You are Here : Home / AMERICA TODAY

സ്വവര്‍ഗ്ഗവിവാഹവും വിവാഹമോചനവും മയക്കുമരുന്നും അരങ്ങു തകര്‍ക്കുമ്പോള്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, February 05, 2014 01:24 hrs UTC

 

സ്ഥലത്തെ പ്രധാനപ്പെട്ട ഒരു കലാസാംസ്‌കാരിക സംഘടനയുടെ  പൊതുയോഗത്തില്‍ പങ്കെടുക്കുവാനാണ് എല്ലാവരും എത്തി ചേര്‍ന്നത്. ഔദ്യോഗിക പരിപാടികള്‍ സമാപിച്ചപ്പോള്‍ ഭൂരിപക്ഷവും സ്ഥലം വിട്ടു. ചില സുഹൃത്തുക്കള്‍ കൂടിയിരുന്നു ആനുകാലിക വിഷയങ്ങളെക്കുറിച്ചുളള ചൂടു പിടിച്ച വാഗ്വാദങ്ങള്‍ ആരംഭിച്ചു. അമേരിക്കയില്‍ ആനുദിനം  ശക്തി പ്രാപിക്കുന്ന ഫാഷനായി മാറുന്ന സ്വവര്‍ഗ്ഗ വിവാഹത്തിലും വിവാഹമോചനത്തിലും മദ്യം മയക്കുമരുന്നുപയോഗത്തിലുമാണ് ചര്‍ച്ചകള്‍ ഒടുവില്‍ കേന്ദ്രീകരിച്ചത്.

എന്തിനാണ് അമേരിക്കയെ മാത്രം കുറ്റപ്പെടുത്തുന്നത്. ലോക വ്യാപകമായി ഇത്തരം പ്രവണതകള്‍ വര്‍ദ്ധിച്ചു വരികയല്ലേ. ഇന്ത്യ ഉള്‍പ്പെടെയുളള വിദേശരാജ്യങ്ങള്‍ സ്വവര്‍ഗ്ഗ വിവാഹത്തിന് അനുകൂലമായ നിലപാടുകളല്ലേ സ്വീകരിച്ചിരിക്കുന്നത് ? ഇന്ത്യന്‍ സുപ്രീം കോടതി സ്വവര്‍ഗ്ഗ വിവാഹം ഭരണ ഘടനാ വിരുദ്ധമാണെന്ന് വിധി എഴുതിയപ്പോള്‍, ഈ വിധിയെ നിയമ നിര്‍മ്മാണം വഴി മറികടക്കുന്നതിനുളള ശ്രമം ആരംഭിച്ചില്ലേ?

ഇനി വിവാഹ മോചനത്തിന്റെ കാര്യമെടുക്കാം. ഉന്നത സമിതി പീഠങ്ങള്‍ മുതല്‍ താഴെ തട്ടിലുളള കോടതികള്‍ വരെ ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് വിവാഹ ബന്ധം തുടരുവാന്‍ സാധ്യമല്ല എന്ന് രേഖാമൂലം എഴുതി  സമര്‍പ്പിച്ചാല്‍ വിവാഹമോചനത്തിന് അനുമതി നല്‍കുന്നില്ലേ?

മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും കാര്യവും ഇതില്‍ നിന്നൊട്ടും വിഭിന്നമല്ലേ. ലോകത്തിലാദ്യമായി കഞ്ചാവു പോലുളള മയക്കുമരുന്നുകള്‍ വില്ക്കുന്നതും, ഉപയോഗിക്കുന്നതും ക്രൈസ്തവ രാജ്യമെന്നവകാശപ്പെടുന്ന അമേരിക്കയിലെ സംസ്ഥാനമായ കൊളറാഡോയില്‍ നിയമ വിധേയമാക്കിയില്ലേ ? മദ്യ വില്പന അനുവദിക്കുന്നതിലൂടെ കോടികളുടെ നികുതിയല്ലേ ഒരോ ഗവണ്‍മെന്റിന്റേയും ഖജനാവുകളില്‍   ഒഴുകിയെത്തുന്നത്?

 



സംസാരം നീണ്ടു പോയപ്പോള്‍ സുഹൃത്ത് ഇടപ്പെട്ടു. നിങ്ങള്‍ ഇതുവരെ പറഞ്ഞതെല്ലാം പൂര്‍ണ്ണമായും അംഗീകരിക്കുന്നു. എനിക്കും ഇതേക്കുറിച്ചു ചിലതു പറയാനുണ്ട്. അദ്ദേഹം തുടര്‍ന്നു സമൂഹത്തില്‍ അതിവേഗം വളര്‍ന്നു വ്യാപകമാകുന്ന സംസ്‌കാര ശൂന്യമായ, അടിസ്ഥാന പ്രമാണങ്ങളുടെ തായ്‌വേരറക്കുന്ന തലമുറകളായി കാത്തു സൂക്ഷിക്കുന്ന സദാചാര മൂല്യങ്ങള്‍ക്കെതിരെ വെല്ലുവിളി ഉയര്‍ത്തുന്ന, വിശ്വാസാചരങ്ങളെ കടപുഴകിയെറിയുന്ന ദുഷ്പ്രവണതകള്‍ക്കെതിരെ, അധാര്‍മ്മികതകള്‍ക്കെതിരെ, അഴിഞ്ഞാട്ടങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നതിന് നാമോ, പ്രത്യേകിച്ച് ഈശ്വരന്റെ സ്വന്തം സ്ഥാനാപതികളെന്ന് അവകാശപ്പെടുന്ന കിരീടവും സ്ഥാന വസ്ത്രങ്ങളും, അധികാരത്തിന്റെ ചെങ്കോലും കൈകളിലേന്തി, തലമുറകളായി ലഭിച്ചുവെന്നവകാശപ്പെടുന്ന സിംഹാനസനത്തില്‍ വാണരുളുന്ന അഭിപ്രായ സ്ഥിരത തൊട്ടു തീണ്ടിയിട്ടില്ലാത്ത, മാന്യതയുടെ മൂടുപടമണിഞ്ഞ ആരെങ്കിലും മുന്നോട്ടു  വരുന്നുണ്ടോ? സ്വവര്‍ഗ്ഗ ഭോഗത്തിന്റേയും വഷളത്വത്തിന്റേയും വിളനിലമായിരുന്ന സൊദോം ഗോമൊറ നഗരങ്ങളെ അലങ്കരിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ നഗരവാസികളേയും, സഹോദര പുത്രനായ ലോത്തിനേയും കുടുംബത്തേയും കഠിന ശിക്ഷയില്‍നിന്നും ഒഴിവാക്കുന്നതിന് ഈശ്വരനുമായി തര്‍ക്കിച്ച വിശ്വാസികളുടെ പിതാവായ എബ്രഹാമിനെപോലെ നശിച്ചു പോകുന്ന ജനത്തിനുവേണ്ടി ഇടനില്ക്കാന്‍ സമൂഹത്തിലും മതങ്ങളിലും ആരാണുളളത്? സാര്‍വ്വത്രികമായി സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ പോലും വിവേചിക്കുന്നതിനും, പൊരുള്‍ തിരിച്ചറിഞ്ഞു പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും ആരാണ് സമയം മിനക്കെടുത്തുന്നത്? പ്രകൃതി ദുരന്തങ്ങള്‍ ആയിരക്കണക്കിന് നിരപരാധികളുടെ ജീവന്‍ അപഹരിക്കുമ്പോള്‍ അനുശോചനവും ഞെട്ടലും രേഖപ്പെടുത്തി പറ്റുമെങ്കില്‍ സ്വന്തം ഒരു ചിത്രവും ചേര്‍ത്ത് മാധ്യമങ്ങളില്‍ വാര്‍ത്ത അച്ചടിച്ചു വരുന്നതും നോക്കിയിരിക്കുന്ന ലജ്ഞാകരമായ അവസ്ഥയിലേക്ക് ഉന്നതന്മാര്‍ അധഃപതിച്ചിട്ടില്ലേ?

സുഹൃത്ത് പൊട്ടിതെറിക്കുന്നതു കണ്ടു അന്തം വിട്ടുപോയ അല്പം ഈശ്വര വിശ്വാസിയും ചിന്തകനുമായി അറിയപ്പെടുന്ന മറ്റൊരു സുഹൃത്ത് എല്ലാവരോടുമായി ഒരു ചോദ്യം.

നിങ്ങളിലാരെങ്കിലും ഈശ്വര വിശ്വാസികളല്ലാത്തവരുണ്ടോ ?
അതിന്റെ അന്ത്യത്തിലേക്ക് അടുക്കുന്നു എന്നത് യാഥാര്‍ത്ഥ്യമായി അംഗീകരിക്കുന്നവരല്ലേ നാമെല്ലാവരും. സ്വവര്‍ഗ്ഗ വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെ കുറിച്ചും മയക്കു മരുന്നുപയോഗത്തെക്കുറിച്ചും ബൈബിള്‍ ഉള്‍പ്പെടെയുളള മതഗ്രന്ഥങ്ങളില്‍ എന്താണ് പ്രവചിച്ചിരിക്കുന്നത് ? ഇതൊക്കെയും വര്‍ദ്ധിച്ചു വരുമെന്നല്ലേ ? എങ്കില്‍ ഈ പ്രവചനങ്ങള്‍ നിവര്‍ത്തിക്കപ്പെടുന്ന സമയമല്ലേ ഇത് ? ഇതിനെതിരെ ആരെങ്കിലും പ്രവര്‍ത്തിക്കുവാന്‍ തയ്യാറായി എന്നിരിക്കട്ടെ. അവരെ കുറിച്ച് ജനം എന്താണ് പറയുക ? ദൈവീക പ്രവചനം നിറവേറ്റപ്പെടുന്നതിന് എതില്‍ നില്‍ക്കുന്നവരെന്നല്ലേ ? ഈ പഴി ഏറ്റെടുക്കുവാന്‍ ആരെങ്കിലും തയ്യാറാകുമോ?  പിന്നെ നാം എന്തിനാണ് മറ്റുളളവരെ കുറ്റം പറയുന്നത്?  കഴിയുമെങ്കില്‍ ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കുവാനല്ലേ ശ്രമിക്കേണ്ടത് ? അതല്ലേ രാഷ്ട്രീയ നേതാക്കന്മാരും, മത നേതാക്കന്മാരും ചെയ്തുകൊണ്ടിരിക്കുന്നത്. മൂന്ന് തവണ ഹൂസ്റ്റന്‍ മേയറായി തിരഞ്ഞെടുത്ത അനീസ് പാക്കര്‍ എന്ന അമ്പത്തി രണ്ടുകാരിയുടെ സ്വര്‍ഗ്ഗ വിവാഹ വാര്‍ത്ത ഈയ്യിടെയാണെല്ലോ പ്രസിദ്ധീകരിച്ചത്. ഈ വിവാഹം നടത്തികൊടുത്തത് ആരായിരുന്നു? എപ്പിസ്‌കോപ്പല്‍ ചര്‍ച്ചിലെ സ്വര്‍വര്‍ഗ്ഗാനുരാഗിയായ ഒരു പട്ടക്കാരനല്ലേ ?

വിവാഹ മോചനത്തിന് കോടതിയില്‍ നിന്നും ഉത്തരവു ലഭിച്ചാല്‍ യഥേഷ്ടം പുനര്‍വിവാഹത്തിന് അനുമതി നല്‍കുന്നതില്‍ മതനേതാക്കന്മാര്‍ മത്സരിക്കുകയല്ലേ ? മദ്യ വില്പനയിലൂടെ ഖജനാവിലേക്ക് പണം സമാഹരിക്കുന്നതുപോലെ പുനര്‍ വിവാഹ ലൈസന്‍സ് നല്‍കുക വഴി സമാഹരിക്കുന്ന പണം ക്രിസ്തു രാജ്യത്തിന്റെ കെട്ടു പണിക്കല്ലേ ഉപയോഗിക്കുന്നത് ?

ഒരു വശത്തു ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നവരെ ആത്മീയ മേഖലയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നാവശ്യപ്പെടുമ്പോള്‍ മറുവശത്ത് മദ്യരാജാക്കന്മാരില്‍ നിന്നും മദ്യപാന്മാരില്‍ നിന്നും പണം നിര്‍ലജ്ജം സ്വീകരിക്കുന്നതിനും, അവര്‍ക്ക് മുഖ്യസ്ഥാനമാനങ്ങള്‍ നല്‍കുന്നതിനും അവരുടെ കൊട്ടാര സാദൃശ്യമായ രമ്യഹര്‍മ്മങ്ങളില്‍ അന്തിയുറങ്ങുന്നതിനും തയ്യാറാകുന്നത് ആരാണ് ?

പ്രായം ചെന്ന ഒരു പട്ടക്കാരന്‍ പ്രസംഗത്തില്‍ നിന്നും വിലപിക്കുന്നത്. കേള്‍ക്കുവാനിടയായത്രെ ! ഇവിടെ നടക്കുന്നതൊന്നും നാം പരിശീലിച്ച, കാത്തു സൂക്ഷിച്ച, വിശ്വാസ പ്രമാണങ്ങള്‍ക്ക് യോജിച്ചതല്ല എന്നെനിക്കറിയാം. കല്പനകള്‍ അനുസരിക്കുവാന്‍ ഞങ്ങള്‍ ബാധ്യസ്ഥരല്ലേ ?

പൗരത്വ ശുശ്രൂഷയിലേക്ക് പ്രവേശിക്കുമ്പോള്‍ ഏറ്റുപറഞ്ഞ പ്രതിജ്ഞ ലംഘിക്കാനാവില്ലല്ലോ ? നാട് ഓടുമ്പോള്‍ നടുവെ ഓടുവാനാണ് ഞങ്ങള്‍ക്ക് വിധിച്ചിരിക്കുന്നത്. ചുരുങ്ങിയ വര്‍ഷങ്ങള്‍ ആണ് ഞങ്ങള്‍ക്കിവിടെ ലഭിച്ചിരിക്കുന്നത്.

വലിയ പരുക്കുകളൊന്നും ഇല്ലാതെ ഇവിടെ നിന്നും മടങ്ങണം. ഇത്രയും കേട്ടു കഴിഞ്ഞപ്പോള്‍ ചത്തതിനൊക്കുമോ ജീവിച്ചിരിക്കലും എന്ന പഴമൊഴിയാണത്രെ സുഹൃത്തിന്റെ മനസില്‍ ഓടിയെത്തിയത്.  എന്തിനേറെ പറയുന്നു ലക്ഷകണക്കിനു യഹൂദരെ കൊന്നൊടുക്കി. റോമാ നഗരത്തിന് തീ കൊളുത്തി, അഗ്നി നാളങ്ങളില്‍ മനഷ്യനും, നഗരവും കത്തിയമരുമ്പോള്‍ വീണ വായിച്ചു രസിച്ച നീറോ ചക്രവര്‍ത്തിയോടല്ലാതെ ആരോടാണ് ഇക്കൂട്ടരെ ഉപമിക്കേണ്ടത് ?

ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ മിതവാദിയായ ഒരു സുഹൃത്ത് അഭിപ്രായപ്പെട്ടതിപ്രകാരമായിരുന്നു. സ്വവര്‍ഗ്ഗ വിവാഹവും വിവാഹമോചനവും മദ്യ ലഹരി മരുന്നു ഉപയോഗവും  ഒരോരുത്തരുടേയും വ്യക്തി സ്വാതന്ത്ര്യതിന്റെ ഭാഗമാണ്. മറ്റുളളവര്‍ ഇതിനെ എതിര്‍ക്കുന്നത് എന്തിനാണെന്ന ചോദ്യം സ്വാഭാവികമായും ഉയരാം. എന്നാല്‍ ചിലതു നാം സൂക്ഷ്മമായും മനസിലാക്കിയിരിക്കണം. പ്രാവര്‍ത്തികമാക്കുമ്പോള്‍ അതു സമൂഹത്തിന്റെ പൊതു നന്മയ്ക്കും, വളര്‍ച്ചയ്ക്കും വിഘാതം സൃഷ്ടിക്കുമെങ്കില്‍ അതിനെ നിയന്ത്രിച്ചേ മതിയാകൂ.

മനുഷ്യവംശം നിലനില്ക്കുണമെങ്കില്‍ സ്ത്രീയും പുരുഷനും വിവാഹബന്ധത്തില്‍ ഏര്‍പ്പെടുക തന്നെ വേണം. (പുരുഷനും സ്ത്രീയും ഒന്നിക്കണമെന്ന് വിവക്ഷ). പുരുഷനും പുരുഷനും സ്ത്രീയും സ്ത്രീയുമാണ് ഒന്നിക്കുന്നതെങ്കില്‍ മനുഷ്യവംശത്തിന്റെ സമൂല നാശത്തിനത് കാരണമാകും.

അമിത മദ്യപാനവും മയക്കുമരുന്നപയോഗവും കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറ തകര്‍ത്തു തരിപ്പണമാക്കുകയും പരസ്പര ബന്ധങ്ങള്‍ ശിഥിലീകരിക്കുകയും ആരോഗ്യത്തിന് ഭീക്ഷണി ഉയര്‍ത്തുകയും സുബോധം നഷ്ടപ്പെട്ട മൃഗ തുല്യനായി തീരുകയും ചെയ്യുന്ന സ്ഥിതിയിലേക്കായിരിക്കും വ്യക്തി ജീവിതങ്ങളെ കൊണ്ടു ചെന്നെത്തിക്കുക. ഒരിക്കല്‍ ഇതിന്റെ കരാള ഹസ്തത്തില്‍ അകപ്പെട്ടാല്‍ മോചിതരാകുക എന്നത് ശ്രമകരമായിരിക്കും.

സമയം ഒത്തിരി ഇരുട്ടി. ഈ ചര്‍ച്ച ഇവിടെ അവസാനിപ്പിക്കുന്നതിന് മുമ്പ് ഈ ചര്‍ച്ച കൊണ്ട് എന്ത് നേടി എന്നതായിരുന്നു മറ്റൊരു സുഹൃത്തിന്റെ ചോദ്യം. അല്പം തീവ്ര വാദിയായിരുന്ന സുഹൃത്ത് ഇപ്രകാരമായിരുന്നു ചര്‍ച്ചയ്ക്ക് വിരാമമിട്ടത്.

അഹസ്വശേര രാജാവിന്റെ കൊട്ടാരത്തില്‍ രാജ്ഞിയായി വാഴുന്ന എസ്‌ഥേര്‍ രാജകൊട്ടാരവാതില്‍ക്കല്‍ കാവല്‍ക്കാരനായി കഴിയുന്ന മോദനായി. യഹൂദന്മാരെ ഒന്നടങ്കം നശിപ്പിക്കുന്നതിനായി കരുക്കള്‍ നീക്കുന്ന  ഹാമാന്‍ മോദഖായിലും, എസ്‌ഥേറും ഏകമനസോടെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചത് നീചനായ ഹാമാന്റെ അന്ത്യത്തിലാണ് അവസാനിച്ചത്.

സ്വവര്‍ഗ്ഗ വിവാഹം വിവാഹമോചനം, മദ്യമയ്ക്കു മരുന്നുപയോഗം തുടങ്ങിയ അപകടകരമായ പ്രവണതകള്‍ അരങ്ങില്‍ നിറഞ്ഞാടുമ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും ഇതിനെ പ്രോത്സാഹിപ്പിക്കുകയും ധനാഗമന മാര്‍ഗ്ഗമായി ഇതിനെ ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നവരായാലും അവരെ തിരഞ്ഞു പിടിച്ചു ഹാമാനു ലഭിച്ച ശിക്ഷ നല്‍കിയാല്‍ മാത്രമേ ഇത്തരംപ്രവണതകളെ സമൂഹത്തില്‍ നിന്നും ഉന്മൂലനം ചെയ്യുവാന്‍ സാധിക്കുകയുളളൂ. കുറ്റും ചെയ്യുന്നവരേക്കാള്‍ കൂടുതല്‍ ശിക്ഷ ലഭിക്കുന്നത്. കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണ നല്‍കുന്നവര്‍ക്കാണെന്നുളള തത്വം നാം വിസ്മരിക്കരുത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.