കേരള ജനത പരമ്പരാഗതമായി ആഘോഷിച്ചു വരുന്ന രണ്ട് ഉത്സവങ്ങളാണ് ഓണവും, വിഷുവും. ഓണം ഫെസ്റ്റിവല്‍ ഓഫ് ഹാര്‍വെസ്റ്റെന്നും, വിഷു ഫെസ്റ്റിവല്‍ ഓഫ് പ്ലാന്റിങ് എന്നുമാണ് പുരാതനകാലം മുതല്‍ അറിയപ്പെടുന്നത്. ഓണം വിരിപ്പൂ കൃഷിയുമായി ബന്ധപ്പെട്ടതാണെങ്കില്‍ വേനല്‍ പച്ചക്കറി വിളവുമായി ബന്ധപ്പെട്ടുകിടക്കുന്നു.മലയാള മാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. ഭാരത കാര്‍ഷിക പഞ്ചാംഗത്തിന്റെ ആദ്യദിനം. വിഷു എന്നാല്‍ തുല്യമായതെന്നര്‍ത്ഥം. രാത്രിയും പകലും തുല്യമായ ദിനം. മേടം ഒന്നിന് മേടവിഷുവും, തുലാം ഒന്നിന് തുലാംവിഷുവും കേരളത്തില്‍ ആഘോഷിക്കുന്നു. ദ്രാവിഡാഘോഷങ്ങളില്‍പ്പെട്ട ഉത്സവമാണ് വിഷു. മത്സ്യമാംസാഹാരങ്ങള്‍ വര്‍ജ്ജിച്ചുകൊണ്ടാണ് ഓണം ആഘോഷിക്കുന്നതെങ്കില്‍ ഇതിന് കടകവിരുദ്ധമാണ് വിഷു ആഘോഷങ്ങള്‍.
ആദി ദ്രാവിഡന്മാര്‍ വേട്ടയാടി കാലയാപനം കഴിച്ചിരുന്ന മാംസാഹാരത്തോടുള്ള അഭിരുചി വിഷു ആഘോഷങ്ങളില്‍ നിഴലിക്കുന്നു. വിഷുവിന്റെ തലേന്നാള്‍ സംക്രാന്തിയാണ്. അന്ന് വൈകീട്ട് വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കള്‍ കത്തിച്ചുകളയുകയും, വീട് ശുദ്ധിയാക്കുകയും ചെയ്യുന്നു. പുതിയ വര്‍ഷത്തെ വരവേല്‍ക്കുന്നതിന്റെ ഹൃദ്യവും നിറപ്പകിട്ടാര്‍ന്നതുമായ കരിമരുന്നു പ്രയോഗങ്ങള്‍ വിഷു ആഘോഷത്തിന്റെ പ്രത്യേകതയാണ്. വിഷുഫലം പറയുന്ന രീതി പണ്ടുകാലത്ത് സാര്‍വ്വത്രികമായിരുന്നു. ജോത്സ്യന്മാര്‍ വീടുകളില്‍ എത്തി വിഷുഫലം ഗണിച്ചു പറയുന്ന രീതിയും നിലവിലുണ്ടായിരുന്നു. വിഷു സംക്രാന്തി നാളുകളില്‍ എത്തുന്ന ജോത്സ്യര്‍ക്ക് നല്ല പ്രതിഫലവും നല്‍കിയിരുന്നു.വിഷുവിനോട് അനുബന്ധിച്ച് ഒരു ഐതിഹ്യം നിലവിലുണ്ട്. ഭാരതീയ പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള അസുരനാണ് നരകാസുരന്‍. ഹിരണ്യാക്ഷന് ഭൂമീ ദേവിയില്‍ നിന്നും ജനിച്ച പുത്രന്‍. ഭൂമിദേവിയുടെ അപേക്ഷപ്രകാരം മഹാവിഷ്ണു നരകന് നാരായണാസ്ത്രം നല്‍കി. നാരായണാസ്ത്രം കൈയ്യിലുള്ളപ്പോള്‍ തനിക്കല്ലാതെ മറ്റാര്‍ക്കും നരകനെ വധിക്കുവാന്‍ സാധ്യമല്ല എന്ന അനുഗ്രഹവും നല്‍കാനായി ഭാഗവതത്തില്‍ പറയുന്നു. മഹാവിഷ്ണുവിന്റെ വരം ലഭിച്ച നരകന്‍ ദേവലോകം ആക്രമിച്ചു.
ഇന്ദ്രമാതാവായ അഭിനിയുടെ കുണ്ഡലങ്ങളും, ഇന്ദ്രന്റെ വെണ്‍കൊറ്റക്കുടയും കരസ്ഥമാക്കി. ഇന്ദ്രന്റെ അപേക്ഷപ്രകാരം ശ്രീകൃഷ്ണന്‍ സത്യഭാമ സമേതം ഗരുഡാരൂഢനായെത്തി യുദ്ധത്തില്‍ നരകാസുരനെ വധിച്ച ‘നരകാസുരദിനം’ ആണ് വിഷുവായി ആഘോഷിക്കുന്നതെന്ന് ഐതീഹ്യത്തില്‍ പറയുന്നു.വിഷുദിനത്തില്‍ കൃഷിയോടനുബന്ധിച്ച് ചാലിടല്‍ കര്‍മ്മം, കൈക്കോട്ടു ചാല്‍, വിഷുവേല, വിഷുവെടുക്കല്‍ തുടങ്ങി നിരവധി ആചാരങ്ങള്‍ നിലവിലുണ്ട്. വിഷു സദ്യക്കു മുമ്പായി നടത്തുന്ന ചാലിടല്‍ ആചാരമനുസരിച്ച് ആദ്യമായി നിലം ഉഴുതുമറിച്ച് വിത്തിടുന്നു. കന്നുകാലികളെ കുളിപ്പിച്ച് കുറിതൊട്ട് കൊന്നപ്പൂക്കള്‍ കൊണ്ട് അലങ്കരിച്ച് കൃഷി സ്ഥലത്തു കൊണ്ടുവരുന്നു. കാര്‍ഷികോപകരണങ്ങള്‍ എല്ലാം പുതിയവയായിരിക്കും. കന്നുകാലികളെ നുകത്തില്‍ പൂട്ടി നിലം ഉഴുതുമറിച്ചതിനു ശേഷം ചാലുകളില്‍ അവില്‍, മലര്‍, ഓട്ടട എന്നിവ വേദിക്കുന്ന ചടങ്ങുനടക്കും.വിഷു സദ്യക്കുശേഷം നടക്കുന്ന മറ്റൊരാചാരമാണ് കൈകോട്ടുചാല്‍. പുതിയ കൈകോട്ടിനെ കഴുകി കുറി തൊടുവിച്ച് കൊന്നപ്പൂക്കള്‍ കൊണ്ട് അലങ്കരിച്ച് വീടിന്റെ ഒരു കോണില്‍ വച്ച് പൂജിക്കുന്നു. പൂജിച്ചെടുത്ത കൈകോട്ടുകൊണ്ട് കൊത്തിക്കിളച്ചതില്‍ കുഴികളെടുത്ത് ധാന്യങ്ങള്‍, പച്ചക്കറി എന്നിവയുടെ വിത്തുകള്‍ നടുന്നു.
പാടങ്ങളില്‍ കൃഷിയിറക്കിയ കര്‍ഷകര്‍ കരക്കൃഷിക്കും തുടക്കമിടുന്നു എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.>വിഷുദിനത്തില്‍ നടക്കുന്ന പ്രധാന ചടങ്ങാണ് വിഷുക്കണി. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് വിഷുക്കണി ഒരുക്കുന്നതിനും, മറ്റുള്ളവരെ കാണിക്കുന്നതിനുമുള്ള ചുമതല. വെട്ടിത്തിളങ്ങുന്ന ഓട്ടുരുളിയില്‍ അരിയും നെല്ലും പാതി നിറച്ച്, കൂടെ അലക്കിയ മുണ്ടും, പൊന്നും, കണിവെള്ളരിക്കയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും, വെറ്റിലയും, കണ്‍മഷി, ചാന്ത്, സിന്ദൂരം, നാരങ്ങ എന്നിവയും തിരിയിട്ടു കത്തിച്ച നിലവിളക്കും, നാളികേര പാതിയും, കൃഷ്ണവിഗ്രഹവും വെച്ചാണ് വിഷുക്കണി ഒരുക്കുന്നത്. കണിക്കൊന്ന പൂക്കള്‍ക്ക് വിഷുക്കണിയില്‍ ഒഴിച്ചുകൂടാനാവാത്ത സ്ഥാനമാണ്. ഐശ്വര്യ സമ്പൂര്‍ണ്ണമായ പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേര്‍ന്ന വിഷുക്കണി കണ്ടുണരുമ്പോള്‍ പുതിയൊരു ജീവിത ചംക്രമണത്തിലേക്കുള്ള വികാസമാണ് സംഭവിക്കുന്നത്.ചിലയിടങ്ങളില്‍ കുറിക്കൂട്ടും, ഗ്രന്ഥവും, വെള്ളിപ്പണം, ചക്ക, മാങ്ങ മുതലായവയും കണിക്കുവെയ്ക്കുന്ന പതിവുണ്ട്. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ് പഴമക്കാര്‍ പറയുന്നത്. പ്രായമായ സ്ത്രീ രാത്രി കണി ഒരുക്കി ഉറങ്ങാന്‍ കിടക്കും.
പുലര്‍ച്ചെ എഴുന്നേറ്റ് കണികണ്ടതിനുശേഷം മറ്റുള്ളവരെ കണികാണിക്കും. ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി പുറകില്‍ നിന്ന് കണ്ണുപൊത്തിക്കൊണ്ടുപോയാണ് കണികാണിക്കുക. കുടുംബാംഗങ്ങള്‍ കണി കണ്ടതിനു ശേഷം വീടിന്റെ കിഴക്കുഭാഗത്ത് കൊണ്ടുപോയി പ്രകൃതിയെ കണികാണിക്കും. ഫലവൃക്ഷങ്ങളെയും, വളര്‍ത്തുമൃഗങ്ങളെയും കണികാണിക്കുന്ന ചടങ്ങും നിലവിലുണ്ട്.കണികണ്ടതിനു ശേഷം ഗൃഹനാഥന്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം. ആദ്യകാലങ്ങളില്‍ സ്വര്‍ണ്ണം, വെള്ളി എന്നിവയുടെ നാണയങ്ങള്‍ നല്‍കിയിരുന്നു. വര്‍ഷം മുഴുവന്‍ സമ്പല്‍സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടെയെന്നുള്ള അനുഗ്രത്തോടെയാണ് കൈ നീട്ടം നല്‍കുക.വിഷുവുമായി ബന്ധപ്പെട്ട ഒന്നാണ് കണിക്കൊന്ന. വിഷുക്കാലത്ത് കേരളമെങ്ങും കണിക്കൊന്ന പൂത്തു നില്‍ക്കുന്നത് കാണുന്നത് നയനാന്ദകരവും, മനസ്സിന് കുളിര്‍മ്മ പകരുന്നതുമായ കാഴ്ച തന്നെയാണ്. കേരളത്തിന്റെ സംസ്ഥാന പുഷ്പം കണിക്കൊന്നകളില്‍ വിരിയുന്ന ഈ മഞ്ഞപ്പൂക്കളാണ്. വേനലില്‍ സ്വര്‍ണ്ണത്തിന്റെ നിധിശേഖരം നല്‍കുന്ന വൃക്ഷം എന്നാണ് പുരാണങ്ങളില്‍ കൊന്നകളെ കുറിച്ച് പറയുന്നത്.
വിഷു സദ്യയില്‍ പ്രധാനമായും ഉപയോഗിക്കുന്ന ഒന്നാണ് വരിക്കച്ചക്ക. വിഷു വിഭവങ്ങളില്‍ ചക്ക എരിശ്ശേരി, ചക്ക വറുത്തത്, തേങ്ങ ചിരകിയിട്ട കഞ്ഞി, മത്തങ്ങയും പയറും കൊണ്ടുള്ള കറികള്‍, മാമ്പഴ പുളിശ്ശേരി, ചക്കപ്രഥമന്‍, വിഷുക്കട്ട എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. വിഷുക്കാലങ്ങളില്‍ ചക്കയും മാങ്ങയും സുലഭമാണ് എന്നുള്ളതാണ് ഇവ ഉപയോഗിച്ചുള്ള വിഷുവിഭവങ്ങള്‍ തയ്യാറാക്കുന്നതിന് നിദാനമായിരിക്കുന്നത്.പൊലിക, പൊലിക ദൈവമേ… തന്‍ നെല്‍ പൊലിക…. എന്നുള്ള പുള്ളുവപ്പാട്ടും, വിത്തും കൈകോട്ടും എന്നു തുടങ്ങുന്ന ഗാനവും വിഷുവിന്റെ ഐശ്വര്യദായക സ്വഭാവത്തെ ചൂണ്ടിക്കാട്ടുന്നു. വിഷുവിന് ചെയ്യുന്ന പ്രവര്‍ത്തിയുടെ ഫലങ്ങള്‍ അടുത്ത വിഷുവരെ നിലനില്‍ക്കുമെന്നാണ് വിശ്വാസം.സമ്പല്‍സമൃദ്ധവും പ്രതീക്ഷാനിര്‍ഭരവുമായ ഒരു വിഷുപ്പുലരി ആശംസിക്കുന്നു
Comments