മലയാളിയുടേയും മലയാണ്മയുടേയും മുഖ്യനാട് മലനാടായ കേരളമാണ്. മലയാളി എവിടെയെല്ലാം, ഏതെല്ലാം ഇന്ത്യയിലെ ഇതര സ്റ്റേറ്റുകളിലോ ഇന്ത്യക്കു വെളിയില്‍ മറുനാടുകളിലോ കുടിയേറിയാലും, പ്രവാസ ജീവിതം നയിച്ചാലും കൊച്ചു കേരളത്തിന്റെ ഗൃഹാതുര ചിന്തകളും ഹൃദയസ്പന്ദനങ്ങളും ഹൃദയ തുടിപ്പുകളും എന്നും നെഞ്ചിലേറ്റുന്നു. കേരളത്തിലായിരിക്കുമ്പോള്‍ കേരളത്തോടില്ലാതിരുന്ന ഒരു അടുപ്പവും സ്‌നേഹവും മറുനാട്ടിലെ മലയാളിക്കുണ്ട്. അതായത് കേരളത്തില്‍ നിന്നകലുന്തോറും ആ കേരളത്തോട് അടുക്കാനുള്ള ഒരു അദമ്യമായ ആഗ്രഹവും മോഹവുമാണ് പ്രവാസി മലയാളികളുടെ മനസ്സില്‍. എന്നാല്‍ വിദേശ മലയാളികളുടെ രണ്ടാം തലമുറക്കാര്‍ക്ക് അത്രയും അടുപ്പമോ ഗൃഹാതുര ചിന്തകളൊ കാണണമെന്നില്ല. ഇന്നു കേരളത്തില്‍ നടമാടുന്ന അനീതികളേയും അക്രമങ്ങളേയും, ഭരണാധി കാരികളുടെ പിടിപ്പുകേടുകളേയും ഒക്കെ അതിനിശിതമായി വിമര്‍ശിക്കുന്ന ഏതൊരു വിദേശ മലയാളികളുടേയും മനസ്സില്‍ പിറന്ന നാടായ കേരളത്തോടുള്ള അവാച്യമായ ആത്മീയ പൊക്കി ള്‍കൊടി ബന്ധവും സ്‌നേഹവും നിലനില്‍ക്കുന്നു. മലയാളിയുടേയും മലയാണ്മയുടേയും ജാതിമത വര്‍ഗ്ഗ കുചേല കുബേര വ്യത്യാസമില്ലാത്ത ഒരു ദേശീയ ഉല്‍സവം ഓണമാണെന്നാണ് വയ്പും സങ്കല്‍പ്പവും. കള്ളവും ചതിയും വഞ്ചനയുമില്ലാതെ ഒരു നീതിനിഷ്ഠവും സാമ്പത്തിക സമൃദ്ധിയും സാഹോദര്യ ബോധവും എങ്ങും കളിയാടിയ ഒരു സല്‍ഭരണം കേരളത്തില്‍ നടത്തിയിരുന്ന പ്രജാവല്‍സലനായ മാവേലി രാജാവിനെ ചതിവിലും വഞ്ചനയിലും ഉള്‍പ്പെടുത്തി വാമനന്‍ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി എന്ന സത്യമോ മിത്ഥ്യയോ ആയ ഒരു കഥയാണ് ഓണസങ്കല്‍പ്പത്തിന്റെ ഏറ്റം മുന്നില്‍ നില്‍ക്കുന്നത്. അങ്ങനെ രാജ്യം ഭരിച്ചിരുന്ന ഒരു നല്ല രാജാവു തന്നെ ആദ്യത്തെ മലയാളി പ്രവാസിയായി പാതാളത്തിലേക്ക് താഴ്ത്തപ്പെടുകയോ കുടിയേറുകയോ ചെയ്തു. അതുപോലെ ഓരോ മറുനാടന്‍ പ്രവാസി മലയാളിയും സ്വദേശമായ കേരളത്തില്‍ നിന്ന് ചവിട്ടി പായിക്കപ്പെട്ടവരല്ലെങ്കില്‍ കൂടെ മെച്ചപ്പെട്ട മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോയവരാണെങ്കില്‍ കൂടെ ആദ്യ പ്രവാസിയായ മാവേലിമന്നന്റെ മാതിരി തന്നെ ഓണക്കാല ഗൃഹാതുര ചിന്തകളുമായി ശാരീരികമായി നാട്ടിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കൂടി മാനസികമാ യും ആത്മീയവുമായി അവര്‍ കേരളത്തിലെ ഓണം കേരളീയമായി ആഘോഷിക്കുന്നു. നാട്ടിലേ തുപോലെ തന്നെ ഓണക്കോടി, ഓണസദ്യ, ചെണ്ടമേളം, പുലികളി, തിരുവാതിരക്കളി, മാവേലി ത്തമ്പുരാന്റെ എതിരേല്‍പ്പ് തുടങ്ങിയ ഓണചുറ്റുവട്ടങ്ങളുമായി ഓണമഹോല്‍സവം പൊടിപൊടി ക്കുന്നു. മലയാള നാടിനെ നെഞ്ചിലേറ്റിയ മലയാള മനസ്സുകളില്‍ പി. ഭാസ്‌കരന്‍ എഴുതി എം.എസ്. ബാബുരാജ് സംഗീതം പകര്‍ന്ന് പി.ബി. ശ്രീനിവാസ് നിണമണിഞ്ഞ കാല്‍പ്പാടുകള്‍ എന്ന സിനിമയില്‍ പാടിയ ആ ഗാനം മുഴങ്ങുന്നു.
''മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട് കൊച്ചു മലയാളമെന്നൊരു നാടുണ്ട് കാടും തൊടികളും കനക നിലാവത്ത് കൈകൊട്ടിക്കളിക്കുന്ന നാടുണ്ട്, കാടും തൊടികളും കതിരണി വയലിന് കസവിട്ട് ചിരിക്കുമാ ദേശത്ത് തൈതെങ്ങിന്‍ തണലത്ത് താമരക്കടവത്ത് കിളിക്കൂടുപോലൊരു വീടുണ്ട് കൊച്ചു കിളിക്കൂടുപോലൊരു വീടുണ്ട്.......'' മാവേലി എന്ന പ്രജാവത്സലനായ ഒരു നല്ല ഭരണകര്‍ത്താവിനെ ചവിട്ടിത്താഴ്ത്തി സ്ഥാനഭ്രഷ്ടനാക്കി പാതാളം എന്ന സ്ഥലത്തേക്ക് പ്രവാസ ജീവിതത്തിന് അയച്ചതോടെ കേരളത്തില്‍ അനീതിയും അക്രമവും ജയിച്ചു. ജനാധിപത്യത്തിന്റെ പേരിലായും എന്തിന്റെ പേരിലായാലും പാര്‍ട്ടിക്കാരും മുന്നണികളും പരസ്പരം കാലുമാറിയും കാലുവാരിയും ഒത്തുകളിച്ചും ജനദ്രോഹ പരിപാടികള്‍ നടപ്പാക്കിയും പൊതുജനത്തെ കൊള്ളയടിച്ചും അനീതിയും അക്രമവും കൊള്ളയും കൊലയും കോഴയും നടപ്പാക്കി ദുര്‍ഭരണം നടത്തുന്നു. കോഴയും കൊള്ളയും കൊള്ളിവയ്പുംനടത്തുന്ന വമ്പന്‍ രാഷ്ട്രീയക്കാരും സിനിമാക്കാരും മതമേധാവികളും ആള്‍ ദൈവങ്ങളും കള്ളക്കടത്ത് ആഭരണ വ്യാപാരികളും തെളിവുകള്‍ നശിപ്പിച്ചും ഉരുട്ടിയും വിരട്ടിയും നീതിപീഠത്തില്‍നിന്ന് യഥേഷ്ടം രക്ഷപ്പെടുന്നു. എന്നാല്‍ അത്താഴപ്പട്ടിണിക്കാരനായവന്‍ നിസാരകുറ്റത്തിനുപോലും പിടിക്കപ്പെട്ടാല്‍ ഇടിയും തൊഴിയും ഏറ്റുവാങ്ങി ജയിലില്‍ നരകജീവിതം നയിക്കുന്നു. സങ്കല്‍പ്പത്തിലെങ്കില്‍ കൂടെ നീതിനിഷ്ഠനായ ആ മഹാനായ മാവേലി ചക്രവര്‍ത്തിയുടെ ഓര്‍മ്മകൂടെ കൊണ്ടാടുന്ന ഈ ഓണാഘോഷ വേളയില്‍ സജീവമായ ചര്‍ച്ചക്കു വിധേയമാക്കേണ്ടത്, നടപ്പാക്കാന്‍ ശ്രമിക്കേണ്ടത്, സത്യനിഷ്ഠ യും മാനവനീതിയുമൊക്കെയാണ്. കേരളഭരണത്തിന്റെയൊ സാമൂഹ്യ-സാംസ്‌കാരിക വേദിക ളിലെ പ്രവര്‍ത്തനങ്ങളുടെ നാള്‍വഴികള്‍ നിഷ്പക്ഷമായി പരിശോധിച്ചാല്‍ എവിടേയും ചവിട്ടി ത്താഴ്ത്താന്‍ കാലുപൊക്കി നില്‍ക്കുന്ന അനേകം വാമനന്‍മാരെയോ വാമനവിളയാട്ടങ്ങളെയോ ആണ് നാം കാണുക.
പ്രവാസികളുടെ പ്രവാസനാട്ടിലെ ഓണാഘോഷങ്ങളിലേക്ക് വരികയാണെങ്കില്‍ ഇവിടെയും അത്തരം വാമനവിളയാട്ടങ്ങള്‍ കുറച്ചെങ്കിലും കാണാം. ഇവിടുത്തെ ഓണാഘോഷങ്ങളിലും താലപ്പൊലിയേന്തിയ പെണ്‍കൊടിമാരുടെയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ കെട്ടി എഴുന്നള്ളിക്കുന്നത് നാട്ടില്‍ നിന്നു കിട്ടാന്‍ വശമുണ്ടെങ്കില്‍ നാട്ടിലെ സിനിമാ, രാഷ്ട്രീയ, മത സിലിബ്രിറ്റികളെയാണ്. അവരില്‍ മിക്കവരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നീതി നിഷ്ഠയില്ലാത്തവരും പൊതുജന ചൂഷകരുമാണെന്ന് ചിന്തിച്ചാല്‍ മനസ്സിലാക്കാം. അവരില്‍ മിക്കവരും പ്രവാസികളെ വാനോളം പുകഴ്ത്തും. പ്രവാസികള്‍ നാടിന്റെ നട്ടെല്ലാണ് നാട്ടില്‍ വ്യവസായത്തിനും പദ്ധതികള്‍ക്കും സിനിമാ പിടിക്കാനും ഒക്കെ മുതല്‍ മുടക്കാന്‍ പറയും. അവരുടെ ഒക്കെ വാഗ്ദാനങ്ങളും കൊഞ്ചിക്കുഴയലിലും മയങ്ങി പുറപ്പെടുന്നവരുടെ സകലതും നഷ്ടപ്പെട്ട ധാരാളം ചരിത്രങ്ങളിവിടെയുണ്ടായിട്ടുണ്ട്. ഏതാനും കൊല്ലങ്ങള്‍ക്കു മുമ്പ് ഒരു ഓണാഘോഷത്തിന് ഇവിടെ യു.എസില്‍ കുറച്ച് കേരള രാഷ്ട്രീയ കോമരങ്ങളും ചൊക്കിലി സിനിമാ സൂപ്പര്‍ ഡൂപ്പര്‍ സ്റ്റാറുകളും മതമേധാവികളും പങ്കെടുത്ത വേളയില്‍ അല്‍പ്പം വാട്ടീസടി ച്ച ഒരു ലോക്കല്‍ പ്രവാസി മലയാളി ഗായകന്‍ പാടി..... നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്... ഒരു നാഴിയിടങ്ങഴി മണ്ണുണ്ട്... അതില്‍ നാരായണക്കിളി കൂടുപോലു ള്ളൊരു നാലുകാലോലപ്പുരയുണ്ട്... (തുറക്കാത്ത വാതില്‍ - സിനിമ - പാടിയത് കെ.ജെ. യേശുദാസ്) പിന്നീട് കുറച്ചുനാള്‍ക്കു ശേഷം കേള്‍ക്കുന്നു ആ പ്രവാസി ഗായകന്റെ നാളീകേര ത്തിന്റെ നാട്ടിലുണ്ടായിരുന്ന ആ കുറച്ചു സ്ഥലം മേല്‍സൂചിപ്പിച്ച രാഷ്ട്രീയ-സിനിമാ കോമരങ്ങ ളുടെ ഡ്യൂപ്പുകളുടെ ഒത്താശയോടെയും പിന്‍ബലത്തോടെയും സ്വന്തം ബന്ധു എന്ന് പറയപ്പെടു ന്ന ചില ഗുണ്ടകള്‍ ചേര്‍ന്ന് തട്ടിയെടുത്തുവെന്ന്. അതിനു ശേഷം ഈ കലാകാരനായ പ്രവാസി നാട്ടില്‍ നിന്നെത്തുന്ന മിക്ക രാഷ്ട്രീയക്കാരെയും, സിനിമാക്കാരെയും, മതമേധാവികളേയും എയര്‍പോര്‍ട്ടില്‍ പോയി പിക്കപ്പു ചെയ്യാനും കൂടെ നിന്ന് ഫോട്ടോ എടുക്കാനും വേദി പങ്കിടാനും ശ്രമിക്കാറില്ല.
കടലിനക്കരെ കാണാപൊന്നിനുപോയ പ്രവാസി മലയാളിയെ മടങ്ങിവരുമ്പോള്‍ എന്തുകൊണ്ടു വരും എന്നതിലാണ് നാട്ടിലെ ഭരണകര്‍ത്താക്കളുടേയും തദ്ദേശ മലയാളികളുടേയും നോട്ടം- അവിടെവന്ന് പ്രവാസി ഒന്നു കുനിഞ്ഞുനിന്നാല്‍ അവരുടെ അടിവസ്ത്രവും കൂടെ ഉരിഞ്ഞുകൊണ്ടു പോകാനാണ് സര്‍ക്കാരിന്റെ നോട്ടം. ഗവണ്മെന്റിന്റെ ഒടക്ക് നിയമാവലികളാല്‍ കൗണ്‍സിലേറ്ററുകളിലും, എയര്‍പോട്ടുകളിലും, കസ്റ്റംസിലും അനാവശ്യവും അനധികൃതവുമായ നൂലാമാലകളില്‍ കുടുക്കി അവര്‍ക്കെതിരെ പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണിതീരാത്ത പാരക്കുമേല്‍ പാരകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അതുംപോരാഞ്ഞിട്ട് പ്രവാസിയുടെ നാട്ടിലെ സ്വത്തും പ്രവാസഭൂമിയില്‍ വിയര്‍പ്പൊഴുക്കിയുണ്ടാക്കിയ സ്ഥാവര ജംഗമ വസ്തുക്കളും നിയമക്കുരുക്കില്‍ പെടുത്തി ഒരു ഉഴിച്ചിലും പിഴിച്ചിലും നടത്തി തട്ടിയെടുത്തുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ ഏറെയുണ്ട്. അതവിടെനില്‍ക്കട്ടെ. ഓണാഘോഷങ്ങളിലേക്കു തിരിച്ചുവരാം
മലയാളികളുടെ ഒരു പ്രമുഖ മറുനാടായ അമേരിക്കയിലെ ഓണാഘോഷങ്ങളെ പറ്റിയും വിവരിക്കേണ്ടതുണ്ട്. കുറച്ചു കൊല്ലങ്ങള്‍ക്കു മുമ്പു വരെ മലയാളിയുടെ ദേശീയാഘോഷമായ ഓണം ഇവിടുത്തെ മലയാളികളുടെ സാമൂഹ്യ-സാംസ്‌ക്കാരിക സംഘടനകള്‍ നിറഞ്ഞ സദസ്സില്‍ മതേതരമായി ഒരുമയോടെ ആഘോഷിച്ചിരുന്നു. ഇന്ന് ആ നില മാറിയിരിക്കുന്നു. ഇന്ന് മലയാ ളികളുടെ സാമൂഹ്യസംഘടനകളുടെ ഓണാഘോഷത്തിന് വെറും ശുഷ്‌കമായ സദസ്സുകള്‍ മാത്രം. കാരണം ഈ ലേഖകനും മറ്റുപലരും പല ലേഖനത്തിനും ചര്‍ച്ചാ വേദികളിലും അവതരി പ്പിച്ചതു തന്നെയാണ്. പക്ഷെ ആരുണ്ടിവിടെ വായിക്കാനും, കേള്‍ക്കാനും, ശ്രദ്ധിക്കാനും. കേരളത്തില്‍ നിന്നിവിടേക്ക് വിവിധ മതപുരോഹിതരും മേധാവികളും മതസംഘടനകളും കടന്നുവന്നതോടെ ഇവിടെ ഒരു സെക്കുലര്‍ മലയാളി ഇല്ലാതായി. എല്ലാവരും ഓരോ മതത്തിന്റെ സങ്കുചിതമായ വേലിക്കെട്ടുകളില്‍ ഇന്നു കൂടുതലായി ബന്ധിക്കപ്പെട്ടുവരുന്നു. അവരുടെ പണവും സമയവും ആ വേലിക്കെട്ടുകളിലെ ദേവാലയങ്ങളും മതങ്ങളും ഏറ്റെടുത്തു കഴിഞ്ഞു. ബാക്കി സമയമൊ പണമൊ ഒരു സമൂഹ മലയാളി എന്ന രീതിയില്‍ ഒരുമയോടെ മതാതീതമായ രീതിയില്‍ ആഘോഷിക്കാന്‍ അവര്‍ക്കില്ല എന്നുതന്നെ പറയാം. ജാതിമത ഭേദമന്യെ മലയാളി ആഘോഷിക്കേണ്ട ഒരു ഓണമെങ്കിലും ആഘോഷിക്കാനുള്ള ഒരു സജീവ സഹകരണം അതായത് വിട്ടുകൊടുക്കല്‍ ഓരോ മതസംഘടനക്കാരില്‍ നിന്നും ദേവാലയ പ്രവര്‍ത്തകരില്‍ നിന്നുമുണ്ടാകണം., ഉണ്ടാകേണ്ടിയിരിക്കുന്നു. സീസറിനുള്ളത് സീസറിന് ദൈവത്തിനുള്ളത് ദൈവത്തിന് എന്നു കേട്ടിട്ടില്ലേ. നമ്മുടെ മിക്ക മലയാളി സംഘടനകളുടെ പ്രവര്‍ത്തനവും ശരിയായ ഒരു പാതയിലാണെന്നും തോന്നുന്നില്ല. അവിടേയും ചില മതപ്രവര്‍ത്തകര്‍ പാനലുക ളായി വന്ന് സാമൂഹ്യ മലയാളി സംഘടനകളേയും കലുഷിതമാക്കിക്കൊണ്ടിരിക്കുന്നു. ശുഷ്‌കമായി കൊണ്ടിരിക്കുന്ന മലയാളികളുടെ സാമൂഹ്യസംഘടനകളുടെ ഓണാഘോഷം തുടങ്ങിയ വേദികളിലും പലപ്പോഴും പലയിടത്തും സിലിബ്രിറ്റികളും ഉല്‍ഘാടകരും മുഖ്യപ്രഭാ ഷകരും അതിഥികളും എല്ലാം പുരോഹിതരും മതമേധാവികളും തന്നെ. പിന്നെ നാട്ടില്‍ നിന്നെത്തിയ രാഷ്ട്രീയ സിനിമാ സിലിബ്രിറ്റികളും ഡൂക്കിലികളും. അവിടെ നിന്നൂം, ഇവിടെ നിന്നൂം മതേതര വ്യക്തികളേയും ചിന്തകരേയും എഴുത്തുകാരേയും സാംസ്‌ക്കാരിക പ്രവര്‍ത്ത കരേയും അയിത്തം കല്‍പ്പിച്ച് അകറ്റി നിര്‍ത്തിയിരിക്കുകയാണ്. പിന്നെ കുറച്ച് അനര്‍ഹരായ സ്വന്തക്കാര്‍ക്കും, ഏറാന്‍മൂളികള്‍ക്കും സംഭാവനക്കാര്‍ക്കും പുരസ്‌കാരങ്ങളും അവാര്‍ഡുകളും പൊന്നാടകളും കൊടുക്കാനുള്ള ഒരവസരവുമായി ഓണം മാറിയിരിക്കുന്നു. പരസ്പരം ചൊറിയാനും ചാര്‍ത്താനും അവസരം. സത്യനീതി ധര്‍മ്മങ്ങളുടെ പരിപാലകനായ മഹാനായ മാവേലി തമ്പുരാന്റെ സന്ദര്‍ശനത്തിന്റെ ഒരു ഓര്‍മ്മ നിലനിര്‍ത്തി ഓണം നടത്തുമ്പോള്‍ ആ ഓണത്തിന്റെ ചൈതന്യം കുറച്ചെങ്കിലും ഉള്‍ക്കൊള്ളാന്‍ നാട്ടിലേയും മറുനാട്ടിലേയും ഭരണകര്‍ത്താക്കളും മതമേധാവികളും സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകരും സാധാരണ ജനങ്ങളും തയ്യാറാക ണം. 'മാവേലി നാടുവാണീടുമ്പോള്‍ മാനുഷരെല്ലാരുമൊന്നുപോലെ' എന്ന രീതിയില്‍ പാടുകയും പ്രസംഗിക്കുകയും ചെയ്യുമ്പോള്‍ പ്രത്യക്ഷമായൊ പരോക്ഷമായൊ ന• ചെയ്യുന്നവരേയും ന• ചെയ്യാന്‍ തുനിയുന്നവരേയും പാതാളത്തിലേക്ക് ചവിട്ടി താഴ്ത്താന്‍ ശ്രമിക്കരുത്. താഴ്ത്തപ്പെട്ടവരെ പൊക്കി എടുക്കാനാകണം നമ്മുടെ ശ്രമം.
നാട്ടില്‍ ഓണക്കാലത്തും വിവാദങ്ങളുടെ പെരുമഴയും പുട്ടുകച്ചവടവുമാണിപ്പോള്‍. ഏത് ഓണം വന്നാലും അവിടെ കോരന് അതായത് ദരിദ്രര്‍ക്ക് കുമ്പിളിലാണ് ഇന്നും കഞ്ഞി. കേരളത്തിലെ ഓണത്തിന്റെ പെടപെടപ്പ് തീരുമ്പോഴാണ് അമേരിക്കന്‍ മലയാളി പ്രവാസിയുടെ ഓണം ആരംഭി ക്കുന്നത്. ഇവിടെ ദേവാലയങ്ങളും നൂറുനൂറു സംഘടനകളും നാട്ടുകൂട്ടങ്ങളും പെറ്റുപെരുകിയ തുകൊണ്ട് ഓരോന്നിന്റെയും ബാനറില്‍ ഓണാഘോഷങ്ങള്‍ നവംബര്‍ മധ്യംവരെ നീണ്ടു നില്‍ ക്കും. അതു തീരുന്നതുവരെ ഇവിടത്തെ മലയാളി പ്രവാസി കുഞ്ഞുങ്ങള്‍ ഒരിംഗ്ലീഷ് ആക്‌സ ന്റോടുകൂടി പറയുന്ന മാവേലി മാമന്‍, മാവേലി മന്നന്‍, മാവേലി അങ്കിള്‍, മാവേലി ചേട്ടായി, മാ വേലി സാര്‍ അല്ലെങ്കില്‍ മിസ്റ്റര്‍ മാവേലി ഇവിടൊക്കെ നടന്നും കാറിലും വിമാനത്തിലുമൊക്കെ സഞ്ചരിച്ച് ഓണമുണ്ടുകൊണ്ടിരിക്കും. അതിന്റെ എല്ലാം കുറെ ചിത്രങ്ങളും വാര്‍ത്തകളും മാധ്യമ ങ്ങളില്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കും. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.
Comments