യുഡിഫ് സര്‍ക്കാറിന്റെ അവസാന പത്രസമ്മേളനം കഴിഞ്ഞ് കെയര്‍ടേക്കര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കസേരയില്‍ നിന്ന് എഴുന്നേറ്റ് പത്രപ്രവര്‍ത്തകരോടായി പറഞ്ഞു. ' പുതിയ സര്‍ക്കാറിന് പ്രതിപക്ഷത്തിന്റെ ക്രിയാത്മക പിന്തുണയുണ്ടായിരിക്കും. നിങ്ങളും പിന്തുണയ്ക്കണം'. എന്നിട്ട് ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു' എന്നെ പിന്തുണച്ചപോലാവരുത്' നിരന്തരം തനിക്കെതിരേ വിമര്‍ശനങ്ങള്‍ നടത്തിയതിനെതിരേ തമാശരൂപത്തില്‍ പറഞ്ഞതാണെങ്കിലും അതില്‍ യാഥാര്‍ഥ്യം കാണാതിരിക്കാനാവില്ല.
താക്കോല്‍സ്ഥാനത്തിരിക്കുന്നവര്‍ക്കെതിരേ വിമര്‍ശനങ്ങള്‍ പതിവാണ്. അതിനെ ചിരിച്ചുകൊണ്ടും സമചിത്തതയോടേയും നേരിടുകയാണ് ഭരണമികവ്. ആ ഭരണമികവ് എറ്റവും കൂടുതലുള്ള വ്യക്തികളിലൊരാളാണ് ഫോമയുടെ ജനറല്‍സെക്രട്ടറി ഷാജി എഡ്വേര്‍ഡ്. വിമര്‍ശനങ്ങളുടെ ചക്രവ്യൂഹത്തില്‍ അകപ്പെടുമ്പോഴും അതിനെ പുഞ്ചിരി കൊണ്ട് ഭേതിക്കാനും ഷാജിക്കറിയാം. അതുകൊണ്ടാണ് രണ്ടുവര്‍ഷം ട്രഷററും രണ്ടുവര്‍ഷം ജനറല്‍സെക്രട്ടറിയുമായി തുടരാന്‍ ഷാജിക്ക് കഴിഞ്ഞതും.
ഫോമ പോലൊരു വലിയ സംഘടനയുടെ തലപ്പത്ത് നാലുവര്‍ഷം പ്രധാനസ്ഥാനങ്ങള്‍ വഹിക്കുകയെന്നത് സാമാന്യം പ്രയാസമുള്ളൊരു ജോലിതന്നെയാണ്. ഇതെല്ലാം എങ്ങിനെ സാധിക്കുന്നു എന്നുചോദിച്ചാല്‍ പറയാനേറെയുണ്ട് ഷാജിക്ക്. ജനിച്ചുവളര്‍ന്ന വീടിന്റെ പുണ്യം, വളര്‍ത്തിയ രക്ഷിതാക്കളുടെ മഹത്വം, പിന്നെ കലവറയില്ലാത്ത പിന്തുണയുമായി ഭാര്യയും കുട്ടികളും. ഫേസ്ബുക്ക് വ്യക്തിഗതമാണെങ്കിലും ഭാര്യയോടും കുട്ടികളോടുമൊപ്പമുള്ള ഫോട്ടോയല്ലാതെ ഷാജിയെ ഒറ്റയ്ക്ക് വളരേ അപൂര്‍വമായേ കാണാറുള്ളു.
ദാസേട്ടനുള്‍പ്പെടെ കേരളം ആദരിച്ച മഹാന്മാരെ കണ്ടുവളര്‍ന്ന ബാല്യം. നാടകലോകത്തെ കുലപതി എഡ്ഡി മാഷിന്റെ മകന്‍ ഇത്രയെങ്കിലും ആയില്ലെങ്കിലേ അത്ഭുതമൊള്ളു. അതാണ് തിരക്കുപിടിച്ച അമേരിക്കന്‍ ജീവിതത്തിനിടയിലും കലാഹൃദയമുള്ളൊരു മനസുമായി വേദികളില്‍ നിറഞ്ഞു നില്‍ക്കുന്നതും. ആ കലാഹൃദയം ഉള്ളതുകൊണ്ടുമാത്രമാണ് പ്രശ്ങ്ങള്‍ക്കിടയിലും നിറഞ്ഞ പുഞ്ചിരിയോടെ നയതന്ത്രം സാധ്യമാക്കുന്നത്. 21-ാം വയസില്‍ അമേരിക്കയിലെത്തിയതാണ് ഷാജി. 1986 ഡിസംബര്‍ ഒന്നിന്. ചേട്ടന്‍ ഫ്രഡ് കൊച്ചിന്‍ ഇങ്ങോട്ടെത്തിച്ചു. അന്നുമുതല്‍ കൊച്ചിന്‍ ഷാജിയായി അമേരിക്കയില്‍ അറിയപ്പെട്ടു. ജന്‍മദേശത്തോടുള്ള അടങ്ങാത്ത സ്‌നേഹം.
ഫൊക്കാനയായിരുന്നു ആദ്യ പ്രവര്‍ത്തന മേഖല. വിവിധ തിരഞ്ഞെടുപ്പുകളില്‍ വെറുതേയൊന്നു മത്സരിച്ചു. അന്നൊക്കെ കിട്ടിയ വലിയ ജനപിന്തുണയാണ് പിന്നീട് ഫോമയുടെ നേതൃത്വം ഏറ്റെടുക്കാന്‍ തുണയായത്. മത്സരിക്കുമ്പോഴൊന്നും തന്നെ ശക്തനായ എതിരാളി ഇല്ലാത്തതും ഷാജിയോടു മത്സരിച്ചിട്ടു കാര്യമില്ലെന്ന തോന്നലിലാണ്. ഫോമയുടെ പ്രവര്‍ത്തനത്തെകുറിച്ചും അമേരിക്കന്‍ മലയാളികളുടെ പെരുമാറ്റത്തെകുറിച്ചുമൊക്കെ ഒരുപാട് പറയാനുണ്ട് ഷാജിക്ക് . ഷാജിയുമായുള്ള അഭിമുഖം അടുത്ത ലക്കത്തില്‍.
Comments