You are Here : Home / AMERICA TODAY

മണിയെ കാണാന്‍ പോലും കൂടെ നില്‍ക്കുന്നവര്‍ സമ്മതിക്കാറില്ല: ബന്ധുക്കള്‍

Text Size  

മധു കൊട്ടാരക്കര

rajanmadhu@hotmail.com

Story Dated: Thursday, March 24, 2016 01:22 hrs UTC

കലാഭവന്‍ മണിയെ കാണാന്‍ പോലും സമ്മതിക്കാത്തവരാണ് സുഹൃത്തുക്കളായി കൂടെ നടക്കുന്നവരെന്ന് ബന്ധുക്കള്‍. ആഘോഷങ്ങള്‍ക്കു പോലും മണിയെ വിട്ടുതരാതെ സ്വകാര്യസ്വത്തായി സൂക്ഷിക്കുകയാണ് സുഹൃത്ത് ചമഞ്ഞ് നടക്കുന്നവര്‍ ചെയ്തതെന്ന് മണിയുടെ മൂത്ത സഹോദരിയുടെ ഭര്‍ത്താവ് ചന്ദ്രന്‍ 'അശ്വമേധ'ത്തോട് പറഞ്ഞു. ''മണിയെ ഓര്‍ത്തിട്ടാണ് ഇതുവരെയും പ്രശ്‌നമുണ്ടാക്കാതിരുന്നത്. രണ്ടുമൂന്നു തവണ മണിയുടെ സഹോദരനായ രാമകൃഷ്ണന്‍ ഔട്ട്ഹൗസില്‍ പോയി ബഹളംവച്ചിരുന്നു. ഇനിയും മണിക്ക് മദ്യം നല്‍കിയാല്‍ താന്‍ ഇക്കാര്യം പുറത്തുപറയുമെന്ന് പറഞ്ഞിട്ടും അവര്‍ ഗൗനിച്ചില്ല. ഓണം, വിഷു പോലുള്ള ആഘോഷങ്ങളുള്ള സമയത്ത് കുടുംബത്തോടൊപ്പം ചേരാന്‍ മണിക്ക് പണ്ടേ താല്‍പ്പര്യമായിരുന്നു. ആ ഇഷ്ടത്തെപ്പോലും ഇല്ലാതാക്കാന്‍ മണിക്കു ചുറ്റുമുള്ളവര്‍ക്ക് കഴിഞ്ഞു. ആഘോഷങ്ങള്‍ക്ക് വിളിച്ചാല്‍ 'മണിച്ചേട്ടന് അന്ന് വേറെ പ്രോഗ്രാമുണ്ടെന്ന്' പറഞ്ഞ് ഒഴിവാക്കുകയാണ് ചെയ്യാറ്. അതിനുശേഷം ഏതെങ്കിലും വലിയ ഹോട്ടലുകളില്‍ കൊണ്ടുപോയി മണിയെക്കൊണ്ട്് ഭക്ഷണം വാങ്ങിപ്പിക്കും. എന്നിട്ട് അവര്‍ തന്നെ ആഘോഷിക്കും. സുഹൃത്തുക്കളെ പിണക്കേണ്ട എന്നു കരുതിയാണ് മണി ഒന്നും പറയാതിരിക്കുന്നത്.'' ചന്ദ്രന് ക്ഷോഭമടക്കാന്‍ കഴിയുന്നില്ല. ''മണിക്ക് സ്വന്തമായി ഒരുപാടു കാറുകളുണ്ട്. അതിലെല്ലാം സുഹൃത്തുക്കള്‍ മാത്രമാണുണ്ടാവുക. ഞങ്ങളെ കയറ്റാന്‍ പോലും അവര്‍ സമ്മതിക്കാറില്ല. ഞങ്ങളാരും പോകാറുമില്ലെന്നതാണ് സത്യം. പ്രോഗ്രാമിന് പോകുമ്പോള്‍ പോലും മണിയുടെ സഹോദരങ്ങളാണ്, ബന്ധുക്കളാണ് എന്നു പറഞ്ഞ് സ്ഥാനം നേടാറില്ല. അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ എല്ലാ പ്രോഗ്രാമിന്റെയും മുന്‍നിരയില്‍ പോയി ഇരിക്കാമായിരുന്നു. ആ രീതിയില്‍ ഞങ്ങളാരും ഒരു ശല്യത്തിനും പോകാറില്ല.'' ചന്ദ്രന്‍ പറഞ്ഞു. കൂടെ നടക്കുന്നവര്‍ക്ക് തന്റെ സഹോദരനെക്കൊണ്ടുള്ള നേട്ടം ചില്ലറയല്ലെന്ന് മണിയുടെ അനുജന്‍ ആര്‍.എല്‍.വി.രാമകൃഷ്ണന്‍ പറഞ്ഞു. ''എന്താവശ്യപ്പെട്ടാലും എന്റെ സഹോദരന്‍ ചെയ്തുകൊടുക്കും. മിക്കവരും അദ്ദേഹത്തെ സാമ്പത്തികമായി ഉപയോഗിക്കുന്നവരാണ്. ഒരു ഷര്‍ട്ട് എടുക്കാന്‍ വേണ്ടി തുണിക്കടയില്‍ കയറിയാല്‍ ഒപ്പം വന്ന എല്ലാവര്‍ക്കും ഷര്‍ട്ടും പാന്റ്‌സും എടുത്തുകൊടുക്കും. അതാണ് ശീലം. അങ്ങനെയുള്ള പൊന്മുട്ടയിടുന്ന താറാവിനെയാണ് ഇവരെല്ലാവരും ചേര്‍ന്ന് അപായപ്പെടുത്തിയത്.'' രാമകൃഷ്ണന്‍ വിതുമ്പലടക്കാന്‍ കഴിഞ്ഞില്ല. മണിമാമന്റെ ചുറ്റും നടക്കുന്നവര്‍ ബന്ധുക്കളെ മനഃപ്പൂര്‍വം അകറ്റിനിര്‍ത്താനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്ന് കലാഭവന്‍ മണിയുടെ മരുമക്കള്‍ പറഞ്ഞു. ''എന്തിനേറെപ്പറയുന്നു, അമൃത ആശുപത്രിയില്‍വച്ച് ആംബുലന്‍സില്‍ കയറാന്‍ നോക്കുമ്പോള്‍പോലും ബന്ധുക്കളെ പുറത്താക്കാനാണ് മാമന്റെ മാനേജരായ ജോബി ശ്രമിച്ചത്. ഇക്കാര്യം ജോബിയോട് പറഞ്ഞപ്പോള്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്ന് പറഞ്ഞ് തങ്ങളെ അധിക്ഷേപിക്കുകയായിരുന്നു. ഇനി ഞങ്ങള്‍ക്ക് നോക്കാനൊന്നുമില്ല. കുടുംബത്തിന്റെ തണലായ മണിമാമന്‍ പോയി. അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ആരെയും വെറുതെവിടില്ല.'' അവര്‍ വ്യക്തമാക്കി. സിനിമയില്‍നിന്ന് ഒരുപാട് അവസരങ്ങള്‍ വന്നിട്ടും അതൊക്കെ ഒപ്പംനില്‍ക്കുന്നവര്‍ ഒഴിവാക്കുകയായിരുന്നുവെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. സിനിമയില്‍ അഭിനയിച്ചാല്‍ ചെക്കാണ് കിട്ടുക. അതില്‍നിന്നും അടിച്ചുമാറ്റാന്‍ കഴിയില്ല. എന്നാല്‍ പ്രോഗ്രാമിന് പോയാല്‍ പണമായി കിട്ടും. പ്രോഗ്രാം കഴിഞ്ഞാല്‍ വീട്ടിലേക്ക് വരാറുമില്ല. പാഡിയിലാണ് കഴിയുക. ആ തക്കത്തിന് മോഷ്ടിക്കുകയോ ചോദിച്ചുവാങ്ങിക്കുകയോ ചെയ്യാം. പല തവണ പാഡിയില്‍നിന്നും പണം മോഷണം പോയതനായി സഹോദരന്‍ തന്നോടു പറഞ്ഞിട്ടുണ്ട്. സിനിമാചര്‍ച്ചയ്ക്കായി വരുന്ന സംവിധായകരെപ്പോലും അകറ്റിനിര്‍ത്താനാണ് സുഹൃത്തെന്നു പറയുന്നവര്‍ ശ്രമിച്ചത്.'' രാമകൃഷ്ണന്‍ പറഞ്ഞു. മണിയെ കാണാനെത്തിയപ്പോള്‍ സുഹൃദ്‌സംഘം തന്നെ തടഞ്ഞതായും ഇപ്പോള്‍ കാണാന്‍ പറ്റില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതായും കലാഭവന്‍ പീറ്റര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. മണിയില്‍ കഴിവുണ്ടെന്ന് മനസ്സിലാക്കി കലാഭവനില്‍ എത്തിച്ചയാളാണ് പീറ്റര്‍. മണി വലിയ നടനായി ഉയര്‍ന്നപ്പോള്‍ ഇടയ്ക്കിടെ പീറ്ററെ കാണാന്‍ വരുമായിരുന്നു. ഒരിക്കല്‍ എന്തോ അത്യാവശ്യത്തിനായി പീറ്റര്‍ പോയപ്പോഴാണ് ഈ ദുരനുഭവം. സത്യം പറഞ്ഞാല്‍ മണി കഴിഞ്ഞ ആറുമാസമായി സുഹൃത്തുക്കളുടെ 'തടവി'ലായിരുന്നു. ഇക്കാര്യം ബന്ധുക്കളും സമ്മതിക്കുന്നുണ്ട്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.