You are Here : Home / AMERICA TODAY

സൌഹൃദം 'അതിര്' കടന്നപ്പോള്‍

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Saturday, June 25, 2016 02:34 hrs UTC

സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി ഷോ ഉള്‍പ്പടെ നിരവധി വമ്പന്‍ ഹിറ്റ് ഷോകള്‍ അമേരിക്കയില്‍ എത്തിച്ച സുഹൃത്തുക്കള്‍ ഇത്തവണ അമേരിക്കയിലെ രണ്ട് പ്രധാന ദേശീയ കണ്‍ വന്‍ ഷനുക ള്‍ ക്ക് ചുക്കാന്‍ പിടിക്കുന്നു. കാനഡയിലെ ഫൊക്കാന കണ്‍വന്‍ഷന്റെ ചെയര്‍മാന്‍ സ്ഥാനത്ത് ബിജു കട്ടത്തറയും മയാമിയിലെ ഫോമ കണ്‍വന്‍ഷന്റെ ചെയര്‍മാന്‍ സ്ഥാനത്ത് മാത്യു വര്‍ഗ്ഗീസും (ജോസ്) നേതൃത്വം കൊടുക്കുന്നു. ഫൊക്കാനയെ പ്രതിനിധീകരിച്ച് ബിജുവും ഫോമയെ പ്രതിനിധീകരിച്ച് ജോസും അശ്വമേധത്തോട് കണ്‍വന്‍ഷന്‍ ഒരുക്കങ്ങളെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.

 

— രജിസ്‌ട്രേഷന്‍ എവിടെവരെയെത്തി നില്‍ക്കുന്നു ?

ബിജു ; ഫൊക്കാനയുടെ രജിസ്‌ട്രേഷന്‍ കണക്കുകൂട്ടിയ എണ്ണത്തിലേക്ക് വന്നിട്ടുണ്ട്. ഇനിയും രജിസ്‌ട്രേഷന്‍ വര്‍ധിക്കാനാണ് സാധ്യത.

ജോസ് ; ഫോമയുടെ രജിസ്‌ട്രേഷന്‍ പ്രതീക്ഷിച്ച എണ്ണം പിന്നിട്ടു കഴിഞ്ഞു. ആദ്യം തീരുമാനിച്ചതില്‍നിന്ന് അമ്പതെണ്ണം പിന്നീട് വര്‍ധിപ്പിച്ചിരുന്നു. അതും പൂര്‍ണമായി. ന്യൂയോര്‍ക്ക്, ചിക്കാഗോ പോലുള്ള വലിയ നഗരമല്ലാത്തതുകൊണ്ട് പ്രാദേശിക പങ്കാളിത്തം അത്ര പ്രതീക്ഷിക്കുന്നില്ല. പക്ഷേ രജിസ്റ്റര്‍ ചെയ്ത ആളുകളില്‍ നല്ലൊരു ശതമാനം പ്രദേശ വാസികളാണ്.

 

തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനെ ബാധിക്കുമോ ?

 

ബിജു ; തിരഞ്ഞെടുപ്പ് തിരക്കുകള്‍ ഏറെയുണ്ടെങ്കിലും ഇലക്ഷന് യാതൊരു വിധത്തിലുള്ള പരിഗണനയും കണ്‍വന്‍ഷന്‍ കമ്മിറ്റി കൊടുക്കുന്നില്ല. എല്ലാം വളരെയധികം പ്ലാനിങ്ങോടെയാണ് നടത്തുന്നത്. യാതൊരു പ്രശ്‌നങ്ങള്‍ക്കും ഇടയുണ്ടാകാത്ത വിധത്തില്‍ കണ്‍വന്‍ഷന്‍ പൂര്‍ത്തിയാക്കും.

 

ജോസ് ; ഫോമയെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനെ ചെറുതായെങ്കിലും ബാധിക്കുന്നുണ്ട്. ഒരു ജനകീയ കണ്‍വന്‍ഷനാകുമ്പോള്‍ ഇലക്ഷന്‍ ബാധിക്കുക സ്വാഭാവികമാണ്. ഉത്തരവാദിത്തപ്പെട്ടവര്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട് പല കാര്യങ്ങളിലും അവരുടെ അഭാവം ഉണ്ടാകുന്നുണ്ട്. ഇത്തരത്തില്‍ ഉത്തരവാദിത്തപ്പെട്ട ആളുകള്‍ തെരഞ്ഞെടുപ്പില്‍ ശ്രദ്ധയൂന്നാതെ കണ്‍വന്‍ഷന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ കണ്‍വന്‍ഷന്‍ കുറച്ചുകൂടി നല്ല രീതിയില്‍ കൊണ്ടു പോകാന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം.

ഭക്ഷണ സജ്ജീകരണങ്ങള്‍

ബിജു ; ഫൊക്കാനയുടെ ചരിത്രത്തിലാദ്യമായി ഭക്ഷണം ഉള്ളില്‍ തന്നെ സജ്ജീകരിച്ചിരിക്കുകയാണ്. കണ്‍വന്‍ഷന്‍ ഹാളിന് തൊട്ടടുത്തായി മറ്റൊരു ഹാളിലാണ്. മൂന്നു നേരത്തേക്കുമുള്ള കേരള ഭക്ഷണം തയ്യാറാക്കുന്നുണ്ട്.

ജോസ് ; അമേരിക്കന്‍ ശൈലിയില്‍ അമേരിക്കന്‍ റസ്‌റ്റോറന്റില്‍ തയ്യാറാക്കുന്ന ഭക്ഷണമാണ് ഫോമ നല്‍കുന്നത്.

 

യുവാക്കളുടെ പങ്കാളിത്തം

 

ബിജു ; കണ്‍വന്‍ഷനില്‍ യുവാക്കള്‍ തന്നെയാണ് മുന്‍പന്തിയില്‍. യുവാക്കളുടെ പങ്കാളിത്തം കണ്‍വന്‍ഷന്റെ എല്ലാ കാര്യങ്ങളിലുമുണ്ട്.

ജോസ് ; പ്രതീക്ഷക്ക് നല്‍കി യുവജനത മുന്നോട്ടു വരുന്ന എന്നതാണ് ഇതുവരെ നടന്ന കണ്‍വന്‍ഷനുകള്‍വച്ചു നോക്കുമ്പോള്‍ എടുത്തു പറയാനാകുന്ന കാര്യം. പഴയ നേതാക്കള്‍ വഴി മാറി കൊടുക്കുകയും അവര്‍ പിറകില്‍നിന്ന്, ആവശ്യം വരുമ്പോള്‍ മാത്രം മുന്നോട്ടുവന്ന് ഫോമയെ സഹായിക്കുന്ന കാഴ്ചയാണ് കാണുന്നത്. പഴയ നേതാക്കളാരും ഫോമയുടെ നേതൃ സ്ഥാനത്തേക്ക് വരുന്നില്ല. പുതിയ പുതിയ ആളുകള്‍ക്ക് വഴിമാറിക്കൊടുന്ന ആ പ്രവണതയെ ഞാന്‍ സ്വാഗതം ചെയ്യുന്നു. അതുപോലെ വരുമ്പോള്‍ തന്നെ സ്ഥാനമാനങ്ങള്‍ ആവശ്യപ്പെടുന്ന യുവാക്കളുടെ രീതിയോടും താല്‍പ്പര്യമില്ല. പ്രവര്‍ത്തിച്ച് കഴിവുകള്‍ കാണിച്ചു കൊടുത്ത ശേഷമായിരിക്കണം നേതൃസ്ഥാനത്തേക്ക് വരേണ്ടത്.

സാമ്പത്തികമായ മുന്നൊരുക്കങ്ങളായോ ?

ബിജു ; സാമ്പത്തിക കാര്യങ്ങളില്‍ സ്‌പോണ്‍സര്‍മാരുണ്ട്. അതിനെ അടിസ്ഥാനപ്പെടുത്തിയാണ് കാര്യങ്ങള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. നേതൃത്വത്തിലുള്ളവര്‍ തന്നെ കൂട്ടായി ചേര്‍ന്ന് സ്‌പോണ്‍സര്‍മാരെ കണ്ടു പിടിക്കുകയും ഇത്തരത്തില്‍ സ്‌പോണ്‍സര്‍ഷിപ്പ് ലഭിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുന്നത്.

ജോസ് ; വരുമാനം അനുസരിച്ച് ചെലവിടുന്ന രീതിയാണ് ഇത്തവണ ഉണ്ടായിരുന്നത്. രാഷ്ട്രീയക്കാരെയും സിനിമക്കാരെയും കൊണ്ടുവന്ന് ആര്‍ഭാടം കാണിക്കാന്‍ താല്‍പര്യമില്ലാതിരുന്ന ഭരണസമിതിയായിരുന്നു ഇത്തവണത്തേത്. സ്‌പോണ്‍സര്‍ഷിപ്പ് വരുന്നതിനനുസരിച്ച് പരിപാടികള്‍ ആസൂത്രണം ചെയ്യുക എന്നതായിരുന്നു പൊതു രീതി. ഇത് ഏകദേശം വിജയിച്ചിട്ടുമുണ്ട്.

 

കമ്മിറ്റിയുടെ ഭാഗത്തു നിന്നുള്ള പങ്കാളിത്തം ?

 

ബിജു ; കണ്‍വന്‍ഷന്‍ കമ്മിറ്റിയും നാഷണല്‍ കമ്മിറ്റിയും രണ്ടാണ്. നാഷണല്‍ കമ്മിറ്റിയുടെ ഭാഗത്തുനിന്ന് കുഴപ്പമില്ലാത്ത രീതിയില്‍ പിന്തുണ ലഭിക്കുന്നുങ്കെിലും അത്ര പോര എന്നതാണ് എന്റെ അഭിപ്രായം. വലിയൊരു ഉത്തരവാദിത്വമായതിനാല്‍ നടപടികള്‍ കുറച്ചുകൂടി മുമ്പേ ആരംഭിക്കാമായിരുന്നു.

 

ജോസ് ; കണ്‍വന്‍ഷന്‍ കമ്മിറ്റിയോട് ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കുകയെന്ന ഉത്തരവാദിത്വം നാഷണല്‍ കമ്മിറ്റിക്കുണ്ട്. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്ക് സംഘടനയോട് കടപ്പാടുണ്ട്. ഭാവിയിലെങ്കിലും ഉത്തരവാദിത്തപ്പെട്ടവര്‍ ഇതു ഭംഗിയായി നിര്‍വഹിക്കണമെന്നുള്ള അഭ്യര്‍ഥനയാണ് എനിക്കുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.