You are Here : Home / AMERICA TODAY

"ഞാൻ പുലയാനാണ്" കാപട്യങ്ങളുടെ ലോകത്തേക്ക് ഒരു വെല്ലുവിളി

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Monday, March 20, 2017 11:37 hrs UTC

"ഞാൻ പുലയാനാണ്" കാപട്യങ്ങളുടെ ലോകത്തേക്ക് ഒരു വെല്ലുവിളി,അല്ലെങ്കിൽ മറപിടിച്ച മാധ്യമങ്ങൾക്കു നേരെ ഒരു ചൂണ്ടുവിരൽ. മലയാളത്തിൽ സിനിമ അവാർഡുകൾ ആദ്യമായല്ല പ്രഗ്യാപിക്കപ്പെടുന്നതും,മാധ്യമങ്ങൾ കൊട്ടി ഘോഷിക്കുന്നതും.എന്നാൽ വിനായകൻ എന്ന നടനും,വ്യക്തിക്കും അങ്ങിനെ ഒരു അവാർഡ് ലഭിക്കുമ്പോൾ അത് ആഘോഷം മാത്രം അല്ല,സമകാലികതയോടുള്ള ഒരു പ്രഖ്യാപനം കൂടി ആണ്.ചില കാപട്യങ്ങളുടെ പൊളിച്ചെഴുത്തുകൾ."ചില" എന്നല്ല "ചിലരുടെ കൂടി" കാപട്യങ്ങളുടെ പൊളിച്ചെഴുതുകൾ എന്ന് തന്നെ അതിനെ വിശേഷിപ്പിക്കാം. കേരളത്തിന്റെ എല്ലാ പ്രവർത്തികളുടെയും ആകെ തുകയാണ് കൊച്ചി നഗരം.വിനായകൻ, ആ നഗരത്തിന്റെ നാടിയുടെ അനുസ്യൂതം ഒഴുകുന്ന നേരുകളുടെ പ്രതിനിധിയും.

 

 

ആധുനിക ലോകം ഇരുട്ടിലേക്ക് നിരന്തരം താഴ്ത്തുന്ന / താഴ്ത്തപ്പെടുന്ന മനുഷ്യരുടെ കാഴ്ചകളും കേഴ്വികളും രാവും പകലും അനുഭവിക്കുന്നവരുടെ ശക്തനായ മനുഷ്യൻ. കഴിഞ്ഞ കുറെ ദിവസങ്ങൾ ആയി മാധ്യമങ്ങളും,സോഷ്യൽ മീഡിയയും വിനായകൻ എന്ന നടനെ ഉയർത്തിയപ്പോൾ അയാൾ ജനങ്ങളോടും,മാധ്യമങ്ങളോടും മനസ്സ് തുറന്നു പറഞ്ഞ സത്യങ്ങൾ ഉണ്ട്.കലാകാലങ്ങൾ ആയി അരികു ചേർക്കപ്പെടുന്നവന്റെ ഉറച്ച ശബ്ദവും,ആത്മാഭിമാനവും തുടിക്കുന്ന വാക്കുകൾ."ഞാൻ പുലയാനാണ്"

 

 

ഇന്ന് നമ്മുടെ നാട്ടിൽ അരികു ചേർക്കപ്പെടുന്നവർക്കു വേണ്ടി വാദിക്കുന്നവർ പോലും തുറന്നു പറയാൻ മടിക്കുന്നത്.ഒരു പക്ഷെ എന്നും മാറ്റി നിറുത്തപ്പെടുന്ന സമൂഹത്തിന്റെ ജനപ്രതിനിധികളും, സംഘടനാനേതാക്കളും,സാമൂഹിക പ്രവർത്തകരും ഒരിക്കലും പറയാത്തതും,മടിക്കുന്നതും.വിനയന്റെ ഈ പ്രഗ്യാപനം,ഈ അഭിമാനം,മനസ്സുറപ്പ് അത് പലരെയും ദഹനക്കേട് വരുത്തും എന്ന് പറയാതെ വഴിയില്ല. എല്ലാവർഷവും ഓണം ആടിയും പാടിയും കുടുംബ സമേതം കൂട്ടുകാരും ഒത്തു ആഘോഷിക്കുന്ന വിനയൻ.കള്ള് കുടിച്ചാൽ ആടണം എന്നും പാടണം എന്നും തുറന്നു പറയുന്ന നടൻ,തന്റെ പ്രായം ഒരു മറയും ഇല്ലാതെ ജനങ്ങളോട് വിളിച്ചു പറഞ്ഞ വിനയൻ.ഇതുവരെയും ഇതുപോലെ മനസ്സും,അഭിനയവും,സത്യവും,നിരന്തരം കാണുന്ന കാര്യങ്ങളോടുള്ള പ്രതികരണവും സാധാരണ മനുഷ്യനെ പോലെ വിളിച്ചു പറഞ്ഞ,മനസ്സുള്ള നടൻ,ഇതിനു മുൻപും ഇതുപോലെ ഒക്കെ എന്ന് പറയാൻ കഴിയുന്ന ഒരു നടൻ നമുക്ക് ഉണ്ടായിരുന്നു.

 

 

 

കലാഭവൻ മണിഅനുഭവങ്ങളുടെ,ജീവിത യാഥാർഥ്യങ്ങളുടെ തീച്ചൂളയിൽ നിന്നും ഉയർന്നു വന്ന മഹാ നടൻ.അദ്ദേഹത്തിന്റെ അഭിനയ പാടവത്തെ സിനിമാലോകം മിമിക്രി എന്ന പേര് കൊത്തി അവാർഡുകളിൽ നിന്നും നീക്കി നിറുത്തി.സിനിമാലോകത്തെ ഓരം ചേർക്കപ്പെട്ടവന്റെ രക്തസാക്ഷിത്വം ആയിരുന്നു അത്.പൊട്ടിക്കരഞ്ഞ മണിയെ മാധ്യമങ്ങൾ പുകഴ്ത്തിയും,താഴ്ത്തിയും,റേറ്റിങ് കൂട്ടുന്നതിന് ഉപകരണം ആക്കി.ഇതുപോലുള്ള മാധ്യമങ്ങളുടെ ഒരു അഭിമുഖങ്ങളിലും വിനയൻ എന്ന കൊച്ചിക്കാരൻ ചട്ടുകം ആയില്ല,എന്ന് മാത്രം അല്ല തന്റെ മനസ്സിന്റെ സ്വപ്‌നങ്ങൾ,ഉറപ്പുകൾ,അഭിമാനത്തോടെ തുറന്നു പറഞ്ഞു.ഏതു അഭിനേതാവുണ്ട് സഹൃദയരോട് തന്റെ വയസ്സ് തുറന്നു പറഞ്ഞതായി? മാധ്യമ പ്രതിനിധികൾ നൽകിയ ലഡ്ഡുവും,ജിലേബിയും നിരസിച്ച വിനയൻ പറഞ്ഞത് ഇങ്ങനെ ആണ് "ഉപ്പില്ലാത്ത വീട്ടിൽ എന്തിനാണ് ലഡ്ഡുവും,ജിലേബിയും".ഇതുവരെ നാം കണ്ട ചാനൽ,മാധ്യമ അഭിമുഖങ്ങളിൽ സെലിബ്രറ്റികൾ ക്യാമറാമാൻ പറയുന്ന "കട്ടുകൾ" "ആക്ഷനുകൾ" കൈകാൽ,മുഖ വികാര" പ്രകടനങ്ങൾക്ക് അനുസരിച്ചു പ്രവർത്തിക്കുന്നതും,സംസാരിക്കുന്നതും ആയ ഒരു പാവ മാത്രം ആയിരുന്നു.

 

 

 

ചോദ്യവും,ഉത്തരവും,കാണാതെ പഠിച്ചിട്ടു വന്നു പ്രേക്ഷകന് തുപ്പുന്ന പാവകൾ.എന്നാൽ വിനായകനോ ?..തനിക്കു പറയാനുള്ളത് അറിയാവുന്ന വാക്കുകളിൽ ശക്തമായി പറഞ്ഞവൻ. വിവിധ സർവ്വകലാശാശാലകളിൽ,തൊഴിൽ ഇടങ്ങളിൽ ഓരം ചേർക്കപ്പെടുന്നു എന്ന വിശ്വാസത്തിലേക്ക് സ്വയം ഊളിയിട്ട് ഇറങ്ങുന്ന സമൂഹത്തിനു നൽകുന്ന വാഗ്ദാനം ആയി മാറി വിനായകൻ. മനസ്സിൽ താൻ താണ ജാതിക്കാരൻ ആണ് എന്ന് ചിന്തിക്കുമ്പോൾ മാത്രം ആണ് അപകർഷതാ ബോധം ഉണ്ടാകുന്നത് എന്നും,വീണ്ടും വീണ്ടും താഴ്ത്തപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞത് എത്ര ശരിയാണ്.തന്റെ വീടിനു മുൻപിൽ പ്രാഥമിക കർമ്മങ്ങൾ നിര്വഹിക്കുന്നവരോട്,ഉപദേശമോ,ക്ലാസ്സിക്കൽ മലയാളമോ അല്ല കോളനിയുടെ വാക്കുകൾ തന്നെ വേണം എന്ന പറച്ചിലിൽ നമുക്ക് മറ്റൊന്ന് കൂടി കാണാം.,, തന്നെ ഓരം ചേർക്കുന്നവരെ ഓരം ചേർത്ത് പിന്തള്ളാനുള്ള മനക്കരുത്തു നമുക്ക് വേണം എന്നു ഞാനതിനെ തിരുത്തുന്നു.

 

 

 

 

ഒരോ ചുരുങ്ങിയ സമയ മാധ്യമ അഭിമുഖത്തിലും വിനയൻ പറഞ്ഞത് പലരും ഒരിക്കലും തിരിച്ചറിയാത്ത സത്യം ആണ്."നഗരത്തിനു മേലെ ഒരു പാലം പണിയുന്നു.പിന്നീട് കുറെ കറുത്ത കല്ലുകൾ പാലത്തിനടിയിൽ കൂട്ടപ്പെടുന്നു.അവിടെ ആ ഇരുട്ടിൽ ആണ് കുറെ മനുഷ്യർ.കൊച്ചിയിലെ കോളനികൾ കാണണം എങ്കിൽ മുകളിൽ നിന്ന് താഴേക്കു നോക്കണം,എന്ന് പറഞ്ഞത് ആകാശം മുട്ടെ മാളികകൾ ഉയരുമ്പോൾ അതിനിടയിൽ താഴ്ത്തപ്പെടുന്ന ജീവിതങ്ങളെ കുറിച്ചാണ്.കോളനികളിൽ മരണം സംഭവിച്ചാൽ,ശവമഞ്ചം ചുമന്നു നാലുപേർക്കു പോകാൻ കഴിയാത്ത രീതിയിൽ ഉള്ള കുടുസ്സു വഴികൾ,വർഷത്തിൽ പല മാസങ്ങളോളം വെള്ളം നിറയുന്ന വഴികൾ. ശരിയല്ലെ,.ഇവയെല്ലാം അധികാരികൾ കണ്ടിട്ടും കാണാത്തതാണ് എന്ന് നാം മനസ്സിലാക്കണം. "കൊച്ചിയുടെ എല്ലാ അഴുക്കുകളും വന്നടിയുന്ന കമ്മട്ടിപ്പാടം' അവിടെ ആണ് ഞാൻ കളിച്ചു വളർന്നത് '. ഞാൻ ചാനലുകൾക്ക് മുൻപിൽ / മാധ്യമങ്ങൾക്കു മുൻപിൽ കൈകൾ ഉയർത്തി നിങ്ങൾ പറയുന്നത് പോലെ അഭിനയിച്ചാൽ ഞാൻ ഞാനല്ലാതാകും" "എന്റെ കൂട്ടുകാർ ഉറങ്ങുന്നത് മഴയത്തും വെയിലത്തും ആണ്,അവർക്കു കൂരകൾ ഇല്ല ,എനിക്ക് ഉറങ്ങാൻ കൂര എങ്കിലും ഉണ്ട് .

 

 

അപ്പോൾ അവരോടു ഞാൻ എന്റെ വിഷമങ്ങൾ പറയുന്നതിൽ എന്താണ് അർഥം" എത്രയോ മാനുഷീകത നിറഞ്ഞ തുറന്നു പറച്ചിൽ .... ഈ തുറന്നു പറച്ചിൽ,ഈ തന്റേടം ഞാനും നിങ്ങളും ഉൾപ്പെടുന്ന സമൂഹത്തിനും,മാധ്യമ വർഗ്ഗത്തിനും ഒരു പാഠവും, മാധ്യമങ്ങളുടെ അഭിനയങ്ങൾക്കു൦.കാപട്യങ്ങൾക്കും,വാർത്തകളുടെ വളച്ചൊടിക്കലുകൾക്കും നേരെ ഉള്ള ഒരു ചൂണ്ടു വിരൽ കൂടി ആണ്. "ഫെറാരി കാറിൽ വന്നിറങ്ങാൻ ഇഷ്ടപ്പെടുന്ന ഒരു പുലയൻ ആണ് ഞാൻ,.. വേണമെങ്കിൽ സ്വർണ്ണ തലപ്പാവും വെക്കും" - എന്ന വിനായകന്റെ വാക്കുകൾ പുരോഗമന കാലത്തിലും ഓരം ചേർക്കപ്പെടുന്നവർക്കു കൂടുതൽ ആത്മ വിശ്വാസവും,ചങ്കുറപ്പും നൽകട്ടെ എന്ന് ആശംസിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.