സാമ്പത്തിക ഭദ്രതയില്ലായ്‌മ കൊണ്ടും കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള വൈമനസ്യം കൊണ്ടും വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കലാരൂപമാണ് നാടക പ്രസ്ഥാനം. നിരവധി മഹാരഥന്‍മാര്‍ തങ്ങളുടെ സര്‍ഗശേഷി കൊണ്ടും അഭിനയ സപര്യ കൊണ്ടും നാടകം എന്ന കലാരൂപത്തിന് മലയാളത്തില്‍ മഹത്തായ ഒരു സ്‌ഥാനം നേടിക്കൊടുത്തിരുന്നു. എന്നാല്‍ നാടക പ്രസ്ഥാനം കൊണ്ട് കുടുംബത്തെ പുലര്‍ത്താന്‍ പറ്റുകയില്ല എന്ന തിരിച്ചറിവില്‍ വൈമനസ്യത്തോടെയാണെങ്കിലും ഈ രംഗം വിടേണ്ടി വന്ന കലാകാരന്മാര്‍ നമുക്കു ചുറ്റും ഉണ്ട്.
രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ക്കു കൈത്താങ്ങായും ആഘോഷരാവുകള്‍ക്കു മാറ്റു കൂട്ടുവാനും നന്മയുടെ ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുവാനും വേണ്ടി ഉപയോഗിച്ചിരുന്ന ഒരു ശക്തമായ മീഡിയ ആയിരുന്നു ഒരു കാലത്ത് നാടകം. പക്ഷേ മുന്‍പറഞ്ഞ കാരണങ്ങള്‍ കൊണ്ട് ഇവ നമ്മുടെ ഇടയില്‍ നിന്നും വിട്ടുപോയിക്കൊണ്ടിരിക്കുന്നു. അതിന്റെ വ്യക്തമായ തെളിവാണ് 500 ല്‍ പരം നാടകസമിതികള്‍ ഉണ്ടായിരുന്ന കേരളത്തില്‍ ഇന്ന് 150 ല്‍ താഴെ സമിതികളിലേക്കായി ചുരുങ്ങിയിരിക്കുന്നത്.
മലയാളികളുടെ 5 പതിറ്റാണ്ട് മുമ്പ് ആരംഭിച്ച അമേരിക്കന്‍ കുടിയേറ്റ ചരിത്രത്തില്‍ നാടകത്തിന് എപ്പോഴും ഒരു സ്ഥാനം ഉണ്ടായിരുന്നു. പ്രവാസജീവിതത്തിന്റെ തിരക്കിനിടയില്‍ ഒരു വിനോദോപാധിയായിട്ടെങ്കിലുംനാടകം അരങ്ങത്ത് അവതരിപ്പിച്ചിരുന്നു. അതിനിടയില്‍ ചിലപ്പോഴെങ്കിലും അവതരണ മികവു കൊണ്ടും അഭിനയശേഷി കൊണ്ടും അന്യനാട്ടിലും അന്യം നിന്നിട്ടില്ല എന്നു തെളിയിക്കുകയും ചെയ്‌തിട്ടുണ്ട്.
നവമിത്ര നാടക സമിതി
വടക്കേ അമേരിക്കയിലെ പ്രവാസികളുടെ സംഘടനാ രംഗത്തായാലും രാഷ്‌ട്രീയ സാമുദായിക സാമ്പത്തിക രംഗങ്ങളില്‍ ആയാലും എന്നും എന്നും തനതായ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നവരും കഴിവുതെളിച്ചവരുമാണ് സ്‌റ്റാറ്റന്‍ ഐലന്‍ഡ് മലയാളികള്‍. ഈ രംഗത്തെ നേട്ടങ്ങളില്‍ എല്ലാം തന്നെ സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളിയുടെ ഒരു കരസ്‌പര്‍ശം ഉണ്ടായിരിക്കും. ഇവിടെ നിന്നും പ്രതിഭാധനരായ ഒരു കൂട്ടം ചെറുപ്പക്കാര്‍ അവരോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തത്തിക്കാന്‍ സന്മനസുള്ള കുറച്ചു സ്‌ത്രീ രത്‌നങ്ങള്‍, അവര്‍ക്കു നേതൃത്വം നല്‍കുവാനായി സാമൂഹ്യപ്രവര്‍ത്തകന്‍ മികച്ച സംഘാടകന്‍ എന്നീ നിലകളില്‍ പേരെടുത്ത ഒരു മനുഷ്യസ്‌നേഹി, ഇത്രയും കൂടിച്ചേരുന്നതാണ് നവമിത്ര നാടക സമിതി.
മലയാള നാടക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ച പ്രശസ്‌ത നാടകാചാര്യന്‍ എഡ്ഡി മാഷിന്റെ ഇളയ മകന്‍ ഷാജി എഡ്വേര്‍ഡ്, (കൊച്ചിന്‍ ഷാജി) മനസില്‍ വിരിഞ്ഞ ആശയമാണ് ഈ സമിതി. നാടക രംഗത്തെ മികച്ച പാരമ്പര്യവുമായി പ്രവാസി മലയാളികളുടെ ഇടയിലേക്ക് നാടക പ്രസ്ഥാനവുമായി ഇറങ്ങി വന്ന കൊച്ചിന്‍ ഷാജിയും കൂട്ടരും പിതാവിന്റെ യശസിനു മാറ്റുകൂട്ടുക മാത്രമല്ല, വടക്കേ അമേരിക്കന്‍ മലയാളികള്‍ക്കും നാടക പ്രസ്ഥാനത്തിനു തന്നെയും ഒരു മുതല്‍ക്കൂട്ടാണെന്ന് തെളിയിക്കുകയും ചെയ്‌തു.
അഹം ബ്രഹ്മാസ്‌മി
നവമിത്രയുടെ ആദ്യ നാടകമായി അരങ്ങേറിയ അഹം ബ്രഹ്മാസ്‌മി എന്ന നാടകം മലയാളികള്‍ക്ക് മറക്കാനാവാത്ത ഒരു അനുഭവം ആയിരുന്നു. പല അഭിനേതാക്കളുടേയും ആദ്യ സ്റ്റേജായിരുന്നു എന്ന തോന്നല്‍ ഒരിക്കലും ഉണ്ടാകാത്ത വിധം അത്യന്തം ഉദ്യോഗജനകമായ ഒരു കഥാതന്തു കാണികള്‍ക്ക് ഒട്ടും തന്നെ അലോസരമുണ്ടാക്കാതെ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതു തന്നെയായിരുന്നു ഈ സമിതിയുടെ വിജയം. അഭിനേതാക്കളുടെ കുറവു കൊണ്ടാണെന്നു തോന്നുന്നു മിക്ക ആളുകള്‍ക്കും ഒന്നില്‍ കൂടുതല്‍ റോളുകള്‍ കൈകാര്യം ചെയ്യേണ്ടതായി വന്നിട്ടുണ്ട് എന്നിരുന്നാലും വേഷത്തിലും മേക്കപ്പിലും വ്യത്യസ്‌ത പുലര്‍ത്തിയതു കൊണ്ട് കാണികള്‍ക്ക് ആവര്‍ത്തന വിരസത അനുഭവപ്പെട്ടിട്ടില്ല എന്നു തന്നെ പറയാം.
പ്രഭു ( കൊച്ചിന്‍ ഷാജി ) എന്നു പറയുന്ന ധനാഡ്യന്റെ കൊട്ടാരമാണ് അരങ്ങില്‍ മുഴുവന്‍ സമയവും. കൊട്ടാരത്തില്‍ നടക്കുന്ന ഒരു ജന്മദിനാഘോഷമാണ് ആദ്യരംഗത്തിന്റെ പശ്ചാത്തലം. കൊച്ചിന്‍ ഷാജി എന്ന നടന്റെ വിവിധ ഭാവങ്ങളും അഭിനയ മികവു കൊണ്ടും പ്രഭു എന്ന നായക കഥാപാത്രം ജീവസുറ്റതായിത്തീര്‍ന്നു. പ്രഭുവിന്റെ കണക്കപ്പിള്ളയായി വരുന്ന സത്യകാമന്‍ ( ജോസ് അബ്രഹാം ) ആണ് അരങ്ങില്‍ വരുന്നത്. വ്യത്യസ്‌തമായ സെറ്റപ്പില്‍ ആരുന്ന സത്യകാമന്‍ കാണികളില്‍ ഒരു നല്ല കലാരൂപത്തിന്റെ പ്രതീക്ഷയുണര്‍ത്തുന്നു.
പ്രഭുവിന്റെ മിത്രമായ മാധവന്‍ ( അലക്‌സ് വലിയവീടന്‍ ) തന്റെ മിതത്വമാര്‍ന്ന പ്രകടനം കൊണ്ട് പ്രഭുവിന് മികച്ച തുണയായി നില്‍ക്കുന്നതും അലക്‌സിന്റെ വളരെ വ്യത്യസ്‌തമായ ഒരു പ്രകടനം അന്ത്യരംഗങ്ങളില്‍ രഘുറാം ഐപിഎസ് എന്ന പോലീസുകാരില്‍ കാണാന്‍ സാധിക്കുന്നു. മരിച്ചു പോയ സഹോദരിയുടെ ജന്മദിനാഘോഷത്തില്‍ ഡാന്‍സ് ചെയ്യാന്‍ വന്ന ഡാന്‍സറായി ഇസബെല്ല (മിനി സന്തോഷ് ) ഒരു മികച്ച തുടക്കത്തിന് കാരണമാകുന്നു. ആഘോഷങ്ങള്‍ക്ക് ഒടുവില്‍ തന്റേടിയും ധിക്കാരിയുമായ പ്രഭു ഇസബെല്ലയുടെ മാനേജരായി വന്ന വിക്ര ( ജോസ് വര്‍ഗീസിനെ ) കൊല്ലാന്‍ ശ്രമിക്കുന്നു. ഇതിനിടയില്‍ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡണ്ടായി വരുന്ന രമണന്‍ (സന്തോഷ് ഫിലിപ്പ് ) കാണികളില്‍ നര്‍മം വിതറുന്നു.
ആദ്യരംഗത്തിന്റെ അവസാനമാണ് പ്രഭു എന്ന നന്മ നിറഞ്ഞ മനുഷ്യന്‍ എങ്ങനെ തന്റേടിയും ധിക്കാരിയും ആയി മാറി എന്ന് പ്രേക്ഷകര്‍ക്കു മനസിലാകുന്നത്. രേണുക ( സില്‍വി ഷാജി) യുടെ വരവോടെയാണ് ഈ രംഗം അവസാനിക്കുന്നത്.
ഈ കഥയിലെ വഴിത്തിരിവാകുന്ന സംഭവം രേണുകയുടെ മാനം നഷ്‌ടപ്പെടുത്തുന്നു. പ്രഭുവിന് പിന്നീട് മാനസാന്തരം സംഭവിക്കുന്നു. രേണുകയുടെ വരവ് പല രംഗങ്ങളിലും ഒരു ക്ലൈമാക്‌സ് പ്രതീതി ജനിപ്പിക്കുന്നു. രേണുകയുടെ വരവ് പല രംഗങ്ങളിലും ക്ലൈമാക്‌സ് പ്രതീതി ജനിപ്പിക്കുന്നുണ്ട്. ചിലപ്പോഴെങ്കിലും കഥ തീര്‍ന്നു എന്ന തോന്നല്‍ കാണികളില്‍ ഉണ്ടാകുന്നു. അടുത്ത നാടകത്തില്‍ ശ്രദ്ധിച്ചാല്‍ മതിയാവും.
ആദ്യരംഗത്തിന്റെ അവസാനവും രണ്ടാം രംഗത്തിന്റെ തുടക്കവും വരെയുള്ള സമയ ദൈര്‍ഘ്യം ചുരുങ്ങിയതാണെങ്കില്‍ പോലും കാണികള്‍ അക്ഷമരാകുന്നതു കാണാമായിരുന്നു. അഭിനേതാക്കള്‍ ഒന്നില്‍ കൂടുതല്‍ കഥാപാത്രങ്ങല്‍ അവതരിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന വിഷമ വൃത്തമാണ് ഇത്. ഡാന്‍സ് രംഗത്തെ ദിവ്യയുടെയും ശ്രേയയുടെയും ചടുലമായ രംഗങ്ങള്‍ ആശ്വാസമായിരുന്നു.
രണ്ടാം രംഗം മുതലാണ് നാടകം അതിന്റെ ഉച്ഛസ്‌ഥായി ഭാവത്തിലേക്ക് മുന്നേറാന്‍ തുടങ്ങുന്നത്. ആദ്യരംഗത്ത് ഇസബെല്ലയായി വന്ന മിനിയുടെ പ്രകടനം ഒറ്റ രംഗത്ത് ഒതുങ്ങിപ്പോയി എന്നു ശങ്കിക്കുന്ന പ്രേക്ഷകര്‍ക്ക് പിന്നീട് പ്രഭുവിന്റെ വേലക്കാരിയായ റോസിയായി അഭിനയത്തിന്റെ വിവിധ മുഹൂര്‍ത്തങ്ങള്‍ തന്നെ സൃഷ്‌ടിക്കുന്നുണ്ട്. ജീവന്‍ എന്ന യഥാര്‍ത്ഥ വില്ലന്‍ കഥയില്‍ രംഗപ്രവേശനം ചെയ്യുന്നത് രണ്ടാം തവണ തൊട്ടാണ്.
പിന്നീട് കാണികള്‍ക്കു കാണുവാന്‍ കഴിയുന്നത് ഷാജി,ജോസ്,മിനി എന്നിവരുടെ മത്സരിച്ചുള്ള പ്രകടനങ്ങളായിരുന്നു. ആദ്യന്തം പ്രഭു എന്ന കഥാപാത്രമായി കൊച്ചിന്‍ ഷാജി നിറഞ്ഞു നില്‍ക്കുമ്പോള്‍ ഇസബെല്ല, റോസി എന്നീ കഥാപാത്രങ്ങല്‍ കൊണ്ട് മിനി അഭിനയത്തിന്റെ മര്‍മം അറിഞ്ഞ ഒരു മികച്ച അഭിനേത്രിയെപ്പോലെ കാണികളെ വിസ്‌മയിപ്പിക്കുന്നു.
സത്യകാമനായും ജീവനായും പിന്നീട് ജോസഫ് എന്ന കഥാപാത്രവുമായും വരുന്ന ജോസ് എബ്രഹാമിന്റെ വ്യത്യസ്‌ത ഭാവങ്ങള്‍ നമുക്കു കാണാനാവുന്നതാണ്. ഒരു നടന്‍ മൂന്നു വ്യത്യസ്‌ത ഭാവങ്ങളില്‍ ഒരേ നാടകത്തില്‍ വരുന്നത് വളരെ അപൂര്‍വ്വം ആണ്. പക്ഷേ ഈ മൂന്നു വേഷങ്ങളും ഒരിക്കലും തിരിച്ചറിയാനാവാത്ത വിധം അഭിനയ ശേഷി കൊണ്ടും ശരീര ചലനങ്ങള്‍ കൊണ്ടും വ്യത്യസ്‌തമായ അനുഭവമായിരുന്നു.
രണ്ടാം രംഗം മുതല്‍ കാണുന്നത് നല്ല മനുഷ്യനായി മാറിയ പ്രഭുവിനെ ചതിച്ചു സ്വത്തെല്ലാം അടിച്ചു മാറ്റാന്‍ വരുന്ന വില്ലനെയും സുഹൃത്തുക്കളെയും ആണ്. പ്രഭുവിന്റെ മകന്‍ എന്ന ഭാവത്തില്‍ വരുന്ന ശംഭു ( റോഷിന്‍ മാമന്‍) എന്ന കഥാപാത്രത്തിന്റെ പ്രകടനം കാണികളില്‍ പൊട്ടിച്ചിരിയുളവാക്കുന്നു. ഹാസ്യം വളരെ നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ റോഷിന് സാധിച്ചിട്ടുണ്ട്. ക്ലൈമാക്‌സും ആന്റി ക്ലൈമാക്‌സും നിറഞ്ഞ് മുന്നോട്ടു പോകുന്ന നാടകത്തില്‍ വില്ലന്‍ നായകനെ കബളിപ്പിച്ച് സ്വത്ത് കയ്യടക്കുന്നു. ഇതിനിടയില്‍ പ്രഭുവിന് 18 വര്‍ഷങ്ങള്‍ക്കു മുമ്പു പറ്റിയ അബദ്ധം ഉത്തര ( ആഷ്‌ലി സ്റ്റാന്‍ലി ) യുടെ രൂപത്തില്‍ വരുന്നു.
ചുരുങ്ങിയ രംഗങ്ങളില്‍ കാണികളെ കയ്യിലെടുക്കുകയാണ് ആഷ്‌ലി എന്ന നടി. സില്‍വിയുടെയും ആഷ്‌ലിയുടെയും വികാരതീവ്രമായ ചില ഒത്തു ചേരലുകള്‍ കാണികളെ കണ്ണു നനയിപ്പിക്കുന്നു. സില്‍വിയയുടെ മറ്റൊരു കഥാപാത്രമായ അന്നാ ജോസഫ് ചെറുതെങ്കിലും അത്യന്തം നിറഞ്ഞു നില്‍ക്കുന്നു.
കഥയുടെ ഒരു ഭാഗത്ത് വില്ലനായ ജീവന്‍ വിജയിക്കുന്നുണ്ടെങ്കിലും അന്തിമ വിജയം നായകനു തന്നെ. രഘുറാം ഐപിഎസ് ( അലക്‌സ്) ന്റെ ചങ്ങലയില്‍ കുടുങ്ങുവാനാണ് ജീവന്റെ വിധി. മാധവന്‍ എന്ന അച്ചടക്കമുള്ള കഥാപാത്രത്തില്‍ നിന്നും ഐപിഎസ് കാരനായപ്പോള്‍ അലക്‌സിന്റെ ശരീരഭാഷയിലും ആ വ്യത്യാസം നിറഞ്ഞു നിന്നു. ജോസ് വര്‍ഗീസും റോഷിന്‍ മാമനും അവസാന രംഗത്തിനു ശേഷം കോണ്‍സ്റ്റബിള്‍മാരായി വേഷം മാറുന്നു. കര്‍ട്ടന്‍ ഇടുന്നതിനു തൊട്ടു മുമ്പുള്ള മുഹൂര്‍ത്തം അഭിനേതാക്കള്‍ തൂവെള്ള വസ്‌ത്രമണിഞ്ഞ് നന്മയുടെ പ്രകാശം കാണികളിലേക്കും പകര്‍ത്തുന്നു. നിലക്കാത്ത കയ്യടി കേള്‍ക്കാമായിരുന്നു നാടകം തീരുമ്പോള്‍. ഒരു സമിതിയുടെ വിജയം ഇതാ ഇവിടെ എന്നു ആരും ചിന്തിക്കും.
കഥയുടെ മികവും അഭിനേതാക്കളുടെ പ്രകടനവും മാത്രമല്ല ഈ നാടകത്തെ മികച്ചതാക്കുന്നത്. അലക്‌സ് വലിയവീടന്‍ എന്ന മികച്ച കലാസംവിധായകന്റെ സ്റ്റേജ് ആണ് ഒരു ഘടകം. അലക്‌സിന്റെ മനസിലെ ഭാവന റോഷിന്റെ ഗ്രാഫിക്‌സ് വൈവിധ്യത്തിലൂടെ പുറത്തു വന്നതാണ് പ്രഭുവിന്റെ കൊട്ടാരം എന്ന രംഗപടം.
കുറ്റമറ്റ ഒരു സ്‌റ്റേജിന്റെ ഉത്തമ ഉദാഹരണം ആണിത്. കൃത്യതയാര്‍ന്ന നിയന്ത്രണവും വെളിച്ച സജ്ജീകരണവും മറ്റൊരു ഘടകമാണ്. ബിനോയ് തോമസ് എന്ന കലാകാരന്റെ കൈകളില്‍ ശബ്‌ദവും വെളിച്ചവും ഭദ്രമായിരുന്നു. ഒരു നല്ല കഥയും കഥാപാത്രങ്ങളും അഭിനേതാക്കളും നല്ല രീതിയില്‍ സമ്മേളിക്കണമെങ്കില്‍ ഒരു മികച്ച സംവിധായകന്റെ കരവിരുത് ആവശ്യമാണ്. അഹം ബ്രഹ്മാസ്‌മിയുടെ സംവിധായകന്‍ മനോഹര്‍ തോമസ് തീതീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.
നവമിത്ര നാടക സമിതി ജനങ്ങളുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നു. പക്ഷേ ഈ പ്രതീക്ഷകള്‍ തന്നെ അവരുടെ അന്തകരാവരുതെന്നു പ്രാര്‍ത്ഥിക്കുന്നു. കാരണം പ്രോത്സാഹനത്തേക്കാള്‍ ഉപരി വിമര്‍ശനം ശീലമാക്കിയിട്ടുള്ള മലയാളികളുടെ ജന്മസ്വഭാവം തന്നെ. അതു കൊണ്ടു തന്നെ വലിയൊരു ഉത്തരവാദിത്തം ആണ് നവമിത്രയുടെ ചുമലില്‍ ഇരിക്കുന്നത്. മലയാളികളുടെ പ്രതീക്ഷകള്‍ക്ക് ഒട്ടും മുറിവേല്‍ക്കാതെ മുന്നോട്ടു കൊണ്ടു പോവുക എന്ന ദുഷ്‌കരമായ ദൗത്യം. മുന്നോട്ട് ഉള്ള വഴികള്‍ തീര്‍ച്ചയായും സുഗമമായിരിക്കുകയില്ല. വിമര്‍ശകരുടെ വായടക്കുവാനും നല്ല നാടകങ്ങള്‍ അരങ്ങത്ത് എത്തിക്കുവാനും നവമിത്രക്കും കൊച്ചിന്‍ ഷാജിക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.
Comments