You are Here : Home / AMERICA TODAY

അമിത ദേശീയതയും അമിത മത വിശ്വാസവും

Text Size  

മനോജ് പുളിയഴികം

manoj@goldenshades.com

Story Dated: Tuesday, December 13, 2016 12:59 hrs UTC

സിനിമാ തീയറ്ററിൽ ദേശീയ ഗാനം ആലപിച്ചപ്പോൾ എഴുന്നേറ്റു നിൽക്കാത്ത പന്ത്രണ്ടു പേരെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തു നിന്ന് പുതിയ വാർത്ത.

 

"Democracy is the worst form of government except all the others that have been tried". " ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടുള്ള ഭരണ സംവിധാനങ്ങൾ ഒഴിച്ചാൽ ജനാധിപത്യം ഏറ്റവും മോശമായ ഒന്നാണ് ", ഇത് പറഞ്ഞത് വിൻസ്റ്റൺ ചർച്ചിൽ ആണ്. ഇത് ഇന്ത്യ ആയാലും അമേരിക്കയായാലും രാഷ്ട്ര നിർമാതാക്കൾക്ക് വ്യക്തമായി അറിയാവുന്ന ഒരു കാര്യവുമായിരുന്നു. അത് കൊണ്ടാണ് നമ്മൾ ഒരു കോൺസ്റ്റിറ്റുഷണൽ റിപ്പബ്ലിക്ക് ആയത്. ബഹു ഭൂരിപക്ഷം തങ്ങളുടെ ഇഷ്ടപെട്ട നേതാവിനെ തിരഞ്ഞെടുക്കുമ്പോൾ, ന്യൂനപക്ഷങ്ങൾക്ക് തുല്യ സംരക്ഷണവും അവകാശങ്ങളും ഭരണഘടനാ പ്രകാരം ഉറപ്പാക്കിയത്. ഇങ്ങനെയുള്ള സമ്പ്രദായത്തിൽ മോശമായ നേതാവ് തിരഞ്ഞെടുക്കപെട്ടാലും രാഷ്ട്രീയ അരാജകത്വം ബുദ്ധിമുട്ടാണ്. ട്രംപ് ജയിച്ചപ്പോൾ പരിഭ്രാന്തരായ പല സെലിബ്രിറ്റികളും അമേരിക്കൻ കോൺസ്റ്റിട്യൂഷനിൽ വിശ്വാസം ഉണ്ടെന്നും പേടിക്കേണ്ടതായ ഒന്നും തന്നെ സംഭവിക്കാൻ പോകുന്നില്ലെന്നും പരാമർശിച്ചത് ഉറപ്പുള്ള ഒരു ഭരണഘടനയിലുള്ള വിശ്വാസം കൊണ്ട് തന്നെ.

 

മറ്റൊന്ന് പറഞ്ഞാൽ ഇങ്ങനെ ഉള്ള നേതാക്കൾ വരുമ്പോൾ ആണ് ഒരു രാജ്യത്തിന്റെ ഭരണഘടനയുടെ കെട്ടുറപ്പ് പരിശോധിക്കപെടുന്നത്. കഴിഞ്ഞ ആഴ്ചകളിൽ സമാന സ്വഭാവമുള്ള രണ്ടു കാര്യങ്ങൾ വാർത്തകളിൽ ഇടം പിടിച്ചു. ഒന്ന് അമേരിക്കൻ പതാക കത്തിക്കുന്നത് ശിക്ഷാർഹമെന്നു ട്രംപ് പറഞ്ഞത് , പിന്നെ ഇന്ത്യൻ സുപ്രീം കോടതിയുടെ, സിനിമാ തീയറ്ററുകളിൽ ദേശീയ ഗാനം പാടണമെന്നും,അപ്പോൾ എണീറ്റ് നിൽക്കണമെന്നുള്ള വിധി. ലോകം മുഴുവൻ " ദേശീയവാദം " ( നാഷണലിസം) ഔട്ട് ഓഫ് സ്റ്റൈൽ ആയി കൊണ്ടിരിക്കുക ആണ്. അതുകൊണ്ടു തന്നെ കോടതിയുടെ ഇപ്പോഴത്തെ ഈ പ്രസ്താവന നോക്കുക.

'It does not allow any different notion or the perception of individual rights, that have individually thought of have no space. The idea is constitutionally impermissible.” ഈ വിധി പച്ച മലയാളത്തിൽ പറഞ്ഞാൽ 'ഒരു ഇന്ത്യൻ പൗരന് അവന്റെ ഭരണഘടനാപരമായ അവകാശമായ സംസാര -ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്മേലുള്ള ( ഫ്രീഡം ഓഫ് സ്പീച് ആൻഡ് എക്സ്പ്രെഷൻ ) കടന്നു കയറ്റം തന്നെ ആണ്. തർക്കമില്ല.

 

അമിത ദേശീയതയും അമിത മത വിശ്വാസവും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ല. അമിത മത വിശ്വാസം തീവ്രവാദികളെ സൃഷ്ടിക്കുന്നത് പോലെ തന്നെ അമിത ദേശീയതക്കും കഴിയും. ദേശീയതയുടെ ബിംബങ്ങളായ പതാക,കോൺസ്റ്റിട്യൂഷൻ , ദേശീയ ഗാനത്തിനും പകരം മതത്തിൽ, മത ഗ്രന്ഥങ്ങളും കീർത്തനങ്ങളും മറ്റും ഉണ്ടാവും. ഇതിനെ വിമർശിക്കുകയോ കത്തിക്കുകയോ ചെയ്‌താൽ ശിക്ഷാർഹം ആകുന്നത് പ്രാകൃത സമൂഹത്തിന്റെ നീതി ബോധം തന്നെ. ലോകത്തിന്റെ ചരിത്രം എടുത്താൽ, ശാസ്ത്രമൊക്കെ ഇത്രയും വളർന്നത് പ്രതിഷേധിക്കാനുള്ള അവകാശം പൗരാവകാശം ആയി മാറിയത് കൊണ്ടാണ്. ഇതിനു പലരും ജീവൻ തന്നെ വില നൽകിയിട്ടുണ്ട്. ഒരാൾ പറയുന്ന കാര്യം എത്രമാത്രം നമ്മളെ ബുദ്ധിമുട്ടിച്ചാലും അത് പറയാനുള്ള അവന്റെ അവകാശത്തെ ബഹുമാനിക്കുക എന്നുള്ളതാണ് ഒരു പരിഷ്കൃത സമൂഹത്തിന്റെ ലക്ഷണം. ഇതിനെ ആണ് സംസാര സ്വാതന്ത്ര്യം എന്ന് പറയുന്നത് തന്നെ. പതാക കത്തിക്കുന്നത് ഒരു പൗരന് അവന്റെ ഗവൺമന്റിനോടുള്ള പ്രതിഷേധ പ്രകടനം മാത്രം ആകുന്നതും അതുകൊണ്ടാണ്.

 

ന്യൂ യോർക്ക് മേയർ ഡി ബ്ലാസിയോ, ട്രംപ് ജയിച്ചതിൻറെ പശ്ചാത്തലത്തിൽ , ഉത്കണ്ഠകുലരായ ന്യൂയോർക്കിലെ ജനങ്ങളെ സംബോധന ചെയ്തു സംസാരിച്ചപ്പോൾ ഇവിടെ മതിയായ രേഖകൾ ഇല്ലാതെ ജീവിക്കുന്നവരെ വിളിച്ചത് ഇല്ലീഗൽ ഇമ്മിഗ്രന്റ്‌സ് ( Illegal Immigrants) എന്നായിരുന്നില്ല, പക്ഷെ പ്രാതിനിധ്യം ഇല്ലാത്തവർ ((people with no representation) എന്നാണ്. കാരണം ഒരു മനുഷ്യനും ഈ ഭൂമിയിൽ 'ഇല്ലീഗൽ' അല്ല എന്നുള്ളത് കൊണ്ട് തന്നെ. ഇതിനു മുൻപ് ഇല്ലീഗൽ എന്ന് വിളിച്ചത് ജൂതരെ ആയിരുന്നു, പണ്ട് നാസി ജർമനിയിൽ. ദേശീയത എന്ന ആശയം കാലാനുസൃതമായി പുരോഗമനപരമായും മനുഷ്യത്വപരമായും വരുമ്പോൾ ഇങ്ങനെ ഉള്ള പിന്തിരിപ്പൻ വിധികൾ, അതും രാജ്യത്തെ പരമോന്ന കോടതിയിൽ നിന്ന് വരുന്നത് നിരാശാജനകം തന്നെ

 

 

https://www.facebook.com/manoj.john

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.