You are Here : Home / AMERICA TODAY

സരിതയുടെ ആഡംബര ജീവിതവും പ്രവാസി മന്ത്രിയുടെ ധൂര്‍ത്തും

Text Size  

Story Dated: Sunday, January 12, 2014 08:45 hrs UTC

അനിയന്‍ ജോര്‍ജ്‌

സോളാര്‍ കേസിലെ യുവറാണി സാക്ഷാല്‍ സരിതാ നായര്‍ സാരിക്കുവേണ്ടി മാത്രം
ഓരോ വര്‍ഷവും ചെലവഴിക്കുന്നത്‌ 13 ലക്ഷം രൂപ. എന്നാല്‍ പ്രവാസികളുടെ
ക്ഷേമത്തിനായി രൂപം കൊടുത്ത പ്രവാസികാര്യ വകുപ്പ്‌ ഓരോ വര്‍ഷവും പി ബി ഡി
എന്ന ഓമന പേരില്‍ ചെലവഴിക്കുന്നത്‌ പത്തുകോടി രൂപ.
സരിതക്ക്‌ സാരി വാങ്ങിക്കാന്‍ പണം കിട്ടിയത്‌ തട്ടിപ്പിലൂടെയും മറ്റ്‌
മാര്‍ഗങ്ങളിലൂടെയാണെങ്കിലും പ്രവാസികാര്യ വകുപ്പിന്‌ പണം ലഭിക്കുന്നത്‌
പാവപ്പെട്ട പ്രവാസികളുടെ കയ്യില്‍നിന്നും ഒസിഐ കാര്‍ഡിന്റെ പേരിലുമൊക്കെ
പിരിക്കുന്ന പൈസയാണ്‌.
പ്രവാസി ഭാരതീയ ദിവാന്‍ അവാര്‍ഡിന്‌ ഡല്‍ഹിയില്‍ ആറുമാസം മുമ്പേ ലേലംവിളി
ആരംഭിച്ചുവെന്നാണ്‌ അണിയറ സംസാരം. അവാര്‍ഡ്‌ വേണോ അവാര്‍ഡ്‌.....
അമേരിക്കക്കാര്‍ക്ക്‌ 25 ലക്ഷം, ഗള്‍ഫുകാര്‍ 10 ലക്ഷം ഇങ്ങനെ പോകുന്നു
ലേലത്തുക. മേപ്പടി തുക നല്‍കി കോട്ടും സ്യൂട്ടും ടൈയുമിട്ട്‌
ഡല്‍ഹിയിലെത്തിയാല്‍ ഏത്‌ പൊലീസുകാരനും ലഭിക്കും അവാര്‍ഡ്‌.പഴയ കോട്ടും
സ്യൂട്ടും ടൈയുമെല്ലാം ഡ്രൈ ക്ലീന്‍ ചെയ്‌ത്‌ നമ്മുടെ പ്രവാസി
നേതാക്കളെല്ലാം പ്രവാസികളെ ഉദ്ധരിക്കാനായി കാലേക്കൂട്ടി ഡല്‍ഹിയിലെത്തി.
മന്ത്രി മന്ദിരങ്ങള്‍ കയറിയിറങ്ങി. തീര്‍ച്ചയായും നമ്മുടെ പ്രവാസി
നേതാക്കളെല്ലാം കളളനോട്ട്‌ ചിരിയുമായി മന്ത്രിമാരുടെയോ, മുന്‍
മന്ത്രിമാരുടെയോ, അതുമല്ലെങ്കില്‍ ഏതെങ്കിലും ഛോട്ടാ നേതാക്കളുടെ കൂടെയോ
ഉള്ള ഫോട്ടോകള്‍ അടുത്തയാഴ്‌ച പത്രങ്ങളില്‍ കാണാം. മന്ത്രിമാരുടെയും
എംപിമാരുടെയും എംഎല്‍എമാരുടെയും തോളില്‍ കയ്യിട്ട്‌ ഫോട്ടോയുമെടുത്ത്‌
അവാര്‍ഡും വാങ്ങി രാജ്യാന്തര കാര്യങ്ങളെ കുറിച്ച്‌ ചര്‍ച്ച ചെയ്‌ത്‌
അമേരിക്കയില്‍ മടങ്ങിയെത്തും.
ഈ കൂട്ടരോട്‌ ഒരുചോദ്യം. എന്തിനാണ്‌, അല്ലെങ്കില്‍ സമൂഹത്തിനുവേണ്ടി
എന്തു നല്‍കിയിട്ടാണ്‌ ഈ അവാര്‍ഡ്‌ ലഭിച്ചതെന്ന്‌ അവാര്‍ഡ്‌
നല്‍കിയവര്‍ക്കോ ലഭിച്ചവര്‍ക്കോ അറിയില്ല. എല്ലാം പ്രവാസി മന്ത്രിയുടെ
ഇഷ്ടം പോലെ. രാജ്യവും ശക്തിയും മഹത്വവും സരിതയുടെ സാരികള്‍ പോലെ. പിബിഡി
എന്ന ധൂര്‍ത്തും ജനം കാണട്ടെ. പ്രവാസികള്‍ വിലയിരുത്തട്ടെ.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.