ടൊറന്റോ: 'ഫൊക്കാന' യുടെ കണ്‍വന്‍ഷന് കാനഡ ആദ്യമായി ആതിഥ്യമരുളുമ്പോള്‍ ടോമി കോക്കാട്ട് കമ്മിറ്റി മെമ്പറായിരുന്നു. ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്കുശേഷം 'ഫൊക്കാന മാമാങ്കം' അവിസ്മരണീയമാക്കാനുള്ള പൊടിക്കൈകളും രുചിക്കൂട്ടുകളും ഒരുക്കുന്ന തിരക്കില്‍.... ജൂലൈ ഒന്നു മുതല്‍ നാലുവരെ ടൊറൊന്റോ മാര്‍ക്കം ഹില്‍ട്ടണ്‍ സ്വീറ്റ്‌സില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ 'ഫൊക്കാന' യുടെ പുതിയ നേതൃത്വത്തെയും തിരഞ്ഞെടുക്കും. ഈ പോരാട്ടത്തില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു മല്‍സരിക്കാനും കച്ചകെട്ടിയിറങ്ങിയ ടോമി പക്ഷേ വടക്കന്‍ അമേരിക്കയിലെ മലയാളി സംഗമത്തെ വിജയിപ്പിക്കാനുള്ള ഉത്തരവാദിത്തത്തിന്റെ തിരക്കില്‍ വേണ്ടവിധം വോട്ട് ചോദിക്കാനും പിടക്കാനുമുള്ള സമയം കിട്ടാത്തതിന്റെ വിഷമത്തിലാണ്.
എങ്കിലും ഇത്രയും കാലത്തെ ബന്ധങ്ങളും മല്‍സര രംഗത്ത് ഇറങ്ങാന്‍ പ്രേരകമായ ഘടകങ്ങളുമെല്ലാം ഒത്തു ചേരുമ്പോള്‍ ഇരട്ടിമധുരം നുണയാനാകുമെന്ന പ്രത്യാശയാണ് കൈമുതലായുള്ളത്. 'പ്രസിഡന്റ് ജോണ്‍ പി. ജോണിന്റെ കൂടി തട്ടകത്തില്‍ നടക്കുന്ന കൂട്ടായ്മ വിജയിപ്പിക്കു എന്നതാണ് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ എന്റെ പ്രധാന ദൗത്യം. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിനെക്കാള്‍ പ്രാധാന്യം 'ഫൊക്കാന' ദേശീയ കണ്‍വന്‍ഷന്റെ വിജയം തന്നെ. വടക്കന്‍ അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തുന്നവര്‍ ഇക്കാര്യം മനസിലാക്കുമെന്നാണ് പ്രതീക്ഷ' ടോമി കോക്കാട്ട് പറയുന്നു. ടൊറാന്റോയിലെ മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യമാണ് ടോമി.
1996 ല്‍ ആണ് 'ഫൊക്കാന' യുടെ നേതൃത്വത്തിലേക്കു വരുന്നത്. നാഷ്ണല്‍ കമ്മിറ്റി അംഗമായി. പിന്നീട് ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറര്‍ പദവികളും വഹിച്ചു. ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗവുമായിരുന്നു. സംഘടനയില്‍ ഇടക്കാലത്ത് പിളര്‍പ്പുണ്ടായപ്പോള്‍, കാനഡയിലെ മലയാളി അസോസിയേഷനുകളെ ഫൊക്കാനയുടെ കുടക്കീഴില്‍ അണിനിരത്തുന്നതില്‍ സജീവപങ്കാണ് വഹിച്ചത്. ടൊറന്റോ മലയാളി സമാജം(ടി.എം.എസ്.) പ്രസിഡന്റുമായിരുന്നു. ടൊറന്റോ ഈസ്റ്റില്‍ കെട്ടിടം വാങ്ങുന്നതിനു തുടക്കമിട്ടത് അക്കാലയളവിലാണ്. മിസ്സിസാഗയില്‍ സീറോ മലബാര്‍ സമൂഹത്തിന്റെ ആദ്യ ദേവാലയത്തിന്റെ കൈക്കാരനായും സേവനമനുഷ്ഠിച്ചു.
നാലുദശലക്ഷം ഡോളര്‍ മുടക്കി ദേവാലയം വാങ്ങുന്നതില്‍ നേതൃപരമായ പങ്കുവഹിക്കാനും ഇക്കലയളവില്‍ അവസരമൊരുങ്ങി. കാനഡയിലേക്കു കുടിയേറിയത് ഇരുപത്തിയേഴ് വര്‍ഷം മുമ്പ്. റിയല്‍ എസ്റ്റേറ്റ്-റസ്റ്ററന്റ് രംഗങ്ങളില്‍ കയ്യൊപ്പ് പതിപ്പിച്ചിട്ടുള്ള ടോമി കോട്ടയം കാഞ്ഞിരപ്പള്ളി കാളകെട്ടി സ്വദേശിയാണ്. മിസ്സിസാഗയിലുള്ള ടേസ്റ്റ് ഓഫ് മലയാളീസ്, കോക്കനട്ട് ഗ്രോവ് എന്നീ സംരംഭങ്ങളുടെ അമരക്കാരന്‍കൂടിയായ ടോമി, നാട്ടില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. മോന്‍സ് ജോസഫും നോബിള്‍ മാത്യുവുമൊക്കെ കെ.എസ്.സി. നേതൃനിരയില്‍ സജീവമായിരിക്കെ കോട്ടയം ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറിയായിരുന്നു. പതിനാല് സംഘടനകളാണ് ഫൊക്കാനയില്‍ അംഗത്വത്തിനായി കാത്തിരിക്കുന്നത്.
ഇതുതന്നെ ശുഭസൂചകമാണ്. ആയിരത്തിലേറെ പേര്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്ന കണ്‍വന്‍ഷന്‍ നടത്തിപ്പിന്റെ തിരക്കില്‍ ജയപരാജയത്തെക്കുറിച്ചുള്ള ചിന്തയില്ല. ഏറ്റെടുക്കുന്ന ഉത്തരവാദിത്വത്തങ്ങളോട് നീതിപുലര്‍ത്തുകയെന്നതാണ് പ്രധാനം. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തെക്കാള്‍, പിഴവറ്റ ഒരുക്കങ്ങളിലാണ് ശ്രദ്ധ. മല്‍സരക്കളത്തില്‍ ഇറങ്ങിയപ്പോള്‍ ആദ്യം പിന്തുണച്ചത് തമ്പി ചാക്കോ നയിക്കുന്ന ടീമാണ്. സംഘടനയില്‍ ഏറെക്കാലത്തെ പ്രവര്‍ത്തനപരിചയമുള്ള തമ്പി ചാക്കോയ്ക്ക് നേതൃത്വത്തില്‍ ഒരവസരം നല്‍കേണ്ടത് സാമാന്യ നീതിയാണ്. ഈ ടീമിന് മികച്ച പിന്തുണയാണ് അംഗ അസോസിയേഷനുകളില്‍നിന്നും പ്രതിനിധികളില്‍നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്' ടോമി കോക്കാട്ട് ചൂണ്ടിക്കാട്ടി. കണ്‍വന്‍ഷന്‍ റജിസ്‌ട്രേഷന്‍ പോലും പുരോഗമിക്കുന്നത് മല്‍സരവീര്യത്തിലാണ്. ആതിഥേയരായ കാനഡയില്‍ നിന്നെന്നപോലെ അയല്‍പക്കമായ അമേരിക്കയില്‍നിന്നുള്ള പ്രാതിനിധ്യവും ഒപ്പത്തിനൊപ്പം എന്നതാണ് സ്ഥിതി.
കണ്‍വന്‍ഷനില്‍ മുഴുവനായും പങ്കെടുക്കാന്‍ റജിസ്റ്റര്‍ ചെയ്യാം. പ്രാദേശിക പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനായി വിവിധ പരിപാടികളില്‍ മാത്രം പങ്കെടുക്കാനുള്ള വോക്ക്-ഇന്‍-റജിസ്‌ട്രേഷന്‍ സൗകര്യവുമൊരുക്കിയിട്ടുണ്ട്. നക്ഷത്ര ഹോട്ടലിലാണ് സംഗമമെങ്കിലും കേരളീയ വിഭവങ്ങളാണ് വിളമ്പുന്നതെന്നതു മുതല്‍ താരനിശ വരെ ഇത്തവണത്തെ കണ്‍വന്‍ഷന് പ്രത്യേകതകളേറെ. 'ഫിംക' എന്ന പേരിലാണ് താരനിശയും അവാര്‍ഡ് ദാനവും. വടക്കന്‍ അമേരിക്കയിലെ സ്വരവിസ്മയങ്ങളെ കണ്ടെത്താനുള്ള 'സ്റ്റാര്‍ സിംഗര്‍' മല്‍സരം, സാഹിത്യ സമ്മേളനം, ഉദയകുമാര്‍ സ്മാരക വോളിബോള്‍, സ്‌പെല്ലിങ്ങ് ബി, ക്വിസ്, മലയാളി മങ്ക, ബെസ്റ്റ് കപ്പിള്‍, നയാഗ്ര ടൂര്‍.... ഇങ്ങനെ പോകുന്നു കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട സ്‌പെഷല്‍ ഇനങ്ങള്‍.
താരത്തിളക്കത്തിനു പുറമെ സാഹിത്യ-സാംസ്‌കാരിക നായകരുടെ സാന്നിധ്യവും സംഗമത്തിനു മിഴിവേകും. പങ്കെടുക്കുന്നവര്‍ക്ക് ഇത്തരത്തില്‍ അവിസ്മരണീയമായ നിമിഷങ്ങള്‍ സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് ടൊറന്റോയും ഫൊക്കാന സംഘാടകരും സംഘാടകസമിതിയുടെ അമരക്കാരനുമെല്ലാം. ദിലീപും മംമ്തയും ജോയ് മാത്യുവും ലാല്‍ ജോസും ഉള്‍പ്പെടെ മലയാളി താരങ്ങളുടെ വന്‍നിര 'ഫിംക' യില്‍ എത്തുമെന്നാണ് പ്രതീക്ഷ. റീജനല്‍ തലത്തില്‍ മത്സരിച്ചു വിജയിച്ചവര്‍ പങ്കെടുക്കുന്ന 'ഫൊക്കാന സ്റ്റാര്‍ സിംഗര്‍' മല്‍സരം തന്നെ പിന്നണി ഗായകന്‍ ജി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ്. വിജയ് യേശുദാസ് ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യമുണ്ടാകും.
മിസ് ഫൊക്കാനയും സൗന്ദര്യമല്‍സരങ്ങളിലെ വേറിട്ട കാഴ്ചയാക്കും. കാനഡയിലെ എട്ട് മലയാളി സംഘടനകളില്‍ ഏഴും ഫൊക്കാനയ്‌ക്കൊപ്പമാണ്. ഇരുന്നൂറിലേറെ പ്രതിനിധികളില്‍ അന്‍പതോളം പേര്‍ ഇവിടെനിന്നാണ്. കണ്‍വന്‍ഷന്റെ വിജയത്തിനായി വിയര്‍പ്പൊഴുക്കുന്നവരില്‍ പ്രധാനികളും ഇവിടെനിന്നുള്ളവര്‍ തന്നെ. ഫൊക്കാനയുടെ നേതൃത്വത്തിലെ പ്രധാന സ്ഥാനങ്ങളിലൊന്ന് കാനഡയ്ക്ക് അവകാശപ്പെടാന്‍ ഇവയൊക്കെ കരുത്തേകുമെന്ന പക്ഷക്കാരനാണ് ടോമി കോക്കാട്ട്. മല്‍സരരംഗത്തിറങ്ങാന്‍ പ്രേരകമായ ഘടകങ്ങളില്‍ ഇതും പ്രധാനപ്പെട്ടതുതന്നെ. 'ഫൊക്കാന സാധാരണക്കാരിലെത്തണം, സാധാരണക്കാര്‍ ഫൊക്കാനയിലും എത്തണം'- ഇതാണ് സ്വപ്നം.
പണ്ടു മുതലേയുള്ളവര്‍, പണമുള്ളവര്‍ തുടങ്ങിയവര്‍ മാത്രമുള്ളതാണ് 'ഫൊക്കാന' യെന്ന ധാരണ പൊളിച്ചെഴുതണം. പരിചയ സമ്പന്നര്‍ക്കൊപ്പം നേതൃസ്ഥാനങ്ങളിലേക്ക് പുതുമുഖങ്ങളും യുവാക്കളും വരണം. പ്രാദേശിക അസോസിയേഷനുകളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതുള്‍പ്പെടെ സംഘടനയുടെ നടത്തിപ്പില്‍ അടിമുടി പരിഷ്‌കാരങ്ങള്‍ വരുത്തണം'.... ഇങ്ങനെപോകുന്നു ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള മല്‍സരാര്‍ത്ഥി കൂടിയായ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി കോക്കാട്ടിന്റെ ലക്ഷ്യങ്ങള്‍. പറയുന്ന വാക്കുകളോട് നീതി പുലര്‍ത്തുന്നു എന്നതാണ് പ്രവര്‍ത്തനശൈലി.
കണ്‍വന്‍ഷന്റെ ഒരുക്കത്തിനിടെ പ്രതിനിധികളെയെല്ലാം നേരില്‍ക്കാണാന്‍ പറ്റാത്തതാണ് ടോമിയെ ഏറെ വിഷമിപ്പിക്കുന്നത്. എന്നാല്‍, 1994 മുതല്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായുള്ളതിന്റെ ട്രാക്ക് റെക്കോഡും വ്യക്തിബന്ധങ്ങളും നിര്‍ണ്ണായക സാഹചര്യത്തില്‍ തുണയാകുമെന്ന വിശ്വാസമാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള മല്‍സരത്തില്‍ ഉറച്ചുനില്‍ക്കുന്നതിനു ടോമി കോക്കാടനു കരുത്തേകുന്നത്
Comments