അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലേക്ക് റിപ്പപ്ളബിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപ് വലതുകാല്‍വച്ചു കയറുമോ എന്നത് അമേരിക്കന്‍ ജനതയുടെ തീരുമാനമാണ്. വരുന്ന നവംബറില്‍ അമേരിക്കയിലെ മണ്ണിന്റെ മക്കള്‍ വാദക്കാരന് വോട്ടുചെയ്യാന്‍ രാജ്യം തീരുമാനിച്ചാല്‍ അത് ക്യൂന്‍സിലെ ജമൈക്ക എസ്‌റ്റേറ്റിലെ 2500 സ്‌ക്വയര്‍ ഫീറ്റ് വീട്ടില്‍ നിന്ന് വൈറ്റ് ഹൗസിലേക്കുള്ള ചരിത്ര പ്രയാണമായിരിക്കും. കാരണം ഇവിടെയാണ് കുഞ്ഞു ട്രംപ് തന്റെ കുട്ടിക്കാലം ചെലവഴിച്ചരുന്നത്. 1940 ല്‍ പിതാവ് ഫ്രഡ് ആണ് ഈ വീടുണ്ടാക്കിയത്. കട്ടകൊണ്ടുളള മനോഹരമായ വീട്. പലതവണ കൈമാറിവന്ന വീട് അതി മനോഹരമായി അലങ്കരിച്ചതാണ്. 85-15 വെയര്‍ഹാം പാലസ് എന്ന ആ വീട്ടില്‍ ഓക്കുകൊണ്ടുള്ള ഫയര്‍പ്ലേസും കോണിക്കൈയും മഹാഗണി കൊണ്ട് പാനല്‍ചെയ്ത വായനാമുറിയും ഉണ്ട്. വീട്ടിലെ ഒരു മുറി ചെറുതാണ്. ഒരു പക്ഷേ അതായിരിക്കും കുഞ്ഞുഡൊണാള്‍ഡ് വൈറ്റ് ഹൗസ് സ്വപ്‌നം കണ്ട റൂം.
എന്നാല്‍ ഇന്നിത് മാര്‍ക്കറ്റിലാണ്!. ഉടമസ്ഥര്‍ പലരും കൈമാറി വന്ന വീടിന് ഇന്ന് ഏഴ് ലക്ഷം ഡോളറിന്റെ മൂല്യം. ട്രംപ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആയതോടെ ഇപ്പോഴുള്ള ഉടമസ്ഥന്‍ വില്‍പന താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഒരുപക്ഷേ നാളെയത് പ്രസിഡന്റിന്റെ കുട്ടിക്കാല വസതിയായാലോ? അതുകൊണ്ടുതന്നെ റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റില്‍ ട്രംപ് വീടിന് ഡിമാന്റ് ഏറെയാണ്.
ഇപ്പോള്‍ ട്രംപ് താമസിക്കുന്ന മാന്‍ഹട്ടനിലെ ഫിഫ്ത്ത് അവന്യുവിന് ഏറെ ദൂരെയാണ് ട്രംപിന്റെ ആദ്യ വീട്. പിന്നീട് വീടുകള്‍ പലതുമാറി ട്രംപ് ടവറിലെത്തി. ഇനി വൈറ്റ് ഹൗസ്?. തീരുമാനം അമേരിക്കക്കാരുടേതാണ്. പ്രസിഡന്റായാല്‍ ഈ കുഞ്ഞുവീട് ചരിത്രമാകും- നമ്മുടെ പ്രസിഡന്റ് കുട്ടിക്കാലത്ത് ഇവിടെ ഓടിക്കളിച്ചിരുന്നു. അല്ലങ്കില്‍ അടുത്ത ഉടമസ്ഥന് പറഞ്ഞഹങ്കരിക്കാനുള്ള ഒരു തണുത്ത കഥയായി മാറും.
Comments