ജോജോ തോമസ്
റോബിന്‍ വടക്കുംചേരി എന്ന മനുഷ്യമൃഗത്തിനു ഇരയായിതീര്‍ന്ന 16 വയസ്സുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച്, പ്രസവിപ്പിച്ച്. ഇളംപ്രായത്തില്‍ അമ്മയാക്കിതീര്‍ത്ത ശേഷം കേരളത്തില്‍ നിന്നും കാനഡയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവെ പോലീസ് പിടിയിലായ വാര്‍ത്ത സൃഷ്ടിച്ച നടുക്കവും, ഹൃദയനൊമ്പരവും ഉള്ളിലൊതുക്കി ഈ കുറിപ്പ് എഴുതുവാന്‍ ഞാന്‍ ശ്രമിക്കുന്നു. അച്ചടി-ദൃശ്യ മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നിന്ന ഈ വാര്‍ത്തയുടെ പ്രാധാന്യം അനുദിനം കുറഞ്ഞു വരുന്നതും നാം കാണുന്നു. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രുരകൃത്യങ്ങള്‍ ചെയ്യുന്ന കുറ്റവാളികളെ പോലീസ് പിടിക്കുന്ന വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുന്ന അതേ വേഗതയില്‍തന്നെ അവ അപ്രത്യക്ഷമാകുകയും, കുറ്റവാളികള്‍ പണവും, സ്വാധീനവും ഉപയോഗിച്ച് ജയിലറയ്ക്കുള്ളില്‍നിന്നും വീണ്ടും സമൂഹമദ്ധ്യത്തിലേക്ക് തിരികെ എത്തുന്നതും കേരളത്തില്‍ മാത്രം കണ്ടുവരുന്ന വസ്തുതയാണ്. എന്തുകൊണ്ട് കേരളത്തിനെ നിയമവ്യവസ്ഥിതി ഇപ്രകാരമാകുന്നു? പ്രതികരണ ശേഷി നഷ്ടപ്പെട്ടവരായിരിക്കാം ഇന്ന് കേരളത്തിലെ മനുഷ്യജനം എന്ന് സൂചിപ്പിക്കുന്നു. എന്നാല്‍ ഈ പ്രവാസഭൂമിയില്‍ കഴിയുന്ന മലയാളി സമൂഹം ഇത്തരം വാര്‍ത്തയില്‍ എന്തുകൊണ്ട് താല്‍പര്യം കാണിക്കുന്നില്ലാ? ഇവിടെയുള്ള കവികളും, സാഹിത്യപ്രതിഭകളും, സംഘടനാ നേതാക്കളും, മനുഷ്യാവകാശ സ്‌നേഹികളും, വിശ്വാസ സമൂഹവും എന്തുകൊണ്ട് സംഘടിച്ച് മുന്നോട്ട് വരുന്നില്ലാ? വിരിയും മുമ്പ് പുഴുക്കുത്ത് ഏല്‍ക്കേണ്ടിവരികയും, ശിഷ്ടകാലം അപമാനഭാരത്താല്‍ കഴിയേണ്ടി വന്നിരിക്കുന്ന ഈ പെണ്‍കുട്ടിയുടെ മാനസിക വ്യഥ മനസ്സിലാക്കുവാന്‍ ഇവിടുത്തെ മനുഷ്യസമൂഹം എന്തുകൊണ്ട് ഉണരുന്നില്ലാ? നമ്മുടെ നാട്ടില്‍ ഈ യുഗത്തിലും കുറ്റകൃത്യങ്ങള്‍ക്ക് അതിന്റെതായ ഗൗരവം നല്‍കിയിട്ടില്ല. അര്‍ഹിക്കുന്ന ശിക്ഷ നല്‍കുന്നുമില്ല. നിയമത്തെ വിലയ്ക്കുവാങ്ങുന്ന നാടാണ് ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന കേരളം.
ദുരന്തം ഒഴിവാക്കാമായിരുന്നില്ലേ? റോബിന്‍ വടക്കും ചേരി എന്ന വിഷപാമ്പിനെ പാലൂട്ടി വളര്‍ത്തിയവര്‍ക്കും, കത്തോലിക്കാ സമൂഹത്തിനും ഈ നീചനെ തിരിച്ചറിയാതെ പോയതാണെന്ന് പറയുന്നത് വിശ്വസിക്കുക അസാദ്ധ്യം. എത്രയെത്ര പെണ്‍കുട്ടികളുടെ ചാരിത്ര്യം നശിപ്പിച്ചുകൊണ്ട് അന്യായമായി സമ്പാദിച്ച കോടികളുടെ ബലത്തില്‍ അവയെല്ലാം ഒതുക്കിതീര്‍ത്ത് വിലസി നടന്ന ഈ കശ്മലനെ, ദൈവം തന്നെ ഇവന്റെ വിളയാട്ടം അവസാനിപ്പിച്ചു. പക്ഷെ പ്രായം തികയാത്ത ഒരു പെണ്‍കുട്ടി അതിനു ബലിയാടായി. ഏതൊരു പെണ്‍കുട്ടിയെയുംപോലെ, ബാല്യത്തില്‍ നിന്നും കൗമാരത്തിലേക്കു മേഹന സ്വപ്‌നങ്ങളുമായി, പറന്നുയരുവാന്‍ വെമ്പിയ ഒരു നിഷ്‌കളങ്ക ചിത്രശലഭത്തെ നിഷ്‌കരുണം അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടപ്പോള്‍, ആ പീഡനങ്ങള്‍ കൂരമ്പുപോലെ തറച്ചുകൊണ്ടത് സ്ത്രീസമൂഹത്തിലെ ഏവരിലുമാണ് എന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കണം. ഒരു തെറ്റ് പറ്റിയപ്പോള്‍ ആ പുരോഹിതനെ തിരുത്തിയരുന്നുവെങ്കില്‍ ഇന്ന് ഈ പുരോഹിത സമൂഹം മുഴുവന്‍ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടി വരുമായിരുന്നോ? ഇതിന്റെ ഉത്തരവാദിത്വം ആര്‍ക്ക്? സഭാ നേതൃത്വത്തിനോ? അതോ വിശ്വാസ സമൂഹത്തിനൊ? എന്തിനു വേണ്ടിയാണ് ഇത്രയും കാലം ഈ മനുഷ്യജന്തുവിനെ - പാവനമായ, പവിത്രതയുടെ, ആത്മസമര്‍പ്പണത്തിന്റെ പൗരേഹിത്യവേല ചെയ്യുവാന്‍ സഭ അനുവദിച്ചു? പൗരോഹിത്യസമര്‍പ്പണം ജീവത്യാഗമായി, കാല്‍വരിയില്‍ ക്രൂശിലേറിയ കൃസ്തുവിനു വേണ്ടി അപ്പസ്‌തോലവേല ചെയ്യുന്ന ആഗോളപുരോഹിതര്‍ക്കും, കത്തോലിക്കാ സഭയ്ക്കും കളങ്കം വരുത്തി വച്ച റോബിന്‍ വടക്കുചേരിയെ സഭയില്‍ നിന്നും പുറത്താക്കി ശുദ്ധികലശം ചെയ്‌തെങ്കില്‍ മാത്രമെ, വിശ്വാസ സമൂഹത്തിലെ ഈ പാവപ്പെട്ട അപക്വമായ പെണ്‍കുട്ടിക്കും റോബിന്‍ വടക്കുചേരിക്ക് ഇരകളായിതീര്‍ന്ന മറ്റ് അനവധി പെണ്‍കുട്ടികളുടെ ദീന രോദനത്തിന് ആശ്വാസമാവുകയുള്ളു.
ഇന്ന് നിസ്സഹായ അവസ്ഥയില്‍ മനം നൊന്തു കഴിയുന്ന ഈ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെയു സഹോദരങ്ങളുടെയും മാനസികവൃഥ ആരു മനസ്സിലാക്കും. സ്വന്തം മകളുടെ ചാരിത്ര്യത്തിന് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്ത റോബിന്‍ വടക്കുംചേരിയെപോലുള്ള കശ്മലന്മാര്‍ ഇനിയും ഈ ഭൂമുഖത്ത് വിലസാന്‍ അനുവദിക്കരുത്. പൂച്ചയെപ്പോലെ കണ്ണടച്ചുപാലു കുടിച്ചിരുന്ന ഈ വൃത്തികെട്ട വികാര ജീവി മനുഷ്യ സമൂഹത്തിനും ആഗോളപുരോഹിത വൃന്ദത്തിനും വരുത്തിവച്ച കളങ്കം ഒരു മാപ്പ് അപേക്ഷയിലൊ, പത്രപ്രസ്താവനയിലൊ പരിഹരിക്കപ്പെടാവുന്ന ഒന്നല്ലാ. നിയമത്തിലെ പഴുതുകള്‍ അടച്ച് ഇക്കാലമത്രയും റോബിന്‍ വടക്കുംചേരി ചെയ്തു കൂട്ടിയ നീച കുറ്റകൃത്യങ്ങള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കിയെങ്കില്‍ മാത്രമെ റോബിന്‍ വടക്കുംചേരി ചിഹ്നഭിന്നമാക്കിയ ജീവിതങ്ങള്‍ക്ക് (ഇരകളായി തീര്‍ന്ന നിര്‍ദ്ദനരും, പാവപ്പെട്ടവരുമായ കത്തോലിക്കാ സഭയിലെ വിശ്വാസികള്‍ക്ക്) ഒരു ദീര്‍ഘനിശ്വാസം കഴിക്കാനാവു. അന്യായമായി സമ്പാദിച്ച കോടികണക്കിനു പണവും, ഉന്നത സ്ഥാനങ്ങളില്‍ സ്വാധീനവും ഉള്ള റോബിന്‍ വടക്കുംചേരിയെ രക്ഷിക്കാന്‍ ജയിലറയ്ക്കുള്ളില്‍ നിന്നും പുറത്തുകൊണ്ടുവരുവാന്‍ സുപ്രീംകോടതിയിലെ പ്രമുഖ വക്കീല്‍മാര്‍ വാദിച്ചാലും നിയമദേവതയുടെ ഒരു കരുണയ്ക്കും, സഹതാപത്തിനും ഈ കൊടുപാതകങ്ങള്‍ ചെയ്ത റോബിന്‍ വടക്കുംചേരി അര്‍ഹിക്കുന്നില്ല. ഇന്ത്യന്‍ നീതി പീഠത്തിന് മുന്‍പില്‍ കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കുവാന്‍ കോടതി തയ്യാറാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.
Comments