You are Here : Home / AMERICA TODAY

മട്ടാഞ്ചേരിയില്‍ നിന്നും അമേരിക്കന്‍ ബാങ്കിന്റെ തലപ്പത്തേക്ക്

Text Size  

Story Dated: Saturday, February 27, 2016 05:11 hrs UTC

കേരളത്തില്‍ നിന്നും അമേരിക്കന്‍ എക്‌സ്പ്രസ് ബാങ്കിന്റെ ഡെപ്യൂട്ടി പ്രസിഡണ്ട് സ്ഥാനത്തെത്തിയ അവിശ്വസനീയ കഥയാണ് ശ്രീധര്‍ മേനോന്‍ എന്ന മട്ടാഞ്ചേരിക്കാരന്റേത്. താഴ്ന്ന വരുമാനക്കാരനായ ഒരു ക്ലര്‍ക്കിന്റെ മകനായി ജനിച്ച മേനോന്റെ സ്വപ്നങ്ങള്‍ക്ക് എല്ലായ്‌പ്പോഴും ഒരു അതിര്‍വരമ്പുണ്ടായിരുന്നു. കൊച്ചിക്കപ്പുറം അവന്റെ സ്വപ്നങ്ങള്‍ സഞ്ചരിച്ചിരുന്നില്ല. കാരണം കടം വാങ്ങിയ പന്ത് കൊണ്ട് ക്രിക്കറ്റ് കളിച്ചിരുന്ന കുട്ടിയായിരുന്നു ശ്രീധര്‍. 1950 കളില്‍ ഹാജി മൂസ സ്‌കൂളിലായിരുന്നു പഠനം. തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളേജില്‍.. 'എന്റെ ജീവിതത്തിന്റെ വിജയം എന്നു പറയുന്നത് എന്റെ അച്ഛനാണ്. വെറുമൊരു അക്കൗണ്ടന്റായിരുന്ന അദ്ദേഹം പലരില്‍ നിന്നുമായി പണം കടം വാങ്ങിയാണ് എന്നെ പഠിപ്പിച്ചത്. എന്നാല്‍ അധികകാലം അദ്ദേഹം എന്റെ കൂടെയുണ്ടായിരുന്നില്ല. അച്ഛന് ഒന്നും തിരിച്ചകൊടുക്കാനായില്ലല്ലോ എന്നതാണ് ഇപ്പോഴത്തെ എന്റെ ഏറ്റവും വലിയ സങ്കടം.' മോനോന്‍ പറയുന്നു.  ചെറുപ്പകാലത്ത് ശ്രീധറിന്റെ ഏറ്റവും വലിയ ആഗ്രഹം കസ്റ്റംസില്‍ പ്രിവന്റീവ് ഓഫീസറാകുക എന്നതായിരുന്നു.
മഹാരാജാസ് വിട്ട ശേഷം കൊച്ചിയില്‍ നിന്നും എക്കണോമിക്‌സില്‍ ബിരുദാനന്തര ബിരുദമെടുത്തു. അവിടെ നിന്നും കൊല്‍ക്കത്തയിലേക്ക്. യൂണിയന്‍ ബാങ്കില്‍ ക്ലര്‍ക്കായി ജീവിതം ആരംഭിച്ചതായിരുന്നു ബാങ്കിംഗ് മേഖലയിലേക്കുള്ള  തുടക്കം. ആ  സമയത്തായിരുന്നു അമേരിക്കന്‍ എക്‌സ്പ്രസ് ബാങ്ക് അതിന്റെ പുതിയൊരു ശാഖ രാജ്യത്ത് ആരംഭിച്ചത്. ജോലിക്കു വേണ്ടി അപേക്ഷിച്ചെങ്കിലും മറുപടി അനുകൂലമായിരുന്നില്ല. 'എന്നാല്‍ ഒരു മാസത്തിനു ശേഷം ഇന്റര്‍വ്യൂവിനായുള്ള വിളി വന്നു. അയര്‍ലന്‍ഡ്കാരായ രണ്ട് മാനേജര്‍മാരായിരുന്നു എന്നെ ഇന്റര്‍വ്യൂ ചെയ്തത്. അസിസ്റ്റന്റ് മാനേജരായി പ്രവേശനം കിട്ടി. 475 രൂപയായിരുന്നു പ്രതിഫലം. അതു തന്നെ ഞാന്‍ പ്രതീക്ഷിച്ചതിലുമധികമായിരുനനു'. 1972 ല്‍ മാനേജരായി നിയമിച്ചു. ബാങ്കിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ ഇന്ത്യക്കാരനായ മാനേജരായിരുന്നു അദ്ദേഹം. 36 രാജ്യങ്ങളിലായി ഒരു ബാങ്കിങ് നെറ്റ് വര്‍ക്ക് ആയിരുന്നു അടുത്ത ലക്ഷ്യം. ഏഷ്യയില്‍ ബാങ്കിന്റെ വ്യാപനത്തിനായി ചുമതല ലഭിച്ച മേനോന്‍ മാനേജര്‍ സ്ഥാനം രാജി വെച്ചു. അവിടെ അദ്ദേഹം കാഴ്ച വെച്ച സ്തുത്യര്‍ഹ സേവനമാണ് ബാങ്കിന്റെ ഡെപ്യൂട്ടി പ്രസിഡണ്ട് സ്ഥാനത്തെത്തിച്ചത്. വിറ്റിയോസ് കാപ്പിറ്റല്‍ മാര്‍ക്കറ്റ് സര്‍വ്വീസിന്റെ ചെയര്‍മാനാണ് ഇപ്പോഴദ്ദേഹം. ജോലിക്കു പുറമെ നിരവധി സേവന പ്രവര്‍ത്തനങ്ങളിലും പങ്കാളിയാണ് മേനോന്‍. രാജ്യത്തങ്ങോളമിങ്ങോളം നിരവധി സേവനപ്രവര്‍ത്തനങ്ങളാണ് ശ്രീധര്‍ മേനോന്‍ എന്ന മലയാളി കാഴ്ച വെക്കുന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.