You are Here : Home / AMERICA TODAY

നീയും അതുപോലെ ചെയ്യുക

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, May 05, 2016 01:47 hrs UTC

റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് (ചാന്‍സിലര്‍, ഷിക്കാഗോ സീറോ മലബാര്‍ രൂപത)

ജനനം എന്ന മൂന്നക്ഷരത്തില്‍ നിന്ന് മരണം എന്ന മൂന്നക്ഷരത്തിലേക്ക് പ്രവേശിക്കും മുമ്പ് ദൈവം മനുഷ്യന് ജീവിതം എന്ന മൂന്നക്ഷരം നല്കിയിരിക്കുന്നു. "നീ എവിടെ' (ഉത്പ 3,9), "നിന്റെ സഹോദരന്‍ എവിടെ?' (ഉത്പ 4,9) - ആദത്തോടും കായേനോടുമായി ദൈവം ചോദിച്ച ഈ ചോദ്യങ്ങള്‍ക്ക് ജീവിതമാകുന്ന പരീക്ഷാശാലയില്‍ ഉത്തരമെഴുതാന്‍ ഓരോ മനുഷ്യനും വിളിക്കപ്പെട്ടിരിക്കുന്നു. ചോദ്യങ്ങളുടെ അര്‍ത്ഥവും വ്യാപ്തിയും മനസിലാക്കുന്നവര്‍ക്ക് മാത്രമേ ശരിയായ ഉത്തരം നല്‍കാന്‍ കഴിയൂ.

 

ആദ്യത്തെ ചോദ്യം ദൈവ-മനുഷ്യ ബന്ധത്തില്‍ പാലിക്കേണ്ട കടമകളെക്കുറിച്ചും, രണ്ടാമത്തേത് മനുഷ്യര്‍ തമ്മിലുള്ള സാഹോദര്യത്തിലധിഷ്ഠിതമായ ബന്ധത്തെക്കുറിച്ചുമുള്ള സൂചനകളാണ് നല്കുന്നത്. അഹങ്കാരത്തിനും ലൗകീകവ്യഗ്രതകള്‍ക്കുമിടയില്‍ ദൈവത്തെ ജീവിതത്തില്‍ നിന്ന് അകറ്റി നിര്‍ത്തുകയും, സ്വാര്‍ത്ഥപരമായ ലക്ഷ്യങ്ങള്‍ക്കും, വിഭാഗീയ ചിന്തകള്‍ക്കും അടിമപ്പെട്ട് സഹോദരനെ ഇല്ലായ്മ ചെയ്യാന്‍ വെമ്പല്‍കൊള്ളുകയും ചെയ്യുന്ന ഇന്നത്തെ മനുഷ്യരുടെ മുന്നില്‍ ഏറെ പ്രസക്തങ്ങളായ ചോദ്യങ്ങളാണിവ. ദൈവസൃഷ്ടിയായ മനുഷ്യന്‍ സഭാ തിരുമുമ്പില്‍ വ്യാപരിക്കണമെന്നും സ്തുതിയുടേയും ആരാധനയുടേയും ജീവിതത്തിലൂടെ തന്റെ സൃഷ്ടാവിനോട് എപ്പോഴും ബന്ധപ്പെട്ടിരിക്കണമെന്നതും തിരുഹിതമാണ്.

 

പാപത്തിന്റെ ഫലമായി ആദിമാതാപിതാക്കള്‍ ദൈവ-മനുഷ്യബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി, തിരുസാന്നിധ്യത്തിന്റെ പ്രതീകമായ പറുദീസയില്‍ നിന്നകന്ന്, മരച്ചില്ലകള്‍ക്കിടയില്‍ ഒളിച്ചപ്പോഴാണ് ദൈവം ചോദിക്കുക : "ആദാ നീ എവിടെയാണ്' ഒരമ്മയില്‍ ജനിക്കുന്നവര്‍ എന്നതിലുപരി സഹോദരന്‍ എന്ന വാക്കിന് ആഴമായ അര്‍ത്ഥങ്ങളുണ്ട്. അപരന്റെ വളര്‍ച്ചയ്ക്കും ഉന്നമനത്തിനും വേണ്ടി, നന്മയ്ക്കും സന്തോഷത്തിനുംവേണ്ടി ജീവിതം സമര്‍പ്പിക്കുന്ന അവസ്ഥയാണ് സാഹോദര്യം എന്ന പദത്തിലൂടെ ബൈബിള്‍ വിവക്ഷിക്കുന്നത്.

 

വിദ്വേഷവും വെറുപ്പും, അസൂയയും കൊലപാതകവും, ഒറ്റുകൊടുക്കലും ഒറ്റപ്പെടുത്തലുമെല്ലാം സാഹോദര്യത്തിന്റെ എതിര്‍രൂപങ്ങളാണ്. നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം എന്ന നിയമജ്ഞന്റെ ചോദ്യത്തിനു ഈശോ കൊടുത്ത മറുപടി മുകളില്‍ പരാമര്‍ശിച്ചിരിക്കുന്ന രണ്ട് ചോദ്യങ്ങളേയും സാധൂകരിക്കുന്നതാണ്. "നീ ദൈവത്തെ പൂര്‍ണ്ണഹൃദയത്തോടെ സ്‌നേഹിക്കുക; നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെയും' (ലൂക്കാ 10:27). ചുരുക്കത്തില്‍ പഴയ നിയമത്തിന്റേയും പുതിയ നിയമത്തിന്റേയും അന്ത:സത്ത ഈ രണ്ട് ചോദ്യങ്ങള്‍ക്ക് എങ്ങനെ ഉത്തരം നല്‍കണം എന്നതുതന്നെയാണ്. വഴിയില്‍ അര്‍ദ്ധപ്രാണനായി കണ്ട്, മനസ്സലിഞ്ഞ്, മുറിവുകള്‍ വെച്ചുകെട്ടി സൗഖ്യത്തിന്റേയും ശുശ്രൂഷയുടേയും അനുഭവം പകര്‍ന്ന സമറായന്‍ദൈവത്തിന്റെ കരുണയുടെ മൂര്‍ത്തരൂപമാണ്. നിത്യജീവന്‍ അവകാശമാക്കാന്‍ വന്നവനോട് ഈശോ പറഞ്ഞു:

 

"നീയും പോയി അതുപോലെ ചെയ്യുക' (ലൂക്ക 10: 37) നല്ല സമറായനായ ഈശോ സഭയാകുന്ന സത്രത്തില്‍, ശാരീരികവും മാനസീകവും ആത്മീയവുമായ മുറിവുകളുമായി എത്തുന്നവര്‍ക്ക് സൗഖ്യത്തിനായി രണ്ട് വിലപ്പെട്ട ദാനറകള്‍ നല്‍കിയിരിക്കുന്നു- തിരുവചനവും വിശുദ്ധ കുര്‍ബാനയും ഈശോയുടെ മഹത്വപൂര്‍ണ്ണമായ രണ്ടാമത്തെ ആഗമനം വരെ സൗഖ്യത്തിന്റേയും കരുണയുടേയും ശുശ്രൂഷ സഭയില്‍ തുടരുക എന്നത് സത്രം സൂക്ഷിപ്പുകാരായ എല്ലാ സഭാശുശ്രൂഷകരുടേയും ഗൗരവമേറിയ കടമയാണ്. കരുണയുടെ വര്‍ഷത്തില്‍ നമ്മുടെ എല്ലാ ശുശ്രൂഷകളും ദൈവകാരുണ്യത്തിന്റെ ബഹിര്‍സ്ഫുരണങ്ങളാകട്ടെ. 'നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുക' (ലൂക്ക 6:36) എന്ന ഗുരുവിന്റെ വാക്കുകള്‍ നമുക്ക് ശക്തിയും പ്രചോദനവുമാകട്ടെ. ദൈവത്തിന്റെ കരുണയിലേക്ക് വളരാനും, ചുറ്റുമുള്ളവര്‍ക്ക് കാരുണ്യത്തിന്റെ സ്പര്‍ശനം നല്‍കാനും നമുക്ക് ജീവിതം സമര്‍പ്പിക്കാം. റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് (ചാന്‍സിലര്‍, ഷിക്കാഗോ സീറോ മലബാര്‍ രൂപത)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.