'എടാ, ചാച്ചന്‍, മാക്രിയുടെ സ്‌ക്കൂട്ടറിനു പിന്നിലിരുന്നു അടിച്ചു പൂക്കുറ്റിയായി വരുന്നുണ്ട്. രണ്ടും കൂടി പഞ്ചായത്തു പടിക്കലിരുന്നു ഒരു പൈന്റ് 'ജവാന്‍' അടിച്ചിട്ടാ വരുന്നത്.' അപ്പാന്‍ രാവിലെ തന്നെ പ്രദേശിക വാര്‍ത്ത പ്രക്ഷേപണം ആരംഭിച്ചു.
'ആരാ ഈ മാക്രി?'
'അയ്യോ, അതു നമ്മുടെ ഈച്ചയുടെ മരുമോനാ!'
മൂലേക്കോണില്‍ ജോയിക്ക് നാട്ടുകാര്‍ സ്‌നേഹപൂര്‍വ്വം ചാര്‍ത്തിക്കൊടുത്ത പേരാണ് 'ചാച്ചന്‍.' ഈ പേരിന്റെ ഉല്പത്തിയെപ്പറ്റി ആര്‍ക്കും അറിവില്ല. തരക്കേടില്ലാത്ത ഒരു പേരായതു കൊണ്ട് 'ചാച്ചന്‍' വിളിയില്‍ അയാള്‍ക്ക് വലിയ എതിര്‍പ്പൊന്നുമില്ല. ഞാന്‍ വളരെ ലാഘവത്തോടെ ചാച്ചനെ, ജോയി എന്നു സംബോധന ചെയ്‌തെങ്കിലും, ആള് എഴുപത്തിയാറിന്റെ പടിവാതില്‍ക്കല്‍ മുട്ടി നില്‍ക്കുകയാണ്. എല്ലാവര്‍ക്കും എന്തെങ്കിലുമൊരു അപരനാമം ചാര്‍ത്തിക്കൊടുക്കുക എന്നുള്ളത് മൈലപ്രാ നിവാസികളുടെ ഒരു ഹോബിയാണ്. ശബ്ദം 'പറ പറ' എന്നിരിക്കുന്നതു കൊണ്ടാണ് മാത്തുക്കുട്ടിക്ക് 'മാക്രി' എന്ന പേരു വീണു കിട്ടിയത്. പണ്ടൊരു നാളില്‍ തേനിച്ചയെ വളര്‍ത്തിയതു കൊണ്ടാണ് ചാക്കോച്ചന് 'ഈച്ച' എന്ന പേരു ലഭിച്ചത്.
മുടി പിന്നിലോട്ടു സ്വല്പം നീട്ടി വളര്‍ത്തിയ തെക്കേലേ തോമ്മാച്ചന്റെ പേര് മുടിയന്‍ പുത്രനെന്നാണ്. മുന്നില്‍ അല്പം കഷണ്ടിയും പിന്നില്‍ സ്വല്പം നീളന്‍ മുടിയുമുള്ള പാറേക്കാട്ടിലെ രവിക്കുകിട്ടിയ അനശ്വര നാമമാണ്. 'കൊടിയേറ്റം ഗോപി.' തെക്കേപ്ലാവിലെ തങ്കച്ചന്‍ രോമരഹിതനാണ്. നീണ്ടു മെലിഞ്ഞ തങ്കച്ചന് 'മീശ' എന്ന ഓമനപ്പേരിട്ടു വിളിക്കുവാന്‍ മൂക്കിനു താഴെ ഒറ്റരോമം പോലും സൃഷ്ടാവ് നല്‍കിയില്ല. തങ്കച്ചന്റെ പെണ്ണുംപിള്ള തങ്കിക്ക് മൂക്കിന് താഴെ 'പനിപ്പൂട' യുണ്ടായിരുന്നിട്ടുകൂടി, ആ ദാമ്പത്യ വല്ലരി കാലമേറെക്കഴിഞ്ഞിട്ടും പുത്തുലഞ്ഞില്ല. 'മച്ചിതങ്കച്ചന്‍' എന്ന പേരും പേറിക്കൊണ്ട് കുറേനാള്‍ ദു:ഖഭാരം പേറി നടന്നു.
അപ്പോഴാണ് ദിലീപിന്റെ 'മീശമാധവന്‍' ഹിറ്റാവുന്നത്. അതോടുകൂടി നാട്ടുകാര്‍ തങ്കച്ചന്റെ പേരിനൊരു പ്രൊമോഷന്‍ കൊടുത്തു, 'മീശമാധവന്‍'. നിന്നേപ്പോലൊരു പെണ്ണില്ല നിന്നെ മറക്കാനാവില്ല-ഇതാണ് ചാച്ചന്റെ റിംഗ്‌ടോണ്‍. ദീര്‍ഘകാല അവധി ആയതിനാലും ഭാര്യ കൂടെയില്ലാഞ്ഞതിനാലും ഞാന്‍ ഇത്തവണ ചാച്ചന് വിസിറ്റിംഗിന് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസാ അടിച്ചുകൊടുത്തു. മിക്കവാറും ദിവസങ്ങളില്‍ വീട്ടില്‍ വരും. ദുഃഖങ്ങളൊക്കെയും പങ്കുവെയ്ക്കും. ചില ദീര്‍ഘയാത്രകള്‍ക്ക് ഞാന്‍ ചാച്ചനേയും കൂട്ടത്തില്‍ കൂട്ടാറുണ്ട്.
ജോയിച്ചായന്‍ രാവിലെ ഇറങ്ങി വൈകുന്നേരം വരെ പുറത്തെവിടെയാണെങ്കിലും, ഭാര്യ ഒരിക്കല്‍ പോലും ഒന്നും വിളിക്കാറില്ലല്ലോ! 'മോനേ! ഞാന്‍ രാവിലെ ഏഴുമണിക്കു വീട്ടില്‍ നിന്നിറങ്ങും. വൈകുന്നേരം ഏഴുമണിക്കു മുമ്പേ തിരിച്ചെത്തും. എത്ര നേരമെന്നു വിചാരിച്ചാ വെറുതേ വീട്ടില്‍ കുത്തിയിരിക്കുന്നത് ഈ സമയത്തിനിടയില്‍ എനിക്കു ഫോണ്‍ ചെയ്യരുതെന്നു ഞാന്‍ പെമ്പ്രന്നോത്തിയോടു പ്രത്യേകം പറഞ്ഞിട്ടുണ്ട്. അഥവാ ഫോണ്‍ ചെയ്താല്‍ ഫോണുള്‍പ്പെടെ അവളെ ചുരുട്ടികൂട്ടി കിണറ്റില്‍ എറിയുമെന്നു ഞാന്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ വാങ്ങിച്ചു കൊടുത്ത ഫോണാ അത്- പിന്‍വിളിയില്ലാത്തതിന്റെ ഗുട്ടന്‍സ് ചാച്ചന്‍ വെളിപ്പെടുത്തി.
'മോനെ! നാളെ ഞാന്‍ വരില്ല-' എനിക്കൊരു മുന്നറിയിപ്പ.
'എന്തു പറ്റി ജോയിച്ചാ?'
'എനിക്ക് എല്ലാ വെള്ളിയാഴ്ചയും ചെക്കപ്പുണ്ട്.'
'ഏത് ആശുപത്രിയിലാ?
' 'ആശുപത്രിയിലല്ല മോനേ! ബസ് സ്റ്റാന്‍ഡില്‍
' 'ബസ് സ്റ്റാന്‍ഡിലോ?
' 'അതേ, ബസ്സ്റ്റാന്റില്‍'- ചാച്ചന്‍ വെളുക്കേ ചിരിച്ചു. എല്ലാ വെള്ളിയാഴ്ചയും ചാച്ചനും, മാക്രിയും, കൊടിയേറ്റം ഗോപിയും കൂടി പത്തനംതിട്ട ബസ്സ്റ്റാന്‍ഡില്‍ കൂടും. ബസില്‍ കയറിയിറങ്ങി പോകുന്ന തലയും മുലയുമുള്ള യുവതികളെ ഒന്നു 'ചെക്കപ്പു' ചെയ്യുക എന്നതാണ് ഇവരുടെ ഹോബി. പ്രത്യേകിച്ച് യാതൊരു ചിലവും, ആര്‍ക്കും ഉപദ്രവുമൊന്നുമില്ലാത്ത ഒരു ടൈംപാസ്. ഇങ്ങിനെയുള്ളവരെയാണ് 'വായ്‌നോക്കികള്‍' എന്ന പേരില്‍ അറിയപ്പെടുന്നത്. തികച്ചും നിരുപദ്രവകാരികള്‍- ചെറിയൊരു ഞരമ്പു രോഗം. നല്ലൊരു പൊട്ടീരു കൊടുത്താല്‍ മാറ്റിയെടുക്കാവുന്നതേയുള്ളൂ! എങ്ങനെയുണ്ട് ചാച്ചന്റെ ചെക്കപ്പ്?
Comments