മയൂര സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന് പതിനേഴു വയസായി. എന്നാല്‍ കലാസ്വാദകര്‍ക്ക് എപ്പോഴും മയൂര മധുരപ്പതിനേഴിലാണ്. അമേരിക്കയില്‍ നൃത്തവിദ്യാലയം ആരംഭിച്ച അന്നുമുതല്‍ പതിനേഴു വര്‍ഷങ്ങള്‍ക്കിപ്പുറം ആസ്വാദകരുടെ മനസുകളില്‍ നടന വിസ്മയം തീര്‍ത്ത ബിന്ദ്യാ പ്രസാദിനും ഇതു പതിനേഴാം വയസ്- ഹൃദയം സ്‌നേഹത്തിന്റെ ചിലങ്കയണിഞ്ഞ സംവത്സരങ്ങള്‍.
കലാ പാരമ്പര്യമുള്ള കുടുംബത്തില്‍നിന്നാണ് ബിന്ദ്യ അമേരിക്കയിലെത്തിയത്. അമ്മ നൃത്താധ്യാപിക, അച്ഛന്‍ കഥകളി നടന്‍. കൃഷ്ണവേണി- ദാമോദരന്‍ നമ്പ്യാരുടെ മകള്‍ ചെറുപ്പത്തിലേ തുടങ്ങി നേട്ടങ്ങളുടെ തിലകമണിയാന്‍. സ്‌കൂള്‍, കോളജ് തലങ്ങളില്‍ കലാതിലകം, എന്‍.സി.സി കാഡറ്റായി ഡല്‍ഹിയില്‍നിന്ന് മോഹിനിയാട്ടത്തിന് പ്രസിഡന്റിന്റെ മെഡല്‍, വിവിധ വലിയ വേദികളില്‍ നൃത്തം അവതരിപ്പിക്കാന്‍ ക്ഷണം, അതിനേക്കാള്‍ ഉപരി ഇന്നുവരെ താന്‍ പരിചയപ്പെട്ടവരുടെ അകമഴിഞ്ഞ സ്‌നേഹം, പ്രോത്സാഹനം. ചെറുപ്പത്തില്‍ സിനിമയിലേക്ക് ക്ഷണം വന്നപ്പോള്‍ ഒന്നു ചിന്തിച്ചു. ഇപ്പോള്‍ പോകണോ? കൂട്ടുകാരികളായ സംയുക്താവര്‍മയും രചനാ നാരായണന്‍ കുട്ടിയും ഭാവനയും സിനിമയില്‍ തിളങ്ങിനില്‍ക്കുന്നു. പക്ഷേ നൃത്തം തിരഞ്ഞെടുക്കുകയായിരുന്നു ബിന്ദ്യ. അതില്‍ പൂര്‍ണ സംതൃപ്തിയും.
എന്നുവച്ച് സിനിമയില്‍ അഭിനയിക്കാതിരിക്കുകയൊന്നും ഇല്ല. നൃത്തം വിഷയമായുള്ള നല്ല കഥാപാത്രങ്ങല്‍ കിട്ടിയാല്‍ വെള്ളിത്തിരയിലും ഒരുകൈനോക്കും. അമേരിക്കയില്‍ ആല്‍ബയിനിലാണ് ആദ്യ കലാകേന്ദ്രം ബിന്ദ്യ തുടങ്ങുന്നത്. പിന്നീട് ന്യൂജേഴ്‌സിയില്‍ എത്തി. ഇപ്പോള്‍ ഇവിടെ ഏഴിടത്ത് കുട്ടികളെ നൃത്തം പഠിപ്പിക്കുന്നു. മയൂരയിലെ പഠനം നൃത്തം മാത്രമല്ല. സംസ്‌കാരം കൂടിയാണ്. കേരളീയ സംസ്‌കാരത്തിന്റെ പകര്‍ന്നാട്ടമാണ് ഇവിടെ നൃത്തരൂപത്തില്‍ വിദ്യാര്‍ഥികളിലേക്ക് എത്തുന്നത്. അതുകൊണ്ടു തന്നെ കുട്ടിയെ മയൂരയില്‍ വിടുമ്പോള്‍ രക്ഷിതാക്കള്‍ക്ക് പൂര്‍ണസംതൃപ്തിയാണെന്ന് ബിന്ദ്യ പറയുന്നു. ഇവിടെനിന്ന് നൃത്തം പഠിച്ച നൂറിലധികം കുടുംബങ്ങളുടെ പ്രാര്‍ഥനയാണ് മയൂര ഇന്നും തേജസ്സോടെ വിളങ്ങിനില്‍ക്കുന്നത്.
കലാകേന്ദ്രങ്ങളുടെ ചുമതല ഹരികുമാര്‍ രാജനാണ്. വിവിധ സംഘടനകള്‍ അമേരിക്കയിലെ പ്രോഗ്രാമുകള്‍ക്ക് ആദ്യം ക്ഷണിക്കുന്നത് ബിന്ദ്യയെ ആണ്. കുറേ വര്‍ഷമായി ഇവിടത്തെ എത്രയോ വേദികള്‍ ബിന്ദ്യയുടെ ചുവടുകള്‍ക്ക് താളംപിടിച്ചിട്ടുണ്ട്. നൃത്തം ജീവിത സപര്യയാണ് ബിന്ദ്യ പ്രസാദ് എന്ന തൃശ്ശൂരുകാരിക്ക്. അതിന് പ്രചോദനമാകുന്നതാകട്ടെ സ്‌നേഹ സമ്പന്നരായ അമേരിക്കന്‍ മലയാളികളുടെ കലവറയില്ലാത്ത പിന്‍തുണയും. വേദികളില്‍നിന്ന് വേദികളിലേക്ക് മയൂരയിലെ കുട്ടികള്‍ ചുവടുകള്‍ വയ്ക്കുമ്പോള്‍, അരങ്ങില്‍ താളം തെറ്റാതെ കാക്കാന്‍ ബിന്ദ്യജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്നു.
Comments