You are Here : Home / AMERICA TODAY

മലയാളി മാറോടണച്ച കായിക വിനോദം- വോളിബോള്‍!!!

Text Size  

Story Dated: Tuesday, October 20, 2015 11:24 hrs UTC

മോഹന്‍ മാവുങ്കല്‍

മലയാളി മാറോടണച്ച, മനസ്സിലേറ്റി നിര്‍വൃതിയടഞ്ഞ കായിക വിനോദങ്ങളില്‍ അഗ്രഗണ്യസ്ഥാനം വോളിബോളിനാണ്‌ എന്നതില്‍ രണ്ടു പക്ഷമില്ല. വട്ടകളിയും പുളിങ്കുരുക്കളിയും, ചടുകുടുവും, തലപ്പന്തുമൊക്കെ നമ്മുടെ സൃഷ്‌ടിയെങ്കിലും ഈ വിദേശിയെ നാം മനസ്സാ സ്വീകരിച്ച്‌, പുല്‍കി, വാനോളം പുകഴ്‌ത്തി. മലയാളിയുടെ മഹാമനസ്‌കതയും, ശാരീരിക ഘടനയും, കാലാവസ്ഥയും ഒത്തൊരുമയുമൊക്കെയാവാം ഇതിനെ ആളിക്കത്തിച്ച ഇന്ധനം. ഭൂമിശാസ്‌ത്രപരമായ പ്രത്യേകതയും വോളിബാളിനെ മാനസപുത്രിയാക്കുവാന്‍ മലയാളിക്ക്‌ ഊര്‍ജ്ജവും ഉള്‍പ്രേരണയും ഉത്സാഹവും പ്രചോദന കേതുവായി. അനേക കായിക പ്രകടനങ്ങള്‍ക്കും മത്സരങ്ങള്‍ക്കും ഭൂമിമലയാളം അരങ്ങൊരുക്കുമ്പോഴും അഗ്രഗണ്യസ്ഥാനം വോളിബാളിനു തന്നെ.വോളിബാള്‍ എന്ന കായിക വിസ്‌മയത്തിന്റെ ബീചാപാപവും വളര്‍ച്ചയുമാവട്ടെ ഈ തിരിഞ്ഞു നോട്ടത്തില്‍. 1895-ല്‍ മാസച്ചുസെച്ചസിലെ ഹോള്‍യോക്ക്‌ എന്ന സ്ഥലത്താണ്‌ വോളിബാള്‍ പിറവിയെടുത്തത്‌. അവിടുത്തെ വൈഎംസിഎയുടെ കായികവിഭാഗം മേധാവിയായിരുന്ന വില്യം മോര്‍ഗണ്‍, വൈഎംസിഎ അംഗങ്ങളുടെ കായികവും മാനസികവുമായ അലസതയില്‍ ഉത്‌കണ്‌ഡാകുലനായിരുന്നു. വൈഎംസിഎ അംഗങ്ങള്‍ക്ക്‌ ഉണര്‍വ്വും ഉത്തേജനവും ഒത്തൊരുമയും പകരുവാന്‍ അദ്ദേഹത്തിന്റെ ബൗദ്ധികതലത്തില്‍ ഉദിച്ച ആശയമാണ്‌ വോളിബോള്‍. ആദ്യകാലങ്ങളില്‍ ഇതിന്റെ പേര്‌ മിന്റോനെറ്റ്‌ എന്നായിരുന്നു. അനേകവര്‍ഷങ്ങളുടെ പരിഷ്‌കാരത്തിന്റെയും പരിണാമത്തിന്റെയും പരിണിതഫലമാണ്‌ ഇന്നത്തെ വോളിബോള്‍. 1896-ല്‍ ആണ്‌ സംഘടിതമായ ആദ്യമത്സരം നടന്നത്‌. മോര്‍ഗന്‍ പ്രതീക്ഷിച്ചിരുന്നതിലും നൂറിരട്ടി സ്വീകരണവും സ്വീകാര്യതയും വോളിബോളിനു ലഭിച്ചു. വളരെ ചടുലമായ ഈ കായിക വിനോദത്തെ അമേരിയ്‌ക്കന്‍ സൈന്യവും സഖ്യകക്ഷികളും ഏറ്റെടുത്തു. 1919-ല്‍ 16000 ബോളുകളാണ്‌ ലോകമാസകലം വിതരണം ചെയ്യപ്പെട്ടത്‌. ആഗോളം വ്യാപിച്ചു കിടക്കുന്ന വൈഎംസിഎ ഈ കായിക സൃഷ്‌ടിയെ ആഗോളവല്‍ക്കരിച്ചു. 1924-ല്‍ പാരീസില്‍ നടന്ന ഒളിംപിക്‌സില്‍ (വോളിബോള്‍) ആദ്യമായി അവതരിയ്‌ക്കപ്പെട്ടു. ഇന്ന്‌ ലോകത്തില്‍ ഏറ്റവും കൂടുതല്‍ കളിയ്‌ക്കുന്ന കളികളില്‍ രണ്ടാം സ്ഥാനം വോളിബോളിനു തന്നെ.

 

അമേരിയ്‌ക്കയില്‍ മാത്രം നാന്നൂറ്‌ ദശലക്ഷം ആള്‍ക്കാര്‍ ആഴ്‌ചയില്‍ ഒന്നില്‍ കൂടുതല്‍ തവണ വോളിബോള്‍ കളിയ്‌ക്കുന്നു.ലോകമെമ്പാടും ഈ സംഖ്യ എണ്ണൂറോളം ദശലക്ഷത്തില്‍ കൂടുതലാണ്‌. അമേരിയ്‌ക്കന്‍ മലയാളിയുടെ യൗവ്വനകാലം വോളീബോളുമായി ഇഴഞ്ഞുകിടക്കുന്നു. യൗവ്വനകാലസ്‌മൃതികളെ പൊടിതട്ടിയുണര്‍ത്തുവാനും ഗൃഹാതുരത്വത്തിന്റെ മുറിവുകളില്‍ ആടലോടകത്തിന്റെ എണ്ണ പുരട്ടി സ്വാന്തനിപ്പിയ്‌ക്കുവാനുമായി ബാല്‍ട്ടിമോറിലെ ഭാരതീയവംശജര്‍ രൂപീകരിച്ച സംഘമാണ്‌ ക്ലാപ്‌ (കെഎല്‍എപി) വോളിബോള്‍. ക്ലാപി(കെഎല്‍എപി) ന്റെ നാലാം വര്‍ഷ മത്സരങ്ങള്‍ നവംബര്‍ 14 തിയതികളില്‍ നടത്തപ്പെടുന്നു. എല്ലാ കായികപ്രേമികളേയും ചരിത്രമുറങ്ങുന്ന ബാല്‍ട്ടിമോറിന്റെ മണ്ണിലേയ്‌ക്ക്‌ സ്വാഗതം ചെയ്യുന്നു. -മോഹന്‍ മാവുങ്കല്‍ -ക്ലാപ്‌ (കെഎല്‍എപി) ന്യൂസ്‌ ടീം ചെയര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.