You are Here : Home / AMERICA TODAY

കേരളത്തിന്റെ മാറുന്ന മുഖങ്ങള്‍

Text Size  

Story Dated: Saturday, August 01, 2015 10:56 hrs UTC

(വാല്‍ക്കണ്ണാടി)

കോരസണ്‍

 

നിഹാരിക, 'അവള്‍ ഒരു സുന്ദരി മലയാളിക്കുട്ടിതന്നെ, എത്രഭംഗിയായി അവള്‍ മലയാളം പറയുന്നു.' നാട്ടില്‍ പോയിട്ടു വന്ന സുഹൃത്തു പറയുകയാണ്‌. അദ്ദേഹം കോട്ടയത്തിനടുത്ത്‌ നല്ല ഒരു വീടു വച്ചു വെറുതെ കിടന്നു അഴുക്കാക്കണ്ട എന്നു കരുതി ഒരു നേപ്പാളി കുടുംബത്തെ അവിടെ താമസിപ്പിച്ചിരിക്കയാണ്‌. വളരെ ഭംഗിയായും കൃത്യമായും അവര്‍ വീടു സൂക്ഷിക്കുന്നു. അവരുടെ മകളാണ്‌ നിഹാരികി, അവള്‍ കോട്ടയത്തു തന്നെ സ്‌ക്കൂളില്‍ പോകുന്നു, മലയാളിക്കുട്ടികളോടിഴപഴകി തനി മലയാളിയായി തന്നെ വളരുന്നു. അവരുടെ സ്‌ക്കൂളില്‍ ബംഗാളിക്കുട്ടികളും ഉത്തര്‍പ്രദേശുകാരും ഉണ്ട്‌. സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ പല സിറ്റികളിലും, പത്തോളം അന്യസംസ്ഥാനത്തില്‍ നിന്നുമുള്ള കുട്ടികള്‍ ക്ലാസ്സുകളില്‍ കാണാറുണ്ടെന്നു പറയപ്പെടുന്നു. കോന്നിയിലെ ഒരു ഉള്‍പ്രദേശത്ത്‌ ഒരു സുഹൃത്തിന്റെ പിതാവിന്റെ സംസ്‌കാര ശുശ്രൂഷയില്‍ സംബന്ധിക്കുവാന്‍ പോകുകയായിരുന്നു. പത്രത്തില്‍നിന്നുള്ള വിവരം വച്ച്‌ വഴി ചോദിച്ചു പോകുകയാണ്‌. വേനലവധിയായിരുന്നിട്ടും വഴയില്‍ ആരെയും കാണുന്നില്ല. കുട്ടികള്‍ ക്രിക്കറ്റും മറ്റും കളിച്ചു നടന്നതോര്‍ത്തു, അത്ഭുതം, ആരെയും വഴി ചോദിക്കാന്‍ പോലും കാണാതെ കാര്‍ മുമ്പോട്ടു പോയി. അല്‌പം കൂടി ചെന്നപ്പോള്‍ ഒരാള്‍ കൈലി മുണ്ട്‌ മടക്കിക്കുത്തി ഒരു കുടയും പിടിച്ച്‌ പോകുന്നു. വഴി ചോദിക്കാനായി അയാളോടു പത്രം കാട്ടി വഴി ചോദിച്ചു. അപ്പോഴാണ്‌ കക്ഷിക്കു മലയാളം അറിയില്ല, ഏതോ ബീഹാറോ, ഒറിയക്കാരനോ ആണ്‌. കേരളത്തില്‍ പത്തു ലക്ഷത്തിലധികം അന്യ സംസ്ഥാനക്കാര്‍ ജീവിക്കുന്നുണ്ട്‌. കൂടുതലും അസാം, ബംഗാള്‍ എന്ന സ്ഥലത്തു നിന്ന്‌. ബീഹാര്‍, ജാര്‍ഖണ്ഡ്‌, ചത്തീസ്‌ഗര്‍ഹ്‌, ഒറിസ തുടങ്ങിയ സംസ്ഥാനക്കാരും ധാരാളമായുണ്ട്‌.

 

ഇവര്‍ കേരളത്തിന്റെ ജനസംഖ്യയുടെ മൂന്നു ശതമാനം വരും. പെരുമ്പാവൂരില്‍ മലയാളികളെക്കാള്‍ കൂടുതല്‍ ബംഗാളികള്‍ താമസിക്കുന്നു, എന്നു പറയുന്നത്‌ അതിശയോക്തിയല്ല. കോഴിക്കോട്‌ ഇവര്‍ 8 ശതമാനത്തോളമായി. വര്‍ഷങ്ങളായി കുടുംബമായി താമസം തുടങ്ങിയവര്‍, ആധാര്‍കാര്‍ഡും, തിരിച്ചറിയല്‍ കാര്‍ഡും ലഭിച്ചു തുടങ്ങി. വരുന്ന തിരഞ്ഞെടുപ്പുകളില്‍ പല പ്രമുഖ കേന്ദ്രങ്ങളിലും ഇവര്‍ നിര്‍ണ്ണായക ശക്തിയായി വരും. പരദേശിയായി മലയാളി യാത്ര തുടങ്ങിയിട്ട്‌ കൊല്ലങ്ങളായി. ഇന്ത്യക്കു പുറത്തേക്കു കുടിയേറിയവര്‍ കുറെക്കാലം ഗൃഹാതുരത്വവും പറഞ്ഞു പിതൃഭൂമിയും വീടും സൂക്ഷിച്ചു. അവരുടെ അനന്തര തലമുറക്ക്‌ ഒരു തിരിച്ചു പോക്ക്‌ സാധിക്കാത്തതിനാല്‍ ഈ സ്വത്തുക്കള്‍ സൂക്ഷിക്കാന്‍ ബുദ്ധിമുട്ടുകയും, പ്രായം കൂടുന്നതിനനുസരിച്ച്‌, സ്ഥലം വിറ്റ്‌ പണം കൊണ്ടുപോകാനുമുള്ള പ്രവണത കാണുന്നു. മാതാപിതാക്കള്‍ മരിച്ചു കഴിഞ്ഞ്‌, കുറെ നാള്‍ അനാഥമായിക്കിടന്ന പുരയിടവും വീടും വിറ്റ്‌ ഏതെങ്കിലും സിറ്റിയില്‍ ഫല്‍റ്റ്‌ വാങ്ങി താമസമായി. പിന്നെ ഫല്‍റ്റും വെറുതെ കിടക്കുവാന്‍ തുടങ്ങി. അതും വില്‍ക്കാനുള്ള മാനസീക അവസ്ഥയിലാണ്‌ പ്രത്യേകിച്ചും അമേരിക്കന്‍ യൂറോപ്യന്‍ മലയാളികല്‍. ഒരു പക്ഷേ, അതിവിദൂരമല്ലാത്ത സമയത്ത്‌ ഈ അന്യ സംസ്ഥാനത്തു നിന്നെത്തിയവര്‍ സാമ്പത്തീകമായി മെച്ചപ്പെടുകയും വീടും സ്ഥലവും വാങ്ങി താമസിച്ചു തുടങ്ങുകയും ചെയ്യും.

 

മലയാളിക്ക്‌ മലയാളത്തോട്‌ അത്ര ഭ്രാന്തമായ അഭിനിവേശമൊന്നും കാട്ടാത്തതിനാലും എവിടെ ചെന്നാലും അവിടെ വേരുകള്‍ ഓടിക്കാന്‍ കഴിയുന്നതിനാലും കിട്ടുന്ന വിലക്ക്‌ പുരയിടവും വസ്‌തുക്കളും വില്‍ക്കാന്‍ തയ്യാറാവുന്ന പലരേയും കാണാനിടയായി. കേരളം എന്നും ലോകത്തിന്‌ ഒരു അത്ഭുതം തന്നെയാണ്‌. അമേരിക്കയിലെ മെരിലാന്റിന്റെ വലിപ്പമുള്ള, കാലിഫോര്‍ണിയെക്കാള്‍ ജനസംഖ്യയുള്ള, ഇവിടുത്തുകാര്‍ക്ക്‌, അമേരിക്കയെയും പാശ്ചാത്യ രാജ്യങ്ങളുടെ ഒപ്പം കുറഞ്ഞ ശിശുമരണ നിരക്കും, കുറഞ്ഞ ജനനനിരക്കും, കൂടിയ ആയുര്‍ദൈര്‍ഘ്യവും, കൂടിയ സാക്ഷരതയും, സാമൂഹിക വികസനവും രേഖപ്പെടുത്തുന്നു. 1971 മുതല്‍ കേരളത്തിലെ ജനസംഖ്യ കുത്തനെ കുറയുകയാണ്‌. 2011 ആയപ്പോഴേക്കും ജനസംഖ്യനിരക്കിന്റെ കുറയല്‍ 26.33% നിന്നും 17.64 % എത്തി (Decadal population Growth). ഇതു താമസിയാതെ പൂജ്യം ശതമാനത്തിലെത്തുകയും, അതിനു താഴേക്കു വേഗത്തില്‍ പോകുന്നതും ആശങ്ക ഉണര്‍ത്തുകയാണ്‌. ഇപ്പോള്‍ തന്നെ കുട്ടികള്‍ കുറവും വൃദ്ധരായവര്‍ കൂടുതലായും വരുന്നത്‌ പ്രത്യക്ഷത്തില്‍ തന്നെ തെളിയുന്നുണ്ട്‌. 2016ല്‍ തൊഴില്‍ ചെയ്യാന്‍ ആരോഗ്യമുള്ളവരുടെ എണ്ണവും ക്രമാതീതമായി കുറഞ്ഞു തുടങ്ങും.

 

പത്തനംതിട്ട ജില്ലയില്‍ 3%, ഇടുക്കിയില്‍1.8% എന്ന നിരക്കില്‍ ആണ്‌ എതിരായ ജനസംഖ്യ വര്‍ദ്ധന. തിരുവനന്തപുരം(2.25), കോട്ടയം(1.32), കൊല്ലം(1.72), ആലപ്പുഴ(0.61) എന്ന രീതിയിലാണ്‌ ജനസംഖ്യ വര്‍ദ്ധന രേഖപ്പെടുത്തിയത്‌. ഒഴിഞ്ഞ ക്ലാസ്സുമുറികളും അടഞ്ഞു കിടക്കുന്ന മെഡിക്കല്‍ എന്‍ജിനീയറിംഗ്‌ കോളജുകള്‍ ഒക്കെ അടുത്തുതന്നെ അവിടവിടെ കാണാനാവും. ഒന്നും ഒരു തരിയുമായി അണുകുടുംബങ്ങള്‍ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളാണ്‌ സമൂഹത്തിലുണ്ടാക്കുന്നത്‌. മാതാപിതാക്കള്‍ ആകെയുള്ള ഒരു കുട്ടിക്കുവേണ്ടി സര്‍വ്വ ശ്രദ്ധയും കൊടുക്കുന്നതിനാല്‍, അവന്റെ എല്ലാ തീരുമാനങ്ങളും അവര്‍ തന്നെയെടുക്കുന്നതിനാലും, അവന്‍ അനുസരണയുള്ള ജോലിക്കാരന്‍ മാത്രമാവും, ജീവിതത്തില്‍ തീരുമാനങ്ങള്‍ സ്വയം എടുക്കാന്‍ അവന്‍ പ്രയാസപ്പെടും. കാര്‍ഷീക കാര്യങ്ങളെപ്പറ്റി അവനു നേരിട്ടു പരിചയമില്ലാത്തതിനാല്‍ പ്രകൃതിയെപ്പറ്റി അവന്‍ പുസ്‌തകധാരണ വച്ചു പുലര്‍ത്തുകയും ഭൂമിയെ അറിയാതെ സാങ്കല്‍പ്പീക ലോകത്തില്‍ ജീവിക്കുകയും ചെയ്യാം. സ്വന്തം കാലില്‍ നില്‍ക്കുന്നതുവരെ അവന്റെ സാമ്പത്തീക ബാദ്ധ്യതകള്‍ മാതാപിതാക്കള്‍ നോക്കുമെന്നായതിനാല്‍ വ്യവസായത്തെകുറിച്ചോ, മുതല്‍ മുടക്കിയുള്ള ലാഭത്തെകുറിച്ചോ അവന്‍ ചിന്തിക്കുകപോലുമില്ല. 48% ആണുങ്ങളും 52% പെണ്ണുങ്ങളും ഉള്ള കേരളത്തില്‍ പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ ആണ്‍കുട്ടികളില്ലാത്ത ദാരിദ്ര്യം പല സമുദായത്തിലും ഉണ്ട്‌. അതുകൊണ്ട്‌ തന്നെ മിശ്രവിവാഹങ്ങള്‍ കൂടി വരുന്നു. പല ക്രിസ്‌തീയ സമുദായങ്ങളിലും ഈ അപത്ത്‌ മുന്നില്‍ കണ്ട്‌ മത നേതാക്കള്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാവാന്‍ ഇടയലേഖനം ഇറക്കുന്നു. മൂന്നാതു ഒരു കുട്ടി ഉണ്ടായാല്‍ സമുദായം കുട്ടിയുടെ വളര്‍ത്തുവാനുള്ള ചിലവ്‌ ഏറ്റെടുക്കുമെന്നുവരെ ചിന്തിച്ചു തുടങ്ങി. കേരളത്തിന്റെ ജനസംഖ്യാ മുരടിപ്പ്‌ സമൂഹത്തിന്റെ അടിസ്ഥാനപരമായ വ്യതിയാനമാണ്‌ കാണിക്കുന്നത്‌. അണുകുടുംബത്തില്‍ നിന്നും ചുരുങ്ങി അവിവാഹിതരായി കഴിയാന്‍ താല്‍പര്യമുള്ളവര്‍ കൂടുകയും, വൈകാരികവും സാമ്പത്തീകവുമായ ഒരു വിപത്താണ്‌ മുന്നില്‍ കാണുന്നത്‌. ഗള്‍ഫില്‍ നിന്നും തിരികെയെത്തുന്നവര്‍ ചെറിയ പണികളില്‍ വീണ്ടും പ്രവേശിക്കാതിരിക്കയും, അവ നികത്തുന്നത്‌ അന്യസംസ്ഥാനക്കാരാവുകയും, അവര്‍ കേരളത്തെ സ്വന്തം ഇടമായി കാണാന്‍ തുടങ്ങുകയും ചെയ്യുന്നത്‌ സ്വാഭാവീകം അങ്ങനെ കേരളം കുടിയേറ്റ ഭൂമിയായി മാറ്റപ്പെടുന്നതിന്‌ ഏറെ കാത്തിരിക്കേണ്ടിവരില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.