You are Here : Home / AMERICA TODAY

അല്പം അടുക്കളക്കാര്യം

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Wednesday, May 18, 2016 03:06 hrs UTC

 

 

നളനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ടു ഞാന്‍ അടുക്കളിലേക്കു വലതുകാല്‍ വെച്ചു കയറി. ഈ അടുക്കളക്കാര്യം നമ്മുടെ പെണ്ണുങ്ങള്‍ പറയുന്നതുപോലെ അത്ര വലിയ ആനക്കാര്യമൊന്നുമല്ല. കുറച്ചറിവും അല്പം മനോധര്‍മ്മവും ഉണ്ടെങ്കില്‍ സംഗതി സോ സിംപിള്‍- മലയാളിക്കു ഭക്ഷിക്കുവാന്‍ ചോറ്, മോരു കറി, കളക്കറ-ഇവ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകങ്ങളാണ്. അല്പം മീന്‍കറിയും കൂടെയുണ്ടെങ്കില്‍ സംഗതി കുശാല്‍! ഡയബറ്റീസ്, കൊളസ്‌ട്രോള്‍, ബ്ലഡ്പ്രഷര്‍ തുടങ്ങിയ ആരോഗ്യഭീക്ഷണിയെല്ലാം പുല്ലുപോലെ അവഗണിച്ചുകൊണ്ട്, അരിയാഹാരവുമായി മലയാളി മുന്നോട്ടു തന്നെ!

'ഒരു ജീവിതമല്ലെയുള്ളൂ മക്കളെ-വല്ലതും നേരെ ചൊവ്വേ കഴിച്ചു ജീവിക്കണം- പോകുമ്പോള്‍ അങ്ങു പോകട്ടെ'- ഇതാണ് മലയാളിയുടെ ജീവിതതത്വം.

 

പല തരത്തിലുള്ള അരി സൂപ്പര്‍മാര്‍ക്കറ്റില്‍ ലഭ്യമാണ്. പാലക്കാടന്‍ മട്ട മുതല്‍ കുട്ടനാടന്‍ പുഞ്ചവരെ. പണ്ടത്തെപ്പോലെ കല്ലുമുള്ളുമൊന്നുമില്ല. നല്ല ക്ലീന്‍ ക്ലീന്‍ അരി-വെള്ളം തിളപ്പിക്കുന്നു അരി കഴുകുന്നു(കീടനാശിനി വിഷം കളയാന്‍) മണിക്കൂര്‍ ഒന്നു കഴിയുമ്പോള്‍ നല്ല പൂ പോലത്തെ ചോറ്. 'മില്‍മ' മുതല്‍ 'മലനാടന്‍' വരെയുള്ളൂ ബ്രാന്‍ഡുകളില്‍ തൈര് അവയിലബിളാണ്. ഈ തൈര് ബ്ലെണ്ടറില്‍ അടിച്ച് വെള്ളം ചേര്‍ത്തു മോരാക്കണം. ചീനിച്ചട്ടി ചൂടാക്കുന്നു.എണ്ണ ഒഴിക്കുന്നു കടകുപൊട്ടിക്കുന്നു.ചെറിയ ഉള്ളിയും, പച്ചമുളകും, ഇഞ്ചിയും കൊത്തിയരിഞ്ഞതിനോടു കരിയാപ്പിലയും ചേര്‍ത്തു വഴറ്റുന്നു. കൂട്ടത്തില്‍ ഒരു ഇച്ചിരെ മഞ്ഞള്‍പ്പൊടി, ഒരിച്ചിര ഉലുവാ, ഒച്ചിര ഉപ്പ്-ഇതിലേക്ക് മോരു ഒഴിച്ചു ഇളക്കണം. തിളയ്ക്കുരുത്. തിളച്ചാല്‍ പിരിഞ്ഞു പോകും. രണ്ടു ചുവന്ന വറ്റല്‍മുളകും കരിയാപ്പിലയും മുകളിലിടാന്‍ മറക്കരുത്-വെറുതേ ഒരു ലുക്കിനു വേണ്ടി! മോരു കറി റെഡി.

 

ഇനി വെജിറ്റബള്‍ കറി

'take some വെണ്ടയ്ക്കാ'-cut-cut-cut-cut

take some onion-cut-cut-cut-cut-small pieces

put ചീനച്ചട്ടി in the അടുപ്പ്-

Add വെളിച്ചെണ്ണ

put some കടുകുമണി

little കറിവേപ്പിലകടുവറ-കടുവറ-കടുവറ

take vegetables-put it in the ചട്ടി

.little chilly powder, little

മല്ലി powder.

little കറി മസാലപ്പൊടി

.ലിറ്റില്‍ ഉപ്പ്-ക്ലോസ് ഇറ്റ്. കറി റെഡി!

ഇനി നാടന്‍ ഇറച്ചിക്കറി-ഇറച്ചി വാങ്ങിക്കുന്ന കടയില്‍ നിന്നു തന്നെ നുറുക്കിത്തരും.

 

എല്ലാവിധ ഇറച്ചി മസാലയും മാര്‍ക്കറ്റില്‍ സുലഭം. ഈസ്‌റ്റേണ്‍ മുതല്‍ നിറപറ വരെ. ഇതിനിടയില്‍ നായരും, നായാടിയും, നമ്പൂതിരിയും, കോഴിക്കോടും കോട്ടയവുമെല്ലാമുണ്ട്. നമ്മള്‍ക്കിഷ്ടമുള്ളതു തിരഞ്ഞെടുക്കാം. ഇറച്ചി കഴുകി വൃത്തിയാക്കിയതിനു ശേഷം പ്രഷര്‍കുക്കറില്‍ ആറു വിസിലടിക്കുന്നതുവരെ വേവിക്കണം. ഉരുളിയില്‍ എണ്ണ ഒഴിക്കുന്നു. കടുകുപൊട്ടിക്കുന്നു. കരിയാപ്പില ഇടുന്നു. സര്‍വ്വസുഗന്ധിയുടെ ഒന്നു രണ്ടില കൂടി ഉണ്ടെങ്കില്‍ രുചി കൂടും. ഇഞ്ചി, ഉള്ളി, വെളുത്തുള്ളി തുടങ്ങിയവ ചെറുതായി അരിഞ്ഞു വഴറ്റിയെടുക്കുന്നു. കുക്കറില്‍ നിന്നും ഇറച്ചി ഉരുളിയിലേക്കു ട്രാന്‍സ്ഫര്‍ ചെയ്യുന്നു. ഇതിനൊടൊപ്പം മസാലപ്പൊടിയും ചേര്‍ക്കാം.

അഡീഷ്ണല്‍ എരിവു വേണമെങ്കില്‍ കുറച്ചു കാശ്മീരി ചില്ലിയും കുരുമുളകുപൊടിയും ചേര്‍ക്കാം. എല്ലാം കൂടി ഒന്നു നല്ലതുപോലെ ഇളക്കണം- വെള്ളം ഒഴിക്കരുത്. ഉരുളി അടയ്ക്കുന്നു. അരമണിക്കൂര്‍ കഴിയുമ്പോള്‍ കാളക്കറി റെഡി.

 

ഒരു മണിക്കൂര്‍ അടുക്കളയില്‍ ആത്മാര്‍ത്ഥമായി ഒന്നു പെരുമാറിയാല്‍ 'ഊണു തയ്യാര്‍' എന്ന ബോര്‍ഡ് വെളിയില്‍ തൂക്കിയിടാം. ഞാനാരാ മൊതല്?

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.