You are Here : Home / AMERICA TODAY

അമ്മയെ കാണാന്‍

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Wednesday, March 15, 2017 12:51 hrs UTC

സ്വന്തം അമ്മയെ നഷ്ടപ്പെട്ട് മാനസികരോഗിയായി തെരുവില്‍ അലഞ്ഞു നടന്ന ഒരു യുവാവിന്റെ സംഭവബഹുലമായ കഥയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ടെക്സസിലാണ് ഈ സംഭവം നടന്നതെങ്കിലും സ്വന്തം അമ്മയെ എന്നോ നഷ്ടപ്പെട്ട ഒരു യുവാവാണ് വര്‍ഷങ്ങളായി തന്റെ അമ്മയെ അവസാനമായി കണ്ട അതേ സ്ഥലത്ത് ദിവസേന വന്നു നില്‍ക്കുന്നതെന്ന് പ്രദേശവാസികള്‍ക്കുപോലും അജ്ഞാതമായിരുന്നു. തന്നെ ഉപേക്ഷിച്ചുപോയ അമ്മ എന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയോടെയാണ് ഈ 32കാരന്‍ എല്ലാ ദിവസവും ഒരേ സ്ഥലത്തുതന്നെ നിലയുറപ്പിച്ചത്. പക്ഷെ, ആ യുവാവിന്റെ മാനസിക വ്യഥ എന്തെന്ന് കണ്ടുപിടിക്കാന്‍ ആരും തുനിഞ്ഞില്ല. 'ആരുമില്ലാത്തവര്‍ക്ക് ദൈവം തുണയാകും' എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതാണ് ഈ യുവാവിന്റെ ജീവിതത്തിലും പിന്നീട് സംഭവിച്ചത്. ദൈവം സ്നേഹമാണ്, എന്നാല്‍ ദൈവത്തിന് നേരിട്ട് നമുക്കെന്തെങ്കിലും തരുവാനുള്ള കഴിവുണ്ടൊ, ദൈവത്തിന് പേരുണ്ടൊ?

 

എന്നൊക്കെ ചോദിക്കുന്നവര്‍ക്ക് 'ദൈവം മനുഷ്യമനസ്സുകളില്‍ കുടിയിരിക്കുന്നു' എന്ന സത്യം മനസ്സിലാക്കാന്‍ ഈ സംഭവം ഉപകരിക്കും. മനുഷ്യര്‍ തമ്മില്‍ പകരുന്ന സ്നേഹവും കരുണയുമല്ലേ ദൈവീകം എന്നൊക്കെ നാം പഠിച്ചുവെച്ചിട്ടുണ്ടെങ്കിലും ആ ദൈവീകത നേരിട്ട് അനുഭവിച്ചവര്‍ക്കേ അതിന്റെ മഹത്വം മനസ്സിലാകൂ. നന്മയും തിന്മയും വേര്‍തിരിച്ച് മാത്രം സഹായിക്കുന്നവനാണ് ദൈവമെങ്കില്‍ തിന്മക്ക് മുകളില്‍ അവന്‍ പറന്നുയരുകയും നന്മക്ക് മുകളില്‍ കൃപ ചൊരിയുകയും ചെയ്യും. കാരുണ്യവും കരുതലുകളും സഹമനുഷ്യര്‍ക്ക്‌ നാം പകര്‍ന്നു നല്‍കുമ്പോഴാണ്‌ ദൈവസാന്നിധ്യം അനുഭവിച്ചറിയുവാന്‍ കഴിയുക. സല്‍‌പ്രവര്‍ത്തികളിലൂടെ അത് മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കുമ്പോള്‍ ദൈവ മഹത്വവും നാം പ്രചരിപ്പിക്കുന്നു. പ്രാര്‍ത്ഥനകളിലൂടെ ദൈവാനുഗ്രഹവും പ്രവര്‍ത്തികളിലൂടെ ദൈവീകതയും കൈവരുമെന്നു തന്നെയാണ് സുമനസ്സുകള്‍ വിശ്വസിക്കുന്നത്. സ്വന്തം കാര്യസാധ്യത്തിനായി, ദൈവാനുഗ്രഹത്തിനായി, ദൈവത്തെ അന്വേഷിച്ച് ദൈവാലയങ്ങളില്‍ തപസ്സിരിക്കുന്നവര്‍ക്ക് ഒരു സന്ദേശം കൂടിയാണ് ടെക്സസിലെ ഈ യുവാവിനെ രക്ഷപ്പെടുത്താന്‍ മുന്നോട്ടു വന്ന ജിഞ്ചര്‍ ജോണ്‍സ് സ്‌പ്രൗസ് എന്ന യുവതി നല്‍കുന്നത്.

 

 

 

 

ക്ലിയര്‍ ലെയ്ക്കില്‍ 'ആര്‍ട്ട് ഓഫ് ദ മീല്‍' എന്ന സ്ഥാപനം നടത്തുകയാണ് ഈ യുവതി. എന്നും ജോലിക്കു പോകുമ്പോള്‍ എല്‍ കാമിനോ - നാസാ റോഡ് കൂടിച്ചേരുന്ന ഭാഗത്ത് ഒരു യുവാവ് ദൂരേക്കു നോക്കി നില്‍ക്കുന്നത് ഈ യുവതി കാണാറുണ്ടായിരുന്നു. ആദ്യമൊന്നും ശ്രദ്ധിച്ചില്ലെങ്കിലും അതേ റോഡിലൂടെ ദിവസവും നാലു പ്രാവശ്യമെങ്കിലും യാത്ര ചെയ്യുന്ന ഈ യുവതി കഴിഞ്ഞ മൂന്നു വര്‍ഷമായി നിത്യേനയെന്നോണം ഈ കാഴ്ച കാണുന്നു! വെയിലും മഴയും മഞ്ഞുമൊന്നും ഈ യുവാവിനെ അലട്ടുന്നതേയില്ല. അതോടെയാണ് യുവതിക്ക് ആകാംക്ഷയായത്. എന്തുകൊണ്ടാണ് ഈ യുവാവ് ഒരേ സ്ഥലത്ത് കഴിഞ്ഞ മൂന്നു വര്‍ഷമായി നിലയുറപ്പിച്ചിരിക്കുന്നത് എന്ന് അന്വേഷിക്കാന്‍ തന്നെ യുവതി തീര്‍ച്ചപ്പെടുത്തി. അങ്ങനെയാണ് ലഞ്ച് ബ്രേക്ക് സമയത്ത് ഈ യുവതി യുവാവിനടുത്തെത്തിയത്. കുശലാന്വേഷണങ്ങള്‍ക്കൊടുവില്‍ കാര്യം തിരക്കി. വിക്ടര്‍ ഹബ്ബാര്‍ഡ് എന്ന ഈ 32കാരന്‍ ഒരു ഭവനരഹിതനാണെന്നും, അമ്മ ഉപേക്ഷിച്ചുപോയതില്‍ മനം നൊന്ത് മാനസികരോഗത്തിന് അടിമപ്പെട്ടവനാണെന്നും യുവതിക്ക് മനസ്സിലായത് അപ്പോഴാണ്. തന്റെ അമ്മ തന്നെ ഉപേക്ഷിച്ചുപോയ അതേ സ്ഥലത്താണ് ആ യുവാവ് അമ്മയെ കാണാന്‍ കാത്തു നില്‍ക്കുന്നത്, അതും വര്‍ഷങ്ങളോളം.

 

 

 

വിപരീത കാലാവസ്ഥയെപ്പോലും അവഗണിച്ചാണ് ഈ കാത്തു നില്പ്. ആരും ഇക്കാര്യം അന്വേഷിച്ചതുമില്ല, ആരോടും ഈ യുവാവ് ഒന്നും പറഞ്ഞതുമില്ല. എന്നെങ്കിലും തന്റെ അമ്മ വരും എന്ന പ്രതീക്ഷയിലാണ് ഇത്രയും കാലം ഒരേ സ്ഥലത്ത് നിന്നത്. തണുപ്പു കാലമാണ് വരുന്നത്, ഇങ്ങനെ റോഡ് സൈഡില്‍ നില്‍ക്കുന്നതും അപകടമാണെന്ന് യുവതി മനസ്സിലാക്കി ഈ യുവാവിനെ സഹായിക്കാന്‍ തയ്യാറായി. തണുപ്പടിക്കാതെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനും യുവതി തയ്യാറായി. ഈ യുവാവിനെ സഹായിക്കാനായി യുവതി ആദ്യം ചെയ്തത് പ്രാദേശിക റേഡിയോ സ്റ്റേഷനില്‍ യുവാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയായിരുന്നു. പിന്നീട് ഒരു ഫെയ്സ്ബുക്ക് പേജും ആരംഭിച്ചു. ഈ യുവാവിനെ സം‌രക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും, എല്ലാവരും അതിനായി ശ്രമിക്കണമെന്നും പ്രദേശവാസികളോട് അഭ്യര്‍ത്ഥിച്ചു. അതിന്റെ മേല്‍നോട്ടവും സ്വയം ഏറ്റെടുത്തു. യുവാവിന്റെ മാനസിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയായിരുന്നു ആദ്യത്തെ ലക്ഷ്യം. അതിനായി മെന്റല്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തി.

 

 

 

കൂടാതെ തന്റെ സ്ഥാപനമായ ആര്‍ട്ട് ഓഫ് ദ മീല്‍ കിച്ചനില്‍ ഒരു ജോലിയും നല്‍കി. ഇതിനിടയില്‍ 'ഗോ ഫണ്ട് മീ' യില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ച പ്രസ്തുത വെബ്സൈറ്റിലൂടെ 16,000.00 ഡോളര്‍ സമാഹരിക്കാന്‍ കഴിഞ്ഞു. കൂടാതെ ബ്ലോക്ക് പാര്‍ട്ടികള്‍ സംഘടിപ്പിച്ച് അതുവഴിയും ധനസമാഹരണം നടത്തി. പതിനയ്യായിരത്തോളം പേരാണ് ഫെയ്സ്ബുക്ക് ലൈക്ക് ചെയ്തിരിക്കുന്നത്. മാത്രമല്ല, നിരവധി വ്യക്തികളും സംഘടനകളും വിക്ടര്‍ എന്ന ഈ യുവാവിനെ സഹായിക്കാന്‍ മുന്നോട്ടു വരികയും ചെയ്തുകൊണ്ടിരിക്കുന്നു. ലൈക്കുകളും സന്ദേശങ്ങളും ദിനം‌പ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. വിക്ടറിന്റെ മാനസിക പ്രശ്നങ്ങള്‍ ചികിത്സയിലൂടെ ഭേദപ്പെട്ടുകൊണ്ടിരിക്കുന്നു. ഡോക്ടറുടെ പരിശോധനകളും മറ്റും മുറപോലെ നടക്കുന്നു. പ്രദേശവാസികളാണ് അതിനെല്ലാം സഹായങ്ങള്‍ ചെയ്യുന്നത്. മരുന്നുകളും വസ്ത്രങ്ങളും പ്രദേശത്തെ അഗ്നിശമന സേനാവിഭാഗം നല്‍കുന്നു.

 

 

ഭവനരഹിതനായ വിക്ടറിന് താമസിക്കാന്‍ ഷെല്‍ട്ടര്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് യുവതിയും പ്രദേശവാസികളും. ഫെയ്സ്ബുക്ക്, റേഡിയോ സ്റ്റേഷന്‍, ഇതര സോഷ്യല്‍ മീഡിയകള്‍ വഴിയുള്ള പ്രചരണത്തെത്തുടര്‍ന്ന് യുവാവിന്റെ അമ്മാവനെ കണ്ടുപിടിക്കാന്‍ സാധിച്ചതാണ് പ്രധാന വഴിത്തിരിവായത്. അതുവഴി വിക്ടറിന്റെ അമ്മയെ കണ്ടുപിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജിഞ്ചര്‍ ജോണ്‍സ് സ്‌പ്രൗസ്. "അവസാനം എന്റെ കാത്തിരിപ്പിന് വിരാമമുണ്ടാകാന്‍ പോകുന്നു. അമ്മയെ കാണാനും സംസാരിക്കാനും എനിക്ക് കഴിയുമെന്ന് പ്രതീക്ഷയുണ്ട്" - സന്തോഷഭരിതനായി വിക്ടര്‍ പറയുന്നു. "മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നൂ അവന്‍ കരുണാമയനായ് കാവല്‍‌വിളക്കായ് കരളിലിരിക്കുന്നൂ....."

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.