You are Here : Home / AMERICA TODAY

ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന കൃഷിദീപം

Text Size  

Story Dated: Tuesday, November 29, 2016 01:25 hrs UTC

കുസുമം ടൈറ്റസ്

 

70 കളുടെ അവസാനമാണ് പ്രിയപ്പെട്ട കേരളം വിട്ട് അമേരിക്കയിലെത്തുന്നത്. ഹരിതാഭമായ ഒരു ഗ്രാമത്തില്‍ നിന്ന് വന്നതുകൊണ്ടു തന്നെ ഇവയെല്ലാം ഉപക്ഷിച്ച് വരുന്നതിന്റെ പ്രയാസത്തോടു കൂടി തന്നെയായിരുന്നു വിമാനം കയറിയത്. എന്നാല്‍ ദശാബ്ദങ്ങള്‍ക്കു ശേഷം ഏഷ്യാനെറ്റ് കൃഷിദീപം എന്ന പരിപാടിയുമായി അമേരിക്കയിലെത്തിയത് എല്ലാ നഷ്ടങ്ങളെയും തിരികെ നല്‍കും വിധമായിരുന്നു. കേരളത്തിന്റെ പഴയ പച്ചപ്പ് ഇവിടെയിരുന്നു കാണുവാന്‍ ഏഷ്യാനെറ്റിലൂടെ അവസരമൊരുങ്ങുകയായിരുന്നു. എന്നോ അന്യമായ നാടിന്റെ പച്ചപ്പും ഓരോ ശ്വാസത്തിലും മണ്ണിന്റെ മണമുള്ള കര്‍ഷകരും പലപ്പോഴായി നാട്ടിലെത്തിയ പ്രതീതി എനിക്ക് സമ്മാനിച്ചിട്ടുണ്ട്. ജീവിക്കാനായുള്ള ഓട്ടത്തിനിടയില്‍ വഴിയിലെവിടെയോ ഉപേക്ഷിച്ചു പോന്ന നാടിന്റെ നിശ്വാസ വായുവിന്റെ സുഗന്ധം പലപ്പോഴായി ദൂരെ ഈ നാട്ടിലിരുന്ന് ഞാനനുഭവിച്ചു. ഏഷ്യാനെറ്റ് കൃഷിദീപത്തിലൂടെ അവതരിപ്പിച്ചവരില്‍ പരിചയമുള്ള പല മുഖങ്ങളുമുണ്ടായിരുന്നു. പ്രവാസലോകത്ത് നിന്നും ജീവിതസായാഹ്നത്തില്‍ നാടിന്റെ പച്ചപ്പ് തേടിയെത്തിയവര്‍, മലയാളമണ്ണില്‍ ജനിച്ചു ജീവിച്ച, കര്‍ഷകര്‍ എന്ന ലേബലില്‍ മാത്രം അറിയപ്പെടുന്നവര്‍, കൃഷി ചെയ്തും സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്താമെന്നു തെളിയിച്ച മറ്റു ചലര്‍, ഇങ്ങനെ ഏഷ്യാനെറ്റ് കൃഷിദീപത്തിലൂടെ പരിചയപ്പെടുത്തിയവര്‍ക്ക് മണ്ണിന്റെ വ്യത്യസ്ത മണവും നിറവുമായിരുന്നു. ഇവരെയെല്ലാം ഒരേ പരിപാടിയിലൂടെ ഏഷ്യാനെറ്റ് ജനങ്ങള്‍ക്കു മുന്നിലെത്തിച്ചപ്പോള്‍ അത് ഏറ്റവുമധികം ആസ്വദിച്ചത് എന്നെപ്പോലുള്ള പ്രവാസികളായിരുന്നു. ഇന്നും ഞാന്‍ സ്ഥിരമായി കാണാറുള്ള ഒരു ടെലിവിഷന്‍ പരിപാടിയാണ് കൃഷിദീപം. ഇതിനിടയില്‍ തിരക്കുകളുടെ ലോകത്തു നിന്നു മനസിന് കുളിരേകാന്‍ റിയാലിറ്റി ഷോകള്‍ ഉള്‍പ്പടെ നിരവധി വിനോദാത്മക പരിപാടികളുമായി ഏഷ്യാനെറ്റ് വന്നുപോയെങ്കിലു അന്നുമിന്നും എന്നെ ഏറ്റവുമധികം പിടിച്ചിരുത്തിയത് കൃഷിദീപമായിരുന്നു. അപ്പോഴും ഒരു അമേരിക്കന്‍ മലയാളി എന്ന നിലയില്‍ ഏഷ്യാനെറ്റിന്റെ യു.എസ് റൗണ്ട് അപ്പ് എന്ന പരിപാടി ഞങ്ങള്‍ പ്രവാസികള്‍ക്കിടയില്‍ വലിയ ചലനമുണ്ടാക്കി. അമേരിക്കയിലെ മലയാളികളെ ടെലിവിഷനു മുന്നിലെത്തിച്ച പരിപാടിയായിരുന്നു യു.എസ് റൗണ്ട് അപ്പ്. മൈലുകള്‍ക്കിപ്പുറം ന്യൂയോര്‍ക്കിലെ സീയാറ്റിലിലിരുന്ന് മലയാളം പരിപാടികള്‍ ആസ്വദിക്കുവാന്‍ അവസരമൊരുക്കിയ പരിപാടിയായിരുന്നു യു.എസ് റൗണ്ട് അപ്പ്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ മലയാളികളെ പരസ്പരം ബന്ധിപ്പിക്കുന്ന പരിപാടിയായിരുന്നു ഇത്. ഈ പരിപാടി വീണ്ടും ന്യൂയോര്‍ക്കില്‍ നിന്നു സപ്രേഷണം ചെയ്യുന്നതില്‍ വളരെയധികം സന്തോഷമുണ്ട്. എല്ലാവിധ ഭാവുകങ്ങളും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.