എല്ലാ മതങ്ങളും ഒരു പോലെ അംഗീകരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ് ജനനവും മരണവും. ഇവ രണ്ടും പ്രകൃതിയുടെ അലംഘനീയ നിയമങ്ങളാണ്. ഭൂമിയില്‍ പിറന്നു വീണിട്ടുള്ള ബലവാന്മാരും, ബലഹീനരും. പണ്ഡിതരും, പാമരരും. ധനവാന്മാരും, ദരിദ്രരും ചക്രവര്‍ത്തിമാരും, യാചകരും ഒരു പോലെ മരണമെന്ന് രാക്ഷസ്സന്റെ മുമ്പില്‍ അടിയറവു പറഞ്ഞിട്ടുള്ളവരാണ്. മരണത്തെ കീഴ്‌പ്പെടുത്തി അമര്‍ത്യരായി ജീവിക്കുന്നതിനുള്ള നിരവധി ഗവേഷണങ്ങള്‍ ആധുനിക വൈദ്യശാസ്ത്ര രംഗത്ത് നടന്നു കഴിഞ്ഞു, ഇപ്പോഴും അനുസ്യൂതം തുടരുന്നു. എന്നാല്‍ ഇതുവരെ ഒന്നും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. എത്തുമെന്ന് വിശ്വസിക്കുക അസാധ്യമാണ്. മരണത്തെ അതിജീവിക്കുവാനുള്ള പരീക്ഷണങ്ങള്‍ നടത്തി പരാജയപ്പെട്ട മനുഷ്യന്‍, ആയുസ്സിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുവാന്‍ നടത്തിയ ശ്രമങ്ങള്‍ ഒരു പരിധിവരെ വിജയിച്ചിരിക്കുന്നു എന്ന് അഭിമാനിക്കുകയോ, അഹങ്കരിക്കുകയോ ചെയ്യുന്നു.
ഇവിടെ പ്രബലമായ രണ്ടു വാദഗതികളാണ് ഉയര്‍ന്നു വരുന്നത്. മനുഷ്യന് നിശ്ചയിക്കപ്പെട്ടിരിക്കുന്ന ആയുസ്സിനോടും ഒരു മുഴം കൂട്ടുന്നതിനോ കുറക്കുന്നതിനോ ഓള്ള അധികാരം സൃഷ്ടിതാവിന് മാത്രമാണ്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ അറിവുകള്‍ എങ്ങനെ പ്രയോജപ്പെടുത്തിയാലും നിശ്ചിത സമയത്ത് തന്നെ മരണം നടന്നിരിക്കും എന്ന് ഒരു കൂട്ടര്‍ വിശ്വസിക്കുക. മനുഷ്യന് ലഭിച്ചിരിക്കുന്ന ബുദ്ധിശക്തി പ്രയോജനപ്പെടുത്തി രോഗ നിര്‍ണ്ണയം നടത്തുന്നതിനും, ആവശ്യമായ ചികിത്സകള്‍ ലഭിക്കുന്നതിനും അവസരം ലഭിച്ചാല്‍ രോഗസൗഖ്യം പ്രാപിച്ചു ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കുവാന്‍ സാധിക്കും എന്ന് മറ്റൊരു കൂട്ടരും വിശ്വസിക്കുന്നു. ഒന്നാമത്തെ വാദഗതിയെ ന്യായീകരിക്കുന്നതിന് ഒരു സുഹൃത്തിനുണ്ടായ അനുഭവമാണ് ഓര്‍മ്മയില്‍ വരുന്നത്. വിദ്യാസമ്പന്നയും, ഉയര്‍ന്ന ഉദ്യോഗസ്ഥയും യുവത്വത്തിന്റെ പ്രസരിപ്പുകള്‍ ഉള്‍ക്കോള്ളുന്ന പ്രസന്നവതിയുമായ ഒരു യുവതി 28 വയസ്സു പ്രായം, ഒരു കുട്ടിയുടെ മാതാവ്-സന്ധ്യാസമയം. ജോലിയില്‍ നിന്നും മടങ്ങിവരുന്ന ഭര്‍ത്താവിനേയും കാത്ത് ലിവിങ്ങ് റൂമില്‍ കുട്ടിയുമൊത്തു സന്തോഷകരമായ നിമിഷങ്ങള്‍ തള്ളിനീക്കുകയാണ്. തലയ്ക്കുള്ളില്‍ പെട്ടെന്ന് ശക്തമായ വേദന അനുഭവപ്പെട്ടു. ഭൂമി കറങ്ങുന്നതു പോലുള്ള അനുഭവം ഇതിനകം വീട്ടില്‍ എത്തിചേര്‍ന്ന ഭര്‍ത്താവ് ഭാര്യയുടെ രോഗത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കി അടുത്തുള്ള അത്യാധുനിക ആശുപത്രിയിലേയ്‌ക്കെത്തിച്ചു. സ്‌കാന്‍ പരിശോധനയില്‍ തലച്ചോറിനകത്ത് ഒരു വലിയ മുഴ രൂപപ്പെട്ടിരിക്കുന്നതായി കണ്ടെത്തി.
മുഴ ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. ആശുപത്രിയില്‍ മരണം സംഭവിക്കുകയും ചെയ്തു. ദുഃഖത്തിലിരിക്കുന്ന ഭര്‍ത്താവിനെ സന്ദര്‍ശിക്കുവാന്‍ സുഹൃത്ത് എത്തി. പരസ്പരം ആലിംഗന ബദ്ധരായിരുന്ന സുഹൃത്തിന്റെ തോളില്‍ തലചായ്ച്ചു ഇപ്രകാരം പറഞ്ഞു. വൈദ്യശാസ്ത്രത്തിന് ചെയ്യുന്നതിന്റെ പരമാവധി എന്റെ ഭാര്യയുടെ ജീവന്‍ നിലനിലര്‍ത്തുന്നതിന് ഞാന്‍ ചെയ്തു. വൈദ്യശാസ്ത്രം വിജയിച്ചു എന്നായിരുന്നു എന്റെ വിശ്വാസം പക്ഷേ എന്റെ ഭാര്യക്ക് ഇത്രമാത്രമേ ആയുസ്സു നിശ്ചയിച്ചിട്ടുള്ളൂ എന്നാണ് ഇപ്പോള്‍ എനിക്ക് ബോധ്യമായത്. ഇവിടെ പ്രശസ്തമായ ഒരു ചോദ്യത്തിനാണ് അടിവരയിടുന്നത്. ഇവിടെ പ്രസക്തമായ ഒരു ചോദ്യത്തിനാണ് അടിവരയിടുന്നത്. മനുഷ്യന് നല്‍കിയിരിക്കുന്ന ബുദ്ധിശക്തി പ്രയോജനപ്പെടുത്താത്തതാണോ അതോ ഈശ്വരന്‍ മുന്‍കൂട്ടി നിശ്ചയിച്ച സമയത്തു മരണം സംഭവിച്ചതാണോ? രണ്ടാമത്തെ വാദഗതിയെ ന്യായീകരിക്കുന്ന മറ്റൊരു സംഭവം ചൂണ്ടികാണിക്കാം. രോഗ ശാന്തിയില്‍ വിശ്വസിക്കുകയും, അത്ഭുത വിടുതലിനെ കുറിച്ചു വാചാലമായി പ്രസംഗിക്കുകയും, പഠിപ്പിക്കുയും ചെയ്യുന്ന പണ്ഢിതനും ഈശ്വര വിശ്വാസിയുമായ ഒരു മദ്ധ്യവയസ്‌കന്‍.
തളര്‍ച്ചയെന്തെന്നറിയാത്ത കര്‍മ്മനിരതമായ ജീവിതത്തിനുടമ. രാവിലെ സമയം പ്രഭാതകൃത്യങ്ങളെല്ലാം കഴിഞ്ഞു ഭാര്യയും മക്കളുമൊത്ത് ലഘുഭക്ഷത്തിനിരിക്കുകയായിരുന്നു. പെട്ടെന്ന് ഒരു വിറയലും, ശരീരമാകെ വിയര്‍ക്കുകയും ശക്തമായ നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്തു. മിനിട്ടുകള്‍ക്കുള്ളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗനിര്‍ണ്ണയം നടത്തി അടിയന്തിരമായി ഹൃദയം തുറന്നുള്ള ശസ്ത്രക്രിയക്ക് വിധേയനാക്കി. വിജയകരമായ ശസ്ത്രക്രിയക്കു ശേഷം ആരോഗ്യം വീണ്ടെടുത്തു. ദിവസങ്ങള്‍ക്കുള്ളില്‍ ഭവനത്തില്‍ തിരിച്ചെത്തി. ക്ഷേമം അന്വേഷിക്കുന്നതിന് വീട്ടില്‍ എത്തിയ സുഹൃത്തിനോടു പറഞ്ഞ സാക്ഷ്യം കൃത്യസമയത്തു ആശുപത്രിയില്‍ എത്തുന്നതിനും, രോഗനിര്‍ണ്ണയം നടത്തി, ശസ്ത്രക്രിയക്ക് വിധേയനായതിനാലും വീണ്ടും നിങ്ങളെ കാണുന്നതിനുള്ള അവസരം ലഭിച്ചു.
ഉടനെ സുഹൃത്ത് ഒരു മറു ചോദ്യം-ശസ്ത്രക്കിയ നടത്തിയതു കൊണ്ടാണോ നിങ്ങള്‍ ജീവിച്ചിരിക്കുന്നത്? ഇപ്പോഴും ആരോഗ്യവാനായിരിക്കുന്ന ഈ വ്യക്തിയുടെ സാക്ഷ്യവും, യൗവ്വനത്തില്‍ ഭാര്യ നഷ്ടപ്പെട്ട ഭര്‍ത്താവിന്റെ സാക്ഷ്യവും താരതമ്യം ചെയ്യുമ്പോള്‍ മരണത്തിന്റെ നീക്കുപോക്കുകള്‍ക്കുള്ള പൂര്‍ണ്ണ അധികാരം സൃഷ്ടിതാവിനു മാത്രമാണെന്ന് അടിവരയിട്ട് പറയാതെ തരമില്ല. അടുത്തയിടെ കേട്ട ഒരു പ്രസംഗത്തില്‍ 18 വയസ്സുക്കാരന്റെ അന്ത്യത്തെക്കുറിച്ച് വിവരിക്കുന്നതിപ്രകാരമായിരുന്നു. ഞായറാഴ്ച പള്ളിയിലെ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കിയതിനു ശേഷം വൈകുന്നേരം 4മണിയോടെയാണ് യുവാവ് വീട്ടില്‍ എത്തിയത്. അല്പസമയത്തെ വിശ്രമത്തിനുശേഷം അടുത്തുള്ള ഫുട് ബോള്‍ ഗ്രൗണ്ടില്‍ എത്തി കളിക്കുവാന്‍ ആരംഭിച്ചു. പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടു. തൊട്ടടുത്തുള്ള ആശുപത്രിയില്‍ നിമിഷങ്ങള്‍ക്കകം എത്തിച്ചുവെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചിരുന്നു. ഇതിന് വിധിയെന്നല്ലാതെ എന്താണ് പറയുക? ഇതുപോലെ നൂറുനൂറു അനുഭവങ്ങള്‍ ചൂണ്ടികാണിക്കുവാനുണ്ട്. ഇവിടെയെല്ലാം, ചികിത്സകിട്ടാതെയാണോ, ചികിത്സ ലഭിച്ചിട്ടും നിശ്ചിത സമയത്തു മരണം കടന്നുവന്നതാണോ എന്ന് ചിന്തിക്കുന്നത് ഉചിതമാണ്.
അതേസമയം ശരീരത്തില്‍ ഉണ്ടായ ഒരു മുറിവില്‍നിന്നും രക്തം വാര്‍ന്നുപോകുമ്പോഴും, വേദനയില്‍ ശരീരം കിടന്ന് പിടക്കുമ്പോഴും, മുറിവ് വെച്ചു കെട്ടാതെയും, വേദന സംഹാരികള്‍ ഉപയോഗിക്കാതെയും ഇരിക്കുന്നത് വേണമെങ്കില്‍ ബുദ്ധിശൂന്യതയായി കണക്കാക്കാം. പലപ്പോഴും ചികിത്സയിലൂടെ സൗഖ്യം പ്രാപിച്ചു എന്നു പറയുന്നവര്‍ സൃഷ്ടിതാവിനേക്കാള്‍ സൃഷ്ടിയില്‍ കൂടുതല്‍ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നവരാണെന്ന് പറയാതെയിരിക്കുവാന്‍ സാധ്യമല്ല. ഇവിടെയാണ് ഈശ്വര വിശ്വാസം ചോദ്യം ചെയ്യപ്പെടുന്നത്. സൃഷ്ടിതാവിനോളം ഉയരുവാന്‍ കെട്ടിയുര്‍ത്തിയ ബാബേല്‍ ഗോപുരത്തിനും, അതിന് രൂപ കല്പന ചെയ്തവരിലും ഈശ്വരകോപം എങ്ങനെ പ്രതിഫലിച്ചു എന്ന തിരിച്ചറിവ് ഉണ്ടാകേണ്ടിയിരിക്കുന്നു. മനുഷ്യായസ്സു നീട്ടികിട്ടുകയോ, കിട്ടാതിരിക്കുകയോ അല്ല പ്രധാനം. ലഭിച്ച ആയുസ്സില്‍ എന്ത് പ്രവര്‍ത്തിച്ചു എന്ന് സ്വയ പരിശോധന നടത്തി സമൂഹത്തിനും കുടുംബത്തിനും, പ്രയോജനകരമായ ജീവിതം നയിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ് ഓരോരുത്തര്‍ക്കും കരണീയമായിട്ടുള്ളത്. ആയുസ്സിന്റെ ദൈര്‍ഘ്യത്തെകുറിച്ചു വേവലാതിപെടാതെ ആയുസ്സിന്റെ ഇടയവനില്‍ നമ്മെതന്നെ സമീപ്പിക്കാം. ഒരു ശക്തിക്കും ഈശ്വര നിശ്ചയത്തെ മറിക്കടക്കുവാന്‍ സാധ്യമല്ല എന്ന് പൂര്‍ണ്ണമായി വിശ്വസിക്കുകയും ചെയ്യാം.
Comments