അമേരിക്കൻ നയതന്ത്രത്തിലെ ചില പ്രത്യേകതകളെ പറ്റി കഴിഞ്ഞ ലേഖനത്തിൽ പ്രതിപാതിച്ചിരുന്നതിന്റെ തുടർച്ചയായാണ് ഈ ലേഖനം എഴുതുന്നത്.
ഇന്ത്യയും ഊർജ രംഗത്തെ പ്രതിസന്ധിയും.
സ്വതന്ത്ര ഇന്ത്യ ഇപ്പോഴും ഊർജത്തിന്റെ കാര്യത്തിൽ സ്വയം പര്യാപ്തത നേടിയിട്ടില്ല. ഇന്ത്യയിൽ പോയിട്ടുള്ളവർക്ക് അവിടുത്തെ 'പവർ കട്ട്' ഒരിക്കലും മറക്കുവാൻ കഴിയുമെന്നു തോന്നുന്നില്ല. ഏകദേശം 30 കോടി ജനങ്ങൾ ഇപ്പോഴും 'ഇലക്ട്രിസിറ്റി' കണക്ഷൻ കിട്ടാത്തവരാണ്. ഇന്ത്യയുടെ ഊർജ സുരക്ഷ കൂടാതെ ഇന്ത്യക്ക് മറ്റ് പല മേഘലകളിലും ഉയർച്ച നേടാൻ സാധ്യമല്ല.
അമേരിക്ക ലോകത്തിന്റെ ഊർജ സന്പത്തിന്റെ മൊത്തം കുത്തകക്കാരാകാൻ , എവിടെയൊക്കെ സാധ്യതയുണ്ടോ അതെല്ലാം മുതലെടുക്കാൻ ശ്രമിക്കും. അമേരിക്കൻ കറൻസി ഡോളറിന്റെ നിലനിൽപ്പ് തന്നേ, ഒപെക് (OPEC) 1970 മുതൽ എല്ലാ എണ്ണ വ്യാപാരവും അമേരിക്കൻ ഡോളറിൽ ആക്കിയതിനാലാണ്. ഈ തീരുമാനം അമേരിക്കയുടെ ഇന്നത്തെ വളർച്ചയുടെ ഒരു പ്രധാന നാഴികക്കല്ലാണ് എന്ന് പറഞ്ഞാൽ അതിൽ അതിശയം തോന്നുന്നതിൽ അര്തമില്ല.
ഇറാക്ക്, കുവൈറ്റ് , ഇറാൻ , സൗദി അറേബ്യ , വെനുസ്വേല , ലിബിയ , UAE , ഖത്തർ, ഇന്തോനേഷ്യ , അൾജീറിയ , നൈജീരിയാ , ഇക്ക്വടോർ അംഗോള തുടങ്ങിയ എണ്ണ ഉൽപ്പാദന രാജ്യങ്ങൾ ചേർന്നപ്പോൾ ലോകത്തിലെ മൊത്തം എണ്ണ കച്ചവടവും അമേരിക്കൻ ഡോളറിൽ ആയി. ആർക്ക് എണ്ണ വാങ്ങിക്കണമെങ്കിലും, അമേരിക്കൻ ഡോളർ കൂടിയേ തീരൂ എന്ന് വന്നതിനാൽ അമേരിക്ക എത്ര ഡോളർ അച്ചടിച്ചാലും അതിന്റെ മൂല്യം കുറയാത്തത് ഈ ആവശ്യകത ഉള്ളതുകൊണ്ടാണ്. അമേരിക്ക അവരുടെ 5th ഫ്ലീറ്റ് ഗൾഫു കടലിൽ വയ്ക്കാനുള്ള കാരണവും ഈ എണ്ണയുടെ മേലുള്ള മേൽക്കോയ്‍മ പിടിച്ചു നിർത്തുവാൻ ആണ്.
ഇന്ത്യ സ്വന്തം നിലനിൽപ്പിനു മാത്രമാണ് ആണവോർജ രംഗത്തേക്ക് കടന്നു വന്നത്. പാക്കിസ്താന്റെ വിവേചനപരമായ നിലപാടുകളും കടന്നു കയറ്റവും, ചൈനയുടെ അണ്വായുധ രംഗത്തെ കുതിപ്പും, അതിർത്തി കടക്കാനുള്ള നീക്കവും മാത്രമാണ് ഇന്ത്യയെ അണ്വായുധ രംഗത്തേക്ക് തള്ളിയിട്ടത്. ഈ വടിയിൽ പിടിച്ചാണ് അമേരിക്കയും മറ്റു പാശ്ചാത്യ ശക്തികളും ഇന്ത്യക്കെതിരെ പല നിരോധനങ്ങളും ഏർപ്പെടുത്തിയത്. 1998 ലെ പൊക്രാനിലെ അണ്വായുധ പരീക്ഷണം ഇന്ത്യയുടെ കുതിപ്പിന് കുറച്ചൊന്നുമല്ല തടസ്സമായത്. പല നിരോധനങ്ങളും 5 വർഷത്തിനകം നീക്കിയെങ്കിലും 2007-2008 ൽ അമേരിക്കയുമായി 123 എന്നറിയപ്പെടുന്ന നുക്ലിയർ ഉടന്പടി ഒപ്പ് വയ്ക്കുന്നത് വരെ പല രീതിയിലും ഭവിഷ്യത്തുകൾ ഇന്ത്യക്ക് നേരെ ഉണ്ടാക്കിയിരുന്നു.
ഇന്ത്യയുടെ അഭ്യന്തര വൈദ്യുതി ഉൽപ്പാദനം (മെഗാ വാട്ടിൽ )
Coal 93,918 MW
Oil 1,200 MW
Hydro Electric 40,120 MW
Nuclear 4,780 MW
Renewables 20,000 MW
Gas 18,000 MW
ഇന്ത്യയുടെ സമഗ്രമായ പുരോഗതിക്ക് ഇന്ത്യ ഊർജ മേഖലയിൽ സ്വയംപര്യാപ്തത നേടിയേ കഴിയൂ. ഇന്ത്യയുടെ ആവശ്യങ്ങളെപ്പറ്റി കൂടുതൽ പഠിക്കുന്നതും പഠിപ്പിക്കുന്നതും വിദേശ പാശ്ചാത്യ രാജ്യങ്ങളാണ്. അവർക്ക് ഇന്ത്യയുടെ വളർച്ചയല്ല, അതേ സമയം എങ്ങനെ ഈ സാധ്യത ചൂഷണം ചെയ്യാം എന്നുള്ളതാണ് ചിന്ത.
ഇന്ത്യയിലെ ഊർജാവശ്യങ്ങൾ തങ്ങൾക്ക് പ്രയോജനം ഉണ്ടാക്കണം എന്നത് അമേരിക്കൻ ഭരണ കൂടത്തിന്റെ ആവശ്യമായി. ഇന്ത്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളൊക്കെ പിൻവലിച്ച് 2008 ഒക്ടോബർ 8 ന് അമേരിക്ക ഇന്ത്യയുമായി കരാറിൽ ഒപ്പുവച്ചു. അമേരിക്കയിൽ തെരഞ്ഞെടുപ്പിന്റെ സമയത്ത് റിപ്പബ്ലിക്കൻ പാർട്ടിയുടെ ഒരു എടുത്തു പറയപ്പെട്ട നേട്ടമായിട്ടാണ് ഈ കരാറിനെ അമേരിക്കൻ പാശ്ചാത്യ മാധ്യമങ്ങൾ എടുത്ത് കാട്ടിയത്.
അമേരിക്ക ഇന്ത്യയുമായി ആണവോർജ കരാർ ഒപ്പിട്ടതിന് പുറകെ, ഫ്രാൻസ് , ജർമ്മനി, ആസ്ട്രേലിയ തുടങ്ങി പല രാജ്യങ്ങളും ഇന്ത്യയുമായി ആണവോർജ കരാർ ഒപ്പുവച്ചു. അമേരിക്കക്ക് മാത്രമെന്ന് കരുതിയിരുന്ന കരാർ, ഇന്ത്യ മറ്റു രാജ്യങ്ങളുമായി പങ്കു വച്ചത് തന്നേ തുടക്കത്തിലേ കല്ലുകടിയായി. പല അമേരിക്കൻ കന്പനികളും നോട്ടമിട്ടിരുന്ന മേഖലയിലാണ് അമേരിക്കക്ക് നിവൃത്തിയില്ലാതെ ഓഹരി പങ്കുവൈക്കേണ്ടി വന്നത്. ശരിക്കും ഇന്ത്യയുടെ കടാക്ഷത്തിനു വേണ്ടി അന്നത്തെ സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന ശ്രീമതി കോണ്ടലീസാ റൈസ് പലവട്ടം ഇന്ത്യ സന്ദർശിക്കുകയുണ്ടായി. അവസാന നിമിഷം വരെയും മുൾമുനയിൽ നിർത്തുകയും അവരെ വെറും കൈയ്യോടെ ഉടന്പടി
ഒപ്പ് വയ്കാതെ പറഞ്ഞു വിട്ടതും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനെ കുറെയോന്നുമല്ല ചൊടിപ്പിച്ചത്.
അമേരിക്കക്ക് പുറമേ റഷ്യ, കാനഡാ, ഫ്രാൻസ് , ആസ്ട്രേലിയ, മംഗോളിയ, നമീബിയാ, അർജെന്റീന, കസാക്കിസ്ഥാൻ , ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയുമായി ആണവോർജ കരാർ ഒപ്പുവച്ചു. ഏറ്റവും ഒടുവിലായി ജപ്പാനും ഇന്ത്യയുമായി ആണവോർജ കരാറിന് പച്ചക്കൊടി വീശിയതായാണ് കാണുന്നത്. കാര്യങ്ങൾ ഇങ്ങനെയിരിക്കെ, ഇതൊക്കെയും അമേരിക്കയുടെ ഇഷ്ടങ്ങൾക്കാണ് വിലങ്ങുതടി ആകുന്നതു.
ഒരു ആണവോർജ നിലയമെന്നു പറയുന്നത് വളരെ ചിലവുള്ളതും രാജ്യ സുരക്ഷക്ക് ഭീഷണിയുമാണെന്ന് സാമാന്യം വിവരമുള്ള എല്ലാവര്ക്കും അറിയാം. ജപ്പാനിലെ ഫുക്കൊഷീമൊ ദുരന്തം കൂടെ കഴിഞ്ഞപ്പോൾ, ലോകത്തിന് മുഴുവൻ ആണവോർജ നിലയത്തെപ്പറ്റി പുനർ ചിന്തനം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അമേരിക്ക ഇന്ത്യയെ ഈ അതി സാഹസത്തിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നത്. അമേരിക്കൻ ഊർജ സെക്രട്ടറി ഇന്ത്യ സന്ദർശിക്കുന്നത്, ഇന്ത്യയെ അവരുടെ ബിസിനസിനു കരുവാക്കാൻ മാത്രമാണ്.
പ്രകൃതി വാതകം
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടെത്തിയിരിക്കുന്ന ഇന്ധനം കൽക്കരി കഴിഞ്ഞാൽ പ്രകൃതി വാതകമാണ്. ഇന്ത്യയിൽ ഇതുവരെ കണ്ടുപിടിച്ച പ്രകൃതിവാതക ശേഖരം ഏകദേശം 64,000,000,000 ,000 കുബിക് അടി വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
ഗുജറാത്ത് - 20 ,ട്രില്ല്യൻ കുബിക് അടി
ONGC - 10 ട്രില്ല്യൻ കുബിക് അടി
ഇറാൻ പൈപ്പ് ലൈൻ
ലോകത്തിലെ പ്രകൃതി വാതക ശേഖരത്തിന്റെ 16% ഇറാനിലാണ്. ഏകദേശം 1,046 ട്രില്ല്യൻ കുബിക് അടി, അതിൽ കൂടുതൽ ഉള്ളത് റഷ്യയിലാണ് ഏകദേശം 5,850 ട്രില്ല്യൻ കുബിക് അടി. ഇന്ത്യക്ക് ഏറ്റവും ചുരുങ്ങിയ ചിലവിൽ ഇന്ധനം ലഭിക്കാൻ സാദ്ധ്യതയുള്ള ഒരു രാജ്യവൂം ഇറാൻ മാത്രമാണ്. അമേരിക്കക്ക് വില നിശ്ചയിക്കാൻ പറ്റാത്ത ഒരു രാജ്യവും ഇറാനാണ്. അവരുമായുള്ള ശത്രുതയുടെ പകൽ പോലെയുള്ള കാരണവും ഈ നിധിയിലുള്ള കണ്ണാണെന്നുള്ളത്തിൽ, ആർക്കും സംശയത്തിന് വഴിയില്ല. ഇസ്രായേലിനെ വെറുതേ പ്രകോപിപ്പിച്ച് സ്വയം വിന വരുത്തി വൈക്കാനും മാത്രം ബുദ്ധി മോശക്കാരാന് ഇറാൻ എന്ന് എനിക്ക് തോന്നുന്നില്ല, പക്ഷേ അവരുടെ ഈ നിധി വെറുതേ കൊടുക്കാനും അവർ തയ്യാറാകുകയില്ല.
ഇന്ത്യ 1995 മുതൽ ഇറാനിൽ നിന്ന് പൈപ്പ് ലൈൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷെ പലപ്പോഴും ഇറാന്റെ മേലുള്ള UN സാന്പത്തിക ഉപരോധവും, അമേരിക്കയുടെ ഇടപെടലും കാരണം പദ്ധതികളെല്ലാം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടാതായാണ് വന്നത്. അവസാനമായി ഇന്ത്യയുടെ ആണവോർജ ആവശ്യങ്ങൾക്കുമേലുണ്ടായിരുന്ന അമേരിക്കാൻ ഉപരോധങ്ങൾ തീർക്കാനുള്ള ഉപാധിയായി ഈ തന്ത്രപരമായ പദ്ധതി ഇന്ത്യയെ കൊണ്ട് ഉപേക്ഷിപ്പിച്ചു. അതോടൊപ്പം
പാക്കിസ്താന് ഇറാനിൽ നിന്നും വാതക പൈപ്പ് ലൈൻ ഇടാൻ പച്ചക്കൊടിയും കൊടുത്തു.
തന്ത്രപരമായ നീക്കങ്ങൾ
ഏറ്റവും ഒടുവിലത്തെ ശ്രമമായി ഇന്ത്യ ഇറാനിൽ നിന്ന് ആഴക്കടൽ വഴി (
deep sea) പൈപ്പ് ലൈനിന് ഉള്ള സാങ്കേതിക വിദ്യ സ്വായത്തമാക്കുകയും അത് വ്യാവസായിക അടിസ്താനത്തിൽ ആദ്യമായി ആരംഭിക്കുവാനുമുളള തയ്യാറെടുപ്പിലാണ്. അമേരിക്കക്ക് ഈ നടപടി ഒട്ടും ഇഷ്ടപ്പെട്ടില്ലെന്ന് മാത്രമല്ല ഇന്ത്യയുമായി ഏതറ്റം വരെയും പോകാമോ അതെല്ലാം ചെയ്യുവാൻ അമേരിക്ക മടിക്കില്ല. അമേരിക്കയെ ചൊടിപ്പിക്കുന്നത് ഈ ആഭ്യന്തര ഉപയോഗമല്ല, മറിച്ച് ഇന്ത്യ വഴി ഇറാൻ മറ്റ് രാജ്യങ്ങൾക്ക് ഈ വാതകം വിറ്റാൽ വരാവുന്ന നഷ്ടമാണ് പ്രധാനം. ഈ പദ്ധതി നടപ്പിലായാൽ ഇന്ത്യ വലിയ താമസമില്ലാതെ ലോകത്തിലെ എല്ലാ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുമായി കരാരുണ്ടാക്കുകയും അത് വഴി അമേരിക്കയിൽ ഇന്ന് നിലവിലുള്ള എണ്ണ ശുദ്ധീകരണ ശാലകൾക്കു അത് ക്ഷീണമാകുകയും എന്നതാണ് അവരെ അലോരസപ്പെടുത്തുന്നത്.
ദേവയാനിക്കേസും മറ്റും വെറും ഒരു 'മറ' മാത്രമാണെന്ന് ഞങ്ങളെപ്പോലുള്ള പലരും പറഞ്ഞത്, അമേരിക്കയുടെ പല നടപടികളിലെയും പൊരുത്തക്കേട് കണ്ടത് കൊണ്ട് മാത്രമാണ്. ഇന്ത്യ അമേരിക്കാൻ നടപടിയെ അപലപിച്ചുകൊണ്ടിരിക്കുംപോളും അമേരിക്കൻ ഊർജ സെക്രട്ടറി ഇന്ത്യയിലേക്ക് പോകാൻ തിടുക്കം കൂട്ടുന്നത് കാണുന്പോൾ തന്നേ, ഈ വിഷയത്തിലെ അമേരിക്കയുടെ ആകാംക്ഷ മനസ്സിലാക്കാവുന്നതേയുള്ളൂ.
ചില ഇന്ത്യക്കാരും ഈ പദ്ധതികൾക്ക് തുരംഗം വയ്ക്കാൻ ശ്രമിക്കുന്നുണ്ടോയെന്നു സംശയിക്കാതെ വയ്യ. ഇന്ത്യയിലെ പാചക വാതകത്തിന്റെ വില കുത്തനേ കൂട്ടിയതിലും ചില കരങ്ങൾ പ്രവര്തിച്ചിട്ടുണ്ടാകാം. ജന വികാരം ഇളകേണ്ടത് ഇത്തരം കാര്യങ്ങളിലാണ്. ഇന്ത്യയുടെ ഊർജ സുരക്ഷ ഇന്ത്യയെ ലോകോത്തര ശ്രേഷ്ടതയിൽ എത്തിക്കുമെന്ന് മാത്രമല്ല, ലോകത്തിന്റെ തന്നെ മുഖം മാറ്റുന്ന പ്രക്രിയയിൽ ഇന്ത്യ സുപ്രധാന പങ്കും വഹിക്കുമെന്നുള്ളതിൽ സംശയം വേണ്ട.
ലോകത്തിന് വെളിച്ചം പ്രദാനം ചെയ്യുന്ന ആളുകളായി മാറുവാൻ, നല്ലൊരു നാളെയെ പ്രതീക്ഷിച്ചുകൊണ്ട് നിർത്തട്ടെ.
സ്നേഹപൂർവം
ചെറിയാൻ ജേക്കബ്
Comments