ആധുനിക കാലഘട്ടത്തില്‍ ദിശാബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഭൂരിപക്ഷ ക്രൈസ്തവ സമൂഹത്തെ ശരിയായ ദിശയിലേക്ക് നയിക്കുവാന്‍ സുദൃഢവും, ധീരവുമായ തീരുമാനങ്ങള്‍ കൈകൊള്ളുന്ന ചുരുക്കം ചില സഭാപിതാക്കന്മാരില്‍ പ്രഥമ ഗണനീയനാണ് മാര്‍ത്തോമാ സഭയുടെ പരമാദ്ധ്യക്ഷന്‍ മോസ്റ്റ് റൈറ്റ് റവ.ജോസഫ് മാര്‍ത്തോമാ മെത്രാപോലീത്താ. സാഹചര്യങ്ങളെ വിവേചിച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ യുക്തമായ തീരുമാനങ്ങള്‍ എടുത്തു നടപ്പിലാക്കുമ്പോള്‍, അതിലടങ്ങിയിരിക്കുന്ന പൊരുള്‍ ഉള്‍കൊള്ളുവാനാകാതെ തിരുമേനിയെ വിമര്‍ശിക്കുന്നതിന് ചിലര്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങള്‍ ഖേദകരമാണ്. വിമര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നവരും, പിന്താങ്ങുന്നവരും സഭയേയും, സഭാപിതാക്കന്മാരേയും ബഹുമാനിക്കുന്നവരാണെന്ന് എങ്ങനെയാണ് പറയുവാന്‍ കഴിയുക. സഭയുടെ പൂര്‍വ്വപിതാക്കന്മാര്‍ പരിപാവനമായി സൂക്ഷിച്ചിരുന്ന പാരമ്പര്യങ്ങളും, കീഴ് വഴക്കങ്ങളും തുടര്‍ന്നും പാലിക്കപ്പെടേണ്ടതാണെന്ന് നിഷ്‌കര്‍ഷിക്കുന്ന കര്‍ശന സ്വഭാവക്കാരനാണെന്ന് തീരുമേനിയെന്ന് വിശേഷിപ്പിച്ചാല്‍ അതിലൊട്ടും അതിശയോക്തിയില്ല. ഡിസം.26ന് കാലം ചെയ്ത സഫ്രഗന്‍ മെത്രാപോലീത്തായുടെ കബറടക്ക ശുശ്രൂഷയോടനുബന്ധിച്ചുണ്ടായ സംഭവങ്ങള്‍ ഇതിനടിവരയിടുന്നതാണ്. വിദേശയാത്ര കഴിഞ്ഞ് എത്തിയ തിരുമേനി അതീവഗുരുതരാവസ്ഥയില്‍ കഴിയുന്ന സഖറിയാസ് തിരുമേനിയെ സന്ദര്‍ശിച്ച് രോഗവിവരങ്ങള്‍ ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്തു. യാതൊരു പ്രതീക്ഷക്കും വകയില്ലെന്ന് വിദഗ്ദാഭിപ്രായത്തെ തുടര്‍ന്ന് വെന്റിലേറ്ററില്‍ നിന്നും മാറ്റി മരണം ഔദ്യോഗീകമായി സ്ഥിരീകരിച്ചു. സഭാ പ്രവര്‍ത്തനങ്ങളില്‍ പതിറ്റാണ്ടുകളോളം താങ്ങും തണലുമായി കൂടെയുണ്ടായിരുന്ന സഖറിയാസ് തിരുമേനിയുടെ ആകസ്മീകമായ ദേഹവിയോഗം ഹൃദയത്തിലുയര്‍ത്തിയ നൊമ്പരം മറച്ചുവെച്ചു കമ്പറടക്ക ശുശ്രൂഷകള്‍ സമയബന്ധിതമായി, നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുക എന്ന ഭാരിച്ച ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ തിരുമേനി ദത്തശ്രദ്ധനായി. തിരുവനന്തപുരത്തുനിന്നും റോഡുമാര്‍ഗം ഭൗതീക ശരീരം തിരുവല്ലാ സഭാ ആസ്ഥാനത്തു എത്തിക്കുക എന്ന ശ്രമകരമായ ദൗത്യം പൂര്‍ത്തീകരിക്കുവാന്‍ സ്വീകരിക്കേണ്ടി വന്ന കര്‍ക്കശ തീരുമാനങ്ങള്‍ ചിലരെയെങ്കിലും നിരാശപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് സ്വാഭാവീകം മാത്രം. കമ്പറടക്ക ശുശ്രൂഷയില്‍ പങ്കെടുക്കുന്നതിനും, ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നതിനും എത്തിചേര്‍ന്ന ജനസഹസ്രങ്ങള്‍ക്ക് അതിനുള്ള സൗകര്യം ഉണ്ടാക്കികൊടുക്കുവാന്‍ അഭിവന്ദ്യ മെത്രാപോലീത്താ നടത്തിയ ഇടപെടലുകള്‍ തീര്‍ത്തും അനിവാര്യമായിരുന്നു. മെത്രാപോലീത്തായെ സഹായിക്കുവാന്‍ ബാധ്യസ്ഥരായവര്‍ അല്പം കര്‍മ്മനിരതരാവുകയോ, ജനങ്ങള്‍ കൂടുതല്‍ ആത്മസംയമനം പാലിക്കുകയോ ചെയ്തിരുന്നുവെങ്കില്‍ ഇത്തരം ഇടപെടലുകള്‍ ഒഴിവാക്കാമായിരുന്നു എന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് തല്‍സമയ പ്രക്ഷേപണം കണ്ടുകൊണ്ടിരുന്നവര്‍ വിശ്വസിക്കുന്നത്. കബറടക്ക ശുശ്രൂഷകള്‍ക്കു ശേഷം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വിവിധ കമന്റുകള്‍ സഭാ സ്‌നേഹികളെ തികച്ചും നിരാശപ്പെടുത്തുകയോ, വേദനിപ്പിക്കുകയോ ചെയ്യുന്നവയായിരുന്നു. മാര്‍ത്തോമാ സഭയില്‍ നടക്കുന്ന ആരാധനകളില്‍ കുട്ടികളോടൊപ്പം മാതാപിതാക്കള്‍ പങ്കെടുക്കണമെന്നും, മദ്യ ഉല്‍പാദകരും വ്യവസായികളും, ഉപഭോക്താക്കളും ഒരുപോലെ സഭയുടെ മുഖ്യധാരയില്‍ നിന്നും മാറിനില്‍ക്കേണ്ടവരാണെന്നും സധൈര്യം പ്രസ്താവനയിറക്കിയപ്പോള്‍ മെത്രാപ്പോലീത്തായെ അഭിനന്ദങ്ങള്‍ കൊണ്ട് വീര്‍പ്പു മുട്ടിച്ചവരാണ് ഈ കമന്റുകളുടെ പുറകിലെ കറുത്തകൈകളെന്നുള്ളത് വിരോധാഭാസമായി തോന്നുന്നു. അനീതി, അച്ചടക്കരാഹിത്യം, അധര്‍മ്മം, അനാചാരം എന്നീ ദുഷ്പ്രവണതകള്‍ക്കെതിരെ പ്രതികരിക്കുന്നവരെ മറഞ്ഞുനിന്ന് കല്ലെറിയുകയും, ക്രൂശിക്കുകയും ചെയ്യുന്നതിന്റെ ഒരു ഭാഗമായിട്ടേ ഇതിനെ കാണാനാകൂ. സഭാംഗങ്ങളെ വിശ്വാസത്തില്‍ ഉറപ്പിക്കുന്നതിനും, ആഗോളതലത്തില്‍ സഭയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും പ്രായത്തെപോലും അവഗണിച്ചു നിരന്തരമായി രാജ്യാന്തര യാത്ര നടത്തുന്ന തിരുമേനിയെ എത്ര അഭിനന്ദിച്ചാലും മതിയാകയില്ല. മെത്രാപോലീത്തായുടെ തീരുമാനങ്ങള്‍ ശോഭനമായ സഭയുടെ ഭാവിയെ കരുതിയാണ് എന്ന് തിരിച്ചറിയുന്നവര്‍ തിരുമേനിയുടെ സേവനം തുടര്‍ന്നും സഭക്ക് ലഭിക്കണമെന്നാഗ്രഹിക്കുന്നു. മാത്രമല്ല ദിശാബോധം നഷ്ടപ്പെട്ടവരെ പ്രകാശത്തിലേക്ക് നയിക്കുന്ന മാര്‍ഗ്ഗദര്‍ശിയായി മെത്രാപോലീത്താ ആയുരാരോഗ്യത്തോടെ ദീര്‍ഘകാലം വസിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.
Comments