ന്യുയോര്‍ക്ക്: ഫെബ്രുവരി 24- മുതല്‍ കാണാതായ ജാസ്മിന്‍ ജോസഫിന്റെ കാര്‍ ലോംഗ് ഐലന്റിലെ ജെറിക്കോ ടേണ്‍പൈക്കിനു സമീപം സയോസെറ്റ് പ്ലാസയിലെ പാര്‍ക്കിംഗ് ലോട്ടില്‍ നിന്ന് ഇന്നു രാവിലെ കണ്ടെടുത്തു. പുലര്‍ച്ചെ ഒരു മണിയോടെയാണ് കാര്‍ കണ്ടെത്തിയത്. ജാസ്മിനെക്കുറിച്ച് വിവരമൊന്നുമില്ലെങ്കിലും, ആശുപത്രിയില്‍ ഒരു മൃതദേഹം ഉണ്ടെന്നും അത് തിരിച്ചറിയലിനുവേണ്ടി ആശുപത്രിയിലെത്താന്‍ പോലീസ് ജാസ്മിന്റെ കുടുംബത്തോട് പറഞ്ഞിട്ടുണ്ടെന്ന് ജാസ്മിന്റെ അങ്കിള്‍ ജോളി ജോസഫ് മലയാളം ഡെയ്‌ലി ന്യൂസിനോടു പറഞ്ഞു.
ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിനിയായിരുന്ന ജാസ്മിന്‍ ജോസഫിനെ കാണാതായിട്ട് രണ്ടാഴ്ചയായെങ്കിലും മകള്‍ സുരക്ഷിതയായിരിക്കുമെന്ന വിശ്വാസത്തിലാണ് മാതാപിതാക്കളും കുടുംബാംഗങ്ങളും. ദിവസേന വീട്ടില്‍ നിന്ന് കോളേജിലേക്കു പോയിരുന്ന ജാസ്മിന്റെ തിരോധാനത്തില്‍ എല്ലാവരും തുല്യ ദുഃഖിതരായിരുന്നു എന്ന് കുടുംബവൃത്തങ്ങള്‍ പറഞ്ഞു. വീട്ടില്‍ നിന്നു മാറി നില്‍ക്കാനുള്ള മടി കൊണ്ടാണു കോളജ് ഡോര്‍മിറ്ററിയിലേക്ക് ജാസ്മിന്‍ മാറാതിരുന്നത്.
എന്നാല്‍, കോളജില്‍ കഴിഞ്ഞ വര്‍ഷം മെയ് മാസത്തിനു ശേഷം ജാസ്മിന്‍ എന്‍റോള്‍ ചെയ്തിട്ടില്ലെന്ന് കോളജ് അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നുവെങ്കിലും, ആ സെമസ്റ്ററിലേക്ക് 6072 ഡോളര്‍ ഫീസ് അടച്ചിരുന്നതായി പിതാവ് പറയുന്നു. ജൂലൈയില്‍ ഫീസ് അടച്ചതിന്റെ ക്രെഡിറ്റ് കാര്‍ഡ് രേഖ പിതാവ് മാധ്യമങ്ങള്‍ക്ക് നല്‍കി. അതു സംബന്ധിച്ച് കോളജ് വിശദീകരണമൊന്നും നല്‍കിയിട്ടില്ല. ഈ പ്രശ്‌നമാണു മാധ്യമങ്ങള്‍ ഏറ്റു പിടിച്ചതും അന്വേഷണം കാര്യമായി നടക്കാതിരിക്കാന്‍ കാരണമായതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. മാധ്യമങ്ങള്‍ ആ സംഭവം വാര്‍ത്തയാക്കിയപ്പോള്‍ തുക തിരിച്ച് നല്‍കാമെന്നു കോളജ് അധികൃതര്‍ അറിയിച്ചതായി പിതാവ് സോണി ജോസഫ് പറഞ്ഞിരുന്നു.
കാര്‍ സിറ്റി വിട്ട് പോയിട്ടില്ലെന്നായിരുന്നു പോലീസ് ആദ്യം പറഞ്ഞിരുന്നത്. പക്ഷേ, ഇന്ന് വീടിന്റെ അര മൈല്‍ ദൂരത്തില്‍ നിന്ന് ജാസ്മിന്റെ കാര്‍ കണ്ടെടുത്തത് അത്ഭുതവും അതിലേറെ ദുരൂഹതയും നിറഞ്ഞതാണ്. ഇത്രയും അടുത്ത് ജനത്തിരക്കേറിയ സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് പോലീസിനു പോലും കണ്ടെത്താനായില്ല എന്നത് അവിശ്വസനീയമായി തോന്നുന്നു.
ഫെബ്രുവരി 24 മുതല്‍ കാണാതായ ജാസ്മിനെ അന്വേഷിച്ച് പോലീസ് ഊര്‍ജ്ജിത അന്വേഷണം നടത്തിയിരുന്നു. അപ്പോഴൊക്കെ കണ്ടുപിടിക്കാന്‍ കഴിയാത്ത കാര്‍ ഇന്ന് രാവിലെ എങ്ങനെ കണ്ടുപിടിച്ചു എന്നതും ദുരൂഹത ഉയര്‍ത്തുന്നു. ജാസ്മിനെ അപകടപ്പെടുത്തിയതിനുശേഷം കാര്‍ ആരെങ്കിലും അവിടെ കൊണ്ടിട്ടതാണോ എന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു. കാരണം കാറിന്റെ താക്കോല്‍ കാറില്‍ തന്നെയുണ്ടായിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോളി ജോസഫ്: 845-653-1227
Comments