ഇന്ത്യയില്‍ അരവിന്ദ് കെജരിവാളും സുഹൃത്തുക്കളും, അണ്ണാ ഹസാരെ എന്ന എളിയ മനുഷ്യനെ മുന്നില്‍ വച്ചു തുടങ്ങിയ ജനകീയ മുന്നേറ്റം ഇന്ന് ഡല്‍ഹി സംസ്ഥാന ഭരണത്തിനുപരിയായി ഇന്ത്യ മുഴുവനും അലയടിക്കുകയാണ്, അവിടെ തീരുന്നില്ല, ഇങ്ങ് അമേരിക്കയിലും യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും ആസ്‌ട്രേലിയായിലും ഒക്കെ ആളുകള്‍ ഈ പുതിയ കൂട്ടായ്മയെ വരവേല്‍ക്കുകയാണ്. വളരെ നല്ല കാര്യം എന്നേ എനിക്ക് പറയാനുള്ളു. അഴിമതിയില്‍ മുങ്ങിക്കുളിക്കുന്ന രാഷ്ട്രീയം കണ്ടു മടുത്തിട്ടാണ് സാധാരണ ജനം മാറ്റത്തിനു ശ്രമിക്കുന്നത്.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം: ഒരു തിരിഞ്ഞു നോട്ടം
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെപ്പറ്റി ഓരോരോ വിഭാഗത്തിനും വ്യത്യസ്തമായ കാഴ്ചപ്പാടുകളുണ്ട്. എന്തൊക്കെയായിരുന്നാലും മഹാത്മാഗാന്ധി എന്ന വലിയ മനുഷ്യനെ എളിമയുടെ പ്രതീകമായി പ്രതിഷ്ഠിച്ചുകൊണ്ടു നടത്തിയ സമരമായതിനാലാണ്, സ്വാതന്ത്ര്യസമരത്തിന് ജനപങ്കാളിത്തം കൈവന്നത്. എന്നാല്‍ ജവഹര്‍ലാല്‍ നെഹ്രുവും മോട്ടിലാല്‍ നെഹ്രുവും ഒക്കെ, പുറകില്‍ ബുദ്ധി കേന്ദ്രമായി പ്രവര്‍ത്തിച്ചു. പക്ഷെ അവരാരും സ്വന്തം വീടിനെയും കുടുംബത്തെയും പ്രതാപത്തേയുമൊന്നും ഉപേക്ഷിച്ചില്ല. അധികാരം വന്നപ്പോള്‍ ഗാന്ധിജി പുറത്ത്, നെഹ്രുവും കുടുംബവും അകത്ത്. എല്ലാ സുഖങ്ങളും സുരക്ഷയും പരിരക്ഷയും നെഹ്രുവിനും കുടുംബത്തിനും പരിവാരങ്ങള്‍ക്കും കിട്ടിയപ്പോള്‍ മഹാത്മാഗാന്ധിക്ക് ഉണ്ടായിരുന്നത്, തന്നെ ശുശ്രൂഷിക്കുന്ന കുറെ സ്ത്രീകള്‍ മാത്രമാണ്. ഈ അവഗണനയും സുരക്ഷാ പാളിച്ചയുമാണ് അദ്ദേഹത്തിന്റെ ദാരുണമായ കൊലപാതകത്തിലേക്കും വഴി വച്ചത്. ആ കഥ വീണ്ടും തുടങ്ങുകയാണോ എന്നു തോന്നിപ്പോകും ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രവേശം കാണുമ്പോള്‍.
അണ്ണാ ഹസാരെയെ ആധുനിക ഭാരതത്തിന്റെ രണ്ടാം ഗാന്ധിയെന്നു വിശേഷിപ്പിച്ച്, ആ മനുഷ്യന്റെ മനുഷ്യരിലുള്ള മതിപ്പും വിശ്വാസവും മുതലാക്കി ആര്‍ക്കും അറിയില്ലായിരുന്ന അരവിന്ദ് കെജരിവാള്‍ എന്ന ബുദ്ധികേന്ദ്രം പുറകില്‍ നിന്നു പ്രവര്‍ത്തിച്ച് അഴിമതിക്കെതിരെ ശക്തമായി പ്രതികരിച്ചപ്പോള്‍ പല കോട്ടകളും ഇളകാന്‍ തുടങ്ങി. അവസാനം ഡല്‍ഹി ഭരണം കൈയ്യിലായെന്നു മാത്രമല്ല അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ ഒരു നിര്‍ണായക ശക്തിയാകും എന്നുതന്നെയാണ് പലരും വിശ്വസിക്കുന്നതും. ഇപ്പോഴത്തെ രീതിയില്‍ പോയാല്‍ അവര്‍ തീര്‍ച്ചയായും നിര്‍ണായക ശക്തിയാകുകയും ചെയ്യും. (അണ്ണാ ഹസാരെയുടെ കാര്യം ഇപ്പോള്‍ ആരും പറയുന്നില്ല! )
അഴിമതിയുടെ തുടക്കം
ചതിയും അഴിമതിയും മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ തുടങ്ങിയതാണ്. എല്ലാ ജനകീയ മുന്നേറ്റത്തിനും ഒരു പരിധിവരെ കാരണം അവഗണനയും അഴിമതിയുമാണ്. ഇതെല്ലാം തീര്‍ക്കാനുള്ള മാന്ത്രികവടിയായിട്ടാണ് ഓരോ ജനമുന്നേറ്റത്തേയും അതിന്റെ ആളുകള്‍ അവതരിപ്പിക്കുന്നത്. പക്ഷെ ചരിത്രം പരിശോധിച്ചാലറിയാം അവ എത്ര കണ്ട് വിജയിച്ചെന്നും അത് എത്ര പുതിയ അവഗണനകള്‍ക്കും സ്വജനപക്ഷപാതത്തിനും തുടക്കമിട്ടെന്നും.
ഇന്ദിരാഗാന്ധിയുടെ മരണശേഷം വന്ന രാജീവ് ഗവണ്മെന്റ് പല പുതിയ നീക്കങ്ങള്‍ക്കും തുടക്കം കുറിച്ചു. ഒരുപക്ഷേ ചേരിചേരാനയത്തിലും പാശ്ചാത്യരാജ്യങ്ങളോടുമുള്ള നിലപാടു തന്നെ ഈ കാലഘട്ടത്തില്‍ മാറ്റിയെഴുതപ്പെട്ടു എന്നു പറയുന്നതില്‍ അതിശയോക്തിയില്ലെന്നാണ് പലരുടെയും പക്ഷം. അന്നുവരെ നില നിന്നിരുന്ന അടിസ്ഥാന തത്വസംഹിതയില്‍ നിന്നു വ്യതിചലിച്ചാണ് ആ ഗവണ്മെന്റ് പല തീരുമാനങ്ങളും എടുത്തത്. അതെത്തിച്ചേര്‍ന്നതോ, അഴിമതിക്കഥകളിലും. സ്വീഡനിലെ ബോഫോഴ്‌സ് കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ അഴിമതിയുടെ പേരില്‍ രാജീവിന്റെ കസേര തെറിപ്പിച്ചു. ആ അഴിമതി പുറത്തു കൊണ്ടുവരാന്‍ ഉറപ്പു പറഞ്ഞ് കളം മാറി ചവിട്ടിയ വീ പീ സിങ് പുതിയ പാര്‍ട്ടി രൂപികരിച്ചു.
ജനമോര്‍ച്ച, ജനതാദള്‍
1989ലെ ഭരണമാറ്റവും അന്നത്തെ രാഷ്ട്രീയസ്ഥിതികളും 25 വര്‍ഷത്തിനു ശേഷം വീണ്ടും പുനരുജ്ജീവിക്കുന്നുവെന്നു തോന്നിപ്പോകും, പുതിയ കാഴ്ചകള്‍ കാണുമ്പോള്‍. ഇന്ത്യ ഏറ്റവും വലിയ സാമ്പത്തികക്കുതിപ്പിന്റെ യുവത്വത്തിലാണ്. അഴിമതി തുടച്ചു നീക്കുന്നതോടൊപ്പം ഇപ്പോഴത്തെ വളര്‍ച്ച നിലനിര്‍ത്തുകയും വേണം. പുതിയ ഭരണകര്‍ത്താക്കള്‍ തികച്ചും വ്യത്യസ്തമായ ആശയം ഉള്ളവരും കൂടിയാകുമ്പോള്‍ പല പദ്ധതികളും ശരിയായ പഠനമില്ലാതെ ഉപേക്ഷിക്കുകയും അതുവഴി രാജ്യത്തിന് ലാഭത്തിനു പകരം നഷ്ടവും, മുന്നേറ്റത്തിനു പകരം പിന്നേറ്റവുമാകും. മിക്കപ്പോഴും പുതിയ ഭരണകര്‍ത്താക്കള്‍ സാധാരണ ജനത്തിന് വേണ്ടതു കണ്ടെത്തുന്നതിനു പകരം, തങ്ങളുടെ മുന്‍ഗാമികളുടെ ഭരണം മോശമായിരുന്നെന്നു സ്ഥാപിക്കാനുള്ള തെളിവുകള്‍ സ്വരുക്കൂട്ടുന്ന തിരക്കിലുമായിരിക്കും. ഇന്നു നമ്മള്‍ കേള്‍ക്കുന്ന ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതിക്കഥകള്‍ മൂലം, ഗവണ്മെന്റ് ചെയ്ത പല നല്ല കാര്യങ്ങളും ഇക്കൂട്ടത്തില്‍ മറന്നു പോയി. ജനമോര്‍ച്ചയും ജനതാദളും, ചന്ദ്രശേഖറും, ദേവഗൗഡയും ഒക്കെ വന്നതും പോയതുമെല്ലാം ജനം മറന്നു. ഇന്നും നില നില്‍ക്കുന്നത് രാജീവും ബോഫോഴ്‌സും ആണെന്നുള്ളത് അതിശയാവഹമാണ്.
മാറ്റം എന്ന മായ
ലോകാരംഭം മുതല്‍ മനുഷ്യന്‍ മാറ്റത്തിന്റെ പുറകെയുള്ള ഓട്ടമായിരുന്നു. എല്ലാ മാറ്റങ്ങളും വേറൊരു പുതിയ മാറ്റത്തിന് വേണ്ടി കാരണമായി എന്നു മാത്രം. മാറ്റം എന്നത് പണ്ട് ശലോമോന്‍ പറഞ്ഞതുപോലെ വെറുമൊരു മിഥ്യ മാത്രമാണ്. കോണ്‍ഗ്രസിനെ മാറ്റിയാല്‍ ബി ജെ പി വരും, അവരെ മാറ്റിയാല്‍ എ എ പി വരും, വീണ്ടും അടുത്ത മാറ്റം കോണ്‍ഗ്രസില്‍ ചെന്നു നില്‍ക്കും. ഇതു കൊണ്ടൊക്കെ നമുക്ക് നമ്മുടെ ആത്യന്തിക ലക്ഷ്യത്തിലെത്താന്‍ കഴിയുമോ? മാറ്റം ഒന്നിനും ഒരു ശാശ്വത പരിഹാരമല്ല. വിവാഹമോചനം പലരും നേടുന്നത്, 'സഹികെട്ടു, ഒരു മാറ്റം വേണം'. അടുത്ത കല്യാണം, കഴിഞ്ഞതിലും നേരത്തേ പിരിയുന്നു അത്ര മാത്രം.
തീരുമാനിക്കുന്നതും തിരഞ്ഞെടുക്കുന്നതും (decision vs choice)
മനുഷ്യന്‍ ജീവിതത്തില്‍ പലതും 'തിരഞ്ഞെടുക്കാറില്ല' പലതും 'തീരുമാനിക്കുകയാണ്' ചെയ്യുന്നത്. തീരുമാനവും തിരഞ്ഞെടുക്കലും തമ്മില്‍ ആനയും ഉറുമ്പും തമ്മിലുള്ള അത്രതന്നെ അന്തരമുണ്ട്. തീരുമാനിക്കുക (decide) എന്ന വാക്കു തീരുന്നത് cide' എന്ന നാല് അക്ഷരത്തിലാണ്, ഇതേ നാലക്ഷരത്തില്‍ എത്തുന്ന മറ്റു വാക്കുകളാണ് 'Pesticide, Genocide, suicide, homicide.....' ഈ നാമങ്ങളുടെ ഒരു പ്രത്യേകത അവയെല്ലാം മറ്റെല്ലാ മാര്‍ഗ്ഗങ്ങളേയും നശിപ്പിച്ച്, ഒരൊറ്റ ലക്ഷ്യത്തിലേക്ക് എത്തുന്നുവെന്നതാണ്. ഇതിന് കുഴപ്പം ഒന്നുമില്ല, പക്ഷെ എല്ലാ റലരശശെീിഉെം വേറൊരു തലത്തില്‍ ചിന്തിക്കുമ്പോള്‍ കുറ്റബോധം തോന്നുന്നവയാണ് (regret is part of every decision). പക്ഷെ തീരുമാനങ്ങള്‍ ഒഴിവാക്കാന്‍ പറ്റില്ല. ഒരു ന്യായാധിപന്‍ കുറ്റവാളിയെ വിധിക്കുന്നത് ഒരു "decision" ആണ്. ചിലപ്പോളതു ശരിയായിരിക്കാം. പക്ഷെ തെറ്റായാല്‍? നമ്മളും ജീവിതത്തില്‍ പലപ്പോഴായി ഇങ്ങനെ തീരുമാനങ്ങളെടുത്തിട്ടുണ്ട്. പലപ്പോഴും അവയെയോര്‍ത്ത് പലരും ഉള്ളില്‍ വിലപിക്കാറുമുണ്ട്. പെണ്ണിനു വാക്കു കൊടുത്തത്, ഇഷ്ടമില്ലാത്ത വിഷയം പഠനത്തിനു തിരഞ്ഞെടുത്തത്, ഇഷ്ടമില്ലാത്ത ജോലിക്ക് കയറിയത്, ഇഷ്ടമില്ലാത്ത വിഷയം ഗവേഷണത്തിന് തിരഞ്ഞെടുത്തത്... ഇങ്ങനെ ജീവിതത്തില്‍ നമ്മള്‍ എടുത്തതെല്ലാം ഒരു വിധത്തില്‍ "decision " ആയിരുന്നു.
Decision എടുക്കുമ്പോള്‍ നിങ്ങളുടെ സാഹചര്യമാണ് (reason) അതിനെ തിരഞ്ഞെടുക്കുന്നത്, 'നിങ്ങള്‍' അല്ല. അവിടെയാണ് പ്രശ്‌നം.
അവള്‍ 'സുന്ദരി' ആയതുകൊണ്ടാണ് ഞാന്‍ അവളെ കല്യാണം കഴിച്ചത്. 'സൌന്ദര്യം' എപ്പോള്‍ പോകുന്നുവോ, അപ്പോള്‍ അവളോടുള്ള എല്ലാ പ്രണയവും തീരും. ഇനി ചിലപ്പോള്‍ അവളുടെ 'പഠിപ്പും' മറ്റും കണ്ടിട്ടായിരിക്കും കല്യാണം കഴിച്ചത്; പക്ഷെ ആ പഠിപ്പു കൊണ്ട് താനുദ്ദേശിച്ച ജോലിയും കാര്യവും കിട്ടിയില്ലെങ്കില്‍ അവിടെയും കഥ തഥൈവ.
ജീവിതം ഒരിക്കലും ചോക്ലേറ്റും വാനിലാ ഐസ് ക്രീമും പോലുള്ള അനുഭവങ്ങളല്ല തരുന്നത്. ജീവിതം തരുന്നതൊക്കെ ഒരു വണ്‍ വേ ട്രാഫിക് പോലെയാണ്.
കാന്‍സര്‍ ....
നിങ്ങളുടെ ജോലി ....
നിങ്ങളുടെ പ്രശ്‌നക്കാരനായ ബോസ് ...
നിങ്ങള്‍ പേടിക്കുന്ന ആ പരീക്ഷ ...
നിങ്ങളുടെ മാതാപിതാക്കള്‍ ...
നിങ്ങള്‍ വെറുക്കുന്ന നിങ്ങളുടെ സഹപ്രവര്‍ത്തകന്‍
നിങ്ങളുടെ പള്ളി അല്ലെങ്കില്‍ സമൂഹത്തിലെ ആളുകള്‍
ഇവരെയൊക്കെ നമ്മള്‍ അവരായിരിക്കുന്നതു പോലെ സ്വീകരിക്കാന്‍ കഴിയുമ്പോഴാണ്, നിങ്ങള്‍ക്ക് അവരില്‍ എന്തെങ്കിലും മാറ്റം വരുത്തുവാന്‍ സാധിക്കുന്നത്. ഒരു നല്ല മനുഷ്യനേ ഒരു നല്ല ഹിന്ദുവും ഒരു നല്ല മുസല്‍മാനും ഒരു നല്ല ക്രിസ്ത്യാനിയും ഒക്കെ ആകാന്‍ കഴിയൂ. തൊപ്പിയിടുന്നെങ്കില്‍ അങ്ങനെയുള്ള സമൂഹത്തിനെ കെട്ടിപ്പടുക്കാന്‍ വേണ്ടിയാണ് തൊപ്പി ഇടേണ്ടത്. അല്ലാതെ ഇന്നൊരുത്തനെ കയറ്റാനും നാളെ അവനെ ഇറക്കാനും പോയാല്‍ ഈ ഭൂമിയില്‍ നിങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന ഈ ചെറിയ സമയം മുഴുവന്‍ നിങ്ങള്‍ ഇങ്ങനെ കളഞ്ഞു കുളിക്കും. ഇല്ലെങ്കില്‍ നിങ്ങള്‍ നില്‍ക്കുന്ന പ്രസ്ഥാനവും അതിന്റെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കും. നമ്മിലെ കുറവുകളെ അംഗീകരിച്ച് മറ്റുള്ളവര്‍ക്ക് വലുതാകാന്‍ അവസരം കൊടുത്തുകൊണ്ടാണ് നമ്മുടെ വ്യക്തിത്വം കാണിക്കേണ്ടത്. ഇത് ആരെയും കൊച്ചാക്കാനോ, കുറച്ചു കാണുവാനോ അല്ല എഴുതുന്നത്.
എല്ലാം അറിഞ്ഞുകൊണ്ട് 'സ്വയമായി' തിരഞ്ഞെടുക്കുന്നതു മാത്രമേ നിലനില്‍ക്കൂ, കാരണം നിങ്ങള്‍ക്ക് അതിന് വേറെ ആരെയും കുറ്റപ്പെടുത്താന്‍ പറ്റില്ല. അങ്ങിനെ വരുമ്പോള്‍ നമുക്ക് കുറ്റപ്പെടുത്തല്‍ മാറ്റി വച്ച്, ഇനി എന്തു ചെയ്യാമെന്നു നോക്കി കാര്യങ്ങള്‍ നടത്തും. അങ്ങനെ ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളെയും അതുപോലെ തന്നെ തിരഞ്ഞെടുക്കാന്‍ നമുക്ക് സാദ്ധ്യമായെങ്കില്‍ മാത്രമേ ലോകത്തിന് നമ്മുടേതായി എന്തെങ്കിലും നന്മ ചെയ്തിട്ട് പോകാന്‍ പറ്റൂ.
ആം ആദ്മി ആയാലും, കോണ്‍ഗ്രസ്സുകാര്‍ ആയാലും, ബീ ജെ പി ആയാലും, ഡെമോക്രാറ്റ് ആയാലും, റിപ്പബ്ലിക്കന്‍ ആയാലും, അവരെയെല്ലാം അവരായി "choose" ചെയ്യുവാന്‍ കഴിഞ്ഞാല്‍ പിന്നെ 'മാറ്റത്തിന്റെ' കാര്യമില്ല. പുതിയ പല പ്രസ്ഥാനങ്ങളും ഉടലെടുക്കുന്നത് എപ്പോഴും നല്ലതു തന്നെ. ആം ആദ്മി പോലൊരു പ്രസ്ഥാനം വരുമ്പോള്‍ അവര്‍ക്കും വളരാനൊരു സാഹചര്യം കൊടുക്കുക. അതില്‍ പ്രവര്‍ത്തിക്കുന്നവര്‍ പഴയ ചരിത്രം ചികഞ്ഞു സമയം കളയാതെ, പഴയതിനെ ഉള്‍ക്കൊണ്ട് പുതിയ ഒരൂര്‍ജ്ജം നല്‍കി മുന്നോട്ട് പോവുക. പഴയത് കഴിഞ്ഞു പോയി, അതിലൊന്നും കൂട്ടാനോ കുറയ്ക്കാനോ നമ്മിലാരേയും കൊണ്ടു സാദ്ധ്യമല്ല. സമയം ആരേയും നോക്കി നില്‍ക്കാറില്ല. മുന്നോട്ട് നോക്കി ലക്ഷ്യത്തിലേക്ക് ഓടുന്നവരാകുക, പിന്നോട്ടു നോക്കി ഓടി ആരും ലക്ഷ്യം കണ്ടിട്ടില്ല. കാലം നിങ്ങളുടെ ചരിത്രം എഴുതുകയാണ്, അത് ആര്‍ക്കും മായ്ക്കാനും പറ്റില്ല. ഇന്നത്തെ സത്യങ്ങള്‍ നാളത്തെ സത്യങ്ങളല്ല, ഇന്നത്തെ സത്യമല്ലാത്തത് നാളെ സത്യമായി കൂടായ്കയുമില്ല
നല്ല ഒരു നാളെയെ കെട്ടിപ്പടുക്കുന്നൊരു കൂട്ടായ്മയായി പുതിയ പ്രസ്ഥാനം വളരട്ടെയെന്നും, അതിനായി ഇറങ്ങിത്തിരിച്ചിരിക്കുന്നവരെ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെയെന്നും മാത്രം കുറിക്കുന്നു.
സ്‌നേഹപൂര്‍വ്വം
ചെറിയാന്‍ ജേക്കബ്
Comments