കാസര്‍ഗോഡ്: അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്, പാതിയാകാശം സ്ത്രീകള്‍ക്ക്, അബലകളല്ലീ സ്ത്രീകള്‍… മുദ്രാവാക്യങ്ങളും സ്വപ്‌നങ്ങളും സുന്ദരം. പക്ഷെ, ഇവിടെ ഈ സാക്ഷര സുന്ദര കേരളത്തിലിതാ, നിയമസഭയുടെ ചരിത്രത്തിലിന്നുവരെ ഒരു സ്ത്രീ പോലും ഈ ജില്ലയില്‍ നിന്ന് നിയമസഭയിലെത്തിയിട്ടില്ല.
പേരും പെരുമയുമുള്ളവരെ വിജയിപ്പിച്ച കാസര്‍കോട് ജില്ലയാണത്. ജില്ലയില്‍ നിന്നും ഇതുവരെ ഒരു വനിത പോലും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. ജയിക്കുന്നതുപോകട്ടെ, കേരളത്തിലെ മുഖ്യധാരാ പാര്‍ട്ടികള്‍ ഇന്നുവരെ വനിതാ സ്ഥാനാര്‍ത്ഥിയെപ്പോലും മത്സരിപ്പിച്ചിട്ടില്ലെന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. സംസ്ഥാനത്തെ തന്നെ ഏറ്റവും ശക്തരായ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വനിതാ അമരക്കാരുള്ള ഒരു ജില്ലയിലാണ് നിയമനിര്‍മ്മാണ സഭകളിലേക്ക് സ്ത്രീകള്‍ക്ക് അയിത്തം കല്‍പ്പിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് തുല്യത അവകാശപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി നേതൃത്വവും വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
കാസര്‍കോട്് ജില്ലയിലെ പ്രമുഖ മുണികള്‍ ഒന്നും തന്നെ ഇതുവരെയായി വനിതകളെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് ഇറക്കിയിട്ടില്ല. കഴിഞ്ഞ തവണ കാസര്‍കോട് മണ്ഡലത്തില്‍ ജയലക്ഷ്മി ഭട്ടിനെ മത്സരിപ്പിച്ച ബിജെപി മാത്രമാണ് ഇതിനൊരു അപവാദം. ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതേവരെ ഏറ്റവും കൂടുതല്‍ വോട്ടുനേടിയ വനിതാ സ്ഥാനാര്‍ത്ഥിയും ജയലക്ഷ്മി ഭട്ട് തന്നെ. മുസ്ലീംലീഗിലെ എന്‍എ നെല്ലിക്കുന്നിനെതിരെ മത്സരിച്ച 43330 വോട്ട് ഇവര്‍ സ്വന്തം പേരിലാക്കി.
ഇതിനു പുറമെ സി പി എമ്മിലെ ബദല്‍ രേഖാ വിവാദത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്തായി സിഎംപി രൂപീകരിച്ച എംവി രാഘവന്‍ സിപിഎമ്മിലെ കരുത്തനായ നായനാര്‍ക്കെതിരെ മത്സരിക്കാന്‍ നിയോഗിച്ചത് പ്രമുഖ അഭിഭാഷകയും സിഎംപി സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ആലീസ് കൃഷ്ണയെയായിരുന്നു. 1987ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂരിലായിരുന്നു മത്സരം. 1991ല്‍ നടന്ന തിരഞ്ഞെടുപ്പിലും ജില്ലയില്‍ സ്ത്രീ സാന്നിധ്യം ഉണ്ടായി. സംവരണ മണ്ഡലമായ ഹോസ്ദുര്‍ഗ്ഗില്‍ സ്വതന്ത്രയായി മത്സരിച്ച കെ പത്്മിനികുട്ടിക്ക് പക്ഷെ 349 വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളൂ. മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിന് കൂടി കളമൊരുങ്ങുമ്പോള്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാംതന്നെ വനിതകളെ തീര്‍ത്തും കയ്യൊഴിഞ്ഞ അവസ്ഥയിലാണ്. സ്ത്രീ തുല്യതയ്ക്കായി വാതോരാതെ സംസാരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും, ജില്ലയുടെ 31 വര്‍ഷക്കാലത്തെ ചരിത്രത്തിനിടയില്‍ ഇന്നേ ദിവസം വരെ ഒരു സ്ഥാനാര്‍ത്ഥിയെപ്പോലും മത്സരിപ്പിച്ചിട്ടില്ലെന്നതും മറ്റൊരു യാതാര്‍ത്ഥ്യമാണ്.
Comments