കഷ്ട്ടപ്പെടാനുള്ള മനസ്സുണ്ടെങ്കിൽ എന്തും നേടാം; ആരുമാകാം:കാനഡയിൽ വിജയഗാഥ രചിച്ചുകൊണ്ടു രഞ്ജിത് സോമൻ
ടൊറോന്റോ : ലണ്ടൻ ഒന്റാരിയോവിലെ സെന്റ്. മേരിസിലുള്ള "കനേഡിയൻ ടയർ" എന്ന ബൃഹത് പ്രസ്ഥാനം സ്വന്തമാക്കിയതിലൂടെ ഈ ബിസിനസ് സാമ്രാജ്യത്തിലേക്ക് കാലെടുത്തു വെച്ച ആദ്യ മലയാളിയാവുകയാണ് രഞ്ജിത് സോമൻ. വാഹനം ,വീട് , വിനോദം എന്നീ വിഭാഗങ്ങളിലുള്ള ഉൽപ്പന്നങ്ങളുടെ ഏറ്റവും അറിയപ്പെടുന്ന ഒരു വലിയ വിപണന ശ്രുംഖലയാണ് കനേഡിയൻ ടയർ. ഈ വമ്പൻ വിപണന ശ്രേണിയിൽ ഒരു കണ്ണിയാകാൻ സാധിക്കുന്നത് ഒരു നിസ്സാര കാര്യമല്ല. നീണ്ട നാളത്തെ പരിശ്രമത്തിന്റെയും കാത്തിരുപ്പിന്റെയും ഫലമായാണ് ഒരു കനേഡിയൻ ടയർ സ്റ്റോർ കൈക്കലാക്കിയ മൂന്നാമത്തെ ഇന്ത്യൻ വംശജനായി രഞ്ജിത് മാറിയത്. ഇന്ത്യൻ നേവിയിൽ ലഫ്റ്റനെന്റ് കമാൻഡർ ആയിരുന്ന രഞ്ജിത് 2010 -ലാണ് കാനഡയിലേക്ക് കുടിയേറിയത്. ഫെഡെക്സ് കാനഡയിൽ ഏവിയേഷൻ ആൻഡ് ലോജിസ്റ്റിക്സ് ഓപ്പറേഷൻസ് മാനേജരായി ആൽബെർട്ടയിൽ ജോലി ചെയ്തു.
പിന്നീട് സൺകോറിൽ കോൺട്രാക്ട് ആൻഡ് റിലേഷൻഷിപ് മാനേജരായി ജോലി ചെയ്തു. ഇന്ത്യൻ നേവിയിൽ എയർ വാർഫെയറിൽ സ്പെഷ്യലിസ്റ് (പൈലറ്റ് ) ആയിരുന്ന രഞ്ജിത് എന്ന നേവൽ ഏവിയേറ്റർക്കു 2000 -ലേറെ മണിക്കൂറുകൾ വിമാനം പറത്തിയ പരിചയമുണ്ട്. സുനാമി ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ആന്റി-പൈറസി ഓപ്പറേഷനുകളിലും പങ്കെടുത്തിട്ടുണ്ട്. നാഷണൽ ഡിഫൻസ് അക്കാദമിയിലൂടെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയ രഞ്ജിത് , കാൽഗരി യൂണിവേഴ്സിറ്റിയിൽ നിന്നും ആൽബർട്ടാ യൂണിവേഴ്സിറ്റിയിൽ നിന്നും എം.ബി.എ പഠനം പൂർത്തിയാക്കി. ലീൻ സിക്സ് സിഗ്മായിൽ ഗ്രീൻ ബെൽറ്റും നേടി. തുടർന്നാണ് നാളിതുവരെ നേടിയ അനുഭവസമ്പത്തും, വിദ്യാസമ്പത്തും മൂലധനമാക്കി കാനഡയിലെ ഒരു മുഖ്യധാരാ ബിസിനസ്സിൽ പങ്കാളിയാകാൻ തീരുമാനിച്ചത്.
കേരളത്തിൽ കോട്ടയം ജില്ലയിലെ ആനിക്കാട് സാഗരിക മുഴയനാൽ സോമനാഥൻ നായരുടെയും ( കാർട്ടൂണിസ്റ് നാഥൻ) ഗീതയുടെയും പുത്രനാണ് രഞ്ജിത്. ഏക സഹോദരി കവിത മധു കാൽഗരിയിൽ സ്ഥിര താമസമാണ് ; സിൻക്രൂഡിൽ ജോലി ചെയ്യുന്നു. ഐ ടി പ്രൊഫഷണലായ ഭാര്യ വീണ ദീർഘകാലം ഐ.ബി എം -കാനഡയിൽ ഉദ്യോഗസ്ഥയായിരുന്നു. ഇപ്പോൾ ബിസിനസ് പാർട്ട്ണർ ആയി മുഴുവൻ സമയവും രഞ്ജിത്തിന്റെ സഹായിയായി കൂടെ നിൽക്കുന്നു.
രണ്ടു കുട്ടികളുണ്ട് : നിവേദിതയും ദേവികയും. ഒഴിവു വേളകളിൽ സുഹൃത്തുക്കളോടും കുടുംബത്തോടും കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന രഞ്ജിത് നീണ്ട ഡ്രൈവിങ്ങും ട്രെക്കിങ്ങും ആസ്വദിക്കാറുണ്ട്. എണ്ണഛായാചിത്രങ്ങൾ വരക്കുന്നതും അച്ഛനെപ്പോലെ കാർട്ടൂൺ വരക്കുന്നതും ഇഷ്ട്ട വിനോദങ്ങളാണ്. വരും കാലങ്ങളിൽ കനേഡിയൻ ടയറിന്റെ തന്നെ കൂടുതൽ സ്റ്റോറുകൾ സ്വന്തമാക്കി കൂടുതൽ ആളുകൾക്ക് ജോലി നൽകാനും, പഠിച്ചു കൂടുതൽ ഉയരങ്ങൾ താണ്ടി തന്റേതായ ഒരു കൊച്ചു ബിസിനസ് സാമ്രാജ്യം കെട്ടിപ്പെടുക്കുവാനുമാണ് ലക്ഷ്യമിടുന്നത്.
കഷ്ട്ടപ്പെടാനുള്ള ഒരു മനസ്സുണ്ടെങ്കിൽ കാനഡയിൽ എത്തിയാൽ എന്തും നേടാം; ആരുമാകാം എന്ന് സ്വന്തം അനുഭവ സാക്ഷ്യത്തിലൂടെ സമർത്ഥിക്കുകയാണ് രഞ്ജിത്. കാനഡയിലേക്ക് കുടിയേറിയ മലയാളികളുടെ ജീവിതത്തെക്കുറിച്ചു സോഷ്യൽ മീഡിയയിലൂടെ നല്ലതും ചീത്തയുമായ ഒട്ടേറെ ചർച്ചകൾ നടക്കുന്ന ഈ വേളയിൽ ഇരുകൂട്ടരുടെയും വാദഗതികൾ ശരിവെക്കുന്ന രഞ്ജിത്, കഠിനാദ്ധ്വാനികളാണെങ്കിൽ മലയാളികൾക്കും കാനഡ ഒരു വളക്കൂറുള്ള മണ്ണാണെന്ന് തെളിയിക്കുന്നു . .
ജയിസൺ മാത്യു
Comments