ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളും കുരിശു മരണവും ഉയിര്‍ത്തെഴുന്നേല്‍പ്പും ആചരിക്കുന്ന ഈ അവസരത്തില്‍ ദശാബ്ദങ്ങളായി പീഡിക്കപ്പെടുന്ന ഇന്ത്യാ മഹാരാജ്യത്തെ പ്രജകളുടേയും അവരുടെ മഹത്തായ ജനാധിപത്യ ഭരണ പ്രക്രീയയുടെ ഭാഗമായ 16ാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പും ഒരു സ്വതന്ത്ര വീക്ഷണത്തിലൂടെ അവലോകനം ചെയ്യുക എന്നതാണ് ഈ ലേഖന പരമ്പരയുടെ ലക്ഷ്യം. ലേഖകന്‍ ഏകദേശം 2 മാസക്കാലം ഇന്ത്യയില്‍ ചെലവഴിച്ച ശേഷം അമേരിക്കയില്‍ തിരിച്ചെത്തിയിട്ട് ഏതാനും ആഴ്ചകളെ ആയുള്ളൂ. ഇന്ത്യയില്‍ നിന്ന് മടങ്ങുന്നതിനു മുമ്പ് 16ാം ലോകസഭാ ഇലക്ഷന് പ്രചാരണം തിരുതകൃതിയായി ആരംഭിച്ചു കഴിഞ്ഞിരുന്നു. ഇപ്പോള്‍ ഏപ്രില്‍ 7ാം തീയതി മുതല്‍ ഘട്ടംഘട്ടമായ വോട്ടെടുപ്പും ആരംഭിച്ചു കഴിഞ്ഞു. മേയ് 10 ഓടെ അവസാനഘട്ട വോട്ടെടുപ്പും കഴിയും. ഇലക്ഷന് കമ്മീഷന്റെ പ്രഖ്യാപനമനുസരിച്ച് മേയ് 16ന് വോട്ടെണ്ണലും ഫലപ്രഖ്യാപനങ്ങളും വന്നുതുടങ്ങും.
എക്കാലത്തുമെന്നപോലെ ഇന്ത്യയില്‍ ഇപ്പോഴും ജനാധിപത്യത്തിലാണ്. ഇന്ത്യന്‍ ജനതയുടെ ആശയും വിശ്വാസവും അതിനു പകരം വെയ്ക്കാന്‍ മറ്റൊരു സംവിധാനവും ഇല്ലെന്ന് അവര്‍ ഉച്ചൈസ്തരം പറയുന്നു. പക്ഷെ ഇന്ത്യന്‍ ജനാധിപത്യ രാഷ്ട്രീയ ഭരണ സംവിധാനങ്ങള്‍ സാധാരണക്കാരായ വോട്ടറന്മാ രേയും പൊതുജനങ്ങളേയും അതി നിഷ്ഠുരമായി പീഡിപ്പിച്ചു കൊണ്ടിരിക്കുന്നു. ജനാധിപത്യത്തിന്റെ പേരില്‍ തങ്ങളെ ചൂഷണം ചെയ്യാനും പീഡിപ്പിക്കാനുമായി ചില അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിനെ യജമാനന്മാരായ ഈ പൊതുജന കഴുതകള്‍ എല്ലാ അഞ്ചു വര്‍ഷവും ജനാധിപത്യ ഇലക്ഷന് പ്രക്രീയയിലൂടെ തെരഞ്ഞെടുത്ത് ഭരണത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ ചുമതലപ്പെടുത്തുന്നു.
അവര്‍ ഭരണത്തില്‍ കേറി അവരെ തെരഞ്ഞെടുത്ത അവരുടെ തന്നെ യജമാനന്മാരായ പൊതുജനത്തെ വഞ്ചിക്കാനും കൊള്ളചെയ്യാനും ബലാല്‍സംഗം ചെയ്യാനും പീഡിപ്പിക്കാനും ആരംഭിക്കും. അഴിമതിയും, കാലുവാരലും, കാലുമാറ്റവും, തൊഴുത്തില്‍ കുത്തും, മൂടിവെയ്പും, പൂഴ്ത്തിവെയ്പും, സ്വജനപക്ഷപാതവും, കള്ളന്മാരേയും കള്ളികളേയും സംരക്ഷിക്കലും, ഉത്തരവാദത്തില്‍ നിന്നുള്ള ഒളിച്ചോട്ടവും, പഴിചാരലും, പരസ്പരം ചെളിവാരി എറിയലും, ആള്‍ദൈവ സംരക്ഷണങ്ങളും, വന്‍കിടക്കാരുടെയും കോര്‍പ്പറേറ്റുകളുടേയും മൂടുതാങ്ങലും, കാലുനക്കലും, അവിഹിതമായ ബന്ധങ്ങളും, ഇടപെടലുകളും, മീഡിയാ സ്വാധീനങ്ങളും സിനിമാ ബ്യൂട്ടികളേയും താരറാണി രാജാക്കളുടെ മുമ്പിലെ തൊട്ടുരുമ്മി ഓച്ഛാനിച്ചു നില്‍പ്പും അവരുടെ അതിക്രമങ്ങളെ മൂടിവെക്കലും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഭരണപ്രവര്‍ത്തന പ്രക്രീയകള്‍ വഴി പൊതുജനം ചക്രശ്വാസം വലിച്ച് പൊറുതിമുട്ടുകയാണിവിടെ. വിലക്കയറ്റവും നികുതിഭാരവും കൊണ്ട് സാധാരണക്കാരുടെ നടുവ് ഒടിഞ്ഞുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ ആഫീസുകള്‍ അഴിമതിയുടെ കൂത്തരങ്ങായി മാറി. സര്‍ക്കാരാഫീസിലെ പൊതുജനസേവകരെന്ന് പേരു വിളിക്കപ്പെടുന്ന ഉദ്യോഗസ്ഥപ്പട പൊതുജനങ്ങളെ കണ്ണീരു കുടിപ്പിക്കുകയാണിവിടെ. അവിടെ ഫയലുകള്‍ കെട്ടിക്കിടക്കുന്നു.
ഫയലുകള്‍ നീങ്ങുന്നില്ല. പൊതുജനങ്ങളുടെ മീതെയുള്ള അവരുടെ അനാസ്ഥയും കുതിരകയറ്റവും അവസാനിപ്പിക്കാനൊ നിയന്ത്രിക്കാനൊ തെരഞ്ഞെടുക്കപ്പെടുന്ന ഒരു മന്ത്രിസഭക്കും കഴിയുന്നില്ല. ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് എന്നും കുമ്പിളിലാണ് കഞ്ഞി എന്നു പറയുന്നപോലെ ഏതു ഭരണവും മുന്നണിയും അധികാരത്തില്‍ വന്നാലും കോരന് കുമ്പിളില്‍ കിട്ടിക്കൊണ്ടിരുന്ന കഞ്ഞിയിലെ വറ്റുപോലും കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഭാരതത്തിലെ വോട്ടറന്മാരില് ബഹുഭൂരിപക്ഷവും തുല്യ ദുഃഖിതരും പീഡിതരുമാണ്. എങ്കിലും ജനാധിപത്യത്തിലാണ് അവരുടെ വിശ്വാസവും ആശയും. അവരെത്ര പീഡിപ്പിക്കപ്പെട്ടാലും ഏകാധിപത്യത്തില്‍ അവര്‍ക്ക് വിശ്വാസമില്ല. അതിനാല്‍ തന്നെ പീഡിതമായ ജനാധിപത്യത്തെ കുരിശില്‍ തറയ്ക്കാന് അവര്‍ ഒരിക്കലും കൂട്ടു നില്ക്കുകയില്ല. അതിന് ഉത്തമ ഉദാഹരണമാണല്ലൊ ശ്രീമതി ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥ ഭരണവും തുടര്‍ന്നുള്ള അവരുടെ ദയനീയമായ തെരഞ്ഞെടുപ്പിലെ തോല്‍വിയും. ജനാധിപത്യ ഭരണത്തിലെ അപജയങ്ങളില്‍ പൊറുതിമുട്ടുമ്പോള്‍ ചിലപ്പോഴൊക്കെ ഏകാധിപത്യത്തിന് അനുകൂലമായി ചില അപസ്വരങ്ങള്‍ അങ്ങിങ്ങായി കേട്ടാലും അതു പൊതുജന അഭിപ്രായവും വികാരവുമായി കണക്കിലെടുക്കാന്‍ സാധ്യമല്ല.
ഈ 16ാം ലോകസഭാ ഇലക്ഷനിലും പലരും ഭാരതീയ ജനതാ പാര്‍ട്ടിയിലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മോദിയിലൂടെ ഒരു ഏകാധിപതിയെ നെഗറ്റീവായും പോസിറ്റീവായും കാണുന്നവരുണ്ടെന്ന നഗ്നസത്യം ഇവിടെ തള്ളിക്കളയുന്നില്ല. പക്ഷെ ജനാധിപത്യം നിലനിര്‍ത്തിക്കൊണ്ട് പൊതുജനങ്ങള്‍ക്ക് എങ്ങനെ നീതിയും സംരക്ഷണവും നല്‍കാം വികസനം കൈവരിക്കാം, അഴിമതിരഹിത, മതേതര ഭരണം കുറച്ചെങ്കിലും ഇവിടെ സാധ്യമാക്കാം എന്നതിനെ ഊന്നിക്കൊണ്ടു മാത്രമാണ് ഈ ലേഖകന്‍ സ്വതന്ത്ര തൂലിക ചലിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. ഒരു പാര്‍ട്ടി മുന്നണി പക്ഷത്തു നില്‍ക്കാതെ ജനപക്ഷത്തു മാത്രം അതായത് ദുഃഖിതരും പീഡിതരും മര്‍ദ്ദിതരും, നിത്യം ചൂഷണം ചെയ്യപ്പെടുന്നവരുമായ അസംഘടിതരായ ജനകോടികളുടെ പക്ഷത്തു നിന്നു കൊണ്ടായിരിക്കണം നമ്മുടെ വീക്ഷണം.
ഇന്ത്യയുടെ വികസനവും അതിന്റെ ഗുണമേന്മകളും ഏതാനും കുത്തകകള്‍ക്കും മുതലാളിമാര്‍ക്കും, വരേണ്യവര്‍ഗ്ഗത്തിലും മാത്രം ഒതുങ്ങി നില്ക്കുന്നു. പട്ടിണി പാവങ്ങളാണവിടെ ബഹുഭൂരിപക്ഷം. ഭൂരിപക്ഷം ഗ്രാമങ്ങളിലും സാമ്പത്തിക അസമത്വങ്ങളും, അനീതികളും അടിച്ചമര്‍ത്തലുകളും, അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും നിലനില്ക്കുന്നു. കോര്‍പ്പറേറ്റുകളുടേയും വമ്പന്മാരുടേയും മാത്രം വികസനം കണ്ട് ഇന്ത്യ മുഴുവന്‍ പുരോഗമനത്തിന്റെ പാതയിലാണെന്ന വാദം വെറും പൊള്ളയാണ്. മിക്കവാറും എല്ലാ രാഷ്ട്രീയക്കാരും, മീഡിയാക്കാരും, മതപ്രസ്ഥാനങ്ങളും ഈ വമ്പന്മാരുടെ നിയന്ത്രണത്തിലായി കഴിഞ്ഞു. വമ്പന്മാര്ക്കെതിരെ ശബ്ദിക്കുന്ന വ്യക്തികളേയും പ്രസ്ഥാനങ്ങളേയും നിയമനിര്‍മ്മാണത്തിലൂടെയോ, തന്ത്രപരമായോ, പീഡിപ്പിച്ചൊ, ഗുണ്ടകളെ അഴിച്ചുവിട്ടൊ ഒതുക്കിക്കൊണ്ടിരിക്കുകയാണ്. കക്കാന്‍ പഠിച്ച ഈ വന്‍കിട കൊള്ളക്കാര്‍ക്ക് നില്ക്കാന് ശരിക്കും അറിയാം. പോലീസും നീതിന്യായ കോടതികളും അവരുടെ ചൊല്‍പ്പടിയിലാണ്. അവരുടെ കൈയില്‍ പൂത്ത പണമുണ്ട്. അവര്‍ക്കുവേണ്ടി വാദിക്കാന്‍ വിലയേറിയ വക്കീലന്മാരുണ്ട്, രാഷ്ട്രീയ ഭരണ സംവിധാനങ്ങളുണ്ട്, മതപുരോഹിതരും മതസംവിധാനങ്ങളുമുണ്ട്.
ഏതു അരുംകൊലയാളികളേയും സംഘടിതശക്തികൊണ്ട് പോലീസ് സ്റ്റേഷനില്‍ കയറി മോചിപ്പിക്കാനും സംരക്ഷിക്കാനും പണക്കൊഴുപ്പും മസില്‍പവ്വറും ഇവര്‍ക്കും രാഷ്ട്രീയ ഭരണപക്ഷ പ്രതിപക്ഷങ്ങള്‍ക്കുമുണ്ട്. എന്നാല്‍ എത്രയോ നിരപരാധികള്‍ ജയിലില്‍ കിടന്ന് നരകിക്കുന്നു. പീഡിപ്പിക്കപ്പെടുന്നു. കേസും, തെളിവുകളും, ശിക്ഷയും വ്യാഖ്യാനിക്കപ്പെടുന്നതു തന്നെ സമൂഹത്തിലെ മുന്‍സൂചിപ്പിച്ച അവിഹിത സ്വാധീനങ്ങള്‍ കണക്കാക്കിയാണ്. പണവും പ്രതാപവും സ്വാധീനവുമുണ്ടെങ്കില്‍ അങ്ങനെയുള്ളവരെ എത്ര മലമൂത്ര വിസര്‍ജ്ജനം നടത്തിയാലും ചുമക്കാന്‍ ഇവിടെ ആളുണ്ട്. അവരെ ചുമക്കുമ്പോഴുള്ള ആ ദുര്‍ഗന്ധം അവര്‍ക്ക് സുഗന്ധമാണ്, അവര്‍ക്ക് അമൃതാണ്. ഏതൊ സിനിമയില്‍ കേട്ട ഡയലോഗ് മാതിരി അവരുടെ ഉച്ഛിഷ്ടവും അമേദ്യവും ഈ ഭരണസാരഥികളും നീതിന്യായ സംഘാടകരും കുഴച്ചുരുട്ടി അടിച്ച് ഏമ്പക്കം വിടും.
ഇത്തരത്തിലുള്ള പൊതുജനങ്ങളുടെ പരക്കെയുള്ള സ്വകാര്യ ചിന്തകളും, വീക്ഷണങ്ങളും സംസാരങ്ങളും ഇപ്രാവശ്യവും നാട്ടില്‍ പോയപ്പോള്‍ ഈ ലേഖകന്‍ കേട്ടതും അനുഭവിച്ച് അറിഞ്ഞതുമാണ്. ഒരു മലയോര കര്‍ഷകന്റെ മകനായി പൈങ്ങോട്ടൂരില്‍ ജനിച്ച ഈ ലേഖകന്‍ ചില ബന്ധുക്കളെയൊക്കെ കാണാന്‍ മലയോര മേഖലാ പ്രദേശങ്ങളിലൂടെയൊക്കെ ഒരു ഹൃസ്വപ്രയാണം നടത്തി. എന്റെ ബാല്യവും കൗമാരവും ഈ മലയോര പ്രദേശത്താണെന്നു പറയുമ്പോള്‍ ആരും തെറ്റിദ്ധരിക്കരുത്. ഞാനൊ എന്റെ പിതാവൊ കയ്യേറിയതോ വെട്ടിപ്പിടിച്ചതോ അല്ല കേട്ടൊ ഇവിടത്തെ ഒരിഞ്ചു സ്ഥലം പോലും. എല്ലാം സര്‍ക്കാര്‍ പട്ടയമുള്ളതും ശ്രീപത്മനാഭന്റെ അണ-ചക്രം കൊടുത്തു മേടിച്ചതുമായ സ്ഥലമാണ് പൈങ്ങോട്ടൂരിലെ ഞങ്ങളുടെ പുരയിടം. ഇപ്രാവശ്യം ഇടുക്കി പാര്‍ലമെന്റ് സീറ്റിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന പൈങ്ങോട്ടൂരിലെ ഡീന്‍ കുര്യാക്കോസ് ഞങ്ങളുടെ വീട്ടുകാരനും സ്വന്തക്കാരനുമാണ്. അദ്ദേഹത്തിന്റെ പറമ്പ് ഞങ്ങളുടെ തറവാടു പറമ്പുമായി അതിര്‍ത്തിയില്‍ മുട്ടിക്കിടക്കുന്നു.
എന്നു കരുതി എന്നെ ഒരു കോണ്‍ഗ്രസുകാരനായി വ്യാഖ്യാനിക്കരുത്, ചിത്രീകരിക്കരുത്. സാധാരണക്കാരില്‍ സാധാരണക്കാരനായ ഞങ്ങളുടെ നാട്ടിലെ വോട്ടറന്മാര് ഓരോ മുന്നണിക്കും മാറിമാറി വോട്ടു ചെയ്യുന്നവരാണ്. അവിടത്തെ കൃഷിക്കാരും തൊഴിലാളികളും ഭരണങ്ങളുടേയും ജനാധിപത്യ പ്രക്രീയകളുടേയും നിരന്തരമായ തകര്‍ച്ചയിലും പതനത്തിലും തുല്യ ദുഃഖിതരാണ്. രാഷ്ട്രീയക്കാരോടും പാര്‍ട്ടികളോടും മുന്നണികളോടും ഒരു തരത്തിലുള്ള ഇന്ത്യന്‍ വോട്ടറന്മാരുടെ നിസ്സംഗത തന്നെയാണിവിടത്തെയും മുഖമുദ്ര. പിന്നെ ചിലരെല്ലാം പാര്‍ട്ടിയുടെയോ മുന്നണികളുടേയോ ബാനര്‍ നോക്കാതെ വ്യക്തികളേയും വ്യക്തിബന്ധങ്ങളേയും സ്ഥാനാര്‍ത്ഥികളുടെ വ്യക്തിഗത വൈശിഷ്ട്യങ്ങളേയും പോരായ്മകളേയും നോക്കി വോട്ടു ചെയ്യുന്നു. ദശാബ്ദങ്ങള്‍ക്കു മുമ്പ് ജീവിക്കാനായി പുതിയ മേച്ചില്‍പറമ്പുകള്‍ തേടി നാടുവിട്ട ഈ സീനിയര്‍ സിറ്റിസണ്‍ ഗണത്തില്‍ പെട്ട ലേഖകന്‍ നാട്ടിലെ ഗൃഹാതുര ചിന്തകള്‍ ഇനിയും വിട്ടുമാറിയിട്ടില്ല.
എങ്കിലും അമേരിക്കയില്‍ സ്ഥിരമായി വസിക്കാനാണ് താല്‍പ്പര്യം. ഏതൊരു ഇന്ത്യന്‍ വംശജനും സ്വാഭാവികമായി ഇന്ത്യയോട് താല്‍പ്പര്യം കാണാതിരിക്കില്ല. അവിടെ പലര്‍ക്കും ഇപ്പോഴും സുദൃഢമായ വേരുകളുണ്ട്, ബന്ധുക്കളുണ്ട്. ആര്‍ഷ ഭാരത കേരള സംസ്ക്കാരത്തിന്റെ നല്ല വശങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍ നമ്മള് ആനന്ദപുളകിതരാകാറില്ലെ? അവിടെ ഒരു നല്ല രാഷ്ട്രീയ ഭരണവും അഭിവൃദ്ധിയും നടമാടിക്കാണാന് ഏവര്‍ക്കും താല്‍പ്പര്യമില്ലെ? അവിടത്തെ സ്വന്തക്കാരെയും ബന്ധുക്കളെയും സഹായിക്കാന്‍ എത്ര കോടി തുകയാണ് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്നത്? പ്രവാസികളുടെ നാട്ടിലേക്കുള്ള ഈ പണമൊഴുക്ക് ഒരു പരിധിവരെ നാടിനെ സഹായിക്കുന്നില്ലെ? എന്നിട്ടും കുറഞ്ഞ പക്ഷം വിദേശ പൗരത്വമെടുക്കാത്ത ഇന്ത്യന്‍ പൗരന്മാരായ പ്രവാസികള്‍ക്ക് എന്തേ പോസ്റ്റല്‍ വോട്ടൊ, ഓണ്‍ലൈന്‍ വഴിയുള്ള വോട്ടൊ അനുവദിക്കാത്തത്? അവരുടെ ന്യായമായ അവകാശത്തിനുള്ള അപേക്ഷയും മുറവിളിയും വെറും വനരോദനങ്ങളായി പരിണമിച്ചിരിക്കുകയാണ്. ഓരോ വോട്ടിംഗ് അവസരങ്ങള്‍ വരുമ്പോഴും എന്തെങ്കിലും മുടന്തന്‍ ന്യായങ്ങള്‍, സാങ്കേതിക തടസ്സങ്ങള്‍ അധികാരികള്‍ക്ക് ഉണ്ടായിരുന്നു. ഇവര്‍ക്കെല്ലാം പ്രവാസികളുടെ പണം മാത്രം മതി. അവരുടെ വോട്ടൊ, പ്രാതിനിധ്യമോ ആവശ്യമില്ല. പ്രവാസികള്‍ ഏറ്റുവാങ്ങുന്ന പീഡനത്തിന്റെ ഒരംശം ഇവിടെ സൂചിപ്പിച്ചുവെന്നു മാത്രം. പിന്നീട് കുറച്ചുകൂടെ വിശദമായി ഈ പ്രവാസിയുടെ പീഡാനുഭവത്തെ പറ്റി എഴുതാം.
Comments