You are Here : Home / AMERICA TODAY

സഭാ വഴക്കുകളും ശവക്കോട്ടകളും (ഒരവലോകനം: ചെറിയാന്‍ ജേക്കബ്‌)

Text Size  

Story Dated: Tuesday, January 28, 2014 06:44 hrs UTC


 
     
 
 

വളരെ കുഞ്ഞായിരുന്ന കാലം മുതല്‍ മനസ്സിനെ വളരെയേറെ വിഷമിപ്പിക്കുന്ന ഒരു വിഷയമാണ്‌ സഭാ വഴക്കുകള്‍. ഇത്രയും മാറ്റങ്ങള്‍ ലോകത്തു വന്നു, ബദ്ധശത്രുക്കളായിരുന്ന പല രാജ്യങ്ങളും മിത്രങ്ങളും, ഒന്നുമില്ലെങ്കില്‍ പരസ്‌പര ബഹുമാനത്തിലും സഹകരണത്തിലുമെങ്കിലും വസിക്കുന്നു. ഇന്ത്യയിലെ 28 സംസ്ഥാനങ്ങള്‍ എടുത്താല്‍ ഒരിടത്തും ഇത്രയും ദീര്‍ഘമായ വഴക്കുകള്‍, അതും ക്രിസ്‌തീയ ദേവാലയങ്ങളെപ്പറ്റി ഉണ്ട്‌ എന്നെനിക്ക്‌ തോന്നുന്നില്ല. സിവില്‍, ക്രിമിനല്‍ നിയമങ്ങള്‍ ലോകത്തെല്ലായിടത്തും ഉണ്ട്‌, പക്ഷേ കേരളത്തിലെ ചില ക്രിസ്‌തീയ വിഭാഗങ്ങള്‍ ഉയര്‍ത്തിയിട്ടുള്ള സങ്കീര്‍ണമായ, വിശ്വാസസംബന്ധമായ തര്‍ക്കങ്ങള്‍, കോടതികള്‍ക്ക്‌ വലിയ തലവേദനയാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. ഇന്ത്യയിലെ തന്നെ കോടാനുകോടി ദേവന്മാരുടെയും ദേവികളുടെയും പേരില്‍, ഇവരെല്ലാം വിശ്വാസസംബന്ധമായ കേസുകള്‍ കോടതിയില്‍ കൊണ്ടുവന്നാല്‍ അതെങ്ങനെ കോടതികള്‍ പരിഹരിക്കും എന്നു നമുക്ക്‌ ചിന്തിക്കാവുന്നതേയുള്ളൂ.

യേശുക്രിസ്‌തു പഠിപ്പിച്ച ജീവിത മൂല്യങ്ങള്‍ നമ്മള്‍ ജീവിതത്തില്‍ പാലിക്കണമെന്ന്‌ മദ്‌ബഹായില്‍ ഉപദേശിക്കുന്ന വൈദികരും, മഹാപുരോഹിതന്മാരും, തെരുവിലിറങ്ങി സമരം ചെയ്യുമ്പോള്‍, നമ്മളെന്തു സന്ദേശമാണ്‌ മറ്റുള്ളവര്‍ക്കു കൊടുക്കുന്നത്‌ എന്നെനിക്കറിഞ്ഞു കൂടാ. `എടാ കൂവേ, നിനക്ക്‌ ഇഷ്ടമില്ലേല്‍ അങ്ങ്‌ ഇറങ്ങിപ്പോടാ, ഞങ്ങള്‍ ഇങ്ങനെയൊക്കയേ ജീവിക്കൂ' എന്നു പറയുമായിരിക്കാം, പക്ഷേ, നമ്മള്‍ പ്രശ്‌നങ്ങള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നില്ല എന്നു പറയാതിരിക്കാന്‍ വയ്യ.

ലോകത്തിന്റെ പല ഭാഗത്തും വിശ്വാസസംബന്ധമായി പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്‌. പലതും പരിഹരിക്കപ്പെടാത്തത്‌ മിക്കപ്പോഴും ആ വിശ്വാസങ്ങളെ പല രീതിയില്‍ വ്യാഖ്യാനിക്കുന്നതു കൊണ്ടാണ്‌. വ്യാഖ്യാനിക്കുന്ന പലരും, അവര്‍ ഇതിന്റെ മുഴുവന്‍ ഭാഗങ്ങളും പരിശോധിച്ചിട്ടാണ്‌ പറയുന്നത്‌ എന്ന്‌ കേള്‍വിക്കാരനു തോന്നുന്ന ഒരു പ്രതീതി ജനിപ്പിക്കുകയും ചെയ്യും. ഇനി എന്തെങ്കിലും വിഭിന്നചിന്ത പറഞ്ഞാല്‍, അവനെ സഭാദ്രോഹിയായി മുദ്ര കുത്തുകയും ചെയ്യും. പറയുന്നത്‌ ഏതെങ്കിലും പുരോഹിതനായാല്‍, അദ്ദേഹത്തെ പള്ളിയില്‍ നിന്നു ഭ്രഷ്ട്‌ കല്‍പ്പിച്ച്‌ സഭയില്‍ നിന്നു തന്നെ പുറത്താക്കും. അവരും, അവരുടെ കുടുംബങ്ങളും അനുഭവിക്കുന്ന വേദന ആരും കാര്യമായേ എടുക്കില്ല. അപ്പോള്‍ അവരുടെ വിശ്വാസം അല്ലെങ്കില്‍ ആശയത്തോട്‌ അടുപ്പമുള്ളവര്‍ അവരോടു കൂടും, പക്ഷേ ഇത്തരം പട്ടക്കാരെയോ മേല്‍പ്പട്ടക്കാരെയൊ അനുകൂലിക്കുന്ന ഇടവകാംഗങ്ങള്‍ മിക്കപ്പോഴും പള്ളിയില്‍ നിന്നു പുറത്താക്കപ്പെടാറില്ല. കാരണം, അവരെ പുറത്താക്കാനുള്ള അധികാരം മിക്കപ്പോഴും ഒരാളിലല്ല, മറിച്ച്‌ പള്ളിയുടെ പൊതുയോഗത്തിലാണ്‌ നിക്ഷിപ്‌തമാകാറ്‌. അവരില്‍ ഒരാളെ പുറത്താക്കിയാല്‍ നാളെ അതേ വാളുകൊണ്ട്‌ തങ്ങളേയും പുറത്താക്കുമെന്ന്‌ സാമാന്യജനത്തിന്‌ ബോധമുള്ളതിനാല്‍, ഇക്കൂട്ടരെ വിഘടനവാദികളായി ചിത്രീകരിക്കുകയും, അതോടെ അവിടെ അസമാധാനം തുടങ്ങുകയും ചെയ്യും.

നമ്മള്‍ നില്‍ക്കുന്ന പ്രസ്ഥാനത്തിന്റെ വിശ്വാസങ്ങള്‍ എന്താണെന്ന്‌ ശരിയായി മനസ്സിലാക്കുവാന്‍ ശ്രമിക്കാത്തതാണ്‌ പലപ്പോഴും പ്രശ്‌നങ്ങള്‍ക്ക്‌ കാരണം. വേദപുസ്‌തകത്തില്‍ തന്നെ കടന്നു കൂടിയിരിക്കുന്ന ആശയവൈരുധ്യങ്ങളും കൂടിയാകുമ്പോള്‍, ബൈബിള്‍ ശരിക്കും അപഗ്രഥിച്ചിട്ടില്ലാത്ത സാധാരണജനം തികച്ചും വിഷമവൃത്തത്തിലാകുകയും ചെയ്യും. മലയാളം ബൈബിള്‍ വായിച്ച്‌ ഓഡിയോ രൂപത്തിലാക്കാന്‍ ഈ ലേഖകന്‍ ഒരു ശ്രമം നടത്തി. അത്‌ ഒരു പരിധി വരെയെങ്കിലും വിജയിക്കുകയും ചെയ്‌തു. ആ ഉദ്യമത്തില്‍ പല സന്ദര്‍ഭങ്ങളിലും ഈ ആശയവൈരുധ്യങ്ങള്‍ കണ്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി, ഈ ആശയവൈരുധ്യങ്ങള്‍ നില നില്‍ക്കുന്നിടത്തോളം കാലം ഏതെങ്കിലും ഒരു ഭാഗം അടര്‍ത്തിയെടുത്തു കാണിച്ചാല്‍, അതാണു ശരി എന്ന്‌ ആരെങ്കിലും വാദിച്ചാല്‍, കഥയറിയാത്ത ആളുകള്‍ അതു വിശ്വസിച്ചു പോകും.

പണ്ടു കോട്ടയത്ത്‌ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത്‌ തിരുനക്കര മൈതാനത്ത്‌ സ്ഥിരം ആളെ പറ്റിക്കുന്ന കുറെ കച്ചവടക്കാരുണ്ടായിരുന്നു. ചിലപ്പോള്‍ അവര്‍ മയിലെണ്ണ വില്‍ക്കും, അവരുടെ അവതരണം കണ്ടാല്‍ തോന്നിപ്പോകും, ഏതു വളഞ്ഞ എല്ലും മയിലെണ്ണ പുരട്ടി ചെറിയ ചൂടു വച്ചാല്‍ നിവരുമെന്ന്‌! അവരുടെ തന്നെ കുറേ ആളുകള്‍ ഈ എണ്ണ മേടിക്കും. അതു കാണുമ്പോള്‍ സാധാരണ ജനവും ഇതു കൊള്ളാമല്ലോ, ഒന്നു പരീക്ഷിച്ചു കളയാം എന്നു വച്ച്‌ വാങ്ങിക്കും. വെറും ഒരു കുപ്പി ഏതെങ്കിലും എണ്ണ, മയിലെണ്ണയാണെന്നു പറഞ്ഞു വിശ്വസിപ്പിച്ച്‌ 10 മില്ലി കുപ്പികളില്‍ പത്തും ഇരുപതും രൂപയ്‌ക്ക്‌ വില്‍ക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്‌. ഒരിക്കല്‍ നല്ല 'ടര്‍പ്പന്‍റൈന്‍' കുപ്പിയിലാക്കി വില്‍ക്കുന്നു, ഒരു തുള്ളി കുടിച്ചാല്‍ വയറ്റിലെ എല്ലാ പ്രശ്‌നവും തീരുമെന്നു പറഞ്ഞ്‌! ഒന്നില്‍ കൂടുതല്‍ തുള്ളി പാടില്ല എന്നും! ഊട്ടിയില്‍ നിന്ന്‌ യൂക്കാലിപ്‌റ്റസ്‌ മരത്തില്‍ നിന്നും നമ്മുടെ റബ്ബര്‍ മരം ടാപ്പ്‌ ചെയ്യുന്നതുപോലെ ടാപ്പ്‌ ചെയ്‌ത്‌ കിട്ടിയ ശുദ്ധമായ യൂക്കാലിപ്‌റ്റസ്‌ തൈലമാണെന്നു പറഞ്ഞ്‌ വിശ്വസിപ്പിച്ചു. ഏതായാലും ഇതു ശരിയല്ല എന്നെനിക്കു മനസ്സിലായി. കാരണം അന്ന്‌ എന്റെ സഹോദരന്‍ ഊട്ടിയില്‍ ഹിന്ദുസ്ഥാന്‍ ഫോട്ടോ ഫിലിം കമ്പനിയില്‍ സയന്‍റീസ്റ്റായി ജോലി നോക്കുമ്പോള്‍ ഞാന്‍ പലപ്പോഴും അവിടെ പോവുകയും യൂക്കാലിപ്‌റ്റസ്‌ തൈലം ഉണ്ടാക്കുന്ന കമ്പനികള്‍ കാണുകയും ചെയ്‌തിട്ടുണ്ട്‌. പക്ഷേ ഇവര്‍ കള്ളമാണു പറയുന്നത്‌ എന്നു ഞാന്‍ പറഞ്ഞപ്പോള്‍, എന്നോടു തര്‍ക്കിക്കാന്‍ ഒരു പത്തു കാഴ്‌ചക്കാര്‍ വന്നു. ഞാനവരോടു കാര്യം പറഞ്ഞപ്പോള്‍ ഒരാള്‍ എന്റെ ചെവിയില്‍ പറഞ്ഞു, അടി വേണ്ടെങ്കില്‍ സ്ഥലം വിട്ടോളാന്‍! ഇന്നും അതേ ആളുകള്‍ ഇത്തരം മയിലെണ്ണ വില്‍പ്പനയുമായി നടക്കുന്നു, ആരും പിടിക്കില്ല, നമ്മളില്‍ പലരും പോയി വാങ്ങിക്കും.

ദൈവം ആരാണെന്നറിയാന്‍ മനുഷ്യന്‍ എന്നും ആഗ്രഹിച്ചു. ഈ ചിന്തയും ആകാംക്ഷയുമാണ്‌ മനുഷ്യനെ പല തെറ്റിദ്ധാരണകളിലേക്കും കൊണ്ടുപോയത്‌. അവന്‍ കാറ്റിനേയും കടലിനേയും സൂര്യനേയുമൊക്കെ ആരാധിക്കാന്‍ തുടങ്ങി. പല മഹര്‍ഷിമാര്‍ അവരുടെ ധ്യാനങ്ങളില്‍ കൂടി യഥാര്‍ത്ഥ ദൈവമുഖം തിരിച്ചറിയുകയും അത്‌ സാധാരണ മനുഷ്യനു മനസ്സിലാകുവാന്‍ പ്രയാസമാണെന്ന്‌ കണ്ടെത്തുകയും ചെയ്‌തു. അതു സാധാരണ ജനത്തിനു മനസ്സിലാകുവാന്‍ കഥകളും സാരാംശങ്ങളും കഥകളും കവിതകളുമായി അവര്‍ അവതരിപ്പിച്ചു. പലപ്പോഴും മനുഷ്യന്‍ അതിലെ ഉള്ളടക്കം മനസ്സിലാക്കാതെ അതിലെ കഥാപാത്രങ്ങളെ ദൈവങ്ങളായി ആരാധിക്കുവാന്‍ തുടങ്ങി. അതിന്റെയൊന്നും അന്തഃസത്ത മനസ്സിലാക്കാതെ അതിലെ ഓരോ വരികളേയും വ്യാഖ്യാനിക്കാന്‍ ശ്രമിച്ചാല്‍ മനുഷ്യരാശിക്ക്‌ ഒരു നന്മയും കൊടുക്കാന്‍ പറ്റില്ല. ക്രിസ്‌ത്യാനികള്‍ ബൈബിള്‍ വാക്യങ്ങള്‍ ഉദ്ധരിക്കുന്നതു കേട്ടാല്‍, ദൈവം ആദാമിനേയും ഹവ്വയേയും സൃഷ്ടിച്ച ഉടനെ ഒരു `ബൈബിളും` അവരുടെ കൈയ്യില്‍ കൊടുത്തിരുന്നു എന്നു തോന്നിപ്പോകും!

യേശുവെന്ന ദൈവപുത്രന്‍റെ കാലത്തും അദ്ദേഹം പറഞ്ഞു തന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ അന്തഃസത്ത മനസ്സിലാക്കാതെയാണ്‌ ഇന്ന്‌ പല ക്രിസ്‌തീയ സമൂഹങ്ങളും ക്രിസ്‌തുമാര്‍ഗം പിന്തുടരുന്നത്‌. ഇതു കൊണ്ട്‌ കുഴപ്പമൊന്നുമില്ല. പക്ഷേ ഇവിടേയും അവിടേയുമൊന്നുമല്ല ദൈവം എന്നതു മനസ്സിലാക്കുവാന്‍ ശ്രമിക്കുക. നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെ കാണണം, സ്‌നേഹിക്കണം എന്നു പള്ളിയില്‍ നിന്നു പറഞ്ഞിട്ടോ, പ്രാര്‍ഥനായോഗത്തില്‍ ഇരുന്നു പറഞ്ഞിട്ടോ കാര്യമില്ല. ദൈവത്തെ കാണണമെങ്കില്‍ നാം നമ്മുടെ സഹജീവിയെ കരുതിയേ പറ്റൂ. കാരണം നിങ്ങളുടെ വിശ്വാസം ശരിയായാല്‍ നിങ്ങളെ ഈ ഭൂമിയില്‍ ജനിക്കാനും ജീവിക്കാനും അനുവദിച്ച അതേ ദൈവമാണ്‌ നിങ്ങളുടെ എതിരാളിയേയും ഇവിടെ അനുവദിച്ചിരിക്കുന്നത്‌. അതില്‍ ശരിയോ തെറ്റോ വിധിക്കുവാന്‍ എന്നാണ്‌ നിങ്ങള്‍ക്ക്‌ അധികാരം കിട്ടിയത്‌? നിന്നില്‍ വസിക്കുന്നത്‌ ദൈവവും നിന്‍റെ എതിരാളിയില്‍ വസിക്കുന്നത്‌ പിശാചും എന്നു നിങ്ങള്‍ പറഞ്ഞേക്കാം, പക്ഷേ, ഒന്നോര്‍ക്കുക പിശാച്‌ ആരിലും വസിക്കുന്നില്ല. അവന്‍ ദൈവം ഉണ്ടാക്കിയ ആലയമാകുന്ന മനുഷ്യകൂടാരത്തില്‍ ജീവിക്കാന്‍ മാത്രം മണ്ടനല്ല. അത്‌ കള്ളന്‍ സ്വയം പോലീസ്‌ സ്‌റ്റേഷനില്‍ കയറി ജയിലില്‍ ഇരിക്കുന്നതു പോലെയായിരിക്കും. പിശാച്‌ നിനക്ക്‌ എല്ലാത്തിനെപ്പറ്റിയും മോശമായ ചിന്ത തരും. അതു ശരിയാണെന്നു വിശ്വസിക്കത്തക്ക ചില ഉദാഹരണങ്ങളും തരും, അവന്‍ എറിയുന്ന ചൂണ്ടയില്‍ ഇന്നല്ലെങ്കില്‍ നാളെ നാം കൊത്തുമെന്ന്‌ അവനു വ്യക്തമായറിയാം. അവന്‌ ഒന്നിനും ധൃതിയില്ല, എന്നാല്‍ ദൈവത്തിന്‌ തന്റെ സൃഷ്ടിയെപ്പറ്റി വളരെ ചിന്തയും വിഷമവുമുണ്ട്‌.

ദൈവത്തിന്‌ മനുഷ്യന്റെ കാര്യത്തില്‍ അത്ര ചിന്തയും വിഷമവുമുണ്ടെങ്കില്‍ ദൈവത്തിന്‌ എന്തേ പട്ടിണിയും രോഗങ്ങളും എല്ലാ ദുഷ്ടകാര്യങ്ങളും അങ്ങ്‌ ഒറ്റയടിക്ക്‌ മാറ്റി ഭൂമി തന്നെ ഒരു പറുദീസയാക്കിക്കൂടാ എന്ന മറുചോദ്യമുണ്ടാകാം. നിങ്ങളുടെ ചോദ്യം എല്ലാ മനുഷ്യരും അവരവരുടെ കഷ്ടതയുടെ സമയത്ത്‌ സ്വയം ചോദിക്കുന്നതാണ്‌. അതിന്നുത്തരം കാണണമെങ്കില്‍ ബൈബിളില്‍ യേശുവിന്റെ പരസ്യ ശുശ്രൂഷാ കാലത്തേക്ക്‌ ഒന്ന്‌ പോകണം. 12 വയസ്സില്‍ ദേവാലയത്തില്‍ തര്‍ക്കിച്ച യേശു, പിന്നെ 30 വയസ്സുവരെ ഒന്നും ചെയ്‌തില്ല എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ആ സമയത്തെല്ലാം വേദശാസ്‌ത്ര പഠനവും, അതോടൊപ്പം മറ്റുള്ളവരില്‍ (വേദശാസ്‌ത്രപണ്ഡിതന്മാരുടെ ഇടയില്‍) ഒരു നല്ല മതിപ്പു ജനിപ്പിയ്‌ക്കുകയുമാണ്‌ അദ്ദേഹം ചെയ്‌തിരുന്നതെന്നു വേണം അനുമാനിക്കാന്‍. എല്ലാ കാര്യങ്ങളേയും സമചിത്തതയോടെ കൈകാര്യം ചെയ്യുവാനും മനുഷ്യരുടെ ഇടയില്‍ ഒരു സാധാരണ മനുഷ്യനായി ജീവിക്കുവാനും അദ്ദേഹം തന്റെ സ്വതഃസിദ്ധമായ ജീവിതരീതി തന്നെ ചിട്ടപ്പെടുത്തി.

തന്റെ സമയമാണെന്ന്‌ മനസ്സിലായപ്പോള്‍ ദൈവപുത്രന്‍ മനുഷ്യനില്‍ നിന്ന്‌ സ്‌നാനം സ്വീകരിച്ചു. പിന്നെ 40 ദിവസം മരുഭൂമിയില്‍ താന്‍ വ്രതശുദ്ധിയില്‍ ജീവിച്ചു. അന്നു വരെ അദ്ദേഹത്തെ നോക്കുക പോലും ചെയ്യാതിരുന്ന പിശാച്‌ അന്നു മുതല്‍ മാത്രമാണ്‌ ഇയാള്‍ തനിക്ക്‌ പ്രശ്‌നക്കാരനാണെന്ന്‌ മനസ്സിലാക്കി തന്റെ എല്ലാ തന്ത്രങ്ങളും ഉപയോഗിച്ച്‌ അദ്ദേഹത്തെ കീഴ്‌പെടുത്താന്‍ നോക്കിയത്‌.

യേശുവിനെ പിശാചു പരീക്ഷിച്ച മൂന്ന്‌ ചോദ്യങ്ങളില്‍ ഒന്നു മാത്രം ഈ സന്ദര്‍ഭത്തില്‍ ഇവിടെ കൊണ്ടുവരട്ടെ

മത്തായി 4
8. പിന്നെ പിശാചു അവനെ ഏറ്റവും ഉയര്‍ന്നൊരു മലമേല്‍ കൂട്ടിക്കൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു:
9. വീണു എന്നെ നമസ്‌കരിച്ചാല്‍ ഇതൊക്കെയും നിനക്കു തരാം എന്നു അവനോടു പറഞ്ഞു.
10. യേശു അവനോടു: `സാത്താനേ, എന്നെ വിട്ടുപോ; 'നിന്റെ ദൈവമായ കര്‍ത്താവിനെ നമസ്‌കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ' എന്നു പറഞ്ഞു.

ലോകത്തില്‍ അധികാരം ദൈവത്തിനാണെങ്കില്‍ യേശുവിന്റെ മറുപടി ഇങ്ങനെ ആകുമായിരുന്നില്ല. ഇത്‌ `എന്റെ അയല്‍പക്കക്കാരന്‍ എന്റെ വീട്‌ അവനോട്‌ ചോദിച്ചാല്‍ എനിക്ക്‌ തരാമെന്ന്‌ പറയുന്നപോലെയാണ്‌`. ഇവിടെയാണ്‌ സാധാരണ ജനം വിഷമം വരുമ്പോള്‍ `എന്റെ ദൈവമേ, നീ എനിക്കിതെന്തിനു തന്നു?' എന്നു ചോദിക്കുന്നത്‌. ദൈവം അതിന്‌ എന്തു മറുപടി പറയാനാണ്‌? നീ വിഷമിക്കുമ്പോള്‍ നിന്റെ ദൈവവും നിന്നോടു ചേര്‍ന്നു വിഷമിക്കുകയാണെന്നു മനസ്സിലാക്കാനൊന്നും നമുക്കു സമയമില്ല. എന്റെ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ തീരണം, അല്ലെങ്കില്‍ ഇതെന്തൊരു ദൈവമാ!

പറഞ്ഞുവന്നതിന്റെ രത്‌നച്ചുരുക്കം, പലരും പള്ളിയിലുമൊക്കെ പോകുന്നത്‌ `സ്വര്‍ഗത്തില്‍ പോകാനല്ല' മറിച്ച്‌ `നരകത്തില്‍ പോകാതിരിക്കാനാണ്‌.'

ഈ പേടിയില്‍, നാം നമ്മെ സ്‌നേഹിക്കുന്ന ദൈവത്തെ മറക്കുകയും പകരം, നമ്മെ ന്യായം വിധിച്ച്‌ നരകത്തില്‍ തള്ളിയിടാന്‍ ഒരുങ്ങിയിരിക്കുന്ന ഒരു ക്രൂരനായ ദൈവത്തെ മനസ്സില്‍ പ്രതിഷ്‌ഠിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ നിങ്ങള്‍ ദൈവത്തെ സ്‌നേഹിക്കുകയല്ല, ഭയക്കുകയാണു ചെയ്യുന്നത്‌. ഒരാളെ മറന്നാല്‍ നിങ്ങള്‍ വേറൊരാളെ സ്‌നേഹിക്കണം; അപ്പോള്‍ കൂട്ടായി നീയറിയാതെ പിശാചും കൂടെ ഉണ്ടാകും.

ശവക്കോട്ടകളിലെ വിശ്വാസം

ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ സ്വന്തം ഭാര്യയോ മക്കളോ പോലും മരിച്ച ആളിനെ അഭിസംബോധന ചെയ്യുന്നത്‌ ശവമായിട്ടാണ്‌. പക്ഷേ ഒരു ശവത്തില്‍ എന്തിരിക്കുന്നു എന്നു തോന്നിപ്പോകും, കാരണം, ഈ ശവവും ശവക്കോട്ടയുമാണ്‌ കേരളത്തിലെ പള്ളികളുടെ വഴക്കു തീരാത്തതിനു കാരണം എന്നു പറഞ്ഞാല്‍ ചിലപ്പോള്‍ പലര്‍ക്കും അത്‌ അതിശയോക്തിയായി തോന്നും. പക്ഷേ അതില്‍ വാസ്‌തവമുണ്ടെന്നു ചിന്തിച്ചാല്‍ മനസ്സിലാകും. പലരും പള്ളിയില്‍ നില്‍ക്കുന്നതും അവരുടെ സഭയിലെ 'വിശ്വാസം' കൊണ്ടല്ല, ഈ ശവക്കോട്ടകള്‍ കൊണ്ടാണ്‌! തികച്ചും അത്ഭുതം തോന്നും, പക്ഷേ ആരും അത്രയും ഇഷ്ടപ്പെടാത്ത ശവക്കോട്ടയും, അതിലെ കുടുംബ കല്ലറയും, മനസ്സിന്റെ അതിര്‍ത്തിയില്‍ നാം തിരിച്ചിരിക്കുന്ന `തെമ്മാടിക്കുഴികളും` നമ്മുടെ ജീവിതത്തിന്റെ ഗതി നാം അറിയാതെ മാറ്റുന്നത്‌ ഒന്നു ശാന്തമായി ചിന്തിച്ചു നോക്കുക.

കേരളത്തിലെ പള്ളികളുടെ ഒരു പ്രത്യേകതയാണ്‌ ശവക്കോട്ടകള്‍ പള്ളിയോടു ചേര്‍ത്തിരിക്കുന്നത്‌. അതിന്‌ അതിന്റേതായ കാരണങ്ങളുണ്ട്‌. ഒരു പള്ളിയില്‍ നിന്ന്‌ ഒരാള്‍ മറ്റൊരു വിശ്വാസത്തില്‍ പോയാല്‍ അയാള്‍ക്ക്‌ പിന്നെ ആ പള്ളിയിലും അതോടൊപ്പം ആ പള്ളിയുടെ ഭാഗമായ കുടുംബകല്ലറയിലുമുള്ള അവകാശം തീരുന്നു. വിശ്വാസങ്ങള്‍ മാറുകയും മറിയുകയും ചെയ്യും, പക്ഷേ അതൊന്നും അവന്‍റെ കുടുംബബന്ധങ്ങള്‍ തീര്‍ക്കുന്നില്ല. ആ അവകാശം നിഷേധിക്കുന്നത്‌ തികച്ചും മനുഷ്യാവകാശലംഘനം ആയേ അയാളുടെ മറ്റു ബന്ധുക്കള്‍ക്കു കാണാന്‍ കഴിയൂ. മരിച്ചു കഴിഞ്ഞാല്‍ സ്വന്തം പുരയിടത്തില്‍ അടക്കാന്‍ നമ്മുടെ ആചാര്യമര്യാദകള്‍ ഒന്നും സമ്മതിക്കുന്നുമില്ല. ഒരേയൊരു പ്രതിവിധി, ഇഷ്ടമില്ലെങ്കിലും, ആ വിശ്വാസത്തിന്‍റെ കാവല്‍ക്കാരനായി നില്‍ക്കുക. ഇവിടെയാണ്‌ നമ്മള്‍ ദേവാലയങ്ങളില്‍ ദൈവത്തെ മറക്കുന്ന രീതിയിലുള്ള പ്രവൃത്തികള്‍ കാണുന്നത്‌. പുരോഹിതരും മേല്‍പ്പട്ടക്കാരും സഭാവഴക്കിന്‌ തെരുവിലിറങ്ങുമ്പോള്‍ പാവം വിശ്വാസികള്‍ കൂടെ ചാടുന്നത്‌ അവരുടെ `വിശ്വാസം' കൊണ്ടല്ല, മറിച്ച്‌ ഈ കബറുകളും, അവര്‍ വിശുദ്ധരായി കാണുന്ന ചില മഹാപുരോഹിതരുടെയും ഒക്കെ കബറുകളുമാണ്‌. ഇതൊക്കെ ഒരു പൊതുശ്‌മശാനത്തിലാണ്‌ അടക്കിയിരുന്നതെങ്കില്‍ കൊടിപിടിക്കാനും തമ്മില്‍ തല്ലാനും സാധാരണ ജനത്തിനെ കിട്ടില്ലായിരുന്നു. അബ്രഹാം മുതല്‍ യേശു വരെ ആരെയും ഒരു ദേവാലയത്തിലും അടക്കിയിട്ടില്ല, പിന്നെയെന്തിന്‌ ദേവാലയത്തിന്റെ വിശുദ്ധ മദ്‌ബഹായില്‍ തന്നേ ഈ തിരുമേനിമാരെ അടക്കിയിരിക്കുന്നു? ചില പള്ളികളില്‍ അടക്കിയിരിക്കുന്ന പല പിതാക്കന്മാരെയും ആ പള്ളി ഭരിക്കുന്ന സഭക്കാര്‍ വിശ്വസിക്കുന്നില്ല. പലപ്പോഴും ഇത്തരം അവഗണനയും ദുരവസ്ഥയുമാണ്‌ പല വഴക്കുകളുടേയും തുടക്കം. ഇങ്ങനെയെങ്കില്‍ ഈ തിരുമേനിമാരുടെ കല്ലറയെങ്കിലും ആ പള്ളികളില്‍ നിന്നു മാറ്റി, രണ്ടു വിഭാഗക്കാര്‍ക്കും കയറാവുന്ന രീതിയിലുള്ള ഒരു പുതിയ സ്ഥാനത്തു സ്ഥാപിച്ചാല്‍, സാധാരണ ജനത്തിന്‌ അവരുടെ പിതാക്കന്മാരെ ബഹുമാനിക്കാനും പ്രാര്‍ഥിക്കുവാനുമൊക്കെ അവസരം കിട്ടും. മറ്റ്‌ സ്ഥാവരജംഗമ സ്വത്തുക്കളെല്ലാം ആര്‍ക്കെന്ന്‌ ഒരു സിവില്‍ കോടതി തീരുമാനിക്കട്ടെ. വെറും കുറച്ചാളുകളുടെ മാത്രം നിര്‍ബന്ധത്തിനു വഴങ്ങി ഭൂരിഭാഗം ആളുകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒരു പരിഹാരം ഉണ്ടാക്കാമായിരുന്നു. ആ പള്ളിക്കാരും വിശ്വ്വാസികളും മാത്രമായിട്ട്‌ നാം പല പിതാക്കന്മാരേയും വിശുദ്ധന്മാരേയും ഒക്കെ വേര്‍തിരിക്കുമ്പോള്‍, ദൈവത്തിന്റെ ഇഷ്ടമല്ല മറിച്ച്‌ നിങ്ങള്‍ പിശാചിന്റെ തന്ത്രങ്ങളിലാണ്‌ വീണിരിക്കുന്നത്‌ എന്നോര്‍ക്കുക.

ലോകം ഇന്നൊരു മാറ്റത്തിന്‍റെ പാതയിലാണ്‌. നമ്മള്‍ എന്തൊക്കെ കുഴിച്ചുമൂടാന്‍ ശ്രമിക്കുന്നുവോ, അതെല്ലാം പതിന്മടങ്ങു ശക്തിയില്‍ തിരിച്ചടിക്കും. ആകമാന കത്തോലിക്കാ സഭ ഇന്ന്‌ ഒരു ഉടച്ചുവാര്‍ക്കലിലാണ്‌. ഫ്രാന്‍സിസ്‌ പാപ്പ അതില്‍ വിജയിക്കുമെന്നു തന്നെയാണ്‌ എന്റെ പ്രതീക്ഷ. ഒരിക്കലും ആരും ഇത്തരം ഉടച്ചുവാര്‍ക്കലുകള്‍ പ്രതീക്ഷിച്ചിരുന്നില്ല. ആഗോള കത്തോലിക്കാ സഭയും ഭൂരിഭാഗം വിശ്വാസികളും വളരെ പ്രതീക്ഷയോടെയാണ്‌ ഈ മാറ്റങ്ങളെ സ്വീകരിക്കുന്നത്‌. അവര്‍ ഒരേ മനസ്സോടെ ഈ സംരംഭത്തില്‍ സഹകരിക്കുന്നതുപോലെ മറ്റ്‌ സഭാ നേതൃത്വങ്ങളും തങ്ങളിലെ കുറവുകളെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തണം. എങ്കില്‍ മാത്രമേ സത്യവിശ്വാസത്തിന്നു വേണ്ടി നിലകൊണ്ട നമ്മുടെ പൂര്‍വപിതാക്കന്മാരുടെ വിശ്വാസങ്ങളോടു നീതി പുലര്‍ത്താന്‍ സാധ്യമാകൂ. എന്തിനും ഏതിനും വഴക്കുമായി നടക്കുന്നവര്‍ അവരോടു തന്നെ നീതി പുലര്‍ത്താന്‍ കഴിയാത്തവരാണ്‌.

ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന ഹിന്ദുക്ഷേത്രങ്ങള്‍ പലതും ഗവണ്മെന്റ്‌ ഒരു പരിധിവരെ നിയന്തിക്കാറുണ്ട്‌, എന്നാല്‍ ക്രിസ്‌ത്യന്‍ പള്ളികളില്‍ എന്തു നടന്നാലും അതൊക്കെ വഴക്കിലും പിന്നെ ക്രമസമാധാനലംഘനത്തിലും അതുപോലെ പള്ളി പൂട്ടിക്കലിലും എത്തിച്ചേരും. കേരളം സാക്ഷരതയില്‍ കൈവരിച്ച നേട്ടങ്ങളില്‍ പലതിലും ക്രിസ്‌തീയ സമൂഹത്തിന്‍റെ കൈത്താങ്ങ്‌ ഉണ്ടായിരുന്നു. അതായത്‌ നമുക്ക്‌ വിദ്യാഭ്യാസരംഗത്ത്‌ മറ്റേതു വിഭാഗത്തേക്കാളും കൂടുതല്‍ സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു, ലഭിച്ചിരുന്നു. എന്നിട്ടും എന്തേ നമ്മള്‍ പള്ളി പൂട്ടിക്കുന്ന രീതിയിലേക്ക്‌ തരം താഴുന്നത്‌? നമുക്കു തന്നിരിക്കുന്ന മാനവും മഹത്വവും ഒക്കെ ശരിയായ ദിശയില്‍ ഉപയോഗിക്കാതിരിക്കുമ്പോള്‍ അതു നമ്മളില്‍ നിന്ന്‌ എടുത്തു മാറ്റപ്പെടുമെന്നുള്ളതില്‍ സംശയം വേണ്ട.

സഭകള്‍ തമ്മിലുള്ള വിദ്വേഷങ്ങള്‍ മാറാനും, കൂടുതല്‍ സ്‌നേഹത്തോടും സഹവര്‍ത്തിത്വത്തോടും കൂടി പ്രവര്‍ത്തിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാകാനും എല്ലാവര്‍ക്കും ജഗദീശ്വരന്‍ നല്ല ചിന്തകള്‍ നല്‍കട്ടേയെന്ന്‌ ആശംസിച്ചു കൊണ്ടു നിര്‍ത്തട്ടെ.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.