You are Here : Home / AMERICA TODAY

സ്ത്രീ തോല്‍ക്കുന്ന ഒരിടമുണ്ടാകരുത്

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Wednesday, July 06, 2016 10:20 hrs UTC

സ്ത്രീ തോല്‍ക്കുന്ന ഒരിടമുണ്ടാകരുത് എന്നതാണ്‌ മനസ്സിലെ ആഗ്രഹമെന്ന് ഫോമ വിമണ്‍സ് ഫോറം കോര്‍ ഡിനേറ്റര്‍ രേഖ ഫിലിപ്പ് അശ്വമേധത്തോട് പറഞ്ഞു. എന്തുകൊണ്ട് ഒരു സ്ത്രീ സമൂഹത്തില്‍ പൊതുവായ ആവശ്യങ്ങള്‍ക്ക് മുന്നോട്ടുവരണമെന്ന് ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട്. പുരുഷാധിപത്യ സമൂഹമാണെങ്കിലും സ്ത്രീകളുടെ ആവശ്യങ്ങള്‍ക്കും അവരുടെ കഴിവിന് അംഗീകാരം നല്‍കുന്നതിനും സ്ത്രീ സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചേ തീരു. കാരണം ഒരു സ്ത്രീക്കുമാത്രമേ മറ്റൊരു സ്ത്രീയുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനാകൂ. സമൂഹത്തിന്റെ ഏതു മേഖലകളിലും സ്ത്രീക്കും പുരുഷനും തുല്യ അവകാശം വേണം. സ്ത്രീകളെ മാറ്റി നിര്‍ത്തുന്നതിനു പകരം അവര്‍ക്ക് അനായാസം പ്രവര്‍ത്തിക്കാനുള്ള ഇടം ഒരുക്കി ക്കൊടുക്കുകയാണ് ചെയ്യേണ്ടതെന്ന് ഞാന്‍ വിശ്വസിക്കുന്നു.

 

 

ഒരു റോള്‍ മോഡല്‍ നമുക്ക് ഉണ്ടാകേണ്ടത് ആവശ്യമാണ്. ഒരു വുമണ്‍സ് ഫോറം ഉണ്ടായാല്‍ സ്ത്രീകളെ ബാധിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ കഴിയും എന്ന് നാം കഴിഞ്ഞകാലങ്ങളില്‍ തെളിയിച്ചതാണ്. ചര്‍ച്ചകള്‍ മാത്രം പോരാ. പരിഹാരവും ഉണ്ടാകണം.കൗണ്‍സലിംഗ് സെന്ററുകള്‍ തുടങ്ങണം. കുടുംബ ബന്ധത്തിന്റെ പവിത്രത വളര്‍ന്നു വരുന്ന കമ്മ്യൂണിറ്റിക്ക് പഠിപ്പിച്ചുകൊടുക്കാന്‍ നമുക്ക് കഴിയണം. മകന്റെ, മകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്ന ഒരിടം ഞാന്‍ സ്വപ്‌നം കാണുന്നുണ്ട്. മുന്‍പു പ്രവര്‍ത്തിച്ചു പരിചയം നേടിയവരുടെ അനുഭവങ്ങള്‍ നമുക്ക് കൂടുതല്‍ ഗുണപ്രദമാകും. എല്ലാവരേയും ഒന്നിച്ചുകൊണ്ടു പോകുക എന്ന ശൈലിയാണ് എന്റെത്.

 

എനിക്ക് ആരോടും വിരോധമില്ല. നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുക. നാം ചെയ്യുന്നത് സമൂഹത്തിന് ഉപകാരപ്പെടുന്നുവെന്ന് ഉറപ്പിക്കുക. ചെറിയ കാര്യങ്ങള്‍ ചെയ്ത് നാം വലുതിലേക്ക് എത്തും. വിദ്യഭ്യാസ രംഗത്ത്, കലാരംഗത്ത്, മാധ്യമ രംഗത്ത് ..അവസരങ്ങള്‍ സ്ത്രീകള്‍ക്ക് ഒഴിഞ്ഞുകിടക്കുകയാണ്. അവിടേയ്ക്കാരു വാതില്‍ നമുക്ക് തുറന്നിടണം. എന്തും നേരിടാനുള്ള കരുത്തുണ്ടാകണം. അതിനു നമ്മള്‍ മുന്നോട്ടുവന്നേ തീരു. ഫോമയിലെ 65 സംഘടനകളില്‍ നിന്ന് 1 സ്ത്രീ വീതം നേതൃനിരയില്‍ വന്നാല്‍ 11 റീജിയണുകള്‍ കേന്ദ്രീകരിച്ച് അവിടെത്തന്നെയും പിന്നീട് ദേശീയതലത്തിലും കമ്മിറ്റികള്‍ രൂപീകരിച്ച് മാസമാസങ്ങളില്‍ ചര്‍ച്ചകള്‍ നടന്നാല്‍ എതു വലിയ കാര്യവും നമുക്ക് ആരുടേയും സഹായമില്ലാതെ നടത്താനാകും. എവിടെയാണ് നാം തോല്‍ക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? അത് നാം മുന്നോട്ടിറങ്ങാത്തിടത്താണ്. അതായത് നമ്മുടെ സാന്നധ്യമില്ലാത്തിടത്ത്. അത്തരമൊരിടം നാം ഉണ്ടാക്കിക്കൊടുക്കണോ? എന്തായാലും ഞാന്‍ ഒന്നു ശ്രമിച്ചുനോക്കുകയാണ്. നിങ്ങളുടെ സഹായത്തോടെ...

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.