വിസ ഓണ്‍ അറൈവലും, വിസാ പ്രശ്നങ്ങളും, സംഘടനകളും
Text Size
Story Dated: Monday, February 10, 2014 12:25 hrs UTC
ഈയിടെ ഒരു പത്രവാര്‍ത്ത കണ്ടു; അതു വായിച്ചവരില്‍ പലരും അത്ഭുതപ്പെട്ടു, മോഹാലസ്യപ്പെട്ടു; കൂടെ ഞാനും!
വാര്‍ത്ത ഇതാണ്; വിസ സംബന്ധിച്ചുള്ള എല്ലാ പ്രശങ്ങള്‍ക്കും പരിഹാരമായി വിസ ഓണ്‍ അറൈവല്‍ പദ്ധതിയിലേക്ക് 180 രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കു കൂടി അനുമതി. ഇത് അമേരിക്കയിലെ ഒരു പ്രമുഖ മലയാളി സംഘടന, പ്രവാസി ഭാരതീയര്‍ അനുഭവിക്കുന്ന വിസാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലേക്കായി പോരാടി നേടിയെടുത്ത ഒരു വന്‍വിജയമായി ഉടനടി അതിനെ കൊട്ടിഘോഷിക്കുകയും അതിന്റെ പിതൃത്വം ഏറ്റെടുക്കുകയും ചെയ്തു. അവര്‍ ഇറക്കിയ പ്രസ്താവനയിലാണെങ്കില്‍ വിസ സംബന്ധിച്ച 'എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം' ഇതോടൊപ്പം കണ്ടുവെന്നാണ് അവകാശപ്പെടുന്നത്.
എന്നാല്‍ ഈ വാര്‍ത്തയുടെ പിന്നിലെ രഹസ്യം മനസ്സിലാക്കുന്നതിലേക്കായി മറ്റു പത്രങ്ങള്‍ വായിച്ചപ്പോഴാണ് ഇന്ത്യാ ഗവണ്‍മെന്റിന്റെ ഈ ഔദാര്യത്തിന്റെ പിന്നിലെ രഹസ്യം മറനീക്കി പുറത്തുവന്നത്. അടുത്തകാലത്തായി വിനോദസഞ്ചാര മേഖലയില്‍ കുറഞ്ഞുവരുന്ന വിദേശീയരുടെ സാന്നിദ്ധ്യം കണക്കിലെടുത്ത്; വിനോദ സഞ്ചാരികളെ കൂടുതല്‍ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ ടൂറിസം ഡിപ്പാര്‍ട്ട്മെന്റും, ഫോറിന്‍ അഫയേഴ്സും, പ്രവാസി വകുപ്പും, പ്‌ളാനിങ് മിനിസ്ട്രിയും സംയുക്തമായി ആലോചിച്ച് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പല പദ്ധതികളില്‍ ഒരെണ്ണമാണ് ഈ 180 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് നല്കുന്ന ഈ വിസ ഓണ്‍ അറൈവല്‍ പരിപാടി. അക്കാര്യം പ്‌ളാനിങ് മിനിസ്ട്രി മന്ത്രി രാജീവ് ശുക്ല വളരെ വ്യക്തമായിത്തന്നെ തന്റെ പ്രസ്താവനയില്‍ പ്രതിപാദിച്ചിട്ടുമുണ്ട്. ഇതൊന്നും മുകളില്‍ പറഞ്ഞപ്രകാരം അമേരിക്കയിലെ യാതൊരു സംഘടനയുടെയോ അവരുടെ നേതാക്കന്മാരുടെയോ ശുപാര്‍ശപ്രകാരം ഉണ്ടായതല്ല.
വിസ ഓണ്‍ അറൈവല്‍ എന്നാല്‍ വെറുതെ ഒരു ടിക്കറ്റെടുത്ത് ഇന്ത്യയിലെ ഏതെങ്കിലും ഒരു പ്രധാന വിമാനത്താവളത്തില്‍ ചെന്നിറങ്ങുന്നവര്‍ക്ക് 'വെല്‍ക്കം ടു ഇന്‍ഡ്യ, നൈസ് ടു മീറ്റ് യു; ഹീയര്‍ ഈസ് യുവര്‍ വിസ' എന്നു പറഞ്ഞ് ഉടനടി എടുത്തുകൊടുക്കുന്ന ഒന്നല്ല. അതിന് അവര്‍ ആവശ്യപ്പെടുന്ന രേഖകള്‍ എല്ലാം നല്‍കിയിരിക്കണം. ഇതിനായൊരു ഗവണ്‍മെന്റ് വെബ്സൈറ്റ് അധികം താമസിയാതെ നിലവില്‍ വരും. ഇന്ത്യ സന്ദര്‍ശിക്കാന്‍ താല്പര്യപ്പെടുന്നവര്‍ ആ വെബ്സൈറ്റില്‍ കടന്നുചെന്ന് അപേക്ഷാഫോറം പൂരിപ്പിക്കുകയും അതിനാവശ്യമായ ഫീസുകള്‍ നല്കുകയും വേണം. അപ്പോള്‍ അവര്‍ക്ക് ഒരു ഇലക്ട്രോണിക് വിസ ഇ-മെയിലില്‍ ലഭിക്കും. ഇന്‍ഡ്യയിലെ എയര്‍പ്പോര്‍ട്ടുകളില്‍ ചെന്നിറങ്ങുമ്പോള്‍ അവരെല്ലാം അവരുടെ ഒറിജിനല്‍ പാസ്പ്പോര്‍ട്ടും അതിന്റെ രണ്ടു കോപ്പികള്‍ , രണ്ടു പാസ്പ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍ , ഇന്ത്യയില്‍ താമസിക്കുകയും യാത്രചെയ്യുന്നതുമായ സ്ഥല വിവരങ്ങളും അതിന്റെ രേഖകളും, യാത്രയ്ക്ക് ആവശ്യമായി കൈവശമുള്ള പണം, യാത്രയുടെ ഉദ്ദേശം, ദൈര്‍ഘ്യം മുതലായ വിവരങ്ങള്‍ അവിടെ നല്‍കിക്കഴിയുമ്പോള്‍ നേരത്തെ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള വിവരങ്ങളുമായി ഒത്തുനോക്കി കമ്പ്യൂട്ടറില്‍ക്കൂടി പെട്ടെന്നൊരു ബാക്ക്ഗ്രൗണ്ട് ചെക്കും നടത്തി എല്ലാം ഓക്കെയാണെങ്കില്‍ ആറുമാസത്തേയ്ക്കുവരെ ഒരു വിസ അവിടെ നിന്നും നല്‍കും.
വിദേശത്തുള്ള ഇന്‍ഡ്യന്‍ എംബസ്സികളിലെ പ്രശ്നങ്ങള്‍ അറിയാവുന്നവര്‍ക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഇതിനായി എത്രനേരം കാത്തുകെട്ടിക്കിടക്കേണ്ടി വരുമെന്ന് ഊഹിക്കാവുന്നതേയുള്ളു. യാത്ര ചെയ്യുന്നവര്‍ അതിനാവശ്യമായ ക്ഷമയും, സമയവും കൈയ്യില്‍ കരുതുന്നത് നന്നായിരിക്കും. അഥവാ വിസാ കിട്ടിയില്ലെങ്കില്‍ തിരികെ സ്വന്തം രാജ്യത്തെത്തുമ്പോള്‍ എയര്‍പ്പോര്‍ട്ടില്‍ നിന്നും വീട്ടിലെത്താനുള്ള യാത്രാ സൗകര്യവും നേരത്തെ പ്ലാന്‍ ചെയ്യുന്നത് നന്നായിരിക്കും.
സംഘടനകള്‍ക്കും, സ്വയം പ്രഖ്യാപിക്കപ്പെട്ട നേതാക്കന്മാര്‍ക്കും നിലനില്ക്കണമെങ്കില്‍ വാര്‍ത്തകള്‍ കൂടിയേ തീരൂ! എന്നാല്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാനായി ഉപജാപകക്കഥകള്‍ ചമച്ച് അക്ഷരങ്ങള്‍ വായിക്കാത്ത (അറിയാത്ത) അമേരിക്കന്‍ മലയാളികളുടെ മുന്നില്‍ ഫോട്ടോ കാട്ടി കേമത്വം കാണിക്കുന്നത് ഊഷത്തം എന്നുവേണം പറയുവാന്‍! മറ്റുള്ള എല്ലാ എഴുത്തുകാരും ഇങ്ങനെയുള്ളവരെ കുറിച്ച് നേരത്തെ പല ആവര്‍ത്തി എഴുതിയിട്ടുള്ളതാണ്. അതൊക്കെ ഇവര്‍ വായിച്ചിട്ടുണ്ടോ എന്നത് വളരെ സംശയം തന്നെ! വായിച്ചിരുന്നെങ്കില്‍ ഇപ്രകാരം വീണ്ടും പറയുകയില്ലായിരുന്നു എന്നുവേണം കരുതാന്‍. വായിച്ചിട്ടും വീണ്ടും ഇങ്ങനെ പ്രവര്‍ത്തിക്കുന്നത് കാണുമ്പോള്‍ മനസ്സിലാക്കേണ്ടത് തൊലിക്കട്ടി ഇക്കൂട്ടര്‍ക്ക് ലേശം കൂടുതലല്ലേ എന്നതാണ്. വഴിവക്കില്‍ കിടക്കുന്ന കുട്ടികളുടെയെല്ലാം പിതൃത്വം ഏറ്റെടുക്കുന്ന ഇക്കൂട്ടരെപ്പറ്റി എന്താ പറയുക....
ഇന്ത്യയില്‍ നിന്നും നേതാക്കന്മാര്‍ രണ്ടുകാര്യത്തിനായാണ് അമേരിക്കയില്‍ എത്തുന്നത്. ആദ്യത്തേത് ഇന്ത്യയില്‍ കൈയ്യിട്ടുവാരിയും, കട്ടെടുത്തും, പിടിച്ചുപറിച്ചും, തല്ലിക്കൊന്നും ഉണ്ടാക്കിയ പണത്തിന്റെ ഭാണ്ഡക്കെട്ടുതാങ്ങിയുള്ള വരവ്. അത് ഇവിടെ ചില ദ്വിഗുണബിനാമി വീരന്മാര്‍ പലതരത്തില്‍ വെളുപ്പിച്ച് ഭാണ്ഡത്തിലാക്കി വെയ്ക്കും; അതെടുത്ത് പെട്ടിയിലാക്കി തിരികെ കൊണ്ടുപോകുന്നതിനാണ് രണ്ടാമത്തെ വരവ്. അതില്‍ ചുരുക്കം ചിലരാണെങ്കില്‍ ഇന്ത്യയില്‍ ഇരുന്ന് നേരിട്ട് ഇവിടെ വ്യവസായങ്ങള്‍ ചെയ്യുന്നവരുമുണ്ട്; അതിനെപ്പറ്റി കൂടുതല്‍ അറിയാത്തതിനാല്‍ വിവരിക്കുന്നില്ല. എന്നാല്‍ അവരൊക്കെ ഇവിടെ പണമെണ്ണാനും കണക്കുകള്‍ നോക്കാനുമായെത്തുമ്പോള്‍ അതിനിടയില്‍ പ്രവാസി മലയാളികള്‍ നല്‍കുന്ന പരാതികള്‍ക്ക് എന്താണ് വില. ചിലപ്പോള്‍ അവര്‍ പരാതികള്‍ എഴുതുന്ന കടലാസിന്റെ പുറത്തായിരുക്കും ആ കണക്കുകള്‍ ടാലി ചെയ്യുക. അങ്ങനെയും അവര്‍ കടലാസ്സുകള്‍ ലാഭിക്കും!
വെറുതെ ഇവിടെ ചില സംഘടനകളും, നേതാക്കന്മാരും അതുചെയ്യണം, ഇതുചെയ്യണം എന്നു പറഞ്ഞ് മുറവിളികൂട്ടാതെ ലക്ഷക്കണക്കിനുവരുന്ന പ്രവാസി മലയാളികള്‍ക്ക് സര്‍ക്കാരില്‍ ശരിക്കുമുള്ള പ്രവാസി പ്രാതിനിധ്യത്തിനായി ശബ്ദമുയര്‍ത്തണം. സ്ഥാനമാനങ്ങളും അഹംഭാവങ്ങളും വിഘടിത ചിന്താഗതികളും വലിച്ചെറിഞ്ഞ് നമ്മള്‍ പ്രവാസി സഹോദരങ്ങള്‍ എന്ന ഒറ്റ ലേബലില്‍ ഒരേ ശബ്ദത്തില്‍ അതിനായി ശ്രമിക്കണം! അപ്പോള്‍ നമ്മുടെ ആവശ്യങ്ങളും ആവലാതികളും അറിയേണ്ടവര്‍ അറിയും, നേടേണ്ടത് നേടും!
Comments