വിനോദ് ഡേവിഡ് കോണ്ടൂര്‍
1963 ഓഗസ്റ്റ് 28ന് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ നടത്തിയ വിഖ്യാത പ്രസംഗത്തിന്റെ ഓര്‍മപറ്റിയാണ് ഞാനിത് എഴുതുന്നത്. അടിസ്ഥാന വര്‍ഗത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനു തുടക്കംകുറിച്ച ആവേശ വാക്കുകള്‍ക്ക് 53 വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രസക്തിയുണ്ടായത് ദീര്‍ഘവീക്ഷണമുള്ള നേതൃത്വം അദ്ദേഹത്തിനുണ്ടായതു കൊണ്ടാണ്. അമേരിക്കന്‍ മലയാളികള്‍ക്ക് കുടുംബാന്തരീക്ഷത്തില്‍ ഒത്തു കൂടാനും കുശലം പറയാനും ഒരു കുടക്കീഴുണ്ടായത് ഫോമയെന്ന ഒരു സംഘടന രൂപപ്പെടുന്നതോടെയാണ്. മലയാളികളുടെ 90 ശതമാനം സംഘടനയും ഫോമയുടെ അരികുചേര്‍ന്ന് നില്‍ക്കുമ്പോള്‍ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി സംഘടന എന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റി എന്നാണ് തോന്നുന്നത്.
അതിനു മുന്‍പത്തെ രണ്ടു വര്‍ഷവും കഴിഞ്ഞ രണ്ടുവര്‍ഷവും ഞാന്‍ പലതും പഠിക്കുകയായിരുന്നു. അതില്‍നിന്ന് കുറേ കാര്യങ്ങള്‍ മനസിലാക്കിയാണ് ഇപ്പോള്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്. അതിനു കാരണം മനസില്‍ തോന്നുന്നത് പ്രാവര്‍ത്തികമാക്കാന്‍ ഒരവസരം വേണമെന്നതിനാലാണ്. ജയിക്കാനൊരിടം എന്നതല്ല, അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റിക്ക് വേണ്ടി പ്രവര്‍ത്തിക്കാനൊരിടം എന്നതാണ് ഞാന്‍ ചിന്തിച്ചത്. ഇതൊരു ചെറുപ്പത്തിന്റെ ആവേശമല്ല, മറിച്ച് ചെറുപ്പക്കാരുടെ പ്രതിനിധി എന്ന ഓര്‍മപ്പെടുത്തലാണ്. നാട്ടില്‍നിന്നു വന്‍തോതിലുള്ള കുടിയേറ്റത്തില്‍ അമേരിക്കയിലെത്തിയിരിക്കുന്നവരുടെ പ്രായം ഇപ്പോള്‍ അറുപതു കഴിഞ്ഞിരിക്കുന്നു. അവര്‍ക്ക് ഒരു കരുതല്‍ ഉണ്ടാകണം. അവരുടെ സംരക്ഷണത്തിനും മറ്റും ചെറിയ രീതിയിലെങ്കിലും ഒരു കൈത്താങ്ങുണ്ടാകണം .
പണ്ടത്തെപോലെ മലയാളി ഇന്ന് അമേരിക്ക ലക്ഷ്യമാക്കി വിമാനം കയറുന്നില്ല. എന്നാല്‍ ഇവിടെയെത്തുന്നവരില്‍ മിക്കവര്‍ക്കും ഇവിടത്തെ നിയമങ്ങലെ പറ്റിയോ അമേരിക്കന്‍ സിസ്റ്റത്തെ പറ്റിയോ അറിയില്ല. അതിനായി ഒരു സമഗ്ര പദ്ധതി നടപ്പിലാക്കേണ്ടിയിരിക്കുന്നു. കുട്ടികളുടെ പ്രശ്‌നങ്ങള്‍. കുടുംബ പ്രശ്‌നങ്ങള്‍, നാട്ടിലേക്കുള്ള യാത്രാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങി ഒരു കുടുംബത്തെ ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങളുടേയും പരിഹാരത്തിന് മുതിര്‍ന്നവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്റെയൊരു സ്വപ്‌നമാണ്. അതിനുള്ള ഇടപെടല്‍ നടത്താന്‍ നാട്ടിലുള്ള മാധ്യമ സുഹൃത്തുക്കളുമായുള്ള ബന്ധവും ഫോമയുടെ ന്യൂസ് വിഭാഗം കൈകാര്യം ചെയ്തതിന്റെ പരിചയവും മുതല്‍ക്കൂട്ടാകുമെന്നും ഞാന്‍ വിശ്വസിക്കുന്നു. ഇന്ത്യന്‍ എംബസിയെ നമ്മുടെ പ്രശ്‌നങ്ങള്‍ ധരിപ്പിക്കുന്നതില്‍ കൂട്ടായ ശ്രമങ്ങള്‍ വേണം.
മലയാളി യുവതീ യുവാക്കളുടെ ശക്തി രാജ്യത്തെ ബോധ്യപ്പെടുത്താനുതകും വിധം യുവജന സെമിനാറുകള്‍ നടത്താനും കേരളത്തിന്റെ സാംസ്‌കാരികത്തനിമ യുവത്വത്തെ ബോധ്യപ്പെടുത്തുന്നതിനും പ്രത്യേകം സംവിധാനങ്ങള്‍ ഉണ്ടാക്കണം. പ്രവീണിന്റെ കുടുംബത്തിനുണ്ടായ നഷ്ടം നികത്താന്‍ ഇനിയും നമുക്ക് കഴിഞ്ഞിട്ടില്ലെന്നത് അത്യധികം വേദനിപ്പിക്കുന്നു. ഒരു യുവജനമുന്നേറ്റമുണ്ടായിരുന്നെങ്കില്‍ പ്രവീണിന്റെ ഘാതകന് തക്കശിക്ഷവാങ്ങിക്കൊടുക്കാനും മലയാളീ യുവതീ-യുവാക്കളുടെ സുരക്ഷയ്ക്ക് കാവലാകാനും നമുക്ക് കഴിയുമായിരുന്നു. അമേരിക്കയില്‍ വ്യവസായ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച മലയാളികള്‍ ഏറെയാണ്. അവരുടെ അനുഭവങ്ങള്‍ ഉള്‍ക്കൊണ്ട് ഭരണകേന്ദ്രവുമായി ചേര്‍ന്ന് കേരളത്തിന്റെ തനി മ വീണ്ടെടുക്കാന്‍ ഉതകുന്ന നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.
അമേരിക്കയുടെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ മലയാളീ യുവാക്കളെ ഭാഗമാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകാന്‍ നല്ലൊരു രാഷ്ട്രീയക്കളരി തന്നെ പടുത്തുയര്‍ത്താന്‍ ശ്രമിക്കണം. ഇതെല്ലാം എന്റെ സ്വപ്‌നങ്ങളാണ്. എത്ര കണ്ടു വിജയിക്കും എന്ന് എനിക്കറിയില്ല. എങ്കിലും എന്റെ കഴിവിനപ്പുറം ഞാന്‍ ശ്രമിക്കും. എന്നെ കൂടി ചെറുപ്പക്കാരുടെ പ്രതിനിധിയായി നിങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തണം.
കേരളത്തിലെ സാധാരണ ഗ്രാമത്തില്‍നിന്നു കുടിയേറിപ്പാര്‍ത്ത സരോജാ വര്‍ഗീസിന്റെ മകന്‍ അജു വര്‍ഗീസിന് അമേരിക്കന്‍ പ്രസിഡന്റിന്റെ മുഖ്യ സുരക്ഷാ ഉപദേഷ്ടാവാകാമെങ്കില്‍, ആലപ്പുഴ പള്ളിപ്പാടെന്ന നാട്ടിന്‍പുറത്തുനിന്ന് അമേരിക്കന്‍ സര്‍ക്കാറിന്റെ ഭരണകൂടത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായി വളരുവാന്‍ ഫാ. അലക്‌സാണ്ടര്‍ കുര്യന് ആകാമെങ്കില്‍, അമേരിക്കയുടെ വ്യവസായ വകുപ്പിന്റെ അമരക്കാരന്‍ അരുണ്‍ കുമാറിന് ആകാമെങ്കില്‍ , സി.എന്‍.എന്‍ പോലെയുള്ള ലോകത്തെ ഒന്നാം നംമ്പര്‍ ചാനലുകളിലെ താരങ്ങളാകുവാന്‍ റീനി നൈനാനും ഡോ ദേവി നമ്പ്യാ പറമ്പലിനും പറ്റുമെങ്കില്‍ എന്തുകൊണ്ട് ഇനിയൊരു യുവാവ് നമ്മുടെ സ്വപ്‌നം സാക്ഷാത്കരിക്കില്ലെന്ന് പറയാനാകും. ഒന്നല്ല, ഒരുപാട് മലയാളി യുവത്വങ്ങള്‍.
ഏറ്റവുമൊടുവില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ കസേരയിലേക്ക് ഒരു മലയാളി കയറുന്നതുവരെ ജ്വലിക്കുന്ന മനസുമായി താങ്ങായും തണലായും നമ്മള്‍ ഉണ്ടാകണം .
ഫോമയുടെ തണലില്‍ ഞാനതു സ്വപ്‌നം കാണുന്നു
Comments