You are Here : Home / AMERICA TODAY

നേതാക്കളും നേതൃത്വവും - Tribal Leadership : ഒരവലോകനം

Text Size  

Story Dated: Sunday, February 02, 2014 01:57 hrs UTC

CHERIAN JACOB
 
 
ആരാണ്‌ ഒരു ലീഡര്‍
 

മനുഷ്യസമൂഹം ഉണ്ടായ കാലം മുതല്‍ ഉയര്‍ന്ന ചോദ്യമാണ്‌, `ആരാണ്‌ നേതാവ്‌ എന്നത്‌'. ഇതിനൊരു പുതിയ മാനം ചേര്‍ക്കുകയല്ല, ഈ ലേഖനത്തിന്റെ ഉദ്ദേശം. അമേരിക്കയിലെ സതേണ്‍ കാലിഫോര്‍ണിയാ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസ്സര്‍ ഡേവിഡ്‌ ലോഗനും കൂട്ടുകാരും ചേര്‍ന്നു പത്തു വര്‍ഷത്തോളം നടത്തിയ ഗവേഷണത്തിന്റെ ഫലമായ Tribal Leadership' എന്ന പുസ്‌തകത്തിന്റെ ഉള്ളടക്കം വിവരിക്കാനുള്ള ഒരു എളിയ ശ്രമം മാത്രമാണ്‌. എന്നെ വളരെയേറെ ആകര്‍ഷിച്ചിട്ടുള്ള ബുക്കുകളില്‍ ഒന്നാണിത്‌. ഇതിലെ അന്തഃസത്ത മനസ്സിലാക്കാന്‍ സാധിച്ചാല്‍ ചിലപ്പോള്‍ നിങ്ങളുടെ ജീവിതം തന്നെ മാറിയേക്കാം, കുറഞ്ഞത്‌ നമ്മളില്‍ ഓരോരുത്തരേയും ജീവിതം വേറൊരു രീതിയില്‍ കാണാനെങ്കിലും സാധിക്കും.

'Tribe' എന്നാല്‍ എന്താണ്‌

നമ്മളെല്ലാവരും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഒരു Tribe ന്റെ ഭാഗമാണ്‌. നിങ്ങള്‍ എതു വിഭാഗത്തില്‍ പെടുന്നു എന്നു നോക്കാന്‍ നിങ്ങളുടെ ഫോണ്‍ ഡയറി, അല്ലെങ്കില്‍ അഡ്രസ്‌ ബുക്ക്‌ നോക്കിയാല്‍ മതി. നിങ്ങള്‍ വിളിക്കുന്നവരും സംസാരിക്കുന്നവരും നിങ്ങളുടേതായ ഒരു പ്രത്യേക ഗണത്തില്‍ പെടുന്നവരാണ്‌. നിങ്ങളുടെ ഗണത്തിലല്ലാത്തവരുമായി വളരെ വിരളമായേ നിങ്ങള്‍ ഇടപെടാറുള്ളു. അതും ഒരു പ്രതേക സാഹചര്യത്തില്‍ മാത്രം. മലയാളി ആദ്യം മലയാളിയോടു സംസാരിക്കും. ഒരു മലയാളിസമൂഹത്തില്‍ ചെന്നാല്‍, നമ്മള്‍ നമ്മുടെ പ്രതേക Tribeനെ തിരയും. അവിടെയാണ്‌ ഉഴവൂര്‍ സംഗമവും, തിരുവല്ലാ സംഗമവും, കൊച്ചിന്‍ സംഗമവുമൊക്കെ വരുന്നത്‌. ഇതൊക്കെ നമ്മള്‍ എന്നും കാണുകയും കേള്‍ക്കുകയും ഇടപെടുകയും ചെയ്യുന്നതാണ്‌. പക്ഷെ എന്തുകൊണ്ടാണ്‌ ഇങ്ങനെ നമ്മള്‍ പെരുമാറുന്നതെന്ന്‌ ഒന്ന്‌ ഓര്‍ക്കാന്‍ വേണ്ടി പറഞ്ഞന്നെയുള്ളൂ.

Birds 'Flock', Fish 'School', and Humans 'Tribe'

ഒരു 'Tribe' എന്ന്‌ പറയുന്നത്‌ 20 മുതല്‍ 150 വരെ ഉള്ള ആളുകളുടെ കൂട്ടമാണ്‌. 150 എന്നുള്ള സംഖ്യ മാല്‍ക്കം ഡേവിഡ്‌ ന്റെ "Tipping Point' എന്ന ഗവേഷണ പുസ്‌തകത്തില്‍ നിന്ന്‌ എടുത്തിട്ടുള്ളതാണ്‌. പലപ്പോഴും നമുക്ക്‌ തോന്നാറുണ്ട്‌ എങ്ങനെയാണ്‌ ഒരേ സ്ഥലത്ത്‌, ഒരേ വിശ്വാസക്കാര്‍ക്ക്‌ പല പള്ളികള്‍ ഉണ്ടാകുന്നതെന്ന്‌. എങ്ങനെയോ നമ്മിലും അറിഞ്ഞോ അറിയാതെയോ ഈ 150 പിടിപെട്ടിട്ടുണ്ടെന്നാണ്‌ എനിക്ക്‌ തോന്നിയത്‌. സ്വാഭാവികമായും ഒരു ഗവേഷണ പ്രബന്ധം വിലയിരുത്തുമ്പോള്‍ അവരുടെ കണ്ടെത്തലുകളെ ഖണ്ഡിക്കാന്‍ ആരും ഒരു ശ്രമം നടത്തും. പക്ഷെ ഈ മലയാളം പള്ളികളെ ഒരു 'Tribe' ആയി കണ്ടപ്പോള്‍ എനിക്ക്‌ ഗവേഷകരോട്‌ യോജിക്കാതിരിക്കാന്‍ പറ്റില്ല.

എങ്ങനെയാണ്‌ ഈ Tribe ഉണ്ടാകുന്നതെന്ന്‌ നോക്കാം, അതിനു ശേഷം വിവിധ Tribe കളുടെ പ്രത്യേകതകളും.

1. ഒരേ Tribeല്‍ ഉള്ളവര്‍ ഒരു പ്രത്യേക കാര്യത്തില്‍ സമാന ചിന്താഗതിക്കാരായിരിക്കും.

2. ഒരേ ചിന്താഗതി ഉള്ളപ്പോള്‍ പോലും അവരുടെ ഇടയില്‍ അവരുടെ പെരുമാറ്റരീതി, അവര്‍ സംസാരിക്കുന്ന `ഭാഷ' പലപ്പോഴും ഈ Tribe ല്‍ തന്നെ അവരെ വിഭിന്ന ഗ്രൂപ്പുകാരാക്കുന്നു.

3. ഒരു പരിധി കഴിയുമ്പോള്‍ ഈ ഠൃശയല തന്നെ ഒരു പുതിയ ആശയത്തിലേക്ക്‌ പോവുകയും, ഒരു പുതിയ Tribe ഉണ്ടാകുകയും ചെയ്യും.

അമേരിക്കയിലെ യും യുറോപ്പിലെയും മറ്റ്‌ ഗള്‍ഫ്‌ രാജ്യങ്ങളിലെയും മലയാളി അസോസിയേഷനുകളും അവരുടെ പിളര്‍പ്പുകളും പുതിയ സംഘടനാരൂപീകരണങ്ങളും കാണുമ്പോള്‍ നിങ്ങള്‍ക്ക്‌ വേറെ ഉദാഹരണത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഈ Tribe കളെ ഒന്നു സൂക്ഷ്‌മമായി പരിശോധിച്ചാല്‍ അവരുടെ ഇടയിലെ `സംസ്‌കാരം' നമുക്കു മനസ്സിലാക്കാന്‍ പറ്റും. നല്ല സംസ്‌കാരം പുലര്‍ത്തുന്ന Tribeകള്‍ക്ക്‌ മാത്രമേ ലോകത്തിന്‌ പുതിയ എന്തെങ്കിലും സംഭാവന ചെയ്യാന്‍ സാദ്ധ്യമാകൂ. പലപ്പോഴും ഈ സംസ്‌കാരം എന്താണെന്നു മനസ്സിലാക്കാതെ എല്ലാവരേയും ഒരേ അഭിപ്രായത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതാണ്‌ പലപ്പോഴും പരാജയമായി വിലയിരുത്തപ്പെടുന്നത്‌.

Tribe കളുടെ അഞ്ച്‌ ഗണങ്ങള്‍

സ്‌റ്റേജ്‌ 1.

ഈ വിഭാഗത്തില്‍പ്പെടുന്ന ആളുകളുടെ പെരുമാറ്റരീതി വളരെ ശോചനീയമായിരിക്കും. ഒരുതരം തെരുവു ഗുണ്ടകളെപ്പോലെയായിരിക്കും ഈ വിഭാഗത്തില്‍ പെട്ട ആളുകള്‍ പെരുമാറുന്നത്‌. ജീവിതത്തിനു തന്നെ ഒരര്‍ത്ഥവുമില്ല എന്ന രീതിയിലുള്ള ഇത്തരം ആളുകള്‍ സമൂഹത്തിന്‌ ഒരു വലിയ തലവേദന തന്നെയാണ്‌. ഇതു വായിക്കുന്ന പലരും ഈ സ്‌റ്റേജില്‍ പോയിരിക്കാന്‍ സാദ്ധ്യതയില്ല, പക്ഷേ ഇന്നത്തെ വളരെ പ്രസിദ്ധമായ പല കമ്പനികളില്‍പോലും ഏകദേശം 2% ആളുകള്‍ ഇക്കൂട്ടത്തില്‍ വരുന്നതായാണ്‌ കാണുന്നത്‌. ശിലായുഗത്തിലും മറ്റും മനുഷ്യന്‍ ജീവിച്ചത്‌ ഈ സ്ഥിതിയിലായിരുന്നുവെന്നു പറയുന്നവരുമുണ്ട്‌. ജീവിതം മുഴുവനും ആളുകളുടെ ചൂഷണമാണ്‌ എന്ന രീതിയിലാണ്‌ ഇവരുടെ എല്ലാ നടപടികളും. അതിന്‌ തെളിവായി അവര്‍ക്ക്‌ പറയുവാനും ചൂണ്ടിക്കാണിക്കുവാനും പല ഉദാഹരണങ്ങളും ഉണ്ട്‌. അവര്‍ ഒരു ടീ ഷര്‍ട്ട്‌ ധരിച്ചു വന്നാല്‍ "LIFE SUCKS' എന്ന്‌ ആലേഖനം ചെയ്‌ത രീതിയിലായിരിക്കും അവരുടെ ജീവിതം. ഇത്‌ അവരെ സംബന്ധിച്ച്‌ ഒരു അഭിനയമല്ല, അവര്‍ അതില്‍ ജീവിക്കുകയാണ്‌. പക്ഷെ കണ്ടു നില്‍ക്കുന്നവര്‍ക്കു തോന്നും, എന്തേ ഇവര്‍ക്ക്‌ ബോധമില്ലേ? പറഞ്ഞാല്‍ മനസ്സിലാകില്ലേയെന്ന്‌. പക്ഷേ അവരെ സംബന്ധിച്ച്‌ ജീവിതം മുഴുവനും ചൂഷണവും വഞ്ചനയുമൊക്കെയാണ്‌. മിക്കപ്പോഴും ഇവര്‍ ചെറുപ്പകാലത്ത്‌ അഭിമുഖീകരിക്കേണ്ടിവന്നിട്ടുള്ള ജീവിത യാഥാര്‍ത്ഥ്യങ്ങളാണ്‌ അവരെ ഈ സംസ്‌കാരത്തില്‍ എത്തിക്കുന്നത്‌.

സ്‌റ്റേജ്‌ 2.

ഈ വിഭാഗത്തില്‍ പെടുന്നവര്‍ അത്ര ഉപദ്രവകാരികളല്ല, പക്ഷേ അവരെ വച്ച്‌ എന്തെങ്കിലും ക്രിയാത്മകമായ കാര്യങ്ങള്‍ നടത്തുക എന്നത്‌ വളരെ പ്രയാസമാണ്‌, ചില നിമിഷങ്ങളില്‍ ഇവര്‍ ഒന്നാമത്തെ സ്‌റ്റേജിലേക്ക്‌ പോകും, പക്ഷെ വളരെ താമസിയാതെ രണ്ടിലേക്ക്‌ വരും. ഇവരെ മനസ്സിലാക്കണമെങ്കില്‍ നമ്മുടെ ഏതെങ്കിലും ഗവണ്മെന്റ്‌ വകുപ്പില്‍ ഒന്നു പോയാല്‍ മതി. പ്രത്യേകിച്ച്‌ ഇന്ത്യയിലെ വില്ലേജ്‌ ആഫീസിലോ, പഞ്ചായത്തിലോ ഒന്നു പോയി ഒരു കാര്യം നടത്താന്‍ നോക്കുക. എങ്ങനെയാണ്‌ ആളുകള്‍ക്ക്‌ മരിച്ച പോലെ ജീവിക്കാനും ജോലി ചെയ്യാനും പറ്റുന്നത്‌ എന്ന്‌ തോന്നിപ്പോകും. പിന്നെ അമേരിക്കയില്‍ DMV ഓഫീസില്‍ എന്തെങ്കിലും കാര്യത്തിനു പോയാലും, ചെറിയ രീതിയിലുള്ള ഈ അനുഭവം കിട്ടും. അവര്‍ ചെയ്യുന്നതൊക്കെ ഒരു ഔദാര്യമായിട്ടാണ്‌ അവര്‍ കണക്കാക്കുന്നത്‌. സാധാരണക്കാരായ ആളുകള്‍ അവര്‍ക്കൊരു പ്രശ്‌നമേ അല്ല. ഇനി നിങ്ങളുടെ ജോലിസ്ഥലത്തോ പള്ളിയിലോ, നോണ്‍ പ്രോഫിറ്റ്‌ സ്ഥാപനങ്ങളിലുമോ, നിങ്ങള്‍ നല്ലൊരാശയം അവതരിപ്പിക്കുന്നു, അതു നിമിഷനേരം കൊണ്ട്‌ ഒന്നുമല്ലാതാക്കി നിങ്ങളെ അവഹേളിച്ചു വിടുന്നു എന്നു വയ്‌ക്കുക. നിങ്ങള്‍ ഇപ്പോള്‍ കണ്ട കൂട്ടര്‍ ഈ രണ്ടാമത്തെ ഗണത്തില്‍ പെടുന്നുവെന്നു സാരം. അവരെ സംബന്ധിച്ച്‌, ഈ ഐഡിയ ഒന്നും പ്രാവര്‍ത്തികമല്ല, `ഞാന്‍ ഇത്‌ എത്ര പ്രാവശ്യം ശ്രമിച്ചിരുന്നതാ'. അതിന്‌ ബലമേകാന്‍ അവര്‍ പഴയ ചരിത്രമോ, ഉദാഹരണങ്ങളോ ഒക്കെ കൊണ്ടുവരും. ചുരുക്കത്തില്‍ ജീവിതം തന്നെ കയ്‌പ്പു നിറഞ്ഞ ഒരവസ്ഥയിലാണ്‌ ഈ ഗണത്തിലുള്ള ആളുകളുടെ പെരുമാറ്റം.

പക്ഷെ അവര്‍ വിശ്വസിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ പോകുന്നതായി തോന്നിയാല്‍, അതോടൊപ്പം പോകാനും അവര്‍ മടിക്കില്ല. ഇവര്‍ ശരിക്കും എല്ലാവരേയും വെള്ളം കുടിപ്പിക്കുമെന്നുള്ളതില്‍ സംശയമില്ല. ചെറിയ കാര്യങ്ങളാല്‍ അവര്‍ വലിയ പ്രതീക്ഷകളെ തകര്‍ക്കും, കാരണം ജീവിതത്തിലെ തോല്‍വികള്‍ അവരെ പഠിപ്പിച്ചത്‌ അതാണ്‌. ചുരുക്കിപ്പറഞ്ഞാല്‍ `പട്ടി തിന്നുകയുമില്ല, പശുവിനെക്കൊണ്ട്‌ തീറ്റിക്കുകയുമില്ല` എന്ന അവസ്ഥ. അവരെ സംബന്ധിച്ച്‌ തോല്‍വിയെന്നത്‌ അവര്‍ക്കുള്ളതല്ല, ആരു തോറ്റാലും തങ്ങള്‍ ജയിക്കണം എന്ന രീതിയിലായിരിക്കും അവരുടെ എല്ലാ ഇടപാടുകളും. പോരാത്തതിന്‌ ഒരുത്തരെയും വിശ്വസിക്കുകയുമില്ല. അതുപോലെ, പല അറിവുകളും തങ്ങള്‍ക്ക്‌ ഗുണമില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക്‌ പകര്‍ന്നു കൊടുക്കുകയുമില്ല. അമേരിക്കയിലെ പ്രൊഫഷനല്‍ ആളുകളില്‍ 23% പേര്‍ ഇത്തരത്തിലുള്ളവരാണെന്നാണു കാണുന്നത്‌.

എന്താ, ഇത്തരം കൂട്ടുകാര്‍ നിങ്ങള്‍ക്കുണ്ടോ? ഇവരോടു പറയുന്നതിലും ഭേദം കടലില്‍ ചാടുന്നതാണ്‌. ഏതു സാഹചര്യം കിട്ടിയാലും ഒരു `പണി' കൊടുക്കാന്‍ ഇക്കൂട്ടര്‍ മടിക്കില്ല. ഓഫീസ്‌ ജീവിതത്തില്‍ ദിവസവും ബോസ്സിനെ കുറ്റം പറയുന്നവരും, തങ്ങള്‍ക്കു നീതി ലഭിച്ചില്ല എന്ന്‌ കൂകിക്കരയുന്നവരും. സ്വന്തം കാര്യങ്ങള്‍ക്കു വേണ്ടി നല്ലപിള്ള ചമയുന്നവരും ഇക്കൂട്ടത്തില്‍ പെടും. അവരുടെ കൂട്ടുകാരെ ഇവര്‍ സഹായിക്കുന്നത്‌ അവനെ ഉന്നതിയിലേക്ക്‌ നയിക്കാനൊന്നുമല്ല, പകരം തങ്ങളുടെ കൂടെ അതേ അവസ്ഥയിലോ അതില്‍ താഴെയോ അവരെ തളച്ചിടാന്‍ മാത്രമാണ്‌. നമ്മുടെ പള്ളികളിലും മറ്റും കാണും ഇത്തരം ആളുകള്‍. അവര്‍ക്ക്‌ സഭയും ഇടയന്മാരും ഒക്കെ `അധികാരികളാണ്‌' ഏതു പൊതുയോഗവും ഇവര്‍ കലക്കി മറിക്കും. അവരുടെ ശല്യം ഒഴിവാക്കാന്‍ മറ്റുള്ളവരും ചില കാര്യങ്ങളില്‍ കണ്ണടക്കും. അല്ലെങ്കില്‍ മാനവും മഹത്വവുമൊക്കെ ഇക്കൂട്ടര്‍ ഒരു ദിവസം കൊണ്ട്‌ ഇല്ലാതാക്കും.

സ്‌റ്റേജ്‌ 3. "I am Great !, You are Not!'

ഈ ഗണത്തിലുള്ളവരെ പ്രത്യേകിച്ച്‌ തിരിച്ചറിയാതിരിക്കാന്‍ ഒരു വഴിയുമില്ല. 50% പ്രൊഫഷനല്‍ ആളുകളും ഈ ഗണത്തില്‍ വരുന്നതായാണ്‌ കാണുന്നത്‌. ഡോക്ടര്‍മാര്‍, കോളേജ്‌ പ്രൊഫസ്സര്‍മാര്‍, വക്കീലന്മാര്‍, IT പ്രോജക്‌റ്റ്‌ മാനേജര്‍മാര്‍, ആര്‍ക്കിറ്റെക്‌റ്റുകള്‍, എഴുത്തുകാര്‍ തുടങ്ങി മിക്കവരും ഈ ഗണത്തിലാണു കാണുക. എല്ലാ രാജ്യവും ശക്തിയും മഹത്വവും അവരില്‍ കൂടിയായിരിക്കണം. അവര്‍ കൂടുതലും 'ഞാന്‍' എന്നു അഭിസംബോധന ചെയ്‌താണ്‌ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക.

ഇക്കൂട്ടര്‍ തീര്‍ച്ചയായും പല കാര്യങ്ങളും നേടും, പക്ഷെ എല്ലാ നേട്ടവും 'ഞാന്‍' എന്ന കേന്ദ്രബിന്ദുവില്‍ തങ്ങി നില്‍ക്കും. ഇവര്‍ ഏതവസരം വന്നാലും അവരുടെ പേരു വരാന്‍ എന്തും ചെയ്യും. പക്ഷെ അവര്‍ക്ക്‌ ദോഷം വരികയാണെന്ന്‌ കണ്ടാല്‍ മലക്കം മറിയാനും മടിക്കില്ല. കൂടെ നില്‍ക്കുന്നവര്‍ക്ക്‌ ഇതെല്ലാം പകല്‍ പോലെ മനസ്സിലാകുന്നുണ്ടെന്ന്‌ അറിഞ്ഞാലും അവര്‍ അത്‌ അറിഞ്ഞതായി പോലും നടിക്കില്ല. ചുരുക്കത്തില്‍ സ്വന്തനിലയില്‍ ഈ ഗണത്തില്‍ പെടുന്നവര്‍ക്ക്‌ പലതും ചെയ്യാന്‍ സാധിക്കും. പക്ഷെ ഒരു കൂട്ടം ആളുകളെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ ഇത്തരക്കാരെ വിശ്വസിക്കുവാന്‍ പ്രയാസമാണ്‌. ഇവര്‍ തിരഞ്ഞെടുക്കുന്ന ആളുകള്‍ ഇവരെക്കാളും കുറഞ്ഞ വിദ്യാഭ്യാസമുള്ള ആളുകളായിരിക്കും. ആരെങ്കിലും അവരെ ചോദ്യം ചെയ്‌താല്‍ അവന്റെ കാര്യം പിന്നെ കഷ്ടം തന്നെ! അറിവ്‌ എന്നത്‌ ഈ ഗണത്തില്‍ പെടുന്നവര്‍ക്ക്‌ അവരുടെ മാത്രം നിലനില്‍പ്പിനാണ്‌. ചില സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരും ഈ ഗണത്തില്‍ പെടും. കഴിയുമെങ്കില്‍ എല്ലാ കാര്യവും പറഞ്ഞുകൊടുക്കില്ല, അല്ലെങ്കില്‍ തെറ്റായി പറഞ്ഞു കൊടുത്തിട്ട്‌, സമയം വരുമ്പോള്‍ 'പണി കൊടുത്തിരിക്കും'.

പലരും ഈ ഗണത്തില്‍ വന്നാല്‍ സ്വയം ഉന്നതി പ്രാപിക്കാന്‍ കുറേ കഷ്ടപ്പെടും. രണ്ടും മൂന്നും ജോലിയും, പിന്നെ ഏറ്റവും വില കൂടിയ കാറും വീടും ഒക്കെ വാങ്ങി അതൊരു ഗമയായി മറ്റുള്ളവരുടെ മുന്നില്‍ പറയുന്നവര്‍. അതുപോലെ എന്നും തന്റെ കീഴ്‌ജോലിക്കാരനെ കുറ്റം പറയുന്നവര്‍, രാത്രിയും പകലും ഇരുന്ന്‌ മറ്റുള്ളവരുടെ കൂടെ 'പണി തീര്‍ക്കുന്നവന്‍', ഇവരെല്ലാം ഈ ഗണത്തില്‍ പെടും. കീഴ്‌ജോലിക്കാരന്റെ പ്രയത്‌നവും ഒന്നും മുകളിലേയ്‌ക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്യില്ല. പകരം അതും തന്റെ പ്രയത്‌നമായി റിപ്പോര്‍ട്ട്‌ ചെയ്യും. ഇക്കൂട്ടര്‍ ദിവസവും വളരെ വൈകിയേ ഓഫീസില്‍ നിന്ന്‌ ഇറങ്ങുകയുള്ളു. പകല്‍ മുഴുവന്‍ സൊറ പറഞ്ഞിരിക്കും, വൈകുന്നേരമാകുമ്പോള്‍ ഇക്കൂട്ടര്‍ പതുക്കെ പണി തുടങ്ങും. നേരത്തേ വന്ന്‌ പണി തീര്‍ത്തിട്ട്‌ പോകുന്നവന്‌ 'ഒരു പണിയും' കൊടുക്കും. ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ സമൂഹത്തിന്റെ ഒരു വലിയ കാന്‍സര്‍ തന്നെയാണ്‌ ഇക്കൂട്ടര്‍. പ്രൊമോഷനും ശമ്പളക്കയറ്റത്തിനുമൊക്കെ ഇവര്‍ക്ക്‌ ആദ്യം വീതം കൊടുത്തില്ലെങ്കില്‍ ഇവര്‍ ഏതറ്റം വരെയും വഴക്കുമായി പോകും.

സ്‌റ്റേജ്‌ 4. ` We are Great! (unsaid part - 'They are not Great')'

നാലാമത്തെ ഗണത്തില്‍ വന്നെത്താന്‍ പറ്റിയാല്‍, അവര്‍ കൂടെ നില്‍ക്കുന്നവരെ കരുതാനും അവരുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കാനുമൊക്കെ ആളുകള്‍ തയ്യാറാകും. ഇവിടെ തങ്ങളുടെ കൂടെയുള്ളവരെ തങ്ങളോടൊപ്പം കൊണ്ടുവരാന്‍ മറ്റുള്ളവര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നതു കാണാം. അതായത്‌ തന്റെ സ്വന്തം ആവശ്യങ്ങള്‍ക്ക്‌ കൊടുക്കുന്നത്രയോ അതില്‍ കൂടുതലോ തങ്ങളുടെ ഗണത്തിന്റെ ഉന്നമനത്തിനു വേണ്ടി ഇവര്‍ ചിലവാക്കും. കൂട്ടായ കളികളിലും ഒക്കെ കണ്ടുവരുന്ന പ്രത്യേകത ആണത്‌. പലരും നാലാമത്തെ ഗണത്തില്‍ ചില കാര്യങ്ങള്‍ ചെയ്യുമ്പോളും പല അവസരത്തിലും മൂന്നാം ശ്രേണിയിലേക്ക്‌ പോകാറുണ്ട്‌. ഒരു ആശുപത്രിയില്‍ നേഴ്‌സുമാരെല്ലാം ഒരു ഗ്രൂപ്പാകാം, അവര്‍ അങ്ങോട്ടും ഇങ്ങോട്ടും വിട്ടുവീഴ്‌ചകള്‍ ചെയ്യും. എന്നാല്‍ ലാബ്‌ ടെക്‌നീഷ്യന്മാരെ അവരുടെ ഗണത്തില്‍ അവര്‍ കൂട്ടില്ല. അതുപോലെ ഡോക്ടര്‍മാര്‍ ഒരു ഗ്രൂപ്പാകാം പക്ഷെ അവര്‍ക്ക്‌ പൊതുവായി നേഴ്‌സ്‌മാരെപ്പറ്റി അത്ര നല്ല അഭിപ്രായമല്ലായിരിക്കാം. ചിലപ്പോള്‍ ഒരു വകുപ്പ്‌ മൊത്തം ഒരു ഗ്രൂപ്പായി നില്‍ക്കും; ഉദാഹരണം `പ്രോജക്‌റ്റ്‌ മാനേജര്‍മാര്‍'. പക്ഷേ ധനകാര്യവകുപ്പിനെ അവര്‍ക്ക്‌ വെറുപ്പാണ്‌. കാരണം അവര്‍ എല്ലാത്തിനും കണക്ക്‌ ചോദിക്കും. ഒരു പ്രൊഫഷണല്‍ സ്ഥാപനത്തില്‍ ഈ നിലയിലെങ്കിലും എത്താന്‍ സാധിച്ചാല്‍, ജോലി ചെയ്യുന്ന ഗ്രൂപ്പിലെങ്കിലും അവര്‍ സന്തോഷമുള്ളവരായിരിക്കും. ഒരു സ്ഥാപനത്തില്‍ കൂടുതല്‍ ആളുകള്‍ ഈ ശ്രേണിയിലേക്ക്‌ വരുമ്പോള്‍ അഭിപ്രായവ്യത്യാസങ്ങള്‍ കുറ്റംപറച്ചിലില്‍ നിന്നും ഉയര്‍ന്ന്‌ വളരെ ക്രിയാത്മകമായ അവസ്ഥയിലായിരിക്കും. പല നല്ല ആശയങ്ങളും ഇവരില്‍ ഉണ്ടാകുകയും അതുവഴി കാര്യശേഷിയും ഉല്‍പ്പാദനക്ഷമതയും വര്‍ദ്ധിക്കുകയും ചെയ്യും.

സ്‌റ്റേജ്‌ 5. `Life is Great'

ഏകദേശം 10 വര്‍ഷത്തെ ഗവേഷണത്തിലും മേല്‍പ്പറഞ്ഞ നാല്‌ ശ്രേണീസംസ്‌കാരം മാത്രമാണ്‌ ഗവേഷകര്‍ക്ക്‌ കണ്ടെത്താന്‍ സാധിച്ചത്‌. അതിനാല്‍ നാലാമത്തെ ശ്രേണിയെ അവരും ഹിമാലയം പോലെ പര്‍വതീകരിച്ചു. അപ്പോളാണ്‌ അവര്‍ അമേരിക്കയിലെ തന്നെ ഔഷധനിര്‍മ്മാണ സ്ഥാപനമായ ആംജെന്‍ എന്ന കമ്പനിയില്‍ എത്തിയത്‌. സാധാരണ എല്ലാ ഗവേഷകരേയും പോലെ കുറച്ചു ചോദ്യങ്ങള്‍ ചോദിച്ചു പക്ഷേ അവര്‍ക്കു ലഭിച്ച ഉത്തരങ്ങള്‍ വളരെ വ്യത്യസ്‌തമായിരുന്നു.

ഉദാഹരണം: `ആരാണ്‌ നിങ്ങളുടെ ബിസിനസിലെ ഏറ്റവും വലിയ എതിരാളി?' സ്വാഭാവികമായും, അവര്‍ ഉത്തരം പ്രതീക്ഷിക്കുക അവരുടെ അതേ ബിസിനസിലുള്ള എതിരാളികളെയായിരിക്കാം. പക്ഷേ അവര്‍ക്കു കിട്ടിയ ഉത്തരം വളരെ വിചിത്രമായിരുന്നു.

`എതിരാളികളോ? ഹും... ആ.. ഞങ്ങളുടെ വലിയ എതിരാളി കാന്‍സര്‍ രോഗമാണ്‌...

`കാന്‍സര്‍?'

അതേ. ലോകത്തുനിന്നു കാന്‍സര്‍ എങ്ങനെ തുടച്ചുനീക്കാം അല്ലെങ്കില്‍ അതിനെ പൂര്‍ണമായി മനുഷ്യശരീരത്തില്‍ നിന്നു മാറ്റാനുള്ള പരിശ്രമത്തിലാണു ഞങ്ങള്‍.

`ഹും... ഇത്‌ കൊള്ളാമല്ലോ'. ചിലപ്പോള്‍ അവര്‍ക്ക്‌ തെറ്റുപറ്റിയതാകാം പിന്നൊരിക്കല്‍ വേറൊരാളോട്‌ ചോദിച്ചു

`നിങ്ങളുടെ ഏറ്റവും വലിയ നേട്ടമെന്താണ്‌ ?

ഉത്തരം വന്നതോ, `ഞങ്ങള്‍ക്ക്‌ ശിശുമരണം കുറയ്‌ക്കാന്‍ പറ്റുന്ന ചില ഗവേഷണങ്ങള്‍ നടത്താന്‍ സാധിച്ചു` എന്നായിരുന്നു.

ഇവിടെ ആ സ്ഥാപനം അവരുടെ പ്രതിയോഗിയായി കാന്‍സറിനെ കാണുന്നതും, വേറൊരു സ്ഥാപനത്തെ കാണുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്‌. ഇത്‌ ലോകത്തിന്‌ ഒരു പുതിയ സംഭാവന നല്‍കാന്‍ ജീവിതം ഉഴിഞ്ഞുവച്ച ഒരു കൂട്ടം ആളുകളില്‍ മാത്രമേ സാദ്ധ്യമാകൂ. ഇതെല്ലാം അവര്‍ ഉപയോഗിക്കുന്ന ഭാഷയില്‍ നിന്നും ഒരുവിധം കണ്ടുപിടിക്കാം. ലോകത്ത്‌ വളരെ കുറഞ്ഞ, വെറും 2% മാത്രം, ആളുകളേ ഈ ഗണത്തില്‍ പെടുന്നുള്ളു. അതിനാലാണ്‌ ഇന്നും വലിയ നൂതന കണ്ടുപിടുത്തങ്ങള്‍ വളരെ കുറച്ച്‌ സ്ഥാപനങ്ങളില്‍ നിന്നു മാത്രം വരുന്നത്‌. അമേരിക്കയിലെ `ആപ്പിള്‍' ഇതിന്ന്‌ ഒരുദാഹരണമാണ്‌.

ഒരിക്കല്‍ zappos.com എന്ന സ്ഥാപനത്തിലെ കസ്റ്റമര്‍ സര്‍വീസിലേയ്‌ക്ക്‌ ഒരു സ്‌ത്രീ വിളിച്ചു. അവരുടെ ഭര്‍ത്താവ്‌ വാങ്ങിയിരുന്ന ഒരു സെറ്റ്‌ ഷൂ തിരിച്ചുകൊടുക്കാനായിരുന്നു അവര്‍ വിളിച്ചത്‌. (zappos.com അവരില്‍ നിന്ന്‌ വാങ്ങുന്ന ഷൂ ഇഷ്ടമില്ലെങ്കില്‍ 12 മാസത്തിനകം തിരിച്ചെടുക്കും എന്നു പ്രഖ്യാപിച്ചിരുന്നു.) എന്തിനാണ്‌ തിരിച്ച്‌ കൊടുക്കുന്നതെന്ന്‌ ഫോണെടുത്ത സ്‌ത്രീ ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു, അവരുടെ ഭര്‍ത്താവ്‌ അഫ്‌ഗാനിസ്ഥാനില്‍ യുദ്ധത്തില്‍ മരിച്ചുപോയി എന്ന്‌. ഇതു കേട്ട കസ്റ്റമര്‍സര്‍വീസിലെ സ്‌ത്രീ, ഷൂ തിരികെ അയയ്‌ക്കാനുള്ള പെട്ടിയും അതോടൊപ്പം ഒരു പിടി റോസാപ്പൂക്കളും പിന്നെ ഒരു കുറിപ്പും അവളുടെ സ്വന്തം ചിലവില്‍ അവര്‍ക്ക്‌ അയച്ചു കൊടുത്തു. ആ ഉപഭോക്താവിന്‌ ആ സ്ഥാപനത്തോടും അതിലെ ജോലിക്കാരോടും ഉണ്ടായ മതിപ്പ്‌ നമുക്ക്‌ ചിന്തിക്കാവുന്നതേയുള്ളൂ. ഒരു നല്ല ലീഡറിന്റെ കൂടെ ജോലി ചെയ്യുവാന്‍, ചിലപ്പോള്‍ ആളുകള്‍ കുറഞ്ഞ ശമ്പളവും കുറഞ്ഞ സൌകര്യങ്ങളും പോലും തിരഞ്ഞെടുത്തെന്നിരിക്കും.

ഞാനൊരിക്കല്‍ അമേരിക്കയിലെ വളരെ അറിയപ്പെടുന്ന ഒരു ബാങ്കിന്റെ വളരെ ഉയര്‍ന്ന ഒരു ഉദ്യോഗസ്ഥനോട്‌ ഈ ആശയങ്ങള്‍ പങ്കുവച്ചപ്പോള്‍ അദ്ദേഹം പറയുകയായിരുന്നു, എല്ലാവര്‍ക്കും സ്ഥാനക്കയറ്റം വേണം, വൈസ്‌ പ്രസിഡന്റിന്‌ ഡയറക്ടര്‍ ആകണം, പക്ഷേ പലരും ഒരു ഡയറക്ടര്‍ക്ക്‌ അനുയോജ്യമായ രീതിയില്‍ പെരുമാറുകയോ ചിന്തിക്കുകയോ ചെയ്യുന്നില്ല; പിന്നെങ്ങനെയാണ്‌ അവരെ ആ സ്ഥാനത്തേക്ക്‌ നിര്‍ദ്ദേശിക്കുക? പലരും ജോലിക്കയറ്റത്തിനു പറയുന്ന കാര്യങ്ങള്‍ കേട്ടാല്‍ വിചിത്രമാണ്‌.

`എന്റെ കൂടെ വന്നവര്‍ക്കൊക്കെ സ്ഥാനക്കയറ്റം കിട്ടി, എനിക്കു മാത്രം തരുന്നില്ല.'

`ഒരു സ്ഥാനക്കയറ്റം കിട്ടിയില്ലെങ്കില്‍, വലിയ മോശമാണ്‌, ഇപ്രാവശ്യം തന്നേ പറ്റൂ.'

എന്നാല്‍ അടുത്ത സ്ഥാനത്തിനു ചേര്‍ന്ന ഭാഷയില്‍ സംസാരിക്കുകയും, ആ ജോലിയുടെ ഉത്തരവാദിത്വത്തില്‍ നിന്നു പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍, സ്വാഭാവികമായും ഏതൊരു മേലുദ്യോഗസ്ഥനും അവരെ പ്രൊമോട്ട്‌ ചെയ്യുമെന്നുള്ളതു മനസ്സിലാക്കാന്‍ ആളുകള്‍ മറന്നു പോവുകയാണെന്നു പറയാതിരിക്കാന്‍ പറ്റില്ല.

ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ കൂട്ടുകെട്ടും സംസ്‌കാരവുമാണ്‌ നമ്മളെ ഇന്നത്തെ സ്ഥിതിയില്‍ ആക്കിയിരിക്കുന്നത്‌. ഇതു മാറ്റുക അത്ര എളുപ്പമല്ല. പക്ഷെ നാമും, നാമിടപെടുന്നവരും ഏതു ഗണത്തില്‍ പെടുന്നു എന്നറിഞ്ഞാല്‍, അടുത്തപടി എന്താണ്‌ ചെയ്യേണ്ടതെന്നു നമുക്കു തീരുമാനിക്കാനാകും. ഒന്നു മനസ്സിലാക്കുക: നിങ്ങള്‍ക്ക്‌ നിങ്ങളെ മനസ്സിലാകുന്നതു പോലെ മറ്റുള്ളവര്‍ക്കും നിങ്ങളെ വ്യക്തമായി മനസ്സിലാകുന്നുണ്ട്‌. ഇത്‌ നിങ്ങള്‍ എത്രയൊക്കെ മൂടി വയ്‌ക്കാന്‍ ശ്രമിച്ചാലും അത്‌ ആളുകള്‍ക്ക്‌ മനസ്സിലാകും. പിന്നെ എന്തിന്‌ നാം ഈ മൂടുപടത്തില്‍ ജീവിക്കണം? ഇനി വേറൊരാളെ കാണുമ്പോള്‍ അവര്‍ എതു ഗണത്തില്‍ പെടുന്നുവെന്നും, അയാളുമായി എങ്ങനെ ഇടപെടണമെന്നും നിങ്ങള്‍ക്ക്‌ വളരെ വേഗത്തില്‍ മനസ്സിലാകും.

സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും ഈ പുസ്‌തകം വായിക്കണമെന്ന്‌ തന്നെയാണ്‌ എന്റെ അഭിപ്രായം. ലോകത്ത്‌ ഉന്നത നിലവാരമുള്ള സംസ്‌കാരം പുലര്‍ത്തുന്ന ആളുകളും സ്ഥാപനങ്ങളും ഉണ്ടായെങ്കില്‍ മാത്രമേ, ലോകത്ത്‌ ശാന്തിയും സമാധാനവും ഐശ്വര്യവും ഉണ്ടാകൂ. ഈ പുസ്‌തകത്തിന്റെ ശബ്ദ രൂപം അമേരിക്കയിലുള്ളവര്‍ക്ക്‌ സൗജന്യമായി ലഭിക്കുന്നതാണ്‌. zappos.com എന്ന കമ്പനിയുടെ സീ. ഈ.ഓ ഈ പുസ്‌തകം വായിച്ചപ്പോള്‍ ആ കന്‌പനിയുടെ സംസ്‌കാരം വളരെ ഉയര്‍ന്ന ശ്രേണിയില്‍ ഉള്ളതാണെന്ന്‌ മനസ്സിലാക്കി, ഇതേ ഗവേഷകരെ വിളിച്ചുവരുത്തി ഒരു പഠനം നടത്തി. അതിനു ശേഷം ഈ ബുക്കിന്റെ ഓഡിയോ പതിപ്പ്‌ ലോകത്ത്‌ ഉന്നത നിലവാരം പുലര്‍ത്തുന്ന കന്‌പനികളെയും പുതിയ ലീഡര്‍മാരെയും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അവരുടെ ചിലവില്‍ അവര്‍ കൊടുക്കുവാന്‍ തീരുമാനിച്ചു. താഴെക്കാണുന്ന ലിങ്കില്‍ നിന്ന്‌ നിങ്ങള്‍ക്കും ഈ ബുക്കിന്റെ ഓഡിയോ ഡൌണ്‍ലോഡ്‌ ചെയ്യാവുന്നതാണ്‌.

http://about.zappos.comt/ribal

ഒരു പുസ്‌തകത്തിന്റെ മുഴുവന്‍ ഉള്ളടക്കവും ഈ ചെറിയ ലേഖനത്തില്‍ വിവരിക്കുക അസാദ്ധ്യമാണ്‌, പുസ്‌തകം വായിച്ചാല്‍ മാത്രമേ അത്‌ പ്രയോജനപ്പെടുകയുള്ളൂ. വളരെ സരസമായി നല്ല ശൈലിയില്‍ ഇത്രയും വലിയ ഒരു വിഷയം അവതരിപ്പിക്കാന്‍ ഗ്രന്ഥകര്‍ത്താക്കള്‍ വളരെ ശ്രദ്ധിച്ചിട്ടുണ്ട്‌. ഈ പുസ്‌തകം തീര്‍ച്ചയായും നിങ്ങളുടെ വ്യക്തിജീവിതത്തെയും സാമൂഹിക കാഴ്‌ചപ്പാടിനെയും മാറ്റം വരുത്തിയേക്കാം.

ഒരു പുതിയ സംസ്‌കാരവും കാഴ്‌ചപ്പാടും വിദ്വേഷവും കുറ്റം പറച്ചിലും ഇല്ലാത്ത ഒരു ജീവിതരീതിയും കെട്ടിപ്പടുക്കേണ്ടത്‌ ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. നിങ്ങളുടെ അനുഭവങ്ങളും ചിന്തകളും പങ്കു വയ്‌ക്കുക, നല്ലൊരു നാളെയുടെ ഉണര്‍വിനായി നമുക്കേവര്‍ക്കും നമ്മളാലാവുന്ന സഹായം ചെയ്യാം.

സ്‌നേഹപൂര്‍വ്വം

ചെറിയാന്‍ ജേക്കബ്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.