ഫ്ലോറിഡ: ഫോമായുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത ജനറൽ കൗൺസിലായിരുന്നു മയാമിയിൽ വച്ചു കഴിഞ്ഞ വീക്കെന്റിൽ നടന്നത്. 342 പേരുടെ ഡെലിഗേറ്റ് ലിസ്റ്റിൽ നിന്നും 311 പേർ വോട്ടു ചെയ്തു. അത് തന്നെ സംഘടനയുടെ അടുത്ത ഭാരവാഹികൾ ആരായിരിക്കണം എന്നുള്ളതിന് 65-ഓളം വരുന്ന സംഘടനകളിലുള്ളവർക്കുള്ള താത്പര്യം കൂടി വെളിവാക്കുന്നതായിരുന്നു. നിറഞ്ഞ ജനറൽ കൗൺസിലിൽ താരങ്ങളായത് ഫോമായുടെ ഫൗണ്ടിംഗ് പ്രസിഡന്റ് ശശിധരൻ നായരും, ഈ ഇലക്ഷനിൽ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഡിട്രോയിറ്റിൽ നിന്നുള്ള വിനോദ് കൊണ്ടൂരുമാണ്. ശശിധരൻ നായർ എല്ലാവർക്കും ശശിയേട്ടനാണ്, അദ്ദേഹത്തിന്റെ പല പ്രസംഗങ്ങളും ഫോമായുടെ ഭാവിയിലുള്ള ഉത്കണ്o രേഖപ്പെടുത്തുന്നതായിരുന്നു.
ഒരോ പ്രാവശ്യവും ഒരു കാരണവരുടെ കരുതലോടു കൂടിയുള്ള സംസാരം, ആളുകൾ ഒരു വല്ല്യേട്ടന്റെ ഭാഗത്തു നിന്നു വരുന്ന നിർദ്ദേശം പോലെയായിരുന്നു ഉൾക്കൊണ്ടു കൊണ്ടിരുന്നത്. അദ്ദേഹത്തിന്റെ പല നിർദ്ദേശങ്ങളും തത്വത്തിൽ എല്ലാവരും അംഗീകരിക്കുകയും ചെയ്തു. കൺവൻഷനിലുടനീളം ശശിധരൻ നായരുടെ, മറ്റുള്ളവരോടുള്ള പെരുമാറ്റ രീതികളും ഒരു കാരണവരുടെ സ്ഥാനത്തു നിന്നു തന്നെ ആയിരുന്നു. ശശിധരൻ നായരുടെ പ്രസംഗത്തിനു ശേഷം ഏറ്റവും കൂടുതൽ ആൾക്കാരെ ആകർഷിച്ചത് ഈ ഇലക്ഷനിൽ പ്രായം കൊണ്ടും പ്രവർത്ത രീതി കൊണ്ടും ചെറുപ്പക്കാരനായ വിനോദ് കൊണ്ടൂരിന്റെ ആയിരുന്നു. മറ്റുള്ള പ്രാസംഗികരെ കടത്തി വെട്ടുന്ന രീതിയിൽ, യുവാക്കൾ സംഘടനയിലേക്ക് വരേണ്ടിയിരിക്കുന്ന ആവശ്യകതയെ കുറിച്ചു ഊന്നി പറഞ്ഞു കൊണ്ടുള്ള ഒരു പ്രസംഗമായിരുന്നു.
ഒപ്പം ഫോമ വളർന്നു വന്ന ചരിത്രവും പറഞ്ഞ് ഈ സംഘടനയെപ്പറ്റി വിനോദിനുള്ള അറിവ് വെളിവാക്കുന്ന രീതിയിലുള്ള പ്രസംഗം ഏവരുടേയും ഹൃദയം കവർന്നു. ഒരു കുഞ്ഞനുജനായ തന്നെയും ഈ സംഘടനയിൽ ഉൾപ്പെടുത്തേണമേ എന്ന അപേക്ഷ, പ്രത്യേകിച്ച് വനിത വോട്ടർമാരുടെ ഇടയിൽ ഒരു തരംഗമുണ്ടാക്കി. വല്യേട്ടനിൽ നിന്നും കുഞ്ഞനുജനിലേക്ക് ഉള്ള ഒരു യാത്ര ഫോമായടെ വ്യക്തമായ ഭാവി ഉറപ്പാക്കുന്നതു കൂടിയായിരുന്നു. വിനോദിന്റെ ഇലക്ഷൻ ഫലമറിയുന്നതിനു വേണ്ടിയായിരുന്നു ബഹു ഭൂരിപക്ഷം ആളുകളും അവിടെ കാത്തിരുന്നത്. ഇലക്ഷനു മുൻപേ തന്നെ വൻ ഭൂരിപക്ഷത്തിൽ ജയിക്കും എന്ന് പരക്കെ ഒരു സംസാരം ഉണ്ടായിരുന്നു. എന്നിരുന്നാൽ തന്നെയും ഇലക്ഷൻ റിസൽറ്റു വന്നപ്പോൾ അതൊരു വലിയ ആരവമായി മാറി.
Comments