You are Here : Home / AMERICA TODAY

ജനപക്ഷത്ത് നിന്ന് അല്പം ശിഥിലമായ സ്വതന്ത്ര ചിന്തകള്‍

Text Size  

A. C. George

AGeorge5@aol.com

Story Dated: Thursday, April 28, 2016 10:46 hrs UTC

ആസന്നമായ കേരളാ അസംബ്ലി ഇലക്ഷനില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യെ ജനാധിപത്യ വോട്ടിംഗ് രാഷ്ട്രീയ പ്രക്രീയയില്‍ ജനപക്ഷത്ത് ഉറച്ചു നിന്ന് അല്പം ശിഥിലമായ സ്വതന്ത്ര ചിന്തകള്‍ രേഖപ്പെടുത്തുകയാണീ ലേഖനത്തിന്റെ ലക്ഷ്യം. നാട്ടില്‍ വസിച്ചാലും വിദേശത്തു വസിച്ചാലും ഏതൊരാള്‍ക്കും സഭ്യമായ ഭാഷയില്‍ എന്തും തുറന്നെഴുതാനും പറയാനും സ്വാതന്ത്ര്യവും അവകാശവുമുണ്ടെന്ന കാര്യം ഒരു വിമര്‍ശകരും മറക്കരുത്. അധ്യായങ്ങളായി എഴുതുന്ന ഒരു തുടര്‍ലേഖനമാണിത്. അതിനാല്‍ ഇത് തുടര്‍ച്ചയായി വായിച്ച് ചിന്തിച്ചാല്‍ മാത്രമെ ലേഖകന്റെ ആശയങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് വിനയപൂര്‍വ്വം അഭിപ്രായപ്പെടട്ടെ... അത്യന്തം സേവന തല്‍പ്പരതയോടെ ജനങ്ങള്‍ കനിഞ്ഞു നല്‍കുന്ന എം.എല്‍.എ. തൊഴില്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനായി രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും ജനപക്ഷത്തിന്റെ മുമ്പില്‍ വോട്ടിനായി യാചിക്കുന്ന ഒരവസരമാണിത്. ഇപ്പോള്‍ സാക്ഷാല്‍ എല്ലാ സ്ഥാനാര്‍ത്ഥികളും ജനങ്ങളുടെ മുമ്പില്‍ വോട്ടിനായി ഓച്ഛാനിച്ചു നില്‍ക്കുന്ന വെറും അപേക്ഷകരും കൂലിതൊഴിലാളികളുമാണ്. അതായത് ഇപ്പോള്‍ ജനാധിപത്യമാണ്, ജനങ്ങളാണ് തങ്ങളുടെ യജമാന•ാരും അന്നദാതാക്കളെന്നും അവര്‍ തൊള്ളതുറന്ന് വിളിച്ചു പറയുന്നു. എന്നാല്‍ ജയിച്ചു കഴിഞ്ഞാല്‍ ഈ ജനസേവകരുടെ നിറം ഓന്തിന്റെ മാതിരി പെട്ടെന്നു മാറുന്നു. ഒന്നുകൂടെ വ്യക്തമാക്കാം... അതായത് ഇവരൊക്കെ തെരഞ്ഞെടുപ്പ് എന്ന പാലം കടക്കുവോളം നാരായണാ.... നാരായണ.... എന്നു ജനങ്ങളാകുന്ന ദൈവങ്ങളെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നു. കടമ്പ-പാലം- കടന്ന് ഒന്നു ജയിച്ചു കിട്ടിയാല്‍ പിന്നെ ഇവര്‍ തങ്ങളെ തെരഞ്ഞെടുത്ത ജനങ്ങളെ നാരായണനെന്നല്ലാ കൂരായണ എന്ന് വിളിച്ച് അവഹേളിക്കുന്നു. പിന്നെ ജയിച്ച കൂട്ടര്‍ക്ക് ജനാധിപത്യ വിശ്വാസമില്ല. മറിച്ച് ജനങ്ങളുടെ മേല്‍ ആധിപത്യമാണ് ജനാധിപത്യം എന്ന തോതിലുള്ള പ്രവര്‍ത്തനമാരംഭിക്കുന്നു. ജനങ്ങളുടെ നികുതി പണം ഖജനാവ് ധൂര്‍ത്തടിക്കുന്നു, കൊള്ളയടിക്കുന്നു. അഴിമതി, കൈക്കൂലി, സ്വജനപക്ഷപാതം, അനീതി, അക്രമം തുടങ്ങിയ ജനവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി അവര്‍ മുന്നേറുന്നു. വാഗ്ദാനങ്ങള്‍ കാറ്റില്‍ പറത്തുന്നു, ലംഘിക്കുന്നു. കുറ്റകൃത്യങ്ങള്‍ മൂടിവെക്കാനായി അവര്‍ ധാരാളം മുടന്തന്‍ ന്യായങ്ങള്‍ നിരത്തുന്നു. ജനാധിപത്യത്തിന്റെ പേരില്‍ ജനങ്ങളുടെ മേല്‍ സര്‍വാധിപത്യത്തിന്റെ പിടിമുറുക്കി അവര്‍ വോട്ടറ•ാരായ സാധാരണക്കാരേയും പൊതുജനങ്ങളേയും അനേകവര്‍ഷങ്ങളായി വഞ്ചിച്ചും കബളിപ്പിച്ചും വരുന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഈ മുന്നണികളും പിന്നണികളും യാതൊരു തത്വദീക്ഷയുമില്ലാതെ മാറിമാറി ജയിച്ചും ഭരിച്ചും പ്രതിപക്ഷത്തിരുന്നും തങ്ങളുടെ അന്നദാതാക്കളായ, യജമാന•ാരായ ജനങ്ങളെ നോക്കി പരിഹസിക്കുന്നു. ഭരിക്കുന്ന പാര്‍ട്ടിയുടേയും നേതാക്കളുടേയും അന്യായങ്ങളേയും കൊള്ളയേയും നേരിട്ട് പൊറുതിമുട്ടുമ്പോള്‍ എതിര്‍ മുന്നണിക്ക് വോട്ട് ചെയ്ത് ജയിപ്പിച്ച് വീണ്ടും വീണ്ടും പരീക്ഷണങ്ങള്‍ നടത്തുന്നു. അതായത് ഓരോ പ്രാവശ്യവും 'തമ്മില്‍ ഭേദം തൊമ്മന്‍' എന്ന രീതിയില്‍ മാത്രം ഓരോ മുന്നണിയേയും മാറി മാറി ജയിപ്പിക്കുന്നു, തോല്‍പ്പിക്കുന്നു. കക്ഷികളുടേയും തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളുടേയും ഭൂതകാല പ്രകടനങ്ങള്‍ ഈ നിലയിലായതിനാല്‍ ഈ വരുന്ന ഇലക്ഷനിലും ജനങ്ങള്‍ നല്‍കുന്ന ജയപരാജയങ്ങളോ മാല്‍ഡേറ്റൊ അവരുടെ പ്രവര്‍ത്തന സേവനമികവിന്റെ അംഗീകാരമായി കരുതരുത്. പ്രത്യുത പ്രവര്‍ത്തന പരാജയങ്ങള്‍ക്ക് ഇപ്പോഴത്തെ ഭരണകക്ഷിക്ക് എതിരായ ഒരു ശിക്ഷണ നടപടിയായി മാത്രം കണ്ടാല്‍ മതി. അതായത് ഭരണപക്ഷത്തിന് ജനങ്ങള്‍ നല്‍കിയ പരാജയം പ്രതിപക്ഷത്തിന് ജയമായി കലാശിക്കുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതലാണ് ഓരോ പാര്‍ട്ടിയുടേയും മുന്നണികളുടേയും പമ്പരവിഡ്ഢിത്വവും പാപ്പരത്തവും പ്രകടമാകുന്നത്. പാര്‍ട്ടികളുടെ കീഴ്ഘടകങ്ങളില്‍ നിന്ന് ജനാധിപത്യ പ്രക്രിയയില്‍ തെരഞ്ഞെടുക്കപ്പെടുന്നവരെയല്ലാ മറിച്ച് മേല്‍ത്തട്ടില്‍ നിന്നും വലിയ നേതാക്കളുടെ ചെരുപ്പുനക്കികളും മറ്റുമായവരെയും അടിച്ചേല്‍പ്പിക്കുന്ന, നൂലില്‍ കെട്ടിയിറക്കിയ രീതിയിലുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയങ്ങളാണ് പ്രത്യേകിച്ച് യു.ഡി.എഫില്‍ നടന്നത്. പലവട്ടം തെരഞ്ഞെടുപ്പില്‍ ജയിച്ചവരേയും തോറ്റവരേയും ആവര്‍ത്തിച്ച് ആവര്‍ത്തിച്ചിവിടെ സീറ്റ് നല്‍കിയിരിക്കുകയാണ്. പലവട്ടം ജയിക്കുന്നതും തോല്‍ക്കുന്നതും സ്ഥാനാര്‍ത്ഥിയാകുന്നതും തെറ്റല്ല. മറിച്ച് ഒരു യോഗ്യതയാണെന്നു പറഞ്ഞ് സമ്മര്‍ദ്ദ തന്ത്രവുമായി അവര്‍ വീണ്ടും മല്‍സരിക്കുന്നു. ആകെയുള്ള 140 നിയോജകമണ്ഡലങ്ങളില്‍ ആങ്ങളക്കും പെങ്ങള്‍ക്കും സ്ഥാനാര്‍ത്ഥിത്വം, അവരവരുടെ വിവിധ ബന്ധുക്കള്‍ക്ക് മാത്രം സ്ഥാനാര്‍ത്ഥിത്വം, റിട്ടയര്‍ ചെയ്യുന്നവരുടെ, മരിക്കുന്നവരുടെ മക്കള്‍ക്കൊ ബന്ധുക്കള്‍ക്കൊ സ്ഥാനാര്‍ത്ഥിത്വം, ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ചില ഗ്ലാമര്‍ സിനി താരങ്ങള്‍ക്ക് ചന്തി നനയാതെ മീന്‍ പിടിക്കാമെന്ന രീതിയില്‍ സ്ഥാനാര്‍ത്ഥിത്വം, പിന്നെ പണം വാങ്ങിയ പെയ്ഡ് സ്ഥാനാര്‍ത്ഥിത്വം. ഇപ്രകാരം തികച്ചും നീതിക്കു നിരക്കാത്തതും അശാസ്ത്രീയവുമായ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയങ്ങള്‍ നടത്തുന്ന എതു മുന്നണിയായാലും അപലപനീയമാണ്. ഇത്തരം സ്ഥാനാര്‍ത്ഥികളെ തെരഞ്ഞുപിടിച്ച് മുന്നണി നോക്കാതെ തന്നെ തോല്‍പ്പിക്കുകയാണ് വേണ്ടത്. തുടര്‍ച്ചയായി മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ എത്ര വമ്പനായാലും തോര്‍പ്പിച്ചാല്‍ മാത്രമെ ഇപ്പോഴത്തെ ജനാധിപത്യത്തിന്റെ അലകും പിടിയും ശൈലിയും മാറ്റാന്‍ സാധിക്കുകയുള്ളൂ. പരിചയം, എക്‌സ്പീരിയന്‍സ് എന്നൊക്കെ മുടന്തന്‍ ന്യായങ്ങള്‍ തട്ടിമൂളിച്ച് അധികാര കസേരകള്‍ ചന്തിയില്‍ സ്ഥിരമായി ഗ്ലൂ അടിച്ച് ഒട്ടിച്ച് കൊണ്ടു നടക്കുന്ന കടല്‍കിഴവ•ാരെ തൂത്തെറിയാന്‍ സമയമായി. എല്ലാ പാര്‍ട്ടിയിലും മുന്നണിയിലും മെല്ലെ പോക്കിനും, അഴിമതിക്കും ദുര്‍ഭരണത്തിനും ചൂട്ടു പിടിച്ചു കൊടുത്തിരിക്കുന്നവരുണ്ട്. അവര്‍ക്കെതിരെ ശബ്ദിക്കാന്‍, അച്ചടക്കത്തിന്റെ പേരില്‍ യൂത്തുകള്‍, വനിതകള്‍ അടക്കം പലര്‍ക്കും ഭയമാണ്. കാരണം അച്ചടക്ക ലംഘനവും ഭാവിയില്‍ എന്തെങ്കിലും ലഭ്യമാകേണ്ട അവസരങ്ങളും പോയ്‌പോകുമോ, നഷ്ടമാകുമോ എന്ന ഭയത്തില്‍ അവര്‍ ആശയാഭിലാഷങ്ങള്‍ അടക്കി മുറുമുറുത്ത് കഴിയുകയാണ്. ഇപ്രകാരം അവസരം നഷ്ടമാക്കി കൊണ്ടിരിക്കുന്ന, കഴിവുള്ള സത്യസന്ധരായ പ്രാപ്തരായ എത്രയോ യുവാക്കളും യുവതികളും ഈ രംഗത്തുണ്ടെന്നുള്ള സത്യം വിസ്മരിക്കരുത്. ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ മാത്രം വിമതരും അപര•ാരുമായി അവര്‍ രംഗത്തു വരുന്നുണ്ട്. കളങ്കിതരും കുറ്റാരോപിതരും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാതിരിക്കുന്നതാണ് നല്ലത്. ആര്‍ക്കും ആരുടെ മേലും കുറ്റങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ആരോപിക്കാമല്ലൊ എന്ന കാര്യം തത്വത്തില്‍ അംഗീകരിക്കുന്നു. പക്ഷെ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടു നില്‍ക്കുന്നവര്‍ അധിക പക്ഷവും സ്ഥാനമാനങ്ങള്‍ രാജി വെച്ച പാരമ്പര്യവും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് മാറി നില്‍ക്കുന്ന പാരമ്പര്യവുമാണിവിടെ കണ്ടിട്ടുള്ളത്. കുറ്റാരോപണങ്ങളേയും അന്വേഷണങ്ങളേയും നേരിടാന്‍ തയ്യാറാണെന്നു നാഴികക്കു നാല്‍പ്പതു വട്ടം ഉരുവിടുന്ന അഴിമതിക്കാരായ മന്ത്രിമാരും ഉദ്യോഗസ്ഥന്‍മാരും അതിനെ എല്ലാ തന്ത്രങ്ങളും കുതന്ത്രങ്ങളും ഉപയോഗിച്ച് തടയുകയോ തോല്‍പ്പിക്കുകയോ ആണ് ചെയ്തു വരുന്നത്. അവരുടെ തന്നെ കീഴുദ്യോഗസ്ഥരാകും തങ്ങളുടെ ബോസുകള്‍ക്കെതിരെ അന്വേഷണം നടത്തുക. അതിനാല്‍ അവരുടെ ബോസുകള്‍ക്കനുകൂലമായി തന്നെ നടപടികള്‍ ആക്കി തീര്‍ക്കാനോ വിധി എഴുതാനോ അവര്‍ ബാധ്യസ്ഥരാകുന്നു. മറിച്ച് അനീതിയും, അഴിമതിയും ചെയ്ത ബോസിനെതിരെ എന്തെങ്കിലും സത്യങ്ങള്‍ കണ്ടുപിടിച്ചാല്‍ അവര്‍ക്കു ശിക്ഷയായി സ്ഥാന ചലനമൊ, സ്ഥലം മാറ്റമൊ മറ്റെന്തെങ്കിലുമൊ ആകും ഫലം. പിന്നെ അധികാര സ്ഥാനങ്ങളില്‍ നിന്ന് മാറി നില്‍ക്കാനൊ, സ്വതന്ത്ര ഏജന്‍സികളെ കൊണ്ട് അന്വേഷിക്കാനൊ അവര്‍ തയ്യാറായിരിക്കില്ല. അധികാരവും ജനസ്വാധീനവും അഴിമതി പണക്കൊഴുപ്പുമുള്ള ഇക്കൂട്ടരെ ജുഡീഷ്യറിയും മീഡിയാക്കാരുപോലും ഭയപ്പെടുന്നു. ഇവരുടെ ശിക്ഷകളും നശീകരണ വൈരാഗ്യ ബുദ്ധികളും ന്യായമായ ആരോപണം ഉന്നയിച്ചവരെ തന്നെ കക്ഷിമാറാന്‍, ആരോപണങ്ങള്‍ തേച്ചു മാച്ചു കളയാന്‍ തന്നെ കാരണമായേക്കാം. ആരോപണ വിധേയരെ അല്ലെങ്കില്‍ പൂര്‍ണ്ണമായും കുറ്റങ്ങള്‍ തെളിയിക്കപ്പെട്ട ചില ക്രിമിനല്‍ മന്ത്രിമാര്‍ക്കും ഓശാന പാടുവാനും അവരെ രാജാവിനെ പോലെ നാടുനീളെ കൊട്ടും കുരവയുമിട്ട് വിജയഭേരിയോടെ എഴുന്നള്ളിക്കാനും ഇവിടെ ധാരാളം ആളുകളുണ്ട്. ആളും അര്‍ത്ഥവും സ്വാധീനവുമുള്ള എതു രാഷ്ട്രീയ കോമരങ്ങള്‍ എത്ര അഴിമതിയുടെ മലമൂത്രവിസര്‍ജനം നടത്തിയാലും അവരെ തോളിലേറ്റാനിവിടെ ആളുകളുണ്ട്. ഇത്തരം നാറ്റക്കേസുകളെ അവര്‍ അവരുടെ നാസാരന്ധ്രങ്ങളിലെ സുഗന്ധ കേസുകളാക്കി നാടുനീളെ ഗംഭീര സ്വീകരണം നല്‍കി എഴുന്നള്ളിച്ച് ജനങ്ങളെ കൊഞ്ഞനം കാണിക്കുന്നു. ഈ ലേഖകന്‍ ഒരു പാര്‍ട്ടിയുടെയും മുന്നണികളുടെയും പ്രത്യേകമായ വക്താവൊ അനുഭാവിയൊ അല്ല. സാധാരണക്കാരായ ജനപക്ഷത്തിന്റെ ഒരു സാധാരണ അനുഭാവി മാത്രം. ആ നിലയില്‍ ചിന്തിക്കുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഇക്കുറി കാണിച്ച പിടിവാശി തികച്ചും ജനവിരുദ്ധവും ബാലിശവും അസ്ഥാനത്തുമായിരുന്നു എന്ന് സ്വതന്ത്ര നിരീക്ഷകര്‍ കരുതുന്നു. അര്‍ഹരായ പലരേയും മാറ്റിനിര്‍ത്തിക്കൊണ്ട് പലവട്ടം മല്‍സരിക്കാനും ജയിക്കാനും അവസരം കൊടുത്ത തെളിയിക്കപ്പെടാന്‍ അധികം പ്രയാസപ്പെടേണ്ടതല്ലാത്ത കുറ്റാരോപിതരായ മന്ത്രിമാരടക്കം ചിലരെ മാറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസ് പ്രസിഡന്റും ഹൈക്കമാന്റും ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ ദുര്‍വാശി പിടിച്ച് അവരില്ലെങ്കില്‍ താനും മല്‍സരരംഗത്തുണ്ടാവില്ലായെന്ന് ഭീഷണിയോടെ വെല്ലുവിളിച്ചത് ഒട്ടും ശരിയായില്ല. ദുര്‍ബലമായ ഹൈക്കമാന്റ് അധികവും ആ ഭീഷണിക്കു വഴങ്ങിക്കൊടുത്തത് തീര്‍ച്ചയായും വരും തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഒരു പതനത്തിന് കാരണമായേക്കാം. താന്‍ മല്‍സരിക്കുന്നില്ലെങ്കില്‍ വേണ്ടാ... താന്‍ പലവട്ടം മല്‍സരിച്ചതല്ലെ... അവിടേയും കൂടെ മറ്റൊരാള്‍ക്ക് അവസരം കൊടുക്കാം എന്നു തീര്‍പ്പു കല്‍പ്പിക്കാനുള്ള ഗട്ട്‌സും ചങ്കുറപ്പും ആ ഹൈക്കമാന്റിനും ഇല്ലാതെ പോയി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മുഖ്യമായ 3 മുന്നണികളിലും അപാകതകളുണ്ടെങ്കിലും യു.ഡി.എഫില്‍ അത് കൂടുതല്‍ പ്രകടമായതിനാല്‍ ചൂണ്ടിക്കാണിച്ചു എന്നു മാത്രം. (അടുത്ത ലക്കത്തില്‍ അടുത്ത അധ്യായത്തില്‍ തുടരും)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.