You are Here : Home / AMERICA TODAY

സമയമുള്ളവര്‍ക്കെ സംഘടന വളര്‍ത്താനാകൂ

Text Size  

Story Dated: Saturday, March 05, 2016 02:11 hrs UTC

ഒരമ്മയുടെ ഉത്തരവാദിത്വവും കരുതലുമുണ്ട് അമേരിക്കന്‍ മലയാളിസംഘടനയായ ഫോക്കാനയ്ക്ക്. വര്‍ഷങ്ങളുടെ തഴക്കവും പരിചയവും മുതല്‍കൂട്ട്. വീമ്പ് പറയാത്ത ഒരു തറവാടിന്റെ സ്നേഹം. അതു കൊണ്ടു തന്നെയാണ് പിണങ്ങിപ്പോയ മക്കള്‍ തിരിച്ചുവന്നാലും രണ്ടുംകൈയും നീട്ടി സ്വീകരിക്കാന്‍ തയ്യാറാണെന്ന് പറയാന്‍ സാധിക്കുന്നതും. ഫോക്കാന പിളര്‍ന്ന് ഫോമ രൂപംകൊണ്ടതിനു ശേഷവും യോജിപ്പിന്റെ വാതില്‍ തുറന്നിട്ട്‌ ആതിഥ്യമര്യാദയോടെ സ്വീകരിക്കാന്‍ തയ്യാരാകുന്നതും ആ തറവാടിത്തവും സ്നേഹവും കൊണ്ടാണ്. തലപ്പത്തിരിക്കുന്നവര്‍ മാറി വന്നാലും ലക്ഷ്യവും ഉത്തരവാദിത്വവും മാറുന്നില്ല.അതാണ് ഫോക്കാനയുടെ നയം. രീതി. ഭാവി പരിപാടികളെപറ്റിയും കണ്‍വന്‍ഷനെപറ്റിയും ഇപ്പോഴത്തെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍കറുകപ്പള്ളി അശ്വമേധത്തോട് സംസാരിക്കുന്നു ലക്‌ഷ്യം

 

 

ഒന്ന്; പിന്നെന്തിനു രണ്ടാകുന്നു ?

 

 

ശരിയാണ്, അമേരിക്കന്‍ മലയാളികളുടെ സഹായവും കരുതലുമാണ് ഫോക്കാനയും ഫോമയും. നിര്‍ഭാഗ്യവശാല്‍ പലതും സംഭവിച്ചു. ഒരിക്കലും പാടില്ലാത്തതായിരുന്നു അത്. ഇനി പറഞ്ഞിട്ട് കാര്യമില്ല. ഞങ്ങളുടെ ഭാഗം വ്യക്തമാണ്. യോജിപ്പിന്റെ പാത ഞങ്ങള്‍ക്ക് വിദൂരമല്ല. പക്ഷെ സംഘടനയുടെ പെരുമാറ്റി ഒരു യോജിപ്പിന് തയ്യാറുമല്ല. തിരിച്ചുപോയവര്‍ക്ക് എന്നും ഇപ്പോഴും മടങ്ങിവരാം. ആര്‍ക്കും വിലക്കില്ല. മറ്റുസംഘടനകളെ പിളര്‍ത്തി ആളെക്കൂട്ടുന്നത് ഫൊക്കാനയുടെ നയമല്ല. അതില്‍ കാര്യവും ഇല്ല. അതൊരു ഇലക്ഷന്‍ സ്റ്റണ്ട് ആണ്. ഇലക്ഷന്‍ മോശമാണെന്നല്ല. നേരിട്ട് തെരഞ്ഞെടുക്കുന്നതിനേക്കാള്‍ നല്ലതാണ് ഇലക്ഷന്‍. കഴിവുള്ളവര്‍ രംഗത്ത് വരട്ടെ. എന്നാല്‍ ഇലക്ഷന് വേണ്ടി പണം ധൂര്‍ത്തടിച്ച് കളയുന്നതും വ്യക്തി വൈരാഗ്യം കാണിക്കുന്നതും നല്ല സംസ്കാരമല്ല. മത്സരിച്ചു ജയിക്കുന്നത് തന്നെയാണ് നേതാവിന് നല്ലത്. ഒരാള്‍ക്ക് വോട്ടുചെയ്യണമെന്ന് ഞാന്‍ പറയില്ല. അംഗങ്ങള്‍ തീരുമാനിക്കട്ടെ ആരെ വേണമെന്നും വേണ്ടെന്നും

 

 

പ്രായം, പണം?

 

പ്രായവും പണവും പ്രശ്നം‍ തന്നെയാണ്. ചെറുപ്പക്കാര്‍ രംഗത്തുവരണമെന്നാണ് ആഗ്രഹം. യുവരക്തം സംഘടനയ്ക്ക് കരുത്തേകും. അതേസമയം അവര്‍ക്ക് സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ സമയവും വേണം. പ്രായത്തെയും സമയത്തെയും പറ്റി അശ്വമേധത്തില്‍ വന്ന അനിയന്‍ ജോര്‍ജിന്റെ അഭിപ്രായം വായിച്ചു. അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്. സമയമുള്ളവര്‍ക്കെ സംഘടന വളര്‍ത്താനാകൂ... പണവും വേണം. രണ്ടുവര്‍ഷം അസാധ്യതിരക്കായിരിക്കും. അംഗസംഘടനകളില്‍ വിശ്വാസമുണ്ടാകണം. അവരുടെ ആവശ്യങ്ങള്‍ക്ക് ചിലപ്പോള്‍ സ്വന്തം പണം മുടക്കി പോകേണ്ടിവരും. അമേരിക്കയില്‍ യാത്രാചെലവ് ഭീകരമാണ്. ഇതെല്ലാം വരുമാനമുള്ളവര്‍ക്കേ സാധിക്കൂ..ഫോക്കാനയില്‍ ഇന്നേവരെ അത്തരത്തില്‍ പണം പൊതുഅക്കൌണ്ടില്‍ നിന്ന് ആരും ചെലവാക്കിയിട്ടില്ല. നേതൃത്വത്തില്‍ വരുന്ന എല്ലാവരോടും ഞങ്ങള്‍ ഇത് പറയാറുണ്ട്.

 

സംഘടനാപരിചയമുള്ളവര്‍ കുറവാണോ?

 

 

പണമുണ്ടെങ്കില്‍ ഏതു സംഘടനയിലും കയറിപ്പറ്റാം എന്ന ആരോപണം ഉണ്ട്. സംഘടനാ പരിചയമില്ലാതെ പണം മാനദണ്ഡമാക്കുന്നത് നല്ലതല്ല. എന്നാല്‍ സീനിയര്‍ നേതാകള്‍ ചെറുപ്പക്കാരെ സപ്പോര്‍ട്ട് ചെയ്യുകയും വേണം. അതേസമയം ഗ്രൂപ്പുകളി അധികമാകുകയും ചെയ്യരുത്. ഗ്രൂപ്പുകള്‍ ഉണ്ടാകുന്നതുകൊണ്ട്കുഴപ്പമില്ല. പക്ഷെ ഇലക്ഷന്‍ കഴിയുന്നതോടെ ഗ്രൂപ്പ് നശിക്കണം.

 

ചാരിറ്റിയില്‍ വലിയ വിശ്വാസമില്ലെന്നു തോന്നുന്നു? ആരുപറഞ്ഞു?

 

 

ഞങ്ങള്‍ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ പരസ്യമാക്കുന്നതിനോടാണ് ഞങ്ങള്‍ക്ക് താല്പര്യമില്ലാത്തത്. അത് നാട്ടില്‍പാടി നടക്കേണ്ട കാര്യമില്ല. മുപ്പത്തിയഞ്ചുവര്ഷം പഴക്കം ചെന്ന സംഘടന ഇന്നും നിലനില്‍ക്കുന്നത് അതിന്‍റെ വിശ്വാസ്യതകൊണ്ടാണ്-ചാരിറ്റി പ്രവര്‍ത്തനംകൊണ്ടാണ്. കേരളത്തിലും അമേരിക്കയിലും ഉള്ള എത്രയോപേര്‍ക്ക് ഞങ്ങള്‍ സഹായമെത്തിച്ചു. വരുന്ന മൂന്നാം തലമുറയും ഫൊക്കാനയുടെ മഹത്വം അറിഞ്ഞവരാണ്. ഇവിടുത്തെ ഇലക്ഷനില്‍ ഞങ്ങളുടെ പ്രതിനിധികള്‍ മത്സരിക്കുന്നുണ്ട്. അവരെ ജയിപ്പിക്കുന്നുമുണ്ട്. അമേരിക്കന്‍ മലയാളിക്കാണ് സഹായം കൂടുതല്‍ ആവശ്യം. അല്ലാതെ കേരളത്തില്‍ അല്ല.

 

കണ്‍വന്‍ഷന് ആളുകള്‍ കുറയുന്നുണ്ടോ?

 

 

1983ല്‍ തുടങ്ങിയ സംഘടനയ്ക്ക് ആളെക്കൂട്ടെണ്ട ഗതികേട് ഇതുവരെ ഉണ്ടായിട്ടില്ല. എല്ലാ കണ്‍വന്‍ഷനും പള്ളി ആഘോഷങ്ങളും ജൂലൈയില്‍ നടത്തുന്നത് കാരണം എല്ലാ സംഘടനകള്‍ക്കും ആളുകള്‍ കുറവാണ്. മാധ്യമപ്രവര്‍ത്തകരടക്കമുള്ള ആളുകള്‍ക്ക് മുറികള്‍ ബുക്ക് ചെയ്തുകഴിഞ്ഞു. മാധ്യമസെമിനാറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. നാട്ടില്‍ നിന്ന് മന്ത്രിമാരെയും പ്രതീക്ഷിക്കുന്നു. കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. എല്ലാവരെയും കണ്‍വന്‍ഷനിലേക്ക് സ്വാഗതം ചെയ്യുന്നു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.