‍ ചെയ്യുമായിരുന്നില്ലേ ? നാലഞ്ചു മാസം പിന്നിട്ടതോടെ ഇങ്ങോട്ടുളള വിളി അവസാനിപ്പിച്ചു എന്നു മാത്രമല്ല അങ്ങോട്ടു വിളിച്ചാല്‍ പോലും ഫോണ്‍ അറ്റന്റ് ചെയ്യുവാന്‍ അവന് സമയമില്ലായിരുന്നു.

ആറ് മാസം വരെ എല്ലാ വീക്കെന്റിലും വീട്ടില്‍ വന്ന് ഞായറാഴ്ച രാവിലെ പളളി ആരാധനയില്‍ പങ്കെടുത്ത് വൈകിട്ട് തിരിച്ച് പോകുകയായിരുന്നു പതിവ്. പളളിയിലെ എല്ലാവര്‍ക്കും റോണിയെ വലിയ ബഹുമാനമായിരുന്നു. പിന്നീട് റോണിയുടെ സ്വഭാവത്തില്‍ വന്ന മാറ്റം അപ്രതീക്ഷിതമായിരുന്നു. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് മനസ്സില്‍ പോലും കരുതിയിരുന്നില്ല.

ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ മേരിയുടെ കണ്ണില്‍ തളം കെട്ടി നിന്നിരുന്ന കണ്ണുനീര്‍ ധാരധാരയായി പുറത്തേയ്‌ക്കൊഴുകി. കയ്യിലുണ്ടായിരുന്ന ടവ്വലുകൊണ്ട് ജോണ്‍ മേരിയുടെ മിഴികളില്‍ നിന്നും ശേഷിച്ച കണ്ണീര്‍കണങ്ങള്‍ ഒപ്പിയെടുത്തും. ഇരു കരങ്ങള്‍ കൊണ്ടും കവിളില്‍ തലോടി. കിടന്ന കിടപ്പില്‍ ജോണിന്റെ മുഖത്തേക്ക് ഒന്നു കൂടി സൂക്ഷിച്ചു നോക്കിയശേഷം ചുമരിനഭിമുഖമായി തിരി!ഞ്ഞു കിടന്നു. അല്പനേരം കൂടി ജോണ്‍ മേരിയുടെ സമീപമിരുന്നു. മയക്കത്തിലായി എന്ന് ബോധ്യമായപ്പോള്‍ സാവകാശം എഴുന്നേറ്റ് ലിവിങ് റൂമിലെ സോഫയില്‍ വന്നിരുന്നു.

കാപ്പി കഴിക്കുവാന്‍ പോലും തോന്നുന്നില്ല. മേരി പറഞ്ഞ കാര്യങ്ങള്‍ ജോണിന്റെ മനസ്സിനേയും അസ്വസ്ഥമാക്കി. ഭൂതകാല സംഭവങ്ങള്‍ ഒരോന്നായി മനസ്സില്‍ തെളിഞ്ഞു. പത്ത് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം ദൈവം കനിഞ്ഞു നല്‍കിയ കനിയായിരുന്നു റോണി. റോണിയുടെ ഓരോ ജന്മദിനവും വീട്ടിലെ ഒരു വലിയ ആഘോഷമായിരുന്നു. രണ്ടു വയസുവരെ റോണിയെ നിലത്തുവെയ്ക്കാതെ നോക്കിയിരുന്നത് ജോണിയുടെ അമ്മയായിരന്നു. സ്‌കൂളില്‍ പോയി തുടങ്ങിയപ്പോള്‍ അമ്മ തിരിച്ചു നാട്ടിലേക്ക് പോയി. തുടര്‍ന്ന് റോണിയുടെ എല്ലാ കാര്യങ്ങളും കൃത്യനിഷ്ഠയോടെ ചെയ്തിരുന്നതു മേരിയായിരുന്നു. മുഴുവന്‍ സമയവും മാതാപിതാക്കളുടെ ശ്രദ്ധ മോന് ലഭിക്കണമെന്ന് മേരിക്ക് നിര്‍ബന്ധമായിരുന്നു. അമ്മ തിരിച്ചു പോയതു മുതല്‍ നൈറ്റ് ഡ്യൂട്ടിയാണ് ചെയ്തിരുന്നത്. 'പകല്‍ മോനെ ശ്രദ്ധിക്കാമല്ലോ', എന്തിനാണ് രാത്രി ജോലി ചെയ്യുന്നതെന്ന് ചോദിച്ചാല്‍ മറുപടി ഇതായിരുന്നു. റോണിയുടെ ഹോം വര്‍ക്ക് ചെയ്യുന്നതിന് സഹായിക്കുന്നതിനും പിറ്റേ ദിവസം സ്‌കൂളില്‍ കൊണ്ടുപോകുന്ന ബാഗില്‍ എല്ലാ ഉണ്ടോ എന്നു ഉറപ്പു വരുത്തുന്നതും മേരിയായിരുന്നു. ഡ്യൂട്ടിക്ക് പോകുന്നതിന് മുമ്പ് മോനെ നല്ലതു പോലെ ശ്രദ്ധിക്കണമെന്ന് എത്ര തവണയാണ് പറഞ്ഞിട്ടുളളത്.

രാവിലെ റോണിയെ സ്‌കൂളില്‍ കൊണ്ടു വിടുന്നത് ഞാനായിരുന്നു വൈകിട്ട് മേരി സ്‌കൂളില്‍ നിന്നും മോനെ പിക്ക് ചെയ്യും. ഹൈസ്‌കൂള്‍ പഠനം ആരംഭിച്ചതോടെ വീട്ടില്‍ നിന്നും ഉച്ചഭക്ഷണം കൊണ്ടു പോകുന്നത് അവസാനിപ്പിച്ചു. ലഞ്ചു വാങ്ങി കഴിക്കുന്നതിനാവശ്യമായ പണം റോണിക്ക് വീട്ടില്‍ നിന്നും എടുക്കുന്നതിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്കിയിരുന്നു. എത്ര സംഖ്യയാണ് എടുത്തതെന്നോ എന്തിനാണ് ഉപയോഗിച്ചതെന്നോ ആരും ചോദിക്കാറില്ലായിരുന്നു. വളരെ സമര്‍ത്ഥനും ശാന്ത സ്വഭാവക്കാരനുമായിട്ടാണ് റോണി സ്‌കൂളില്‍ അറിയപ്പെട്ടിരുന്നത്. നല്ല ഗ്രേഡോടുകൂടി ഹൈസ്‌കൂള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഒരു ഡോക്ടറായി കാണണമെന്നായിരുന്നു എല്ലാവരുടേയും ആഗ്രഹം.

വീടിനടുത്തുളള കോളേജില്‍ അഡ്മിഷന് ശ്രമിക്കാമെന്ന് പറഞ്ഞപ്പോള്‍ താല്പര്യമില്ലായിരുന്നു. അമ്പത് മൈല്‍ അകലെയുളള ഒരു കോളേജാണ് തിരഞ്ഞെടുത്തത്. ആറ് മാസം വരെ കാര്യങ്ങളെല്ലാം ഒരു വിധം ഭംഗിയായി നടന്നു. വിദ്യാഭ്യാസത്തിന് ആവശ്യമായ പണം നിര്‍ലോഭം നല്‍കിയിരുന്നു. കോളേജ് ജീവിതത്തെക്കുറിച്ചോ, പഠനത്തെക്കുറിച്ചോ രഹസ്യമായോ പരസ്യമായോ ചോദിക്കുന്നതോ, അന്വേഷിക്കുന്നതോ റോണി ഇഷ്ടപ്പെട്ടിരുന്നില്ല. ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കി വേനല്‍ അവധിക്ക് കുട്ടികള്‍ വീട്ടില്‍ പോകുന്നതിന് മുമ്പ് സംഘടിപ്പിച്ച പാര്‍ട്ടിയിലാണ് റോണി അവസാനമായി പങ്കെടുത്തത്. പാര്‍ട്ടി കഴിഞ്ഞു വൈകിയാണെങ്കിലും വീട്ടിലെത്തുമെന്ന് ടെക്സ്റ്റ് സന്ദേശം അയച്ചിരുന്നു. അര്‍ദ്ധ രാത്രി കഴിഞ്ഞിട്ടും കാണാതിരുന്നതു കൊണ്ടു കിടക്കയില്‍ വന്നു കിടന്നു. പുലര്‍ച്ച രണ്ട് മണിയോടെ വീടിനു മുമ്പില്‍ റെഡ് ലൈറ്റ് ഫ്‌ലാഷ് ചെയ്യുന്നതു കണ്ടാണ് കിടക്കയില്‍ നിന്നും എഴുന്നേറ്റത്. ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ കാറില്‍ നിന്നും ഇറങ്ങി യൂണിഫോറം ധരിച്ചു രണ്ട് പൊലീസുകാര്‍ വീടിന്റെ മുമ്പില്‍ വന്നു കോളിംഗ് ബല്‍ അടിക്കുന്നു. ജോണ്‍ വാതില്‍ തുറന്നു. റോണി നിങ്ങളുടെ മകനാണെന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു. 'ഞാന്‍ അപകടത്തിലാണ് എന്നെ രക്ഷിക്കണം ' ഏതാനും മിനിറ്റുകള്‍ക്കു മുമ്പ് ലഭിച്ച ഈ സന്ദേശത്തിന്റെ നിജസ്ഥിതി അന്വേഷിക്കുന്നതിനാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. ഇത്രയും കേട്ടതോടെ ജോണിന്റെ ഹൃദയ മിടിപ്പ് ഇരട്ടിയായി. ശരീരം തളരുന്നതുപോലെ മേരിയാണെങ്കില്‍ വീട്ടിലില്ല.

എന്തെങ്കിലും വിവരം ലഭിച്ചാല്‍ ഞങ്ങളെ അറിയിക്കണം. ഞങ്ങളും അന്വേഷിക്കുന്നുണ്ട്. ഇങ്ങനെയൊരു സാഹചര്യം ഉണ്ടായതില്‍ ഖേദിക്കുന്നു. പൊലീസുകാര്‍ വാഹനത്തില്‍ കയറി യാത്രയായി. പൊലീസും കുടുംബാംഗങ്ങളും സുഹൃത്തുക്കളും റോണിയെ തിരയാത്ത സ്ഥലങ്ങളില്ല. ആഴ്ചകള്‍, മാസങ്ങള്‍ ഇപ്പോള്‍ ഒരു വര്‍ഷവും പിന്നിട്ടിരിക്കുന്നു. റോണിമോന്‍ ഇന്ന് എവിടെയാണ് ? റോണിയെ കണ്ടുകിട്ടുന്നതുവരെ അന്വേഷണം തുടരുക തന്നെ.

ചെറുപ്പം മുതല്‍ നല്‍കാവുന്നതിലധികം സ്‌നേഹം നല്‍കി വളര്‍ത്തിയതാണോ, എന്തിനാണെന്നു പോലും അന്വേഷിക്കാതെ ചോദിക്കുന്നതിലധികം പണം നല്‍കിയതാണോ ? തിരക്കു പിടിച്ച ജീവിതചര്യയില്‍ റോണിയുടെ സുഹൃത്തുക്കള്‍ എങ്ങനെയുളള വരാണ് അന്വേഷിക്കാത്തതാണോ, കോളേജ് പഠനം ആരംഭിച്ചതിനുശേഷമുളള ജീവിത രീതികളെയോ വിഭ്യാസ നിലവാരത്തെയോ കുറിച്ച് തിരക്കുന്നില്‍ കാണിച്ച ആലംഭാവമോ എവിടെയാണ് ഞങ്ങള്‍ക്ക് തെറ്റു പറ്റിയത് ? എന്തോ ഒരു കുറ്റ ബോധം വേട്ടയാടുന്നതുപോലെ.

ഇന്ന് ഓഫീസില്‍ പോകുന്നില്ലേ ? സമയം എത്രയാണെന്ന് നോക്കിക്കോ. മേരിയുടെ പുറകില്‍ നിന്നുളള ശബ്ദം കേട്ടാണ് സ്ഥല കാല ബോധം വീണ്ടെടുത്തത്. സോഫയില്‍ നിന്നും എഴുന്നേറ്റ് മേരിയുമൊത്ത് ബ്രേക്ക് ഫാസ്റ്റ് ഏരിയായിലേക്കു നടന്നു നീങ്ങുമ്പോള്‍ അറിയാതെ ജോണിന്റെ മിഴികളും ഈറനണിഞ്ഞു. ആരും കാണാതെ കണ്ണുകള്‍ തുടച്ചു. തൊട്ടടുത്ത് അലങ്കരിച്ചു വെച്ചിരുന്ന റോണിയുടെ ചിത്രത്തിനു മുമ്പില്‍ തൊഴു കൈകളോടെ പ്രാര്‍ഥനാ നിരതമായിരുന്ന മാതാവും ഇവരോടൊപ്പം ചേര്‍ന്നു. ജോണി ബാക്ക് യാര്‍ഡിലേക്ക് തുറക്കുന്ന ജനലിന്റെ കര്‍ട്ടന്‍ സാവകാശം മാറ്റി. പുറത്ത് ഫലങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ആപ്പിള്‍, പെയര്‍ മരങ്ങള്‍. അപ്രതിക്ഷീതമായി എവിടെ നിന്നോ പറന്നു വന്ന ഒരു പറ്റം കിളികള്‍ ഫലങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ശിഖരങ്ങളില്‍ ചേക്കേറി. കിളികളുടെ കൂട്ടായ ആക്രമണത്തിലുളള പ്രതിഷേധമോ, ശിഖരങ്ങളെ വേദനിപ്പിച്ചതിന്റെ ദുഃഖ ഭാരമോ എന്തെന്നറിയില്ല. ചുവന്ന തുടുത്ത പല ആപ്പിളുകളേയും ശിഖരങ്ങള്‍ കൈവിട്ടു. മൂന്ന് ജോഡി നയനങ്ങള്‍ ആകാംഷയോടെ പുറത്തേക്ക് നോക്കി നില്‍ക്കുന്നതിനിടയില്‍ ദൗത്യം പൂര്‍ത്തീകരിച്ചു. അടുത്ത സീസണില്‍ വീണ്ടും കാണാം എന്ന സന്ദേശവും നല്‍കി മറ്റൊരു ദിശയെ ലക്ഷ്യമാക്കി കിളികള്‍ പറന്നകന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.